ലോഹപ്പൂട്ടില്‍ ഒരു ചിത്രശലഭം പറന്നിറങ്ങുമ്പോള്‍

ഉസ്മാന്‍ മാരാത്തിന്റെ 'ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15' ഓര്‍മക്കുറിപ്പിലൂടെ ഒരു വായനാ സഞ്ചാരം

 

യിലില്‍ കിടന്നിട്ടില്ലാത്തവരെ ജയിലഴികള്‍ക്കുള്ളിലാക്കും ഈ പുസ്തകം- ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15. തന്റെ ജീവിതത്തിലെ വിലപ്പെട്ട ചില വര്‍ഷങ്ങളില്‍ വിലാസമായി മാറിയ ഒരിടത്തെ കുറിച്ച് തിരിഞ്ഞു നോക്കുകയാണ് ഉസ്മാന്‍ മാരാത്ത്. 

ഒരാളുടെ അനുഭവം ഒരുപാടു പേരുടെ അനുഭവങ്ങളായി മാറുന്നിടത്താണ് എഴുത്തുകാരന്‍ വിജയിക്കുന്നത്. അക്കാര്യത്തില്‍ ഉസ്മാന്‍ മാരാത്ത് ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15ലൂടെ വിജയം നേടുന്നുണ്ട്. അര്‍ഹതയുണ്ടായിട്ടും പല കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടു പോകുന്ന വര്‍ഷങ്ങളും സ്വാതന്ത്ര്യവും ഈ മനുഷ്യനെ പരാജയപ്പെടുത്തിയിട്ടില്ലെന്ന് ഈ പുസ്തകം വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. 

 മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജയിലറോട് ചോദിക്കുന്നൊരു ചോദ്യമുണ്ട്- ഹു വാണ്ട്‌സ് ഫ്രീഡം? അകത്തേ ജയിലില്‍ നിന്ന് പുറത്തേ ജയിലിലേക്കൊരു യാത്ര ബഷീര്‍ ആഗ്രഹിക്കാത്തതിന് കാരണം മതിലിനപ്പുറത്ത് നാരായണയുള്ളതുകൊണ്ടാണ്. സത്യത്തില്‍ ജയില്‍ എന്നത് കനത്ത കല്‍ഭിത്തിക്കയ്ക്കകത്തെ ഇരുമ്പു വാതിലുകളിനുള്ളിലേക്ക് അടച്ചിടപ്പെടുന്ന ശരീരമെന്നതിനേക്കാള്‍ തങ്ങളെ പുറത്തു നിന്നൊരാള്‍ക്കു മാത്രമേ തുറന്നുവിടാന്‍ സാധിക്കൂ എന്ന മാനസികാവസ്ഥയാണെന്നാണല്ലോ പറയാറുള്ളത്. ഉസ്മാന്‍ മാരാത്തിന് പക്ഷേ, ജയില്‍ മാനസികാവസ്ഥ മാത്രമായിരുന്നില്ല, സ്വപ്‌നങ്ങളെ കൊട്ടിയടച്ച ഇടം കൂടിയായിരുന്നു. 

ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിച്ചവര്‍ക്ക് വളരെ പെട്ടെന്ന് മനസ്സിലാകുന്ന സാഹചര്യങ്ങളാണ് ഓര്‍മക്കുറിപ്പുകളെന്നോ ആത്മകഥയെന്നോ വിളിക്കാവുന്ന ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15ല്‍ ഉള്ളത്. ഗള്‍ഫിനെ കുറിച്ച് വലിയ പിടിപാടില്ലാത്തവര്‍ക്ക് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അത്ഭുതം കൂറാനുള്ള വകയുമുണ്ട്. 

പൂര്‍ണമായും തന്റെ കണ്ണിലൂടേയും കാഴ്ചപ്പാടിലൂടെയുമാണ് എഴുത്തുകാരന്‍ തന്റെ ഓര്‍മക്കുറിപ്പുകളെ കോറിയിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വായനക്കാര്‍ക്ക് പലയിടങ്ങളിലും തന്റെ അനുഭവമാണ് കണ്‍മുമ്പിലൂടെ കടന്നുപോകുന്നതെന്ന് തോന്നിപ്പോകും. വെറുതെ പറയുന്നതിനപ്പുറം അനുഭവിപ്പിക്കാനുള്ള ഭാഷ കൂടി എഴുത്തുകാരനുള്ളതിനാല്‍ പുസ്തകം വായിച്ചു തുടങ്ങുന്ന ഒരാള്‍ക്ക് അവസാന പേജിലേക്കെത്താതെ മടക്കി വെക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. 

