കബനീ തടത്തില്‍ നിന്ന് പേരു ചോദിക്കാത്ത നദിയിലൂടെ ഷീലാ ടോമി


ഖത്തറിലെ മലയാളികള്‍ക്കിടയില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത എഴുത്തുകാരി; ഇപ്പോള്‍ മലയാളി വായനക്കാര്‍ക്കും. വല്ലി എന്ന ആദ്യനോവലും അതിന്റെ സ്മരണകളും ആഘോഷങ്ങളും ചേര്‍ത്തുപിടിക്കലുകളും അവസാനിക്കുന്നതിന് മുമ്പ് ആ നദിയോട് പേരു ചോദിക്കരുതെന്ന രണ്ടാമത്തെ നോവലും പുറത്തിറക്കി വായനക്കാരെ ആശ്ചര്യപ്പെടുത്തിയ എഴുത്തുകാരി- ഷീലാ ടോമി. ഇതിനെല്ലാം മുമ്പ് മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകവുമായാണ് അവര്‍ ആദ്യമെത്തിയത്. 

മനോഹരമായ പേരുകളുമായാണ് ഷീലാ ടോമി തന്റെ രചനകളുമായി വായനക്കാര്‍ക്കു മുമ്പിലെത്തുന്നത്. 

ഷീലാ ടോമി സംസാരിക്കുന്നു: 

? നാടും കാടും വീടും നഷ്ടമാകുന്ന ഗോത്രവര്‍ഗ്ഗക്കാരെ പറഞ്ഞ അതേ തൂലിക നാടു നഷ്ടപ്പെട്ട ഫലസ്തീനികളെ കുറിച്ചും പറയുന്നു. ലോകത്തെല്ലായിടത്തും നഷ്ടപ്പെടലുകള്‍ക്ക് ഒരേ സ്വഭാവം. എഴുത്തുകാരിയെന്ന നിലയില്‍ ഇതായിരുന്നുവോ ലോകത്തിന്റെ വൈവിധ്യങ്ങളിലേക്കുള്ള രചനാ യാത്രയുടെ പ്രചോദനം

= ആദ്യത്തെ നോവല്‍ വല്ലി എഴുതിത്തുടങ്ങിയത് എന്നെ ഞാനാക്കിയ നാടിന്റേയും മനുഷ്യരുടേയും കഥ എഴുതണമെന്ന ആഗ്രഹത്തോടെ തന്നെ എഴുതിത്തുടങ്ങിയതാണ്. അത് വയനാടിന്റെ പശ്ചാതലത്തില്‍ എഴുതിയപ്പോള്‍, കുടിയേറ്റ ജനവിഭാഗത്തില്‍ നിന്നും വരുന്ന വ്യക്തിയെന്ന നിലയില്‍ ഇന്നും മണ്ണിനു വേണ്ടി പോരടിക്കുന്ന അവിടുത്തെ ആദിമ നിവാസി ജനങ്ങളുടെ സങ്കടങ്ങളും ജീവിതവും കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കുമായിരുന്നില്ല. വയനാടിന്റെ കഥ പറയുമ്പോള്‍ അവിടുത്തെ ആദിവാസികളെ മാറ്റിനിര്‍ത്തി പറയാനാവില്ല. ഒരു ദേശത്തിന്റെ കഥ തീര്‍ച്ചയായും അവിടുത്തെ ജനങ്ങളുടെയും പ്രകൃതിയുടേയും സാമൂഹ്യ പശ്ചാതലവും ചരിത്രവും മിത്തുകളും എല്ലാം ഉള്‍പ്പെടുന്ന കഥയാണ് പറയാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ സ്വന്തം മണ്ണിനു വേണ്ടി പോരടിക്കേണ്ടി വന്ന ഒരു ജനവിഭാഗം അതില്‍ കടന്നുവന്നു. 

