ബൊസ്തി ജീവന്‍; ചേരി ജീവിതങ്ങളിലെ ചെറിയ ജീവനുകള്‍

ള്‍ഫും യൂറോപ്പും യു എസും കാനഡയും കഴിഞ്ഞ് ലോകത്തിനപ്പുറത്തേക്കുള്ള യാത്രകള്‍ സ്വപ്നം കാണുന്ന മലയാളത്തിന്റെ പ്രവാസം ഇടക്കാലത്തെന്നോകല്‍ക്കത്തയെ സ്വന്തമായി കരുതിയിരുന്നു. ഉത്തരേന്ത്യക്കാര്‍ മലയാളിയേയും തമിഴനേയും കന്നഡിഗനേയും തെലുങ്കനേയുമെല്ലാം മദ്രാസിയെന്ന് വിളിച്ചിരുന്ന കാലം. അക്കാലം പിന്നെ തലയൊന്ന് തിരിച്ചുവെച്ചപ്പോള്‍ ഉത്തരേന്ത്യന്‍ പ്രവാസം കേരളത്തിലേക്കായി. പഴയ 'മദ്രാസി' വിളിക്കുള്ള പ്രതികാരമെന്ന പോലെ മലയാളിക്ക് ഒഡീഷക്കാരനും രാജസ്ഥാനിയും ബീഹാറിയും ബംഗാളിയും എന്തിന്, ആസാമിയും നേപ്പാളിയും വരെ 'ബംഗാളി'യായി.

ബംഗാളില്‍ നിന്നുള്ള സാഹിത്യ സൃഷ്ടികള്‍ വിവര്‍ത്തനം ചെയ്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് വായിച്ച് കല്‍ക്കത്ത സ്വപ്നംകണ്ടൊരു യുവത്വം ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്. 

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിവര്‍ത്തനം ചെയ്തു വന്ന ബംഗാളി നോവലുകളും ലൈബ്രറിയില്‍ നിന്നും കിട്ടിയ നോവലുകളുമെല്ലാം വായിച്ച അനുഭവത്തില്‍ എന്റെ ഉമ്മയും ബംഗാളി നോവലുകളുടെ മനോഹാരിത സാക്ഷ്യപ്പെടുത്തിയ ആവേശത്തിലാണ് ബാല്യത്തിലും കൗമാരത്തിലുമൊക്കെ ബംഗാളി നോവലുകളുടെ വിവര്‍ത്തനം ലൈബ്രറിയില്‍ നിന്നെടുത്തു വായിച്ചത്. പക്ഷേ, എന്റെ അനുഭവം മറിച്ചായിരുന്നു. വിവര്‍ത്തനത്തിലെ മൃതഭാഷയും പരിചയമില്ലാത്ത ഭൂപ്രദേശത്തെയും സംസ്‌ക്കാരത്തേയും കുറിച്ചുള്ള വിവരണങ്ങളും ബംഗാളി സാഹിത്യകൃതികള്‍ എന്നെ നിരാശപ്പെടുത്തുകയും അകറ്റുകയും ചെയ്തു. 

ബംഗാള്‍ പശ്ചാതലമാക്കിയ കൃതി ആദ്യമായി എന്നെ ആകര്‍ഷിക്കുക മാത്രമല്ല, വിസ്മയിപ്പിക്കുകയും അക്ഷരങ്ങളുടെ മായാലോകത്തേക്ക് കെട്ടിയിടുകയും ചെയ്തത് കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലിലൂടെയായിരുന്നു. മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അത് വായിക്കുകയും അത്ഭുതപ്പെടുകയും അടുത്ത ലക്കത്തിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയിലെ ഏതൊക്കെയോ തെരുവുകളും ജീവിതവുമൊക്കെ അറിയാതെ ഉള്ളിലേക്കെത്തിയപ്പോള്‍ പഴയ യുവത്വത്തെ പോലെ കൊല്‍ക്കത്ത എന്റേയും സ്വപ്നങ്ങളിലൊന്നായി. ഒരിക്കലെങ്കിലും കാണണമെന്ന ആഗ്രഹമുള്ള ഇടമായി. 

