ദെച്ചോമയും ഉമൈബയും ഫാത്തി സലീമിന്റെ മാഹിലെ പെണ്ണ്ങ്ങളും
ഒരു കണക്കിന് പറഞ്ഞാല്‍ പ്രവാസ എഴുത്തുകാരിയാണ് ഫാത്തി സലീം. ഷാര്‍ജയില്‍ ജനിച്ച് മാഹിയില്‍ കുറച്ചുകാലം താമസിച്ച് പിന്നെ കോഴിക്കോടും മൂവാറ്റുപുഴയിലും ഇപ്പോള്‍ ബംഗാളിലുമായി 'പ്രവാസ'ത്തിന്റെ മറ്റൊരു പതിപ്പാണ് ഫാത്തി സലീമിന്റെ ജീവിതം.
നേരത്തെ കോഴിക്കോട് ജില്ലാ കലക്ടറും നിലവില്‍ പശ്ചിമ ബംഗാള്‍ പവര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ പബ്ലിക്ക് ഗ്രിവന്‍സസ് സെല്‍ സെക്രട്ടറിയുമായ ഡോ. പി ബി സലീമാണ് ഫാത്തിയുടെ ഭര്‍ത്താവ്.
മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളുമാണ് ഫാത്തി സലീമിന്റെ ആദ്യ നോവല്‍. നവാഗത എഴുത്തുകാര്‍ക്കുള്ള ഇന്ത്യന്‍ റീഡേഴ്‌സ് ഫോറം കെ പി കേശവമേനോന്‍ സാഹിത്യ പുരസ്‌ക്കാരത്തിന് ഫാത്തി സലീം അര്‍ഹയായിട്ടുണ്ട്.
എഴുത്തിനേയും ജീവിതത്തേയും കുറിച്ച് ഫാത്തി സലീം സംസാരിക്കുന്നു:
? ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന നോവലിന്റെ ആകര്‍ഷണം അതിലെ ഭാഷയും സാഹചര്യവുമാണ്. മാഹി, തലശ്ശേരി ഭാഗങ്ങളിലെ മാപ്പിള സംസാര ഭാഷ അതേപോലെ നോവലിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കടുത്ത വെല്ലുവിളിയാണത്, സംസാര ഭാഷയുടെ എഴുത്തു രൂപം. എങ്ങനെ മറികടന്നു ആ വെല്ലുവിളി?
= സംസാര ഭാഷ എഴുത്തിലേക്ക് മാറ്റുമ്പോള്‍ എന്തായാലും കുറച്ചു ബുദ്ധിമുട്ടുകളുണ്ട്. ആദ്യം എഴുതിയത് മാറ്റിയും മറിച്ചുമൊക്കെ നവീകരിച്ചെടുക്കുകയാണല്ലോ. എങ്കിലും ആദ്യം മുതലേ ഉണ്ടായിരുന്ന നിര്‍ബന്ധം മാഹിയില്‍ ഉപയോഗിക്കുന്ന ഭാഷ അതുപോലെ വരണമെന്നതായിരുന്നു. അതുകൊണ്ടുതന്നെ ഓരോ വാക്കും കൃത്യമായി അനുയോജ്യമായ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് ചെയ്തത്. ആദ്യം എഴുതിയത് വീണ്ടും മാറ്റിയെഴുതുകയും പറഞ്ഞു നോക്കിയുമൊക്കെ പ്രത്യേകമായി ശ്രദ്ധിച്ചു തന്നെയാണ് ഉപയോഗിച്ചത്. ആ ഭാഷത്തോളം അത്രത്തോളം ഓര്‍മയില്‍ നില്‍ക്കുന്നതുകൊണ്ടും ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാന്‍ എത്ര വേണമെങ്കിലും ശ്രമിക്കാമെന്നതിനാലും മാഹി ഭാഷ എഴുതുമ്പോള്‍ കഷ്ടപ്പാടായി തോന്നിയിട്ടില്ല.
