നടന്നിട്ടും നടന്നിട്ടും തീരാത്ത വഴികളില്‍ പാതിരിപ്പറ്റ


 


ത്തറിലെ മലയാളി മാധ്യമ ലോകത്തെ വലിയ പേരുകളിലൊന്നാണ് അഹമ്മദ് പാതിരിപ്പറ്റ എന്നത്. ഗള്‍ഫില്‍ ജോലിക്കു പോയ മാധ്യമ പ്രവര്‍ത്തനത്തില്‍ താത്പര്യമുള്ളവര്‍ എഴുതിത്തയ്യാറാക്കിയ വാര്‍ത്ത കവറിലിട്ട് നാട്ടിലേക്ക് പോകുന്നവരെ ഏല്‍പ്പിച്ച്, നാട്ടിലെത്തുന്നവര്‍ ആ കവര്‍ പത്രമോഫീസിലേക്ക് പോസ്റ്റ് ചെയ്ത് രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച് വരുന്ന ഒരുകാലമുണ്ടായിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രസ്തുത പത്രം പിന്നേയും ഒരാഴ്ചയ്ക്ക് ശേഷം കയ്യിലെത്തുമ്പോള്‍ കിട്ടുന്ന 'ആ സുഖത്തില്‍' നിന്നും സംഭവം നടന്ന് അടുത്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചു വരുന്നത് കാണുന്ന മാധ്യമ പ്രവര്‍ത്തനത്തിലേക്കും മാധ്യമ പ്രവര്‍ത്തകനിലേക്കും മാറിയ കേരളത്തിലെ വിരലിലെണ്ണാവുന്ന മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ കൂടിയാണ് അഹമ്മദ് പാതിരിപ്പറ്റ എന്ന ഖത്തര്‍ മലയാളികളുടെ 'പാതിരിപ്പറ്റ'. മാധ്യമ പ്രവര്‍ത്തനത്തിന് പുറമേ സാമൂഹ്യ- സാംസ്‌ക്കാരിക- രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു ഖത്തറിലദ്ദേഹം. 

നാലരപ്പതിറ്റാണ്ടിലേറെ നീണ്ട ഖത്തര്‍ ജീവിതവും മാധ്യമ പ്രവര്‍ത്തന ജീവിതവും ആറ്റിക്കുറുക്കി 154 പേജുകളിലേക്ക് ഒരുക്കിവെച്ച അദ്ദേഹത്തിന്റെ ആത്മകഥയാണ് 'ദോഹയില്‍ നടന്നുതീര്‍ത്ത വഴികള്‍.' അഹമ്മദ് പാതിരിപ്പറ്റ എന്ന മനുഷ്യനോടൊപ്പം ഈ ആത്മകഥയില്‍ ഖത്തറിന്റേയും ഖത്തര്‍ മലയാളികളുടേയും വിദേശ മാധ്യമ പ്രവര്‍ത്തനത്തിന്റെ വഴികളും കൂടി തെളിഞ്ഞുവരുന്നു. അതുകൊണ്ടുതന്നെ പതിവ് ചട്ടക്കൂട്ടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല ഈ പുസ്തകം. 