ആരാച്ചാറിനു ശേഷം ബംഗാള്‍ ജീവിതത്തിലേക്ക് പുതിയൊരു കാഴ്ചപ്പാട് നല്‍കിയ കൃതിയാണ് ഫാത്തി സലീമിന്റെ ബൊസ്തി ജീവന്‍. ആരാച്ചാരില്‍ നിന്ന് വ്യത്യസ്തമായ ബംഗാളി ജീവിതത്തിന്റെ മറ്റൊരു പതിപ്പായിരുന്നു ബൊസ്തി ജീവന്‍ സമ്മാനിച്ചത്. കേരളത്തിലെ 'ബംഗാളി' ജീവിതങ്ങള്‍ കുറേ കണ്ടതുകൊണ്ടുതന്നെ ബൊസ്തി ജീവനെ മനസ്സിലാക്കാനും പ്രയാസമുണ്ടായിരുന്നില്ല. മാത്രമല്ല നോവലില്‍ പ്രയോഗിക്കുന്ന ബംഗാളി പദങ്ങളില്‍ ചിലത് അടിക്കുറിപ്പില്ലാതെ മനസ്സിലാകുന്നതുമായിരുന്നു. 

നോവലിന്റെ പേരായ 'ബൊസ്തി ജീവന്‍' എന്ന ബംഗാളി വാക്കിന്റെ മലയാളം എന്താണെന്ന് പുസ്തകത്തിലൊരിടത്തും പറയുന്നേയില്ല. ബൊസ്തി ജീവന്‍ എന്ന ബംഗാളി വാക്കിന് 'ചേരി ജീവിതം' എന്നാണ് അര്‍ഥമെന്ന് ഗൂഗ്ള്‍ ട്രാന്‍സലേറ്ററിന്റെ സഹായത്തോടെയാണ് മനസ്സിലാക്കിയത്. (അതുതന്നെ ആയിരിക്കണേ). നോവലിന്റെ പ്രമേയം പരിഗണിച്ചാല്‍ ആ അര്‍ഥം തന്നെയായിരിക്കാനാണ് സാധ്യത. 

രണ്ടിടങ്ങള്‍, രണ്ടു സംസ്‌ക്കാരങ്ങള്‍; ഒരു ഫാത്തി സലീം

ഫാത്തി സലീമിന്റെ ആദ്യ നോവല്‍ ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും വായിച്ചവര്‍ ബൊസ്തി ജീവനിലേക്കെത്തുമ്പോള്‍ ശരിക്കും ഞെട്ടും. ദെച്ചോമയുടേയും ഉമൈബ ഉള്‍പ്പെടെയുള്ള പെണ്ണുങ്ങളുടേയും ഭൂമി മാഹിയും പരിസര പ്രദേശങ്ങളുമാണെങ്കില്‍ ബൊസ്തി ജീവന്‍ വരച്ചു വെച്ചിരിക്കുന്നത് കൊല്‍ക്കത്തയ്ക്കു സമീപത്തെ പ്രദേശങ്ങളിലാണ്. തെക്കന്‍ കൊല്‍ക്കത്തയ്ക്ക് സമീപത്തെ ആലിപൂരിലും ഭവാനിപൂരിലും സുന്ദര്‍ബന്നിലും കളക്ടറുടെ ബംഗ്ലാവിലും സെമിത്തേരിയിലുമൊക്കെയായി ചേരി ജീവിതങ്ങളുടെ കഥ വികസിക്കുകയാണ്. ദെച്ചോമയിലെ പെണ്ണുങ്ങള്‍ക്കാര്‍ക്കും അനുഭവിക്കേണ്ടി വരാത്തതൊക്കെ ബൊസ്തി ജീവനിലെ ലൊലിതയ്ക്ക് അറിയേണ്ടി വരുന്നുണ്ട്. മാത്രമല്ല, മാഹീലെ പെണ്ണുങ്ങളുടെ ജീവിതം വരച്ചുവെക്കുന്നിടത്ത് കാണിച്ച അടക്കവും ഒതുക്കവും ഉള്‍പ്പെടെയുള്ളവയൊന്നും ലൊലിതയുടെ ജീവിതം ചിത്രീകരിക്കുമ്പോള്‍ നോവലിസ്റ്റ് പിന്തുടരുന്നില്ല. മാഹിയില്‍ നിന്ന് ഭവാനിപ്പൂരിലേക്കെത്തിയപ്പോള്‍ നാടും ഭാഷയും മാത്രമല്ല പെണ്ണിന്റെ ജീവിതവും വല്ലാതെ മാറിപ്പോകുന്നുണ്ട്. 