അതുപോലെ  രണ്ടാമത്തെ നോവല്‍ ആ നദിയോട് പേരു ചോദിക്കരുത് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ഒരു ജനവിഭാഗത്തിന്റെ കഥയായി മാറുകയായിരുന്നു. സത്യത്തില്‍ അങ്ങനെയൊരു പശ്ചാതലത്തിന് കാരണമായത് എന്റെ കൂടി ജോലി ചെയ്തിരുന്ന ഒരു സുഹൃത്തായിരുന്നു. ഫലസ്തീനിയായ ഒരു സുഹൃത്ത് പറഞ്ഞ അവരുടെ ആത്മകഥയില്‍ നിന്നും മനസ്സിനെ നോവിക്കുന്ന ഒരുപാട് സംഗതികള്‍ കടന്നുവന്നപ്പോള്‍ അവരുടെ കഥയെഴുതണമെന്ന ആഗ്രഹത്തില്‍ നിന്നാണ് തുടക്കം കുറിച്ചത്. എന്നാല്‍ അവരുടെ നൊമ്പരങ്ങള്‍ അനുഭവിക്കാത്ത വ്യക്തിക്ക് എത്രമാത്രം അതിനോട്‌ നീതി പുലര്‍ത്താന്‍ കഴിയുമെന്ന ആശങ്കയുണ്ടായിരുന്നു. 

ജെറുസലേമിലെത്തിപ്പെടുന്ന മലയാളി നഴ്‌സിന്റെ കഥപറഞ്ഞ് അവള്‍ കാണുന്ന ഫലസ്തീനികളുടേയും യഹൂദരുടേയും ജീവിതം പകര്‍ത്തുന്ന രീതിയിലുള്ള കാഴ്ചക്കാരിയുടെ വിവരണവും കഥപറച്ചിലായിട്ടാണ് ആ നദിയോട് പേര് ചോദിക്കരുത് എന്ന നോവല്‍ വികസിക്കുന്നത്. 

എനിയെങ്ങു പോവും ഞാനും മക്കളും. ജന്മദേശമുണ്ട് നിങ്ങള്‍ക്കൊക്കെ. ഞങ്ങള്‍ക്ക് മണ്ണില്ല, രാജ്യമില്ല എന്നുള്ള എന്റെ സുഹൃത്തിന്റെ ചോദ്യത്തില്‍ നിന്നാണ് ഈ നോവലെഴുതാനുള്ള പ്രേരണയും ശക്തിയുമൊക്കെ വരുന്നത്.

ലോകത്തെങ്ങും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഒരേ മുഖമാണ്. ഇന്ത്യയിലായാലും സിറിയയിലായാലും തുര്‍ക്കിയിലായാലും ഫലസ്തീനിലായാലും ഭയം കൊണ്ട് ജനങ്ങളെ നിശ്ശബ്ദരാക്കുന്ന ഭരണകൂടങ്ങള്‍ക്ക് എല്ലായിടത്തും ഒരേ മുഖം തന്നെയാണ്. ഭാഷയും ദേശവുമൊക്കെ മാറിയാലും അധിനിവേശ ശക്തികള്‍ നിസ്സഹായരായ മനുഷ്യര്‍ക്കുണ്ടാക്കുന്ന യാതനകള്‍ ഒന്നുതന്നെയാണ്. 


? മലയാള സാഹിത്യത്തിന് ഒട്ടുംപരിചിതമല്ലാത്ത ഒരു ഭൂമിയാണ് ആ നദിയോട് പേരു ചോദിക്കരുതില്‍ കടന്നുവരുന്നത്. എങ്ങനെയാണ് വിശാലമായ ക്യാന്‍വാസൊരുക്കാന്‍ ആ ഭൂമിയെ കുറിച്ച് പഠിച്ചത്