? ഉമൈബ എന്ന പ്രധാന കഥാപാത്രത്തിന്റെ ചിന്തകളിലൂടേയും പ്രവര്‍ത്തികളിലൂടെയുമാണ് നോവല്‍ വികസിക്കുന്നത്. മലബാറിലെ മുസ്ലിം തറവാടുകളിലെല്ലാം ഒരു ഉമൈബയെ കണ്ടുകിട്ടാന്‍ സാധ്യതയുണ്ട്. ഉമൈബയില്‍ എത്ര ശതമാനമുണ്ട് ഫാത്തി സലീം?
= ഒരു കഥ വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് എപ്പോഴും സംശയം തോന്നുന്ന കാര്യമാണിത്. എഴുതിയ വ്യക്തിയുടെ സ്വന്തം അനുഭവങ്ങള്‍ പോലെതന്നെയാണ് വായനക്കാര്‍ കണക്കു കൂട്ടുക. അതില്‍ കുറച്ചൊക്കെ സത്യമുണ്ട്. കുറച്ച് സ്വന്തം അനുഭവവും കുറച്ച് പറഞ്ഞു കേട്ടതും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞതും ബാക്കി ഭാവനയുമൊക്കെ ചേര്‍ത്തായിരിക്കും കഥാപാത്രങ്ങളെ സൃഷ്ടിക്കുക. അതുകൊണ്ടുതന്നെ ഉമൈബയില്‍ എത്ര ശതമാനം ഞാനുണ്ട് എന്നതില്‍ പറയാതിരിക്കുകയായിരിക്കും ഭംഗി എന്നു തോന്നുന്നു. എന്തായാലും കുറച്ചൊക്കെ ഞാനുണ്ടാകും.
? ഉമൈബ മാത്രമല്ല, തീര്‍ച്ചയായും ദെച്ചോമയേയും ഈ പരിസരത്ത് കണ്ടുകിട്ടും. 'യഥാര്‍ഥ'ത്തിലുള്ള ദെച്ചോമയ്ക്കുള്ള സമര്‍പ്പണമാണോ ഈ നോവല്‍?
= ദെച്ചോമയും അതുപോലുള്ള കുറച്ചാളുകളുമായി ചേര്‍ന്നു കിടക്കുന്നതു തന്നെയാണ് മാഹിയിലെ ഞങ്ങളുടെ ജീവിതം. ദെച്ചോമയായാലും സൂറിത്ത, ഈറ്റിച്ചി സുബൈത്ത
അതുപോലുള്ള കുറച്ചാളുകളും അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളുമൊക്കെ മാഹീലെ പെണ്ണ്ങ്ങളുടെ തന്നെ ആവശ്യങ്ങളും പ്രശ്‌നങ്ങളുമായി മാറുന്നതായാണ് ഞങ്ങളെല്ലാവരും കണ്ടുവളര്‍ന്നത്. ആ കാഴ്ചപ്പാടില്‍ പറയുകയാണെങ്കില്‍ തീര്‍ച്ചയായും ദെച്ചോമയും അതുപോലുള്ള പല ആളുകള്‍ക്കുമുള്ള സമര്‍പ്പണമാണ് ഈ കുഞ്ഞുനോവല്‍.
? ഷാഹിത്തയും ബെല്ലുമ്മയും മൂത്തുമ്മയും ഉമ്മയും ഈറ്റിച്ചി സുബൈത്തയും കുരുക്കള് കുല്‍സുവും തിത്തീമയും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെല്ലാം നോവലിന്റെ പരിസരം പരിചയമുള്ളവര്‍ക്ക് യഥാര്‍ഥത്തിലുള്ളവരെന്ന തോന്നലുണ്ടാക്കുന്നുണ്ട്. എന്നാല്‍ മലയാള സാഹിത്യ പരിസരത്തിന് അത്രയൊന്നും പരിചിതമല്ല താനും. ഇങ്ങനെയൊരു കഥ പറയുമ്പോള്‍ മലയാളി വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് കരുതിയത്?