മാഹീലെ പെണ്ണുങ്ങള്‍ എഴുതിയ അതേ എഴുത്തുകാരി തന്നെയാണ് ബൊസ്തി ജീവനുവേണ്ടിയും പേന ചലിപ്പിച്ചതെന്ന് സംശയം തോന്നും. പെങ്കുട്ട്യോള് നല്ലോണം ഒരുങ്ങി നടന്നാലേ മൊഞ്ചുണ്ടാവൂ എന്നും മൊഞ്ചുണ്ടായാലേ നല്ല പിയാപ്ലേനെ കിട്ടൂ എന്നും വിചാരിക്കുന്ന മാഹീലെ പെണ്ണുങ്ങളില്‍ നിന്ന് ബംഗാളി പെണ്ണിലെത്തിയപ്പോള്‍ നല്ല കാലത്ത് ഒരുങ്ങിയിറങ്ങിയത് കാമാത്തിപുരയിലേക്കും പിന്നെ കളക്ടറേറ്റില്‍ ബഡാ ബാബുവിന്റെ ആജ്ഞകള്‍ക്കനുസരിച്ച് കക്കൂസ് കഴുകുന്നവന്റെ സെമിത്തേരിയിലെ കൂരയിലേക്കുമായിരുന്നു. ലൊലിത ആകെ ഒരുക്കിയിരുന്നതും 'മൊഞ്ചു'ണ്ടാക്കിയതും താന്‍ ആരാധിക്കുന്ന ബൊന്‍ ബീബി വിഗ്രഹത്തെ മാത്രമായിരുന്നു. അവളതിനെ ആരാധിച്ചതാണോ അതിലൂടെ തന്നെ സ്വയം കണ്ടെത്തിയതാണോ എന്ന സംശയം വായനക്കാരില്‍ പലവുരു ജനിപ്പിക്കാന്‍ നോവലിസ്റ്റിന് സാധിക്കുന്നുണ്ട്. 

ഉമൈബയില്‍ നിന്ന് ലൊലിതയിലേക്ക്

ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും ഉമൈബയിലൂടെയാണ് മുമ്പോട്ടേക്ക് സഞ്ചരിക്കുന്നതെങ്കില്‍ ബൊസ്തി ജീവനെ നയിക്കുന്നത് ലൊലിതയാണ്. മാഹീലെ പെണ്ണ്ങ്ങളില്‍ ഉമൈബയിലാണ് നോവലിസ്റ്റ് കുടികൊള്ളുന്നതെന്ന് തോന്നിയിട്ടുണ്ട്; ബൊസ്തി ജീവനില്‍ ലൊലിതയിലും. 

പെണ്ണെന്ന ഒരേ സത്വത്തെ രണ്ട് ദിശയിലാണ് രണ്ട് നോവലുകളും അവതരിപ്പിക്കുന്നത്. രണ്ട് നോവലുകളിലും സ്ത്രീ സൗന്ദര്യത്തിനും പെണ്ണുടലിനും പ്രാധാന്യമുണ്ടെങ്കിലും രണ്ടിലും രണ്ട് കാഴ്ചപ്പാടുകളിലാണെന്ന് മാത്രം. ആദ്യ നോവല്‍ സംസ്‌കൃതചിത്തരുടെ പെണ്‍ കാഴ്ചപ്പാടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടാമത്തേത് അസംസ്‌കൃതരായവരുടെ പെണ്ണുടല്‍ കാഴ്ച കൂടി അവതരിപ്പിക്കുന്നുണ്ട്. പെണ്‍ കാഴ്ചകളുടെ പെണ്ണുടല്‍ അവതരിപ്പിക്കാന്‍ സ്ത്രീ എന്ന നിലയില്‍ ഫാത്തി സലീമിന് ബുദ്ധിമുട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ മാഹീലെ പെണ്ണുങ്ങളെ തന്റെ കാഴ്ചപ്പാടിലൂടെ കാണാനും അവതരിപ്പിക്കാനും ഫാത്തി സലീമിന് താരതമ്യേന എളുപ്പമായിരിക്കും. മാത്രമല്ല, തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് നോവലിസ്റ്റ് ആ നോവലിന്റെ പ്ലോട്ട് കണ്ടെടുത്തിട്ടുള്ളത്. 