= പരിചയമുള്ള സ്ഥലത്തേയും ദേശത്തേയും കുറിച്ച് എഴുതുന്നതുപോലെയല്ല അപരിചിതമായ സ്ഥലത്തേയും സംസ്‌ക്കാരത്തേയും അവിടുത്തെ മനുഷ്യരുടെ വ്യഥകളേയും കുറിച്ച് എഴുതുന്നത്. അതിന് ഒരുപാട് പരിമിതികളുണ്ട്. ഒന്നാമത്തെ കാര്യം നമ്മള്‍ അനുഭവിക്കാത്ത കാര്യമാണ് എഴുതുന്നതെന്നാണ്. അപ്പോള്‍ ശരിക്കും അവരുടെ സങ്കടങ്ങളോടും വേദനകളോടുമൊക്കെ നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന ആശങ്ക ഒരു ഭാഗത്തുണ്ട്. ഈ യാതനകളിലൂടെയെല്ലാം കടന്നുവന്നവരുടെ കണ്ണുകളില്‍ നിന്നും വാക്കുകളില്‍ നിന്നും നമ്മള്‍ ഉള്‍ക്കൊണ്ട വാക്കുകളിലേക്കും അക്ഷരങ്ങളിലേക്കും പകര്‍ത്തുകയായിരുന്നു. ഫലസ്തീനും ജറുസലേമുമൊക്കെ ഒട്ടും പരിചയമില്ലാത്ത സ്ഥലങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ ഭൂമിശാസ്ത്രപരമായ കാര്യങ്ങളും ചരിത്രവും നീണ്ട പോരാട്ടവും സഹസ്രാബ്ദങ്ങള്‍ നീണ്ട ഇസ്രായേലിന്റെ ചരിത്രവുമെല്ലാം പഠിച്ചു മനസ്സിലാക്കേണ്ടി വന്നു. ഇന്നത്തെ ഫലസ്തീനില്‍ എന്താണ് നടക്കുന്നതെന്നുള്ള കൃത്യമായ ബോധ്യത്തിലേക്ക് അങ്ങനെയാണ് എത്തിയത്. അതിനായി നിരവധി ഗ്രന്ഥങ്ങള്‍ വായിക്കുകയും ഫലസ്തീന്‍ രാഷ്ട്രീയം വരുന്ന ബ്ലോഗുകള്‍ വായിക്കുകയും ചെയ്തു. ഈ സ്ഥലങ്ങള്‍ പരിചയപ്പെടാന്‍ വേണ്ടി നിരവധി സിനിമകളും സഞ്ചാര വ്‌ളോഗുകളും കണ്ടു. അതിനെല്ലാം പുറമേ ഇസ്രായേലില്‍ ജോലി ചെയ്യുന്ന സഹപാഠികളില്‍ നിന്നും അവിടുത്തെ ജൂതന്‍മാരുടെ ജീവിതവും അനുഭവങ്ങളും പഠിച്ചു മനസ്സിലാക്കി. സ്ഥിരം ഉപയോഗിക്കുന്ന ഹീബ്രു വാക്കുകള്‍ സുഹൃത്തുക്കളില്‍ നിന്നും ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും പഠിച്ചെടുത്തു. വലിയ പഠനം നടത്തിയും ജേര്‍ണലിസ്റ്റിക് സമീപനവും നടത്തിയാണ് നോവല്‍ എഴുതിയത്. കഥാപാത്രങ്ങളെല്ലാം ഭാവനയില്‍ നിന്നാണെങ്കിലും കാര്യമായ പഠനം നടത്തേണ്ടി വന്നു. 

? ആ നദിയോട് പേരു ചോദിക്കരുത് എഴുതാന്‍ ബൈബിളിന്റെ സഹായം എത്രമാത്രമായിരുന്നു

= ജറുസലേം പശ്ചാതലമായി വരുന്ന ഒരു നോവലെഴുതുമ്പോള്‍ തീര്‍ച്ചയായും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടന്നുപോയ ക്രിസ്തുദേവനേയും അന്നത്തെ ജീവിതത്തേയും മറന്നുകളയാന്‍ സാധിക്കില്ല. ഇന്ന് ജൂതന്മാരുടെ വിശ്വാസത്തെ കുറിച്ച് പറയുമ്പോഴും രണ്ടായിരം വര്‍ഷം മുമ്പ് എഴുതപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിലൂടെ പോകാതിരിക്കാന്‍ സാധിക്കില്ല. ബൈബിളിന്റെ വളരെ പ്രകടമായ സാന്നിധ്യം നോവലില്‍ എമ്പാടും കാണാം. അതിലെ ഒരു കഥാപാത്രം തന്നെ ബൈബിള്‍ സ്വാധീനത്തില്‍ കടന്നുവരുന്നുണ്ട്. ബൈബിളിലെ ഒരുപാട് സന്ദര്‍ഭങ്ങള്‍, പ്രത്യേകിച്ച് ക്രിസ്തുവിന്റെ കുരിശുമരണത്തെ ഇപ്പോഴത്തെ ജനതയുടെ സങ്കടങ്ങളുടെ കുരിശുമായി ബന്ധിപ്പിച്ചാണ് നോവല്‍ ഉടനീളം കഥ പറഞ്ഞു പോകുന്നത്. 