= ഒരു കഥ മനസ്സിലുണ്ടായിരുന്നു. അത് എഴുതണമെന്നുള്ള ആഗ്രഹവുമുണ്ടായിരുന്നു. ഞാനെഴുതുന്ന കഥ ഏതു രീതിയില്‍ സ്വീകരിക്കപ്പെടുമെന്നതോ എത്രത്തോളം ആളുകള്‍ ചര്‍ച്ച ചെയ്യും എന്നൊന്നും എഴുതുന്ന സമയത്ത് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, എന്തോ ആളുകള്‍ക്കൊക്കെ ഇഷ്ടപ്പെടുമെന്ന തോന്നലുണ്ടായിരുന്നു. അത്തരം ആത്മവിശ്വാസത്തില്‍ തന്നെയാണ് എഴുതിയതും. വായിച്ചവരില്‍ പലരും നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞിട്ടുള്ളത്. ആ ഒരു വിശ്വാസത്തില്‍ അടുത്ത കഥയും കൂടി എഴുതണമെന്നാണ് ആഗ്രഹം. വരും വരായ്കകളെ കുറിച്ച് അഗാധമായി ചിന്തിച്ചിട്ടൊന്നും ചെയ്തിട്ടില്ല.
? 'മാഹിലെ പെണ്ണ്ങ്ങള്‍ രണ്ടു തരമേ ഉള്ളു. കോലുപോലത്തെ പെണ്ണും ഉരുണ്ട പെണ്ണും. ആദ്യത്തെ കുൂട്ടര് പെണ്ണ്ങ്ങളെ പറ്റി ആരെങ്കിലും പറയുമ്പോള്‍ത്തന്നെ അവരില്‍ സഹതാപം നിറയും. ഉരുണ്ട പെണ്ണ്ങ്ങളെപ്പറ്റി പറയുമ്പോള്‍ ആരുടേതാണെങ്കിലും കണ്ണൊന്ന് തിളങ്ങും'- ഇത്തരത്തില്‍ വീടകങ്ങളില്‍ നിന്നും പെണ്‍കൂട്ടങ്ങളിലെ രഹസ്യ സംഭാഷണങ്ങളില്‍ നിന്നുമുള്ള നിരവധി പ്രസ്താവനകളും സംഭാഷണങ്ങളും നോവലില്‍ പല ഭാഗത്തായി കാണാന്‍ സാധിക്കും. അനുഭവങ്ങളേയും കേള്‍വികളേയും കഥയിലേക്ക് ആവാഹിക്കുമ്പോള്‍ സമൂഹത്തെ ഭയപ്പെട്ടിരുന്നോ?
= അന്നും ഇന്നും കോലുപോലിരിക്കുന്നു, ഉരുണ്ടിരിക്കുന്നു, തടിച്ചിരിക്കുന്നു എന്നൊക്കെ പറയുന്നത് ബോഡി ഷെയ്മിംഗ് തന്നെയാണ്. പക്ഷേ, അന്നത് ആളുകള്‍ തിരിച്ചറിഞ്ഞിരുന്നില്ല. നമ്മളെ പറയാന്‍ അനുവദിക്കേണ്ട കാര്യമില്ലെന്നും പറയുകയാണെങ്കില്‍ അതിനെ ഏതെങ്കിലും രീതിയില്‍ പ്രതികരിക്കണം തുടങ്ങിയ തിരിച്ചറിവ് അന്നുണ്ടായിട്ടില്ല. ഏതെങ്കിലും രീതിയില്‍ പറഞ്ഞാല്‍ ആളുകള്‍ അന്ന് സങ്കടപ്പെടുകയാണ് ചെയ്തിരുന്നത്. മനസ്സിന്റെ സന്തോഷവും ജീവിതത്തിന്റെ നിലവാരവുമായി ബന്ധപ്പെടുത്തിയിട്ടാണ് ആളുകള്‍ ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ പറയാറുള്ളത്.