പുസ്തകത്തിന്റെ പേരില്‍ തന്നെ തുടങ്ങും കൗതുകം. ദോഹയില്‍ നടന്നു തീര്‍ത്ത വഴികളെന്നാണ് പേര് സൂചിപ്പിക്കുന്നത്. എന്നാല്‍ ആധുനിക ദോഹയോ ഖത്തറോ കണ്ടവര്‍ക്ക് മനസ്സലാകും, ആ വഴികളിലൂടെയൊന്നും ആരുമിപ്പോള്‍ നടക്കാറില്ലെന്ന്! ചീറിപ്പായുന്ന വാഹനങ്ങളും തിരക്കിട്ട ജീവിതവും ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്ഥാനവും നേടിയ ഈ ചെറിയ രാജ്യം എത്രമാത്രം മാറിപ്പോയെന്ന് തിരിച്ചറിയുന്ന ധാരാളം പേര്‍ അഹമ്മദ് പാതിരിപ്പറ്റയെ പോലെ ഇപ്പോഴും ഖത്തറിലുണ്ട്. 1978ല്‍ നിന്നും 2026ലെത്തുമ്പോള്‍ ഖത്തറിലുണ്ടായ മാറ്റത്തിനു മുമ്പില്‍ അഹമ്മദ് പാതിരിപ്പറ്റയും സ്തംബ്ധനായിപ്പോകുന്നുണ്ട്. രണ്ടുവരിപ്പാതയിലൂടെ നടന്ന് ജല- വിദ്യുച്ഛക്തി വകുപ്പിന്റെ ഓഫിസില്‍ പോയിരുന്ന കാലത്തു നിന്നും കാറിന്റെ ആക്സിലേറ്ററിലമര്‍ന്ന കാലൊന്ന് ശക്തി കുറച്ച് വേഗം കുറച്ചാല്‍ പിറകില്‍ നിന്നും ഹോണടി കിട്ടുന്ന കാലത്തേക്കുള്ള മാറ്റമാണത്. 

ഫിഫ ലോകകപ്പ് 2022 അനുവദിക്കപ്പെടുന്നതിന് മുമ്പ് ഖത്തറെന്ന രാജ്യത്തെ കാര്യമായി ഗൗനിക്കാതിരുന്ന കാലമുണ്ടായിരുന്നു. മുത്തുവാരിയും മീന്‍ പിടിച്ചും കഴിഞ്ഞിരുന്ന തദ്ദേശീയ സമൂഹത്തില്‍ നിന്നും ഭൂഗര്‍ഭത്തില്‍ നിന്നും ഗ്യാസുയര്‍ന്നുവന്ന് സമ്പന്നതയിലേക്ക് കുതിക്കുമ്പോഴും വളരെ ചെറിയൊരു രാജ്യമെന്ന നിലയില്‍ ഖത്തര്‍ ഏറെ പരിഗണിക്കപ്പെട്ടിരുന്നില്ല. 

എന്നാല്‍ തങ്ങളെ എങ്ങനെ അടയാളപ്പെടുത്തണമെന്ന് ഖത്തറിനും ഭരണാധികാരികള്‍ക്കും അറിയാമായിരുന്നു. ലോകോത്തരമായ കായിക മത്സരങ്ങള്‍ ഈ മണ്ണിലെത്തിയതോടെയാണ് ലോകത്തിന്റെ ശ്രദ്ധ ഈ കൊച്ചു രാജ്യത്തേക്കെത്തിയത്. കായിക മത്സരങ്ങള്‍ എത്തുകയെന്നാല്‍ ചെറിയ കാര്യമായിരുന്നില്ല. അതിന് അനുയോജ്യമാകുന്ന കളിക്കളങ്ങള്‍ വേണം, അടിസ്ഥാന സൗകര്യങ്ങള്‍ വേണം, സംഘാടനം വേണം. ഇവയെല്ലാം ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്താണ് ഖത്തര്‍ വളര്‍ച്ചയിലേക്ക് കുതിച്ചത്. ഈ കുതിപ്പ് നേരില്‍ കണ്ടവരും അനുഭവിച്ചവരും മാത്രമല്ല അതിലേക്ക് സംഭാവന നല്‍കിയവരും കൂടിയായിരുന്നു അഹമ്മദ് പാതിരിപ്പറ്റയെ പോലുള്ള ആയിരക്കണക്കിന് പ്രവാസികള്‍- പ്രത്യേകിച്ച് ആദ്യകാല പ്രവാസികള്‍!

ഫിഫ ലോകകപ്പ് 2022ന് തൊട്ടുമുമ്പോ ശേഷമോ എത്തിയവര്‍ക്ക് അറിയാത്തൊരു ഖത്തറുണ്ടായിരുന്നു. ആ ഖത്തറിലാണ് പാതിരിപ്പറ്റ നടന്നു തീര്‍ത്തിരിക്കുന്നത്, അടയാളപ്പെടുത്തിയിരിക്കുന്നത്. 