ജറുസലേം മൂന്നു സെമിറ്റിക് മതങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യവും വിശുദ്ധവുമായ നഗരമാണ്. ജൂത, ക്രിസ്തു, ഇസ്‌ലാം മതങ്ങള്‍ക്ക് ഒരുപോലെ ഈ നഗരത്തോട് പ്രാധാന്യമുണ്ട്. അവരെല്ലാം ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന ആളുകളാണ്. എ്ന്നിട്ടും ആ നഗരം നൂറു ഖണ്ഡങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളതെന്ന് നോവലിലെ കഥാപാത്രം സഹല്‍ പറയുന്നുണ്ട്. അവിടെയുള്ള മനുഷ്യരുടെ മനസ്സുകളും ഇതുപോലെ നൂറു കഷ്ണങ്ങളാണെന്ന് കഥാപാത്രം പറയുന്നു. 

നമ്മുടെ പൊതുവായ പല ചര്‍ച്ചകളിലും കാണുന്നത് ജൂതന്മാരേയും ഫലസ്തീനികളേയും എതിര്‍പക്ഷത്തു നിന്ന കാഴ്ചകളാണ്. ജൂതന്മാരെല്ലാവരും സയണിസ്റ്റുകളും ഫലസ്തീനികളെല്ലാം തീവ്രവാദികളാണെന്നുമുള്ള ചില നോട്ടങ്ങളിലേക്ക് നമ്മുടെ പൊതുബോധം പലപ്പോഴും കടന്നുപോകുന്നുണ്ട്. അതിനെതിരെയുള്ള പ്രതിരോധമെന്ന നിലയിലാണ് ഇതില്‍ പല സംഭവങ്ങളും ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇവിടെ കുറ്റക്കാര്‍ ഭരണകൂടങ്ങളാണ്. സാധാരണക്കാരായ മനുഷ്യരെ തോക്കിന്‍മുനയില്‍ നിര്‍ത്തുന്നത് ഭരണകൂടങ്ങളാണ്. ഗസയെ ആയുധങ്ങളുടെ പരീക്ഷണശാലയായി മാറ്റിയിരിക്കുന്നത് ഇസ്രായേല്‍ ഭരണകൂടമാണ്. അതുപോലെ ഹമാസ് നേതാക്കളുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും സാധാരണക്കാരാണ് വില കൊടുക്കേണ്ടി വരുന്നത്. 

പരസ്പരം സ്‌നേഹിക്കുകയും സഹകരിക്കുകയും സഹവര്‍ത്തിത്വത്തില്‍ കഴിയുകയും ചെയ്യുന്ന ജൂതന്മാരും ഫലസ്തീനികളും ഉണ്ട്. അവരെ ശത്രുക്കളായി മാത്രം ചിത്രീകരിക്കുന്നതിലെ അപാകതയും നോവലിലെ പല സംഭവങ്ങളിലൂടെയും പല എന്‍ ജി ഒകളുടെ പ്രവര്‍ത്തനങ്ങളിലൂടേയും ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെയൊക്കെ പിന്നില്‍ ബൈബിളിലെ സ്‌നേഹം തന്നെയാണ് അന്തര്‍ധാരയായി കടന്നുവരുന്നത്. അത് വെറുമൊരു സങ്കല്‍പ്പമല്ല, അവിടെ അത്തരത്തിലുള്ള ചലനങ്ങളും നടക്കുന്നുണ്ടെന്നത് സത്യമാണ്. 


? വല്ലി സ്വന്തം നാടും കാഴ്ചകളുമൊക്കെയാണ്, ആ നദിയാവട്ടെ തീര്‍ത്തും അപരിചിത പ്രദേശങ്ങളും. എങ്ങനെ താരതമ്യം ചെയ്യാനാവും

= വല്ലി എന്റെ നാടിന്റെയും ചുറ്റുപാടുമുള്ളവരുടേയും ഞാനനുഭവിച്ചറിഞ്ഞ ജീവിതവുമാണ്. കുടിയേറ്റക്കാരുടെ ജീവിതം പകര്‍ത്തിവെച്ചത് ബാല്യകാലങ്ങളിലെ ഓര്‍മകളിലൂടേയും സംഭവങ്ങളിലൂടെയും നാടോടിക്കഥകളിലൂടെയും കണ്ടുമുട്ടിയവരിലൂടെയും പ്രിയപ്പെട്ടവരിലൂടെയും ജനിച്ചു വളര്‍ന്ന പ്രകൃതിയിലൂടേയും പുഴയിലൂടേയും കാട്ടിലൂടെയുമൊക്കെയാണ് വല്ലി കടന്നുപോകുന്നത്. 

