ലോഹപ്പൂട്ടില്‍ ഒരു ചിത്രശലഭം പറന്നിറങ്ങുമ്പോള്‍
ഉസ്മാന്‍ മാരാത്തിന്റെ 'ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15' ഓര്‍മക്കുറിപ്പിലൂടെ ഒരു വായനാ സഞ്ചാരം ജ യിലില്‍ കിടന്നിട്ടില്ലാത്തവരെ ജയിലഴികള്‍ക്കുള്ളിലാക്കും ഈ പുസ്തകം- ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15. തന്റെ ജീവിതത്തിലെ വിലപ്പെട്ട ചില വര്‍ഷങ്ങളില്‍ വിലാസമായി മാറിയ ഒരിടത്തെ കുറിച്ച് തിരിഞ്ഞു നോക്കുകയാണ് ഉസ്മാന്‍ മാരാത്ത്. ഒരാളുടെ അനുഭവം ഒരുപാടു പേരുടെ അനുഭവങ്ങളായി മാറുന്നിടത്താണ് എഴുത്തുകാരന്‍ വിജയിക്കുന്നത്. അക്കാര്യത്തില്‍ ഉസ്മാന്‍ മാരാത്ത് ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15ലൂടെ വിജയം നേടുന്നുണ്ട്. അര്‍ഹതയുണ്ടായിട്ടും പല കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടു പോകുന്ന വര്‍ഷങ്ങളും സ്വാതന്ത്ര്യവും ഈ മനുഷ്യനെ പരാജയപ്പെടുത്തിയിട്ടില്ലെന്ന് ഈ പുസ്തകം വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജയിലറോട് ചോദിക്കുന്നൊരു ചോദ്യമുണ്ട്- ഹു വാണ്ട്‌സ് ഫ്രീഡം? അകത്തേ ജയിലില്‍ നിന്ന് പുറത്തേ ജയിലിലേക്കൊരു യാത്ര ബഷീര്‍ ആഗ്രഹിക്കാത്തതിന് കാരണം മതിലിനപ്പുറത്ത് നാരായണയുള്ളതുകൊണ്ടാണ്. സത്യത്തില്‍ ജയില്‍ എന്നത് കനത്ത കല്‍ഭിത്തിക്കയ്ക്കകത്തെ ഇരുമ്പു വാതിലുകളിനുള്ളിലേക്ക് അടച്ചിട...