ഇക്കഴിഞ്ഞ മെയ് 14ന് പ്രായം 75 പൂര്‍ത്തിയാക്കിയ ഈ മനുഷ്യന്‍ തന്റെ 26-ാം വയസ്സില്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയതു മുതല്‍ ചെറിയ കാലത്തെ ഇടവേളയൊഴിച്ചാല്‍ ഏകദേശ അരനൂറ്റാണ്ടാണ് മരുഭൂമിയിലെ മലര്‍വാടിയില്‍ ചെലവഴിച്ചത്. അന്നുമുതല്‍ ഇന്നോളം വരെയുള്ള ഓര്‍മകളെ അടരുകളായും അടുക്കുകളായും കാത്തുസൂക്ഷിക്കാനായെന്നത് ചെറിയ കാര്യമല്ല. 

യൗവനത്തിന്റെ തുടക്കത്തില്‍ നാട്ടിലായിരിക്കെ ചന്ദ്രിക ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായാണ് പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. മുസ്ലിം ലീഗിന്റെ പിളര്‍പ്പോടെ ചന്ദ്രിക വിട്ട് ലീഗ് ടൈംസിന് വേണ്ടി കോഴിക്കോടും കാസര്‍ക്കോടും ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. ഖത്തറിലെത്തിയതിന് ശേഷം ലീഗ് ടൈംസിനും പിന്നാലെ ചന്ദ്രികയ്ക്ക് വേണ്ടിയും വാര്‍ത്തകളെഴുതിത്തുടങ്ങിയ അഹമ്മദ് പാതിരിപ്പറ്റ ഖത്തറില്‍ നിന്നും ആദ്യമായി പ്രസിദ്ധീകരണം തുടങ്ങിയ മലയാള ദിനപത്രം വര്‍ത്തമാനത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചു. മാതൃഭൂമിയുടേയും സുപ്രഭാതത്തിന്റേയും ഖത്തര്‍ ലേഖകനായും പ്രവര്‍ത്തിച്ചു. 




ഖത്തറിലെത്തി രണ്ടാമത്തെ വര്‍ഷം തന്നെ, 1980ല്‍ ഖത്തര്‍ പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ പത്രലേഖകനുള്ള അക്രഡിറ്റേഷന്‍ ലഭിച്ച അഹമ്മദ് പാതിരിപ്പറ്റ ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളി കൂടിയാണ്. കക്കുളത്ത് അബ്ദുല്‍ ഖാദറാണ് ഈ അംഗീകാരം ലഭിച്ച ആദ്യ മലയാളി. കക്കുളത്ത് അബ്ദുല്‍ ഖാദറിന് ചന്ദ്രികയുടെ പേരിലും അഹമ്മദ് പാതിരിപ്പറ്റയ്ക്ക് ലീഗ് ടൈംസിന്റെ പേരിലുമായിരുന്നു അക്രഡിറ്റേഷന്‍. 

ഇറാഖിന്റെ കുവൈത്ത് അധിനിവേശം ചന്ദ്രികയ്ക്ക് വേണ്ടിയും ഗള്‍ഫ് യുദ്ധം യു എസ് സൈനിക കമാന്റിന്റെ അക്രഡിറ്റേഷനോടെ മാതൃഭൂമിക്കു വേണ്ടിയും റിപ്പോര്‍ട്ട് ചെയ്ത അഹമ്മദ് പാതിരിപ്പറ്റ 2004ല്‍ മലേഷ്യന്‍ തലസ്ഥാനമായ കോലാലമ്പൂരില്‍ ഇസ്ലാമിക ഉച്ചകോടിയോടനുബന്ധിച്ച് നടന്ന ലോക ടൂറിസം സമ്മേളനത്തില്‍ ഖത്തറില്‍ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു. 