പണ്ട് കഷ്ടപ്പെട്ടിരുന്നു, ഇപ്പോഴവര്‍ നന്നായി, അതുകൊണ്ടവര്‍ നന്നായിരിക്കുന്നു എന്നൊക്കെ ഇപ്പോഴും മാഹിയിലൊക്കെ പറയും. നല്ല പൈസയൊക്കെ ഉള്ള വീട്ടിലാണെങ്കിലും കോലുപോലെയാണെന്നൊക്കെ പറയുന്നത് ഇപ്പോഴുമുണ്ട്. എന്നാല്‍ ബോഡി ഷെയിമിംഗ് എന്ന കാര്യം ആളുകള്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അന്നൊക്കെ ആളുകള്‍ മുഴുവനായി ഉള്ളിലെടുക്കുകയും സങ്കടപ്പെടുകയോ സന്തോഷിക്കുകയോ ഒക്കെ ചെയ്യും. ഉരുണ്ടിരിക്കുന്നു എന്നൊക്കെ പറയുമ്പോള്‍ ചിലപ്പോള്‍ അന്നത്തെ ആളുകള്‍ക്ക് സന്തോഷമാണ് തോന്നിക്കൊണ്ടിരുന്നത്. നമ്മള്‍ നല്ല രീതിയില്‍ ജീവിക്കുന്നുവെന്ന് ആളുകള്‍ ധരിക്കുന്നതായി വിചാരിക്കുന്നതിനാല്‍ ഉരുണ്ടിരിക്കുന്നു എ്‌ന്നൊക്കെ പറയുന്നതിനെ സന്തോഷമായിട്ടാണ് എടുത്തിരുന്നത്. ഇന്നത്തെ പോലെ തടിച്ചതിനെ കളിയാക്കിപ്പറയുന്നതുപോലെയല്ല അന്നതിനെ കണ്ടിരുന്നത്.
എഴുതുന്ന സമയത്ത് ഇന്നത്തെ കാഴ്ചപ്പാടില്‍ വരുന്നത് എങ്ങനെയെന്നൊക്കെ എനിക്കറിയാമായിരുന്നു. എഴുതുന്ന സമയത്ത് നല്ലതും ചീത്തയുമൊക്കെ എഴുതും. വായിക്കുന്നവരാണ് അതിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അല്ലാതെ നമുക്ക് ആളുകള്‍ വായിച്ച് അവരെന്ത് പറയുമെന്ന് കരുതി എഴുതാന്‍ പറ്റില്ല. കഥയില്‍ ശരിയും തെറ്റും നന്മയും തിന്മയുമൊക്കെ ഉണ്ടാകാം. വായനക്കാര്‍ അതുള്‍ക്കൊണ്ട് വായിക്കും. തെറ്റും തിന്മയുമൊക്കെയാണെങ്കില്‍ അതിനെ മഹത്വവത്ക്കരിച്ച് എഴുതാതിരിക്കുക എന്നതാണ് നമുക്ക് സമൂഹത്തിന് വേണ്ടി ചെയ്യാനും നല്‍കാനും പറ്റുന്ന സന്ദേശം. എഴുതുമ്പോള്‍ ഭയപ്പെട്ടുകൊണ്ടിരുന്നാല്‍ പിന്നെ എഴുതാന്‍ പറ്റില്ല.
? ന്യൂമാഹിക്കാരിയാണെങ്കിലും ജനനവും ജീവിതത്തിലെ ആദ്യഘട്ടവും ഷാര്‍ജയിലായിരുന്നുവല്ലോ. ഓര്‍ത്തെടുക്കാമോ അക്കാലം
= ഷാര്‍ജയില്‍ ക്ലാസൊക്കെ നേരത്തെ ആയതിനാല്‍ രാവിലെ തന്നെ സ്‌കൂളില്‍ പോവണം. ഒരു പ്രായം വരെ ഭക്ഷണം കഴിക്കാനൊക്കെ മടിയായിരുന്നു. അതുകൊണ്ട് രാവിലെ എഴുന്നേറ്റാല്‍ കുത്തിത്തീറ്റിപ്പിക്കും. അതു കുറേ ഛര്‍ദ്ദിച്ചു കളയും. കഷ്ടപ്പെട്ട് തിന്നിട്ട് സ്‌കൂള്‍ വാനില്‍ കയറിപ്പോകും. ഉച്ചയാകുമ്പോള്‍ തിരിച്ചെത്തും. മൂന്ന് സഹോദരങ്ങളാണുള്ളത്. അവരോടൊപ്പമിരുന്ന് കളിക്കും. മൂത്ത സഹോദരന്‍ നന്നായി കഥ പറയുന്നയാളായിരുന്നു. ഉപ്പായി മാപ്ലയുടെ കഥയാണ് അദ്ദേഹം രസകരമായി പറഞ്ഞിരുന്നത്.