എന്നാല്‍ രണ്ടാം നോവലായ ബൊസ്തി ജീവനെ ഫാത്തി സലീം എടുത്തുവെച്ചിരിക്കുന്നത് ബംഗാളെന്ന, തനിക്ക് ഏതാനും വര്‍ഷത്തെ ജീവിത പരിചയം മാത്രമുള്ള ഒരിടത്തേക്കാണ്. കൂടാതെ, ഈ നോവലിലെ പെണ്ണിനെ സ്ത്രീ കാഴ്ചപ്പാടുകളിലൂടെയല്ല, ആണ്‍ കണ്ണുകളിലെ കാഴ്ചയിലൂടെയാണ് പലപ്പോഴും ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ അറിയാത്ത ഭൂമിശാസ്ത്രവും പുരുഷ കാഴ്ചയുടെ പെണ്‍ ശരീര ശാസ്ത്രവും ഇരട്ട പ്രതിസന്ധികള്‍ നോവലിസ്റ്റിനു മുമ്പില്‍ പല തവണ കൊണ്ടുചെന്നിട്ടിട്ടുണ്ടാകണം. എന്നിട്ടും, ആണ്‍ കാഴ്ചയുടെ കൃത്യമായ അവതരണം നടത്താന്‍ നോവലിസ്റ്റിന് സാധിച്ചുവെന്നത് വായനയിലെ കൗതുകങ്ങളിലൊന്നായിരുന്നു. 

നോവലില്‍ പൊരേഷ് ഹെലായെന്ന അധകൃതന്‍ പണിയെടുക്കുന്ന ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അഥവാ ജില്ലാ കളക്ടറുടെ ബംഗ്ലാവായ താക്കറെ ഹൗസിലെ  മേംസാബിന് തുല്യമായ ജീവിതം നയിക്കുന്ന നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം താഴെതട്ടിലെ ജീവിതം സ്വാഭാവികമായും അകലെ കാണുന്ന വസ്തുത മാത്രമാകാനെ തരമുള്ളു. എന്നാല്‍ ബംഗാളിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ രൂപീകരിച്ച് അവര്‍ക്കിടയിലൊരാളായി പ്രവര്‍ത്തിക്കുന്ന ഫാത്തി സലീമിന് പൊരേഷ് ഹെലാ വൃത്തിയാക്കുന്ന ശൗചാലയത്തേക്കാള്‍ പരിചയം പൊരേഷ് ഹെലാമാരെയും ലൊലിതമാരെയുമായിരിക്കും. അതുകൊണ്ടുതന്നെയാണ് ആ ജീവിതങ്ങള്‍ വരച്ചിടാന്‍ അവര്‍ തുനിഞ്ഞതും!

പൊരേഷ് ഹെലായും ലൊലിതയുമൊക്കെ താക്കറെ ഹൗസില്‍ കയറുന്നുണ്ടെങ്കിലും വളരെ ചെറിയ വിവരണത്തിലൂടെ അവിടുത്തെ അകത്തള ജീവിതം അവസാനിപ്പിക്കുകയാണ് നോവലിസ്റ്റ്. വായനക്കാരനെ സംബന്ധിച്ചിടത്തോളം കളക്ടറുടെ ബംഗ്ലാവിനകമല്ല, അതിനു പുറത്തെ ജീവിതങ്ങളാണ് കാണിച്ചു കൊടുക്കേണ്ടതെന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. 

ലൊലിത അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ക്കും നാടുവിടലിന് കാരണമായ അവസ്ഥയ്ക്കുമൊക്കെയുള്ള സൂചന നോവലിന്റെ തുടക്കത്തില്‍ തന്നെ ലൊലിതയില്‍ നിന്ന് പൊരേഷ് ഹെലായിലേക്ക് നോവലിസ്റ്റ് സംഭാഷണമായി നല്‍കുന്നുണ്ട്. സെമിത്തേരിയില്‍ കഴിയുന്ന ലൊലിതയ്ക്ക് പിന്നെയൊരു പ്രേതമലയും ഭയമുണ്ടാക്കുന്നില്ല. എന്നിട്ടുമവള്‍ ഭയത്തിനു നടുവില്‍ പെട്ടുപോകുന്നുണ്ടെങ്കില്‍ അതിനെ വിധി എന്നുമാത്രം വിളിക്കാനാവില്ല. 