ലോകാരോഗ്യ സംഘടന, ജി 77, ഒപെക്, ഒ ഐ സി, മെന, ഗള്‍ഫ് തുടങ്ങി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങള്‍, ഫിഫ അണ്ടര്‍ 19 ലോകകപ്പ് ഫുട്ബാള്‍, 2006 ഏഷ്യന്‍ ഗെയിംസ്, ലോക ഹാന്റ്ബാള്‍ ചാംപ്യന്‍ഷിപ്പ്, 1988, 2011, 2023 ഏഷ്യന്‍ കപ്പ് ഫുട്ബാള്‍, 2022 ലോകകപ്പ് ഫുട്ബാള്‍ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ, മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്, പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം, ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്ത്, ലോക ബോക്സിംഗ് ചാംപ്യന്‍ മുഹമ്മദലി ക്ലേ, ചിത്രകാരന്‍ എം എഫ് ഹുസൈന്‍ തുടങ്ങി നിരവധി പേരുടെ അഭിമുഖം നടത്തിയ അഹമ്മദ് പാതിരിപ്പറ്റ കെ എം സി സി നേതാവും ഖത്തര്‍ മലയാളി സമാജം സ്ഥാപക സെക്രട്ടറിയും ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക പ്രസിഡന്റും ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. 

പത്രപ്രവര്‍ത്തന രംഗത്തെ മികവ് പരിഗണിച്ച് ഖത്തര്‍ പയ്യന്നൂര്‍ സൗഹൃദവേദി പുരസ്‌ക്കാരം, ഖത്തര്‍ ന്യൂസ് ഏജന്‍സി ആദരം, ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐ സി സി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

'സുവര്‍ണതീരത്ത് സ്വപ്നങ്ങളോടെ' എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ ആരംഭിച്ച നടന്നു തീര്‍ക്കാനുള്ള വഴികള്‍ 34 അധ്യായങ്ങളിലായി '2022; ത്രസിപ്പിക്കുന്ന കാഴ്ചകളുടെ പകര്‍ന്നാട്ട'ത്തിലാണ് അവസാനിക്കുന്നത്. ഇവയ്ക്കിടയില്‍ തന്റെ വ്യക്തി ജീവിതവും ജീവിതാനുഭവങ്ങളും ഖത്തര്‍ കാ്ഴ്ചകളും ഖത്തറിന്റേയും ലോകത്തിന്റെയും ചരിത്രവും മാറ്റങ്ങളുമെല്ലാം കടന്നുവരുന്നു. 

ഈ പുസ്തകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത മലയാളം വായിക്കാനറിയാവുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ വായിച്ചു പോകാനാവുന്ന ഭാഷാ ശൈലിയാണ്. ദുര്‍ഗ്രാഹ്യതയോ ഭാഷയിലെ സങ്കീര്‍ണതകളോ ഇല്ലെന്ന് മാത്രമല്ല, ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്കു പോലും മനസ്സിലാക്കാന്‍ കഴിയണമെന്ന പത്രഭാഷയുടെ സൗകുമാര്യമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരുപക്ഷേ, ഏറ്റവും അടുത്ത ഒരാളോട് സംസാരിക്കുന്നതുപോലെയുള്ള ഭാഷ കൂടിയാണത്. 'എനിക്കത്ഭുതം തോന്നി. ദോഹാ വിമാനത്താവളത്തിനകത്തും പരിചയക്കാരനോ? എനിക്കാശ്വാസമായി.' ആദ്യ അധ്യായത്തില്‍ തന്നെ ഇത് വായിക്കുമ്പോള്‍ വായനക്കാരനാണ് ആശ്വാസം കിട്ടുന്നത്. എഴുത്തുകാരന്‍ തന്നോട് നേരിട്ട് സംസാരിക്കുകയാണല്ലോ എന്ന തോന്നല്‍ വായനക്കാരനെ പുസ്തകവുമായി കൂടുതല്‍ അടുപ്പിച്ചു നിര്‍ത്തും. 