എന്നാല്‍ അപരിചിത ലോകത്തെ കുറിച്ചാണ് ആ നദിയോട് പേരു ചോദിക്കരുത് കടന്നുപോകുന്നത്. വല്ലി എഴുതാനിരുന്നപ്പോള്‍ തന്നെ കഥാപാത്രങ്ങളുടേയും സംഭവങ്ങളുടേയും ബാഹുല്യം ശ്വാസം മുട്ടിച്ചിരുന്നു. ഏതൊക്കെ അതില്‍ നിന്നെടുക്കണം, ഒഴിവാക്കണം, ആരെയൊക്കെ മാറ്റി നിര്‍ത്തണമെന്ന സങ്കടമായിരുന്നു വല്ലി എഴുതുമ്പോഴുണ്ടായിരുന്നത്. എന്നാല്‍ ഫലസ്തീനേയും ജറുസലേമിനേയും കുറിച്ച് പറയാന്‍ സുഹൃത്തില്‍ നിന്നും കേട്ടറിഞ്ഞ പൊള്ളിക്കുന്ന കുറേ അനുഭവങ്ങളും എന്നും വാര്‍ത്തകളിലും മാധ്യമങ്ങളിലും കാണുന്ന ഇസ്രായേല്‍- ഫലസ്തീന്‍ പോരാട്ടങ്ങളുടെ കരളലിയിക്കുന്ന കാഴ്ചകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ തെല്ലു ശങ്കയോടെയാണ് എഴുതിത്തുടങ്ങിയത്. നിരവധി ഗൃഹപാഠം ചെയ്തതിന് ശേഷമാണ് ഭാവന കൊണ്ടുവന്നത്.

ഫലസ്തീനി കവിയുടെ ഐ സോ റാമല്ല എന്ന കൃതി വായിച്ചത് ആ സമയത്തായിരുന്നു. മുപ്പത് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചുവന്ന കവി എന്തൊരു കയ്യൊതുക്കത്തോടെയാണ് അത് കൈകാര്യം ചെയ്തിരിക്കുന്നത് എന്നുകണ്ടപ്പോള്‍ അത് പാഠമായി. ലോകത്തിന്റെ ഓരോ കോണിലും ഇതുപോലെ ആട്ടിയോടിക്കപ്പെടുന്ന ഒരുപാട് മനുഷ്യരുണ്ട്. അവരുടെ സങ്കടങ്ങള്‍ക്ക് കാല്‍പ്പനികഛായ നല്‍കി മറ്റുള്ളവര്‍ക്ക് വായിച്ചു രസിക്കാനുള്ള കാര്യമായി അവരുടെ ജീവിതങ്ങളെ അവതരിപ്പിക്കരുത് എന്ന തീരുമാനമെടുത്തത് ഐ സോ റാമല്ല വായിച്ചതിന് ശേഷമാണ്. അതുകൊണ്ടുതന്നെ അവരുടെ അനുഭവങ്ങള്‍ ചിത്രീകരിക്കാന്‍ കാഴ്ചക്കാരിയായ എനിക്ക് മിതത്വം പാലിക്കേണ്ടതുണ്ടായിരുന്നു. ആദ്യ നോവല്‍ സ്വന്തം അനുഭവം എഴുതുന്നതുപോലെയും രണ്ടാമത്തേത് മറ്റുള്ളവരുടെ അനുഭവം എഴുതുന്നതുപോലെയുമുള്ള വ്യത്യാസമുണ്ടായിരുന്നു.



