പട്ടങ്ങള്‍ പറക്കാത്ത വസീര്‍ അക്ബര്‍ഖാനിലെ നീലാകാശം

ങ്ങളുടെ നഗരത്തില്‍, തലശ്ശേരിയില്‍ ആളുകള്‍ പട്ടം പറത്തിയിരുന്നില്ല. തലശ്ശേരിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ സാംസ്‌ക്കാരിക രീതികളോ പട്ടം പറത്തുന്നതിനോ അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനോ അനുയോജ്യമായിരുന്നില്ല. അതുകൊണ്ടായിരിക്കാം പട്ടവും പട്ടം പറത്തുന്നവരും ഞങ്ങളുടെ നഗരത്തിന് അജ്ഞാതമായത്. 

എന്നാല്‍ തലശ്ശേരിയില്‍ നിന്നും ഏറെയൊന്നും ദൂരമില്ലാത്ത കണ്ണൂരില്‍ പട്ടം പറത്തല്‍ ഉത്സവമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്, ഞാനത് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും. പുറമേ നിന്നു നോക്കുമ്പോള്‍ ഒരേ രീതികളും ഒരേ ശൈലികളുമുള്ള അടുത്തടുത്ത പ്രദേശങ്ങളുടെ വലിയ വ്യത്യസ്തതകളാണ് ഈ രണ്ട് നഗരങ്ങളും കാത്തുവെച്ചിരുന്നത്. തലശ്ശേരി എക്കാലവും ക്രിക്കറ്റിനോടൊപ്പം സഞ്ചരിക്കാന്‍ താത്പര്യപ്പെട്ടപ്പോള്‍ കണ്ണൂര്‍ ഫുട്ബാളിനെയാണ് നെഞ്ചേറ്റിയത്. പരസ്പരം ബന്ധിതവും പൂരകവുമെങ്കിലും തലശ്ശേരിയുടെ ഭക്ഷണ സംസ്‌ക്കാരത്തോടൊപ്പമെത്താന്‍ കണ്ണൂര്‍ ശ്രമിക്കാറേയില്ല. പുറമേ നിന്നു കേള്‍ക്കുന്നവര്‍ക്ക് ഒരേ സംസാര ശൈലിയെന്ന് തോന്നുമ്പോഴും ഇരുനഗരങ്ങള്‍ക്കുമകത്തേക്ക് കയറിയാലറിയാം പ്രയോഗിക്കുന്ന ശൈലിക്കും ഉപയോഗിക്കുന്ന ഭാഷയ്ക്കും അജഗജാന്തരമുണ്ടെന്ന്. ഇതേ വ്യത്യാസം തന്നെയാണ് പട്ടത്തിന്റെ കാര്യത്തിലുമുണ്ടായത്. 

പൗരാണികതയും ഇടുങ്ങിയ തെരുവുകളുമാണ് തലശ്ശേരിക്കുള്ളതെങ്കില്‍ വിശാലമായ വഴികള്‍ മാത്രമല്ല കാറ്റടിച്ചെത്തുന്ന തുറസ്സുകള്‍ നിരവധി കണ്ണൂരിനുണ്ടായിരുന്നു (ഇപ്പോഴത്തെ കഥയല്ല). ഈ തുറന്ന പ്രദേശങ്ങളും മൈതാനം പോലുള്ള ഒഴിഞ്ഞ പ്രദേശങ്ങളും തന്നെയായിരിക്കണം പട്ടത്തെ കണ്ണൂരില്‍ ജനകീയമാക്കിയത്. (സര്‍ക്കസിന്റെ ജന്മസ്ഥലം തലശ്ശേരിയാണെങ്കിലും, ഇന്ത്യയിലെ വലിയ സര്‍ക്കസുകളുടെ ഉടമകളും കളിക്കാരും പലരും തലശ്ശേരിക്കാരാണെങ്കിലും വലിയ സര്‍