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഖത്തര്‍ വളര്‍ന്നു. 1978ല്‍ അധികം വികസിച്ചിട്ടില്ലാത്ത വിമാനത്താവളത്തില്‍ വിമാനമിറങ്ങി റണ്‍വേയിലൂടെ നടന്ന് വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കുന്ന കാലം പിന്നില്‍ മറഞ്ഞതും മെട്രോ ട്രെയിനോടുന്ന വിമാനത്താവളം മുന്നില്‍ തെളിഞ്ഞതുമൊക്കെ ഈ മനുഷ്യന്റെ കാഴ്ചാ കൗതുകങ്ങളിലുണ്ട്. 

ബിന്‍ ദിര്‍ഹം, അല്‍ ജസറ, ഷാരെ അസ്മക്ക്, അറബ് റൗണ്ട് എബൗട്ട്, അറബ് ബാങ്ക്, ഗ്രാന്റ് മസ്ജിദ്, ജൈദ, മുശൈരിബ്, സൂഖ് ഫാല, സൂഖ് അസീരി, സൂഖ് വാഖിഫ്, സൂഖ് ജാബര്‍, ഷാരെ കഹ്റുബ, മഞ്ഞ ടാക്സി, ഇറാനി സൂഖ് തുടങ്ങി ഇന്നുള്ളതും ഇല്ലാത്തതുമായ നിരവധി പേരുകള്‍ അഹമ്മദ് പാതിരിപ്പറ്റയുടെ ആത്മകഥയിലൂടെ പലവുരു കടന്നുവരുന്നു. 

കഥ പറയുമ്പോള്‍ തന്റെ കഥ മാത്രമല്ല, തന്നേക്കാള്‍ മുമ്പ് ഖത്തറിലെത്തി വിജയക്കൊടി പാറിച്ചവരേയും വായനക്കാര്‍ക്ക് മുമ്പിലെത്തിക്കാന്‍ അഹമ്മദ് പാതിരിപ്പറ്റ മടിക്കുന്നില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പേ ഇവിടെ നമ്മളുണ്ട് എന്നാണ് അദ്ദേഹം തന്റെ മുന്‍ തലമുറയെ വിശേഷിപ്പിക്കാന്‍ പ്രയോഗിച്ചിരിക്കുന്ന വാചകം. 1960കളിലും അതിനുമുമ്പും മലയാളി സാന്നിധ്യമുണ്ടായിരുന്ന ഖത്തറിനെ അദ്ദേഹം പരിചയപ്പെടുത്തുമ്പോള്‍ ഓര്‍മകളുണ്ടായിരിക്കണമെന്നു തന്നെയാണ് അതിനര്‍ഥം. ഒറ്റപ്പെട്ട മലയാളി സാന്നിധ്യം 1950കളില്‍ തന്നെ ഉണ്ടായിരുന്നതായും ആ കാലത്തെ മലയാളികളില്‍ ഏറെയും പല കമ്പനികളുടേയും മേധാവികളായാണ് വിരമിച്ചതെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. 




1970കളില്‍ മലയാളികളുടെ പ്രതീക്ഷാ കേന്ദ്രമായിരുന്ന ദര്‍വിഷ് കമ്പനി മുതല്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമാക്കുന്നു. പഴയ കാലത്തെ പ്രശസ്ത സ്ഥാപനമായ കാസിം ആന്റ് ദര്‍വിഷ് കമ്പനിയില്‍ ജോലി ചെയ്തിരുന് പി കെ കൃഷ്ണന്‍ എന്ന മലയാളിയില്‍ തുടങ്ങി കെ എം മേനോന്‍, സയ്യിദ് ഹൈദ്രോസ് തങ്ങള്‍, എസ് എസ് നായര്‍, എം പി ഇബ്രാഹിം, കെ ബി കെ മേനോന്‍, തോമസ്, വര്‍ഗ്ഗീസ്, ഡേവിഡ്, സാഹിര്‍, കെ വി അബ്ദുല്‍ ഹമീദ്, മഹമ്മൂദ് മാട്ടൂല്‍, തമ്പി ജോര്‍ജ്ജ്, അബ്ദുല്ല മനോളി, കെ വി രാമനാഥന്‍, പി പി മുസ്തഫ, ആര്‍ ബി അബ്ദുല്‍ അസീസ്, വി സി മമ്മു, വി സി കലന്തന്‍, അഡ്വ. എ മുഷാബ്, അബ്ദുല്ല ഹാജി, പി എ അബൂബക്കര്‍, എ കെ ഉസ്മാന്‍, കെ പി അബ്ദുല്‍ ഹമീദ്, പിപി ഹൈദര്‍ ഹാജി, എം പി ഷാഫി ഹാജി തുടങ്ങിയവരിലൂടെ ആ പരമ്പര പരിചയപ്പെടുത്തുന്നു അദ്ദേഹം തന്റെ പുസ്തകത്തില്‍. 

പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ അയക്കാന്‍ വിമാനം തേടിപ്പോകുന്ന ആദ്യകാലത്തെ കുറിച്ചും രസകരമായി വിവരിക്കുന്നുണ്ട്. മാത്രമല്ല, തോന്നുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും പറക്കാന്‍ കഴിയുന്ന ഇക്കാലത്തിരുന്ന്, 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന്റെ സങ്കടവും തന്റെ പുസ്തകത്തില്‍ അഹമ്മദ് പാതിരിപ്പറ്റ പങ്കുവെക്കുന്നു. അക്കാലത്തെ ഗള്‍ഫുകാര്‍ക്കെല്ലാം പങ്കുവെക്കാനുണ്ടാവും ഇത്തരത്തിലുള്ള ഒരു ഓര്‍മയെങ്കിലും! ഇതോടൊപ്പം ചേര്‍ത്തുവായിക്കണം സഹോദരനെ ഖബറടക്കിയ മിസൈമീറിലെ ഖബര്‍സ്ഥാനോര്‍മകളും. 

പൗരാണിക ഖത്തറിന്റെ സ്മരണകളുണര്‍ത്തുന്ന അല്‍ അസ്മഖിലായിരുന്നു പാതിരിപ്പറ്റ നിരവധി പതിറ്റാണ്ടുകള്‍ താമസിച്ചത്. ഖത്തര്‍ വികസനത്തിന്റെ ഭാഗമായി തെരുവും കെട്ടിടങ്ങളുമെല്ലാം പൊളിച്ചു മാറ്റിയപ്പോള്‍ പാതിരിപ്പറ്റയുടെ കിനാക്കളുറങ്ങിയ മുറിയും ഇല്ലാതായി. വല്ലാതൊരു നൊമ്പരത്തോടെയല്ലാതെ ആ അധ്യായം വായിച്ചു തീര്‍ക്കാനാവില്ല. 

പതിവ് ആത്മകഥകളുടെ ശൈലിയും രീതിയും വിട്ടുള്ള 'ദോഹയില്‍ നടന്നു തീര്‍ത്ത വഴികളി'ല്‍ നിരവധി ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. പഴയകാല ഫോട്ടോകള്‍ പലതും കൗതുകവും അത്ഭുതവും ചേര്‍ത്തല്ലാതെ കാണാനാവില്ല. 

അനുഭവങ്ങള്‍ മിടിക്കുന്ന ഈ ആത്മകഥ കോഴിക്കോട് വചനം ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുതിത്തീര്‍ത്ത അക്ഷരക്കൂട്ടങ്ങള്‍ക്കപ്പും എഴുതാതെ പോയ അനുഭവക്കുറിപ്പുകള്‍ അഹമ്മദ് പാതിരിപ്പറ്റയുടെ ഉള്ളില്‍ തിളച്ചു മറിയുന്നുണ്ടാകും. എന്‍ പി ഹാഫിസ് മുഹമ്മദാണ് ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍ക്ക് അവതാരിക എഴുതിയത്. 

ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍ ഒരാളുടെ ചരിത്രം മാത്രമല്ല, ഒരു ജനതയുടെ, ഒരു നാടിന്റെ, ഒരു കാലത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

രണ്ടു പെരുന്നാള്‍ കഥകള്‍

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്