പപ്പ ഉണ്ടാകുമ്പോള്‍ പുറത്തു പോകും. സാധാരണ ഒരു ഗള്‍ഫ് ജീവിതം. ഇടക്ക് അറബികളുടെ വീട്ടില്‍ സന്ദര്‍ശനം, അവര്‍ തിരിച്ച് ഞങ്ങളുടെ അടുത്തേക്ക് വരിക. അങ്ങനെയൊക്കെയുള്ള അന്തരീക്ഷമായിരുന്നു.
? ന്യൂമാഹിയും കുട്ടിക്കാലവും പഠന കാലവും കുടുംബത്തേയും കുറിച്ച് പറയാമോ?
= ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍, ഞങ്ങള്‍ ബന്ധുക്കളെല്ലാം താമസിച്ചിരുന്നത് അടുത്തടുത്ത വീടുകൡലായിരുന്നു. കുറേ കസിന്‍സിനെ കിട്ടി. മൂത്തമ്മാന്റെ മക്കളും ഇളയമ്മയുടെ മക്കളുമൊക്കെയായി പെണ്‍കുട്ടികളായിരുന്നു കൂടുതല്‍. അപ്പോള്‍ നല്ല രസമായിരുന്നു. ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്ക് പോവലും ഓരോ പരിപാടികള്‍ ആവിഷ്‌ക്കരിച്ചുമൊക്കെ ദിവസം കഴിയും. പെരുന്നാളിനൊക്കെ എല്ലാ വീടുകളിലും കയറിയിറങ്ങുമ്പോഴേക്കും ദിവസം തീരും. വസ്ത്രങ്ങള്‍ പരസ്പരം താരതമ്യം ചെയ്യുക, പദ്ധതിയിട്ട് എല്ലാവരും ചേര്‍ന്ന് മൈലാഞ്ചിയിടുക തുടങ്ങി ഭയങ്കര രസവും നിറപ്പകിട്ടുമാര്‍ന്നു ആ കാലം. നോവലില്‍ കുറച്ച് ഭാഗങ്ങളിലൊക്കെ ഇക്കാര്യങ്ങള്‍ അവിടേയും ഇവിടേയുമായി പറഞ്ഞു പോകുന്നുണ്ട്. ദെച്ചോമയിലെ കുറേ ഭാഗങ്ങളൊക്കെ മാഹിയിലെ അക്കാലത്തില്‍ നിന്നുണ്ടായതാണ്. അക്കാലത്തെ ആളുകളെ നിരീക്ഷിച്ചതും വീട്ടില്‍ വന്നുപോകുന്നവരുമൊക്കെയും ചേര്‍ത്താണ് ദെച്ചോമയിലെ പല കഥാപാത്രങ്ങളേയും സൃഷ്ടിച്ചത്. ശരിക്കും പറഞ്ഞാല്‍ ഈ നോവലിന് ഏറ്റവുമധികം സംഭാവന ചെയ്തത് മാഹിയിലെ ആ കുട്ടിക്കാലം തന്നെയായിരുന്നു.
? മാതാപിതാക്കള്‍, ഭര്‍ത്താവ്, മക്കള്‍, കുടുംബത്തിലെ മറ്റുള്ളവര്‍, ആദ്യ നോവല്‍ പുറത്തിറങ്ങിയപ്പോള്‍ അവരുടെ പ്രതികരണം തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കാമോ
= പപ്പ മാണിക്കോത്ത് മുഹമ്മദ് കാഞ്ഞങ്ങാട്ടുകാരനാണ്. ഉമ്മ നൂര്‍ജഹാന്‍ തലശ്ശേരിയിലെ ന്യൂമാഹിയിലാണ്. ഉമ്മാന്റെ ബാപ്പ കൊച്ചിയില്‍ നിന്നും ഉമ്മാന്റെ ഉമ്മ തലശ്ശേരിക്കാരിയുമാണ്. ഭര്‍ത്താവ് മൂവാറ്റുപുഴക്കാരന്‍ പി ബി സലീം. ഐ എ എസ് ഉദ്യോഗസ്ഥന്‍. ഞങ്ങള്‍ ഇടക്കാലത്ത് കോഴിക്കോടുണ്ടായിരുന്നു. അദ്ദേഹം കോഴിക്കോട് കലക്ടറായിരുന്നു. ഞങ്ങള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്- ഇശല്‍ ഫാത്തിമ, ഹയ മറിയം, സെബ ആയിഷ.