ലൊലിതയും ലൊലിത അണിയിച്ചൊരുക്കി ആരാധിക്കുന്ന ബൊന്‍ ബീബിയും ഒരാള്‍ തന്നെയോ എന്ന് സ്വാഭാവികമായും വായനക്കാരന് സംശയിക്കാവുന്നതാണ്. നിറയെ പീലിയുള്ള കണ്ണുകള്‍ എവിടെയോ വെച്ച് താനത് വീണ്ടും കണ്ടുവല്ലോ എന്ന ലൊലിതയുടെ സംശയം വായനക്കാരെ നോവലിനകത്തെ ദേബൂവിലേക്ക് മാത്രമല്ല കവര്‍ പേജിലേക്കു കൂടി മടക്കിയെത്തിക്കും.



മുഖചിത്രത്തില്‍ ഹൂഗ്ലി നദിക്കു കുറുകെ കൊല്‍ക്കത്തേയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഉരുക്കിന്റെ കരുത്തില്‍ നീണ്ടു കിടക്കുന്ന ഹൗറാ പാലത്തിന്റെ പശ്ചാതലത്തില്‍ ഹൂഗ്ലി നദിയില്‍ തല മാത്രം കാണിച്ച് സൂര്യ കിരണങ്ങള്‍ പോലെ അലങ്കരിച്ച കണ്ണുകള്‍ തുറന്ന് ആകാശത്തേക്ക് നോക്കുന്ന ബൊന്‍ ബീബിയെ കാണുമ്പോള്‍ അതില്‍ നിന്ന് ലൊലിതയിലേക്ക് ദൂരമൊട്ടുമില്ലെന്ന് വായനക്കാര്‍ക്ക് അടയാളപ്പെടുത്താനാവും. അപ്പോഴാണ് 164 പേജുകളില്‍ 32 അധ്യായങ്ങളിലായി ബൊസ്തി ജീവന്‍ അവസാനിക്കുക. 

ഭവാനിപ്പൂര്‍ സെമിത്തേരിയില്‍ നിന്ന് സുന്ദര്‍ബന്‍ നിവാസികളുടെ ആരാധനാ മൂര്‍ത്തിയായ ബൊന്‍ബീബിയിലൂടെയാണ് ഫാത്തി സലീം ലൊലിതയുടേയും ലൊലിതയ്ക്ക് ചുറ്റുമുള്ള സമൂഹത്തിന്റേയും കഥ പറയുന്നത്. സുന്ദര്‍ബന്നിലെ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ഗോത്രവര്‍ഗ്ഗക്കാരുമെല്ലാം ഒരുപോലെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ബൊന്‍ബീബി നരഭോജിയായ കടുവയില്‍ നിന്നും സുന്ദര്‍ബന്‍ നിവാസികളെ സംരക്ഷിക്കുന്നുവെന്നതാണ് സങ്കല്‍പം. എന്നിട്ടും കിടപ്പിലും നടപ്പിലും മനസ്സില്‍ ബൊന്‍ബീബിയെ കൊണ്ടുനടക്കുന്ന ലൊലിതയ്ക്ക് 'നരഭോജി കടുവ'കളില്‍ നിന്ന് രക്ഷ കിട്ടാതെ വന്നത് എന്തുകൊണ്ടായിരിക്കാം? വെള്ളത്തില്‍ മുതലയും കരയില്‍ കടുവയുമുള്ള നാട്ടിലെ പെണ്ണെന്ന ഊറ്റം അവള്‍ക്കെവിടെയാണ് കളഞ്ഞു പോകുന്നത്. 

ചരിത്രവും ഐതിഹ്യവും വര്‍ത്തമാനവും ഭൂതകാലവുമെല്ലാം ഒരുമിച്ച് ചേര്‍ത്താണ് ബൊസ്തി ജീവന്‍ രചിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് ബംഗാളിന്റെ ചരിത്രം പറയുമ്പോള്‍ മറ്റൊരു ഭാഗത്തു കൂടെ അവിടുത്തെ ഐതിഹ്യങ്ങളിലേക്ക് കഥ സഞ്ചരിക്കുന്നു. ഭൂതകാലത്തിന്റെ അടരുകളില്‍ നിന്ന് രക്ഷപ്പെടാനാവാതെ വര്‍ത്തമാനകാലത്ത് ജീവിക്കേണ്ടി വരുന്ന പൊരേഷ് ഹെലായും വര്‍ത്തമാനത്തെ കുതറിത്തെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും ഭാവിയിലേക്ക് തെറിച്ചു വീഴാതെ ഭൂതകാലത്തിന്റെ മുള്‍വേലിക്കകത്ത് കുരങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ട ലൊലിതയും ഭൂതകാലത്തിന്റെ ഓര്‍മത്തെറ്റില്‍ ഭാവി നഷ്ടപ്പെടുത്തിക്കളയുന്ന റൊജിബ് ശൈഖും ഉള്‍പ്പെടുന്ന കഥാപാത്രങ്ങള്‍ ഈ നോവലിലെ പല കാലങ്ങളെ ഒറ്റ സന്ധിയില്‍ പല ദിശകളിലേക്ക് നയിക്കുന്ന ഇടമടയാളങ്ങളാണ്.  