ചെറുപ്പം മുതല്‍ നാടകവും അടുത്ത ഘട്ടത്തില്‍ സിനിമയും സ്വപ്‌നം കാണുകയും അതിന്റെ മാസ്മരികതയ്ക്കു പിന്നാലെ സഞ്ചരിക്കുകയും ചെയ്യുന്ന ഒരാള്‍ തിരക്കഥ പോലെ തന്റെ ഓര്‍മക്കുറിപ്പുകളെ രേഖപ്പെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. താന്‍ അറസ്റ്റിലാവുകയും പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്ത അര്‍ധരാത്രി പിന്നിട്ട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമുള്ള സാഹചര്യത്തിലൂടെയാണ് ഓര്‍മക്കുറിപ്പുകള്‍ ആരംഭിക്കുന്നത്. സഞ്ചാര പാതയില്‍ ചിലയിടത്ത് ഇടക്കൊന്നു പിറകോട്ടേക്ക്് പോവുകയും മറ്റു ചിലയിടങ്ങളില്‍ നിലവിലുള്ള സ്ഥലത്തു നിന്നും മുമ്പോട്ടേക്ക് കുറേ ദൂരം സഞ്ചരിച്ചും വേറെ ചില നേരങ്ങളില്‍ അന്നേരത്തെ ഇടങ്ങളെ അടയാളപ്പെടുത്തിയുമുള്ള രചനാ കൗശലമാണ് ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15ല്‍ സ്വീകരിച്ചിരിക്കുന്നത്. ഒരുപക്ഷേ, ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത രീതിയായിരിക്കില്ല അത്. സ്വന്തം കഥ പറയുമ്പോള്‍, അതില്‍ ആവശ്യത്തിന് നാടകീയത നിലവിലുണ്ടെന്നിരിക്കെ, മിനുക്കിയെടുത്ത് അവതരിപ്പിക്കേണ്ട ആവശ്യമൊന്നും വരുന്നേയില്ല. 

 ഏതു നിമിഷവും തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തുമെന്നും അവര്‍ തന്റെ വാതിലില്‍ മുട്ടുമെന്നും എഴുത്തുകാരന്‍ പ്രതീക്ഷിക്കുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനേക്കാള്‍ ഭീതിതമാണ് അതും കാത്തുള്ള ഇരിപ്പും കിടപ്പും നില്‍പ്പും നടപ്പും. പല വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ ഉസ്മാന്‍ മാരാത്ത ശിക്ഷിക്കപ്പെട്ടിട്ടുണ്ടാവും പൊലീസെത്തുന്നതും കാത്തുള്ള ആ ദിവസങ്ങളിലായിരിക്കും. 

ഖത്തറിലെ നിയമങ്ങളും നടപടിക്രമങ്ങളും വ്യക്തമായി ശഹാനിയ ജയിലില്‍ പറഞ്ഞുവെക്കുന്നുണ്ട് ഉസ്മാന്‍ മാരാത്ത്. ശഹാനിയ ജയില്‍ സ്ഥിതി ചെയ്യുന്ന തെരുവിലൂടെ നേരത്തെ പല തവണ യാത്ര ചെയ്തപ്പോഴും അങ്ങനെയൊന്ന് അവിടെയുള്ളതായി അയാള്‍ക്കറിയില്ലായിരുന്നു. പിന്നീടൊരിക്കല്‍ തന്റെ വിലാസമാകാന്‍ പോകുന്ന ഇടത്തെ കുറിച്ച് നേരത്തെ അറിയാതിരുന്നത് നന്നായെന്ന് വായനക്കാര്‍ക്ക് തോന്നിയേക്കും. 

ഗള്‍ഫില്‍ പലപ്പോഴും മലയാളികള്‍ ജയില്‍ വാസം അനുഭവിക്കാറുള്ളത് ചെക്ക് കേസുകളിലാണ്. ചെക്ക് പണമില്ലാതെ മടങ്ങിയാല്‍ ബ്ലാക്ക് ലിസ്റ്റിലും പിന്നീട് അറസ്റ്റിലേക്കുമൊക്കെ വഴിയൊരുങ്ങുന്നത് ഗള്‍ഫിലെ പതിവ് സംഭവമാണ്. ഓരോ നിയമലംഘനവും അതിന്റേതായ ഗൗരവത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ പരിഗണിക്കാറുള്ളത്. എന്നാല്‍ കൗതുകകരമായ കാര്യം ഇതേ നിയമത്തില്‍ നിന്ന് പല പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാനും വഴികളുണ്ടെന്നതാണ്. 