ഞാനിപ്പോഴും കരുതുന്നത് എഴുതാനുള്ള കഴിവ് കിട്ടിയത് ഉമ്മാന്റെടുത്തു നിന്നാണെന്നാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉമ്മ ഒരുപാട് പരിപാടികളില്‍ പങ്കെടുത്തിരുന്നു. സമ്മാനദാന സമയത്ത് ടീച്ചര്‍ പറയുന്നത് നൂര്‍ജഹാന്‍ പിറകിലേക്ക് പോകേണ്ട മുമ്പില്‍ തന്നെ നിന്നോളൂ എന്നായിരുന്നു. കാരണം, അത്രയും പരിപാടികളില്‍ പങ്കെടുത്ത് ഒരുപാട് സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുന്ന വളരെ ഊര്‍ജ്ജസ്വലയായൊരു വ്യക്തിത്വമായിരുന്നു.
ഞങ്ങള്‍ ചെറുതായിരുന്നപ്പോള്‍ ഉമ്മ ഇടക്കൊക്കെ ഡാന്‍സിന്റെ സ്‌റ്റെപ്പിടുന്നതൊക്കെ ഓര്‍മയുണ്ട്. വീട്ടില്‍ ആരെങ്കിലുമൊക്കെ വന്ന് അവരുടെ സങ്കടങ്ങള്‍ പറയുമ്പോള്‍ ഉമ്മാക്ക് അതൊരു സ്വന്തം വിഷമം പോലെയാണ്. പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് ചെയ്യുകയെന്നത് ആലോചിച്ച് പ്രവര്‍ത്തിക്കുമായിരുന്നു. ഉമ്മയെ സംബന്ധിച്ചിടത്തോളം അവരുടെ വിഷമങ്ങളെയോ പ്രയാസങ്ങളെയോകാള്‍ പ്രാധാന്യം കൊടുത്തിരുന്നത് മറ്റുള്ളവരുടെ പ്രയാസങ്ങള്‍ക്കായിരുന്നു. ഇപ്പോഴാണ് തിരിച്ചറിയുന്നത്, മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുണ്ടാവുകയെന്നത് ചെറിയ കാര്യമല്ലെന്ന്.
നല്ല എഴുത്തുകാരിയാവുന്നതിന് മുമ്പ് നല്ല മനുഷ്യനാവുകയെന്ന കാര്യമുണ്ട്. ഉമ്മയുടെ സംഭാവനകളാണ് ഞങ്ങളുടെയൊക്കെ കാര്യങ്ങളിലും സ്വഭാവരൂപീകരണത്തിലും മുഖ്യപങ്കുവഹിച്ചത്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ മോണോആക്ടിലും നാടകത്തിലുമൊക്കെ പങ്കെടുത്ത ആളായിരുന്നു ഞാന്‍. ഉമ്മയും ഉപ്പയും സഹോദരങ്ങളുമൊക്കെ ഇങ്ങനെ പങ്കെടുക്കുന്നതില്‍ വലിയ പിന്തുണയായിരുന്നു. എന്നാല്‍ വിവാഹശേഷം ആരും കലാപ്രവര്‍ത്തനം ചെയ്യുന്നതിന് വലിയ രീതിയിലൊന്നും പ്രോത്സാഹനം ചെയ്യാറുണ്ടായിരുന്നില്ല. പഠിക്കുന്നതിന് കുഴപ്പമില്ലെങ്കിലും കലാപ്രവര്‍ത്തനത്തിനും എഴുത്തിനുമൊന്നും ആരും വലിയ പിന്തുണ നല്കിയിരുന്നില്ല. പക്ഷേ, ആ സ്ഥലത്ത് പൂര്‍ണമായും കൂടെ നില്‍ക്കുന്നയാളാണ് ഭര്‍ത്താവ്. കല്ല്യാണം കഴിഞ്ഞ കാലത്ത് മാഹിയിലെ കഥകളൊക്കെ പറയുന്ന സമയത്ത് നിനക്ക് ഇതൊക്കെ എഴുതിക്കൂടെ എന്ന് അദ്ദേഹം ചോദിച്ചു. അന്നത് വലിയ കാര്യമായി തോന്നിയില്ല. പക്ഷേ, ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്നോട് എഴുതിക്കൂടെ എന്ന് ആദ്യമായി ചോദിച്ചയാള്‍ ഭര്‍ത്താവായിരുന്നു. അന്നുമുതല്‍ ഇന്നുവരെ എന്തെഴുതിയാലും ആദ്യം വായിക്കുന്നത് അദ്ദേഹമായിരിക്കും. എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ പറയാറുണ്ട്. വലിയ പിന്തുണയാണ് നല്‍കാറുള്ളത്. എല്ലാ രീതിയിലും ഭര്‍ത്താവ് വലിയ പിന്തുണ നല്‍കിയപ്പോള്‍ മറ്റുള്ളവര്‍ക്കും പിന്തുണ നല്‍കേണ്ടി വന്നു. പുസ്തകം പുറത്തിറങ്ങുന്ന സമയമായപ്പോള്‍ എല്ലാവരുടേയും നല്ല പിന്തുണയുണ്ടായിരുന്നു.