ചേരി ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുമ്പോഴും നോവലിന്റെ തുടക്കത്തില്‍ സമകാലിക സംഭവങ്ങളുടെ ചുരുള്‍ കൂടി നിവര്‍ത്തുന്നുണ്ട് ഫാത്തി സലീം ബൊസ്തി ജീവനില്‍. മാധ്യമ പ്രവര്‍ത്തകരായ ആദിശ്രീ അരവിന്ദും ഗോകുല്‍ദാസും ഹിഷാമും ചെയ്യാത്ത തെറ്റിന് പതിറ്റാണ്ടുകളായി ആലിപ്പൂര്‍ പ്രസിഡന്‍സി ജയിലില്‍ കഴിയുന്ന തലശ്ശേരിക്കാരന്‍ സുബൈറും ഉപ്പയെ നേരെ കണ്ടിട്ടില്ലാത്ത മകള്‍ സുഹാനയും മീര്‍ മുശാറഫും കേരളത്തിലേക്ക് ജോലിക്കു പോയ മിജാനുല്‍ മൊണ്ടാലും ബാവുല്‍ ഗായകരും സന്യാസിവര്യന്മാരും ഉപയോഗിച്ചിട്ടും ആ നിറത്തിലല്ലാത്ത ഭീതി ജനിപ്പിക്കുന്ന കാവിയും ഉള്‍പ്പെടുന്നൊരു വര്‍ത്തമാനകാലം കൂടി ഈ നോവലിന്റെ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

ജയിലിലാണെങ്കിലും സുബൈറിനേയും സുഹാനയേയും കുറിച്ച് പറയുന്നതിലൂടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളില്‍ പ്രവാസത്തിന് പോയ ഒരു മലബാര്‍ കുടുംബത്തിന്റെ പരാമര്‍ശത്തിലൂടെ മലയാളിയുടെ കൊല്‍ക്കത്ത ജീവിതത്തിന്റെ ഒറ്റവരി കൂടി ഈ നോവലില്‍ പറഞ്ഞുവെക്കുന്നുണ്ട്. 

മജിസ്ട്രേട്ട് ഹൗസിലെ മുറികളിലൊക്കെ ക്യാമറ ഘടിപ്പിച്ച് 'ശി ശി റ്റി ബി'യിലൂടെ എല്ലാം നിരീക്ഷണത്തിലാക്കിയതുപോലെ അധികാരവര്‍ഗ്ഗത്തിന്റെ നിരീക്ഷണ ക്യാമറകളില്‍ നിന്ന് രക്ഷപ്പെടാന്‍ പൊരേഷ് ഹെലായെ പോലെ സാധാരണക്കാരന്‍ എത്രയധികം ശരീരം വളച്ചുവെക്കേണ്ടി വരും? കീഴ്ചുണ്ടിനടിയില്‍ തിരുകിവെക്കുന്ന ഖൊയ്നി പത്താ അവനെ അടിമയാക്കിയതിനാല്‍ എത്ര വേണമെങ്കിലും ശരീരം വളക്കാന്‍ അവന്‍ തയ്യാറാകും. അധികാരികള്‍ക്ക് എല്ലായിടത്തും ഒരേ മുഖമാണെന്ന് ലൊലിതയെ പോലും വായനക്കാരും തിരിച്ചറിയും. 