? ആദ്യ നോവല്‍ തന്നെ വിവര്‍ത്തനത്തിനുള്ള ജെ സി ബി പുരസ്‌ക്കാരത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. എഴുത്തുകാരി എന്ന നിലയില്‍ വലിയ വെല്ലുവിളി നല്‍കുന്ന അവസ്ഥയാണത്. രണ്ടാമത്തെ നോവലെഴുത്തിനെ അത് സ്വാധീനിച്ചുവോ

= ആദ്യത്തെ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയിലേക്ക് വരികയും ഇംഗ്ലീഷ് വായനക്കാരില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ഉണ്ടാവുകയും ഇംഗ്ലീഷ് മാധ്യമങ്ങള്‍ മികച്ച റിവ്യൂവുമായി മുമ്പോട്ടു വന്നപ്പോള്‍ രണ്ടാമത്തെ നോവല്‍ തുടങ്ങുമ്പോള്‍ ചങ്കിടിപ്പുണ്ടായിരുന്നു. എഴുത്ത് മറ്റുള്ളവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നറിയുമ്പോള്‍ വായനക്കാരന്റെ കാഴ്ചകളെ സഫലമാക്കണമെന്ന ചിന്ത ഏത് എഴുത്തുകാര്‍ക്കുമുണ്ടാകും. ജെ സി ബി പുരസ്‌ക്കാര്ത്തിന്റെ ചുരുക്കപ്പട്ടികയില്‍ വന്നത് ഒരേ സമയം വലിയ പ്രചോദനവും അതേ സമയം വലിയ ഉത്തരവാദിത്വവുമായി മാറി. 

? എഴുത്തിന്റെ വഴികളെ കുറിച്ച് പറയാമോ

= ചെറുപ്പം മുതലേ എഴുത്ത് കൂടെയുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴേ എഴുതിയിരുന്നതിനാല്‍ അധ്യാപകര്‍ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. നന്നായി വായിക്കുന്ന ശീലവുമുണ്ടായിരുന്നു. കോളജ് മാഗസിനുകളില്‍ എഴുതിയിരുന്നു. യൂത്ത് ഫെസ്റ്റിവലുകളിലൊക്കെ സംസ്ഥാനതലം വരെ എത്തി സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. 

അതിനുശേഷം ജോലിയും കുടുംബ ജീവിതവുമായി മുമ്പോട്ടുള്ള യാത്രയില്‍ എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിച്ചില്ല. കുടുംബത്തിന് ആദ്യത്തേയും ജോലിക്ക് രണ്ടാമത്തെയും മുന്‍ഗണന കൊടുത്തിരുന്നു. കിട്ടുന്ന സമയം വായനയ്ക്ക് ഉപയോഗിച്ചിരുന്നു. ചില ലേഖനങ്ങളും മറ്റും ഏതെങ്കിലും പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുത്തിരുന്നു. 

ഖത്തറിലായിരുന്നപ്പോള്‍ ദോഹയിലെ വര്‍ത്തമാനം ദിനപത്രം എല്ലാ ആഴ്ചയിലും പ്രവാസികളുടെ എഴുത്തിനായി കാര്യമായ ഒരിടം ഒഴിച്ചിട്ടിട്ടുണ്ടായിരുന്നു. അതിലൂടെ നിരവധി ലേഖനങ്ങളും കഥകളുമൊക്കെ വെളിച്ചം കണ്ടു. മാധ്യമത്തിലും രചനകള്‍ വന്നു. ഇങ്ങനെ പ്രസിദ്ധീകരിച്ച കഥകളാണ് കൂട്ടുകാരുടെ നിര്‍ബന്ധപ്രകാരം ആദ്യ കഥാസമാഹാരമായി പുറത്തു വന്നത്. 

പിന്നീട് വല്ലി എ്ന്ന നോവലിന് തുടക്കം കുറിച്ചു. നാലു വര്‍ഷത്തോളമെടുത്താണ് നോവല്‍ പുറത്തിറക്കിയത്. ജോലിക്കടയില്‍ കിട്ടുന്ന സമയവും വൈകുന്നേരങ്ങളുമൊക്കെ ഉപയോഗപ്പെടുത്തിയാണ് നോവല്‍ എഴുതിയത്. വല്ലിക്കു ശേഷം ഒരു വര്‍ഷം ഒന്നും എഴുതാന്‍ സാധിച്ചില്ല. പിന്നീട് രണ്ടു വര്‍ഷമെടുത്താണ് ആ നദിയോട് പേരു ചോദിക്കരുത് പൂര്‍ത്തിയാക്കിയത്.