നിനക്കിതൊക്കെ എങ്ങനെയാണ് ഓര്‍മയെന്ന് ഉമ്മ ഇടക്ക് എന്നോട് ചോദിക്കും. മൂത്ത സഹോദരന്‍ രണ്ടു മൂന്ന് സിനിമകള്‍ക്കു വേണ്ടി കഥകള്‍ എഴുതിയിരുന്നു. മനാഫ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം അഭിപ്രായങ്ങള്‍ പറയും. മറ്റു രണ്ടു സഹോദരങ്ങളും സാധാരണ വായനക്കാര്‍ എന്ന നിലയില്‍ അഭിപ്രായങ്ങള്‍ പറയാറുണ്ട്.
എഴുത്തിന്റെ കാര്യത്തില്‍ അല്‍പമെങ്കിലും കുറവ് പ്രോത്സാഹനം നല്‍കിയിരുന്നത് ബാപ്പയായിരുന്നു. എന്നാല്‍ പുസ്തകത്തിന്റെ കാര്യത്തില്‍ ഒടുവില്‍ ബാപ്പയും പിന്തുണ നല്‍കിയിരുന്നു.
? ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എഴുതിപ്പൂര്‍ത്തിയാക്കാന്‍ എത്ര സമയമാണെടുത്തത്. എന്തായിരുന്നു ഈ നോവലെഴുത്തിന്റെ പ്രചോദനം?
= ഏകദേശം രണ്ടു വര്‍ഷത്തോളം എടുത്താണ് ഈ നോവലെഴുതിയത്. കുഞ്ഞു നോവലായതിനാല്‍ ഇത്രയും സമയം എടുക്കേണ്ടതില്ല. എങ്കിലും ആദ്യമായതുകൊണ്ടായിരിക്കും കാര്യങ്ങളൊക്കെ അറിഞ്ഞു വരാനായി കുറച്ചു സമയമെടുത്തു. ആദ്യം മാഹിയിലെ കഥകളായി ഒന്നുരണ്ടെണ്ണം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടാണ് ഇതൊരു നോവലായി വികസിപ്പിച്ചെടുത്തത്.
? കേരളത്തില്‍ നിന്നും ബംഗാളിലേക്കുള്ള മാറ്റം- വ്യത്യസ്ത ജീവിത സഞ്ചാരത്തെ എങ്ങനെ നോക്കിക്കാണുന്നു?
