ബൊസ്തി ജീവന്‍; ചേരി ജീവിതങ്ങളിലെ ചെറിയ ജീവനുകള്‍
ഗ ള്‍ഫും യൂറോപ്പും യു എസും കാനഡയും കഴിഞ്ഞ് ലോകത്തിനപ്പുറത്തേക്കുള്ള യാത്രകള്‍ സ്വപ്നം കാണുന്ന മലയാളത്തിന്റെ പ്രവാസം ഇടക്കാലത്തെന്നോകല്‍ക്കത്തയെ സ്വന്തമായി കരുതിയിരുന്നു. ഉത്തരേന്ത്യക്കാര്‍ മലയാളിയേയും തമിഴനേയും കന്നഡിഗനേയും തെലുങ്കനേയുമെല്ലാം മദ്രാസിയെന്ന് വിളിച്ചിരുന്ന കാലം. അക്കാലം പിന്നെ തലയൊന്ന് തിരിച്ചുവെച്ചപ്പോള്‍ ഉത്തരേന്ത്യന്‍ പ്രവാസം കേരളത്തിലേക്കായി. പഴയ 'മദ്രാസി' വിളിക്കുള്ള പ്രതികാരമെന്ന പോലെ മലയാളിക്ക് ഒഡീഷക്കാരനും രാജസ്ഥാനിയും ബീഹാറിയും ബംഗാളിയും എന്തിന്, ആസാമിയും നേപ്പാളിയും വരെ 'ബംഗാളി'യായി. ബംഗാളില്‍ നിന്നുള്ള സാഹിത്യ സൃഷ്ടികള്‍ വിവര്‍ത്തനം ചെയ്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് വായിച്ച് കല്‍ക്കത്ത സ്വപ്നംകണ്ടൊരു യുവത്വം ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിവര്‍ത്തനം ചെയ്തു വന്ന ബംഗാളി നോവലുകളും ലൈബ്രറിയില്‍ നിന്നും കിട്ടിയ നോവലുകളുമെല്ലാം വായിച്ച അനുഭവത്തില്‍ എന്റെ ഉമ്മയും ബംഗാളി നോവലുകളുടെ മനോഹാരിത സാക്ഷ്യപ്പെടുത്തിയ ആവേശത്തിലാണ് ബാല്യത്തിലും കൗമാരത്തിലുമൊക്കെ ബംഗാളി നോവലുകളുടെ വിവര്‍ത്തനം ലൈബ്രറിയില്‍ നിന്നെടുത്തു വായിച്ചത്. പക്ഷേ,...