? പ്രവാസ ലോകത്തിരുന്ന് കഥകളും നോവലുകളുമെഴുതുകയെന്നത് എളുപ്പപ്പണിയല്ല. പ്രത്യേകിച്ച് പ്രവാസി എഴുത്തുകാരിയെന്ന പേരുണ്ടായാല്‍ നാട്ടിലെ പുഴയും പച്ചപ്പുമൊക്കെ എഴുതുന്നയാളെന്നാണ് പൊതുവെ അര്‍ഥമാക്കപ്പെടുക. അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടോ

= പ്രവാസി എഴുത്തുകാരിയെന്ന ലേബല്‍ പതിഞ്ഞാല്‍ പിന്നെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ പ്രയാസമാണ്. ഗൃഹാതുരത്വമെഴുതുന്നയാളെന്ന രീതിയിലാണ് നമ്മളെ കാണുക. പ്രവാസത്തില്‍ നിന്നും ഉയര്‍ന്നുവന്ന എഴുത്തുകാരുണ്ട്. ബെന്യാമീന്‍, സോണിയ റഫീക്ക്, അനില്‍ ദേവസ്യ തുടങ്ങി ഒരുപാടുപേര്‍ പ്രവാസത്തില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. 

എന്റെ കാര്യംപറഞ്ഞാല്‍ ആദ്യ്‌ത്തെ കഥകളൊക്കെ ഒന്നുരണ്ടു പ്രാവശ്യം മുഖ്യധാര വാരികകള്‍ക്ക് അയച്ചുകൊടുത്തപ്പോള്‍ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. പ്രവാസമെന്ന ലേബല്‍ അതിനു കാരണമായിട്ടുണ്ടാവാം. 

വല്ലി പുറത്തുവന്ന സമയത്തുപോലും വളരെ സാവധാനമാണ് വായനക്കാരിലെത്തിയത്. വായിച്ച് ഇഷ്ടപ്പെട്ടവര്‍ പറഞ്ഞുപറ്ഞ്ഞാണ് ആളുകളില്‍ എത്തിയത്. പ്രവാസിയുടെ നോവല്‍ എന്ന അര്‍ഥത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. ജയശ്രീ കളത്തില്‍ വല്ലിയുടെ പരിഭാഷ ഇംഗ്ലീഷിലേക്ക് കൊണ്ടുവന്നപ്പോള്‍ പോലും വളരെ നെഗറ്റീവായ ചില കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രവാസി എഴുത്തുകാരി പൈസ കൊടുത്ത് പരിഭാഷപ്പെടുത്തുന്നതാണ് എന്നൊക്കെ ചില ഗ്രൂപ്പുകളിലൊക്കെ കമന്റുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇന്ത്യയില്‍ ആകമാനം വല്ലിയുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കുകയും ജെ സി ബിയുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തപ്പോഴാണ് ഒരുപാട് മലയാളി വായനക്കാരിലേക്കും വല്ലി കടന്നെത്തിയത്. 

പ്രവാസത്തിലായിരിക്കുമ്പോള്‍ പുസ്തക ചര്‍ച്ചകളില്‍ പങ്കെടുക്കാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഉളള സൗകര്യങ്ങളൊന്നും നാട്ടില്‍ ലഭിക്കാറില്ല. അതും നെഗറ്റീവായ കാര്യമാണ്. എങ്കിലും എഴുത്തില്‍ മൂല്യവും പ്രതിഭയും ഉണ്ടെങ്കില്‍ കുറച്ചു താമസിച്ചാണെങ്കിലും അംഗീകരിക്കപ്പെടും എന്നതിന് തെളിവാണ് വല്ലിയും ആ നദിയുമൊക്കെയെന്നാണ് മനസ്സിലാകുന്നത്.

? ആ നദിയോട് പേരു ചോദിക്കരുത് നോവലിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് കണ്ടെത്തിയത്