കഥയവസാനിക്കുമ്പോള്‍ രണ്ടു കഥാപാത്രങ്ങള്‍ ഒന്നാകുന്നു

'ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളു'മിലെ നായിക ദെച്ചോമയല്ല, ഉമൈബയാണ്. എങ്കിലും ഉമൈബയിലൂടെ ദെച്ചോമയെ വായനക്കാര്‍ക്ക് തൊട്ടറിയാനാവും. ഒരുവേള ഒരു സങ്കടക്കടല്‍ മുഴുവന്‍ വായിലെ വെറ്റിലടക്കയില്‍ ചുവപ്പിച്ച് അസ്തമയത്തിനപ്പുറത്തുള്ള ഇരുട്ടിനെ കാത്തിരിക്കുന്ന സന്ധ്യയായി ദെച്ചോമയെ തിരിച്ചറിയാനാവും. 

ബൊസ്തി ജീവനിലെ ജെഹനാര ബൂവും അങ്ങനെ തന്നെ. പ്രേതമലയില്‍ നിന്നും കേള്‍ക്കുന്ന തന്റെ മകന്റേയും മകന്റെ ഭാര്യയുടേയും കരച്ചില്‍ ഒരു കടല്‍ സങ്കടമായി അവരുടെ കാതില്‍ വന്നലയ്ക്കുന്നുണ്ട്. എന്നിട്ടും ആരുമില്ലാത്ത, ആരെന്നുപോലുമറിയാത്ത രണ്ടുപേര്‍ക്ക് അവര്‍ അഭയം കൊടുക്കുന്നു, മാറാന്‍ വസ്ത്രം കൊടുക്കുന്നു, കൈകള്‍ മുറുകെ പിടിക്കുന്നു, ലൊലിതയ്ക്ക് ചാരാന്‍ തന്റെ ചുമലൊരുക്കി കൊടുക്കുന്നു. മാഹീലെ ഉമൈബയ്ക്ക് ദെച്ചോമയെന്ന പോല്‍ സുന്ദര്‍ബന്നിലെ ലൊലിതയ്ക്ക് ജെഹനാര ബൂ- ഒരേ നോവലില്‍ ബൊന്‍ ബീബിക്ക് പല രൂപം. രണ്ട് നോവലുകളില്‍ വ്യത്യസ്ത ബൊന്‍ ബീബിമാര്‍

ആര്‍ദ്രതയാണ് അധികാരത്തിന്റെ കൈമുതല്‍ എന്ന് പറയാതെ പറഞ്ഞ പ്രിയപ്പെട്ടവനാണ് ഫാത്തി സലീം പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബൊസ്തി ജീവനെ അതിര്‍ത്തി രേഖകളില്ലാതെ മലയാളം വളരുകയാണെന്നും എല്ലാ ജീവനുകളും ഉള്‍ക്കൊണ്ടുകൊണ്ട് മറ്റു പ്രദേശങ്ങളെ കേരളത്തിലേക്ക് കൊണ്ടുവരികയാണ് ഇത്തരം സാഹിത്യം ആത്യന്തികമായി ചെയ്യുന്നതെന്നും മലയാളത്തില്‍ ഒരു ബംഗാളി നോവല്‍ എന്ന തലക്കെട്ടിലെഴുതിയ അവതാരികയില്‍ എന്‍ എസ് മാധവന്‍ വിശേഷിപ്പിക്കുന്നു. 

ബൊസ്തി ജീവന്‍ വായിക്കുമ്പോള്‍ എന്റെയുള്ളിലൂടെ കടന്നുപോയ മറ്റൊരു ചിന്തയുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ഭാഷകളില്‍ കേരളത്തിലെ ജീവിതങ്ങളെ കുറിച്ച് കഥകളും കവിതകളും നോവലുകളും പ്രസിദ്ധീകരിക്കപ്പെടുമല്ലോ എന്ന പ്രതീക്ഷയുടെ ചിന്തയായിരുന്നു അത്. അതോടൊപ്പം ഉത്തരേന്ത്യന്‍ ജീവിതങ്ങളെ കുറിച്ചും കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളി ജീവിതങ്ങളെ കുറിച്ചും മലയാളത്തിലും സാഹിത്യ സൃഷ്ടികള്‍ ജനിക്കും. കേരളത്തിലെ നൂറുകണക്കിന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളില്‍ നിന്നും ഇന്ത്യന്‍ സാഹിത്യവും മലയാള സാഹിത്യവും അത് പ്രതീക്ഷിക്കുന്നുണ്ട്.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

രണ്ടു പെരുന്നാള്‍ കഥകള്‍

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്