= കല്ല്യാണത്തിന് ശേഷമാണ് ബംഗാളിലേക്ക് വന്നത്. അക്കാലത്ത് ഭര്‍ത്താവിന് റൂറല്‍ പോസ്റ്റിംഗായിരുന്നു. ഭരക്ക്പൂരില്‍ സബ് കലക്ടറായിരുന്നു അദ്ദേഹം. അതിമനോഹരമായ ബംഗ്ലാവും കുറേ ജോലിക്കാരുമൊക്കെയുള്ള സ്ഥലം. ഏകദേശം രണ്ടു വര്‍ഷത്തോളം അവിടെ ഉണ്ടായിരുന്നു. വീട്ടുകാര്‍ ഇടക്കിടെ വരുമായിരുന്നെങ്കിലും അക്കാലത്ത് വീട്ടില്‍ നിന്നുള്ളവരെ വിട്ടുപോയതിന്റെ ചെറിയ വിഷമങ്ങളൊക്കെ തോന്നിയിരുന്നു. പിന്നീട് അഞ്ചുവര്‍ഷക്കാലം കേരളത്തില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചു.
ബംഗാളും കേരളവും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ടെന്ന് നമ്മളെപ്പോഴും പറയും. അതുപോലെ ഈ നോവല്‍ എഴുതി വന്നപ്പോള്‍ ബംഗാളും മാഹിയിലുള്ളവരും കുറേ കാര്യങ്ങളില്‍ സാമ്യമുള്ളതായി തോന്നിയിരുന്നു. ബംഗാളികള്‍ക്ക് ഭാവി കാലത്തേക്കായി സമ്പാദിക്കാനും അക്കാലത്തെ കുറിച്ച് ആകുലപ്പെടാനൊന്നും ആഗ്രഹമില്ല. അവരുടേതായ രീതിയില്‍ ജീവിതമെടുക്കുകയും ഇടക്കൊക്കെ യാത്ര നടത്തുകയുമൊക്കെ ചെയ്യുന്നവരാണര്‍. തിരക്കിട്ട് ജീവിതം ജീവിച്ച് തീര്‍ക്കുന്നവരല്ല അവര്‍. ചെറിയ കടകള്‍ നടത്തുന്നവരാണെങ്കില്‍ പോലും ഉച്ച കഴിഞ്ഞാല്‍ അല്‍പം വിശ്രമിച്ചിട്ടേ വൈകിട്ട് കട തുറക്കുകയുള്ളു. പെട്ടെന്ന് സന്തോഷിക്കുന്നവരുമാണവര്‍. ഇതുപോലെ തന്നെ മാഹിക്കാരേയും സന്തുഷ്ടരാക്കാന്‍ എളുപ്പമാണ്. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നവരാണവര്‍. ഒരുപാട് സ്വത്ത് വേണമെന്നോ സമ്പാദിക്കണമെന്നോ എന്നുള്ള ചിന്താഗതി പോലും അവര്‍ക്കില്ല. ഈ കാര്യത്തില്‍ ബംഗാളിനും മാഹിക്കും തമ്മില്‍ സാമ്യമുള്ളതായി തോന്നിയിട്ടുണ്ട്.
ബംഗാളില്‍ ഇരുന്ന് നോക്കുമ്പോള്‍ നാട്ടിലുള്ളവര്‍ ബംഗാളികള്‍ എന്നുപറഞ്ഞ് ആളുകളെ പുച്ഛത്തോടെ കാണുന്നതായി തോന്നിയിട്ടുണ്ട്. നിരവധി പേര്‍ ബംഗാളില്‍ നിന്നും കേരളത്തില്‍ ജോലിക്കെത്തുന്നതും ചില കുറ്റകൃത്യങ്ങളിലൊക്കെ പങ്കാളികളാകുന്നതുമൊക്കെ കാരണം മലയാളികള്‍ക്ക് ബംഗാളികളോട് പ്രത്യേക മനോഭാവമാണ് ഉള്ളതെന്ന് തോന്നിയിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ ബംഗാള്‍ അങ്ങനെയുള്ളൊരു നാടല്ല. പണ്ട് തമിഴ്‌നാട്ടില്‍ നിന്നും ജോലിക്കു വരുന്നവരെ അണ്ണാച്ചി എന്നു വിളിച്ചു നിര്‍ത്തുന്നതു പോലെ ഇപ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ആരുവന്നാലും ബംഗാളികളെന്ന കൂട്ടപ്പേര് നല്‍കുകയാണ്. അതുകൊണ്ട് അവരോട് വിവേചനപരമായി പെരുമാറുന്ന രീതിയും നാട്ടിലുണ്ട്.
.jpg)
.jpg)

.jpg)
.jpg)
.jpg)
.jpg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