= ആ നദിയിലെ കഥാപാത്രങ്ങളെല്ലാം ഭാവനാ സൃഷ്ടികളാണ്. യഥാര്‍ഥത്തിലുള്ള ആരുമില്ല. എങ്കിലും അതിനുള്ള പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത് സുഹൃത്തിന്റെ അനുഭവങ്ങളില്‍ നിന്നാണ്. മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്ന ഒരുപാട് വാര്‍ത്തകളില്‍ ഈ കഥാപാത്രങ്ങളെ കണ്ടുമുട്ടിയേക്കാം. നോവലിലെ നഴ്‌സ് കടല്‍ കടന്ന് പല രാജ്യങ്ങളിലും പോയി ജോലി ചെയ്യുന്നവരാണ്. എന്റെ അടുത്ത ബന്ധുക്കള്‍ പലരും വിദേശ രാജ്യങ്ങളില്‍ നഴ്‌സുമാരുണ്ട്. അവരുടെ അനുഭവങ്ങള്‍ കൂടി ചേര്‍ത്താണ് പ്രധാന കഥാപാത്രത്തെ സൃഷ്ടിച്ചത്. അവര്‍ കടന്നുപോകുന്ന വഴികളൊക്കെ ഭാവനയിലൂടെ ചെയ്തതാണെങ്കിലും സ്ത്രീകളുടെ അതിജീവനത്തിന്റെ രീതികള്‍ക്ക് യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

ആര്‍ക്കിയോളജിസ്റ്റിന്റെ ഗൈഡ്, എന്‍ ജി ഒകള്‍ തുടങ്ങി യഥാര്‍ഥത്തിലുള്ള ചില കാര്യങ്ങളും നോവലിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.   

? മഹമ്മൂദ് ദര്‍വീഷും ഫലസ്തീനിയന്‍ കവികളും കൂടുതല്‍ സ്വാധീനം ചെലുത്തിയോ, എങ്കില്‍ എങ്ങനെയാണ്

= പ്രവാസ ജീവിതം തന്നെയായിരിക്കണം അറബ് സാഹിത്യത്തിലേക്ക് എന്നെ അടുപ്പിച്ചത്. ഫലസ്തീനെ കുറിച്ച് പറയുമ്പോള്‍ മഹമ്മൂദ് ദര്‍വീഷിനെ ഓര്‍ക്കാതെ പോകാനാവില്ല. ഇസ്രായേല്‍- ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ഭീകരതകള്‍ അനുഭവിക്കുകയും ആവിഷ്‌ക്കരിക്കുകയും ചെയ്ത കവികളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മഹമ്മൂദ് ദര്‍വീഷ്. ഫലസ്തീന്‍ സംസ്‌ക്കാരത്തിന്റെ പ്രതീകം തന്നെയാണ് ദര്‍വീഷ്. അദ്ദേഹത്തിന്റെ കവിതകളും മഹമ്മൂദ് ശുഖൈറിന്റെ കഥകളുടെ വിവര്‍ത്തനങ്ങള്‍ വായിച്ച ഓര്‍മകള്‍ മനസ്സിലുണ്ടായിരുന്നു. മുരീദ് ബര്‍ഗോതി വളരെ സ്വാധീനിച്ചിട്ടുണ്ട്. ഭാഷയിലെ ഭംഗിയും എഴുത്തിലെ മിതത്വവും തീവ്രതയും അനുഭവിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ എഴുത്ത്. 

ഓണക്കാലത്ത് മാത്രമല്ല എല്ലാ കാലത്തും ഒരുമയുടെ സന്ദേശം, മനുഷ്യരെല്ലാവരും ഒരുപോലെയാണെന്ന സന്ദേശം ഊട്ടിയുറപ്പിക്കാന്‍ നമുക്കെല്ലാവര്‍ക്കും ശ്രമിക്കാം. ജാതിമത ഭേദ ചിന്തകളൊന്നുമില്ലാതെ എല്ലാവരും ഒന്നാകുന്ന കാലത്തിനുള്ള ഒരുക്കം നമ്മുടെ മനസ്സില്‍ തന്നെ തുടങ്ങാം. മിത്തുകളൊക്കെ ചരിത്രമാക്കപ്പെടുന്ന ഒരു കാലത്ത് അശാസ്ത്രീയതയും അന്ധവിശ്വാസവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കുടില തന്ത്രങ്ങളില്‍ നിന്നും കപട വേഷങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനും സന്തോഷത്തോടെ ഇരിക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെ.


(ആഗോളവാര്‍ത്ത ഓണപ്പതിപ്പ് 2023)


https://www.aagolavartha.com/onam-special-akkareyikkare-ponnonam-2023/


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

രണ്ടു പെരുന്നാള്‍ കഥകള്‍

മരുഭൂമിയുടെ ആത്മകഥ പറഞ്ഞ മലയാളി