ജയിലില്‍ കഴിയുമ്പോള്‍ തന്റെ കഥ മാത്രമല്ല, തന്നെപ്പോലുള്ള മറ്റു ചിലരുടേയും കഥകള്‍ കൂടി ഉസ്മാന്‍ മാരാത്ത് ഈ പുസ്തകത്തില്‍ അനാവരണം ചെയ്യുന്നുണ്ട്. ചെക്ക് കേസും, മോഷണക്കേസും അടിപിടി, സിവില്‍ നിയമ ലംഘനങ്ങള്‍, മദ്യപിച്ച് വാഹനമോടിക്കല്‍, മയക്കുമരുന്ന് തുടങ്ങി വ്യത്യസ്ത കേസുകളേയും അതിലെ പ്രതികളെ കുറിച്ചും ഓര്‍മക്കുറിപ്പുകള്‍ സരസമായി വിവരിക്കുന്നുണ്ട്. ജയില്‍ പുള്ളികള്‍ പരസ്പരം പറയുമ്പോള്‍ പേരിനോടൊപ്പം അവരുടെ കേസും കൂടി ചേര്‍ത്താണത്രെ വിളിക്കുക. പുറംലോകത്തെത്തുമ്പോള്‍ പരസ്പരം ശത്രുക്കളാകാവുന്നത്രയും വലിയ നാണക്കേടിനെ ജയിലിനകത്ത് അവര്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്നു. മോഷണക്കുറ്റം ചുമത്തി ജയിലിലെത്തുമ്പോള്‍ രമേശനെന്ന പേര് രമേശന്‍ ആലിബാബയാകും, മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായ ആദിലിനെ ആദില്‍ ശറാബിയെന്നാകും വിളിക്കുക, അടിപിടികൂടി ജയിലിലെത്തിയ ശിഹാരി സിംഗ് പിന്നീടറിയപ്പെടുന്ന ശിഹാരി സിംഗ് ജില്‍ജാല്‍ എന്നായിരിക്കും. ഇങ്ങനെ പുറം ലോകത്തിനറിയാല്‍ ജയില്‍ രഹസ്യങ്ങള്‍ ഉസ്മാന്‍ മാരാത്ത് തന്റെ ഓര്‍ക്കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്. 

താത്ക്കാലികമായി അക്കൗണ്ടന്റായി ഖത്തറിലെത്തിയ ഉസ്മാന്‍ മാരാത്ത് അക്കാലത്ത് നാടകങ്ങളിലും ഹ്രസ്വചിത്രങ്ങളിലുമായി തന്റെ സ്വപ്‌നങ്ങളെ പകുത്തുവെക്കുമ്പോള്‍ തന്നെയാണ് ബിസിനസെന്ന വലിയ കിനാവിലേക്ക് എടുത്തു ചാടിയതും. ഖത്തറിലെത്തിയ ആദ്യ നാളുകളിലാണ് ഇറക്കിയ പണംകൊണ്ടും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരുടെ എണ്ണം കൊണ്ടും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്റ്റേജ് പ്രൊഡക്ഷന്‍ ചെയ്തതെന്ന് ഉസ്മാന്‍ മാരാത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. നക്ഷത്രങ്ങള്‍ കരയാറില്ല എന്ന വന്‍ പദ്ധതി ഖത്തറില്‍ വലിയ വിജയം വരിച്ച പരിപാടി കൂടിയായിരുന്നു. നാടകവും സിനിമയും വെളിച്ചവും ശബ്ദവുമെല്ലാം ചേര്‍ന്ന സ്‌ക്രീനിലും വേദികളിലുമായി 'നക്ഷത്രങ്ങള്‍ കരയാറില്ല' തകര്‍ത്താടി. 

 

 സൗഹൃദങ്ങളെങ്ങനെ നേട്ടങ്ങളും കോട്ടങ്ങളുമായി മാറുന്നു എന്ന കഥ കൂടി ഉസ്മാന്‍ മാരാത്ത് തന്റെ ജീവിതം കൊണ്ട് പറയുന്നുണ്ട്. നിരവധി സൗഹൃദങ്ങള്‍ വലിയ നേട്ടങ്ങള്‍ സമ്മാനമായി തിരികെ തന്നപ്പോള്‍ വിരലിലെണ്ണാവുന്ന ചിലത് പുഴുക്കുത്തുകളായി ജീവിതത്തെ തന്നെ കാര്‍ന്നുതിന്ന കഥയാണ് ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15 പറയാതെ പറഞ്ഞു വെക്കുന്നത്. 

താനുണ്ടാക്കിയെടുത്തതും തന്റേതെന്ന് കരുതിയതും സൂത്രത്തില്‍ ചിലര്‍ തട്ടിയെടുക്കുന്നത് കണ്ടുനില്‍ക്കാന്‍ മാത്രം സാധിക്കുന്ന ചില നേരങ്ങളുണ്ട്. ആ നേരങ്ങളിലൂടെ കടന്നുപോയ കഥയും പറയുന്നുണ്ട് ഉസ്മാന്‍ മാരാത്ത്. മൂന്നുപേര്‍ തുടങ്ങിയ ബിസിനസ് പതുക്കെ ഇതിലൊന്നുമില്ലാതിരുന്ന ഒരാളിലേക്ക് എത്തിച്ചേരുന്നത് സാമ്പത്തിക നഷ്ടമായിരുന്നു ഉണ്ടാക്കുക. എന്നാല്‍ ഉസ്മാന്‍ മാരാത്തിന് സാമ്പത്തികം മാത്രമല്ല, മാനസികവും അപമാനകരവും വിലപ്പെട്ട ജീവിത വര്‍ഷങ്ങളും കൂടി ഈ സംഭവത്തില്‍ നഷ്ടപ്പെടുത്തേണ്ടി വന്നു. ആ വര്‍ഷങ്ങള്‍ക്കിടയില്‍ അയാളുടെ പിതാവ് പള്ളിയിലെ ഖബര്‍സ്ഥാനിലേക്കും യാത്ര പോയി.

കംപ്യൂട്ടര്‍ സിസ്റ്റത്തിലെ എറര്‍ കൊണ്ടുമാത്രം മൂന്നാഴ്ചക്കാലം ട്രാവല്‍ ബാനില്‍ കുടുങ്ങിയിട്ടുണ്ട് ഈ മനുഷ്യന്‍. എല്ലാ നൂലാമാലകള്‍ക്കുമപ്പുറം നാട്ടില്‍ വിമാനമിറങ്ങി പിതാവിന്റെ ഖബറിന് സമീപം പ്രാര്‍ഥനയില്‍ മുഴുകി നില്‍ക്കവെ ഖബര്‍സ്ഥാന്റെ മതിലിനപ്പുറം അയാളുടെ ഭാര്യയും വീട്ടില്‍ ഉമ്മയും കാത്തിരിക്കുന്നുണ്ടായിരുന്നു. 

മാന്‍കൈന്റ് ലിറ്ററേച്ചറാണ് 156 പേജുള്ള ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15 പുറത്തിറക്കിയത്. കഥയെഴുതാനും പറയാനും മോഹിച്ച് ഒടുവില്‍ സ്വയം കഥയായി മാറിയ ഒരാളുടെ ജീവിതകഥയെന്നാണ് എഴുത്തുകാരന്‍ തന്റെ ഓര്‍മക്കുറിപ്പുകളെ വിശേഷിപ്പിച്ചിരിക്കുന്നത്. 

ഏത് പ്രതിസന്ധിയിലും പ്രതീക്ഷയുടെ പുതിയ പൂക്കള്‍ വിരിയുമെന്ന് ഉസ്മാന്‍ മാരാത്ത് കാത്തിരിക്കുന്നുണ്ട്. 'ശൂന്യനായി നിന്നപ്പോള്‍, മുന്നോട്ടുള്ള വഴിയില്‍ ഇരുളടഞ്ഞപ്പോള്‍ എനിക്കുവേണ്ടി ജീവിതം കരുതിവെച്ച അതിശയങ്ങള്‍ക്കുവേണ്ടി എനിക്ക് എന്നെതന്നെ ഉടയാതെ സൂക്ഷിക്കേണ്ടതുണ്ടായിരുന്നു' എന്നയാള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ദോഹയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം കൊച്ചിയുടെ റണ്‍വേയില്‍ തൊട്ടപ്പോള്‍ ഹൃദയത്തിലൂടെ ഒരു ചിത്രശലഭം പറന്നുപോയത്. ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15ന്റെ കവര്‍ ചിത്രത്തിലെ തുരുമ്പു വീണ പൂട്ടിലാണ് ആ ചിത്രശലഭം പറന്നിറങ്ങിയത്.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

രണ്ടു പെരുന്നാള്‍ കഥകള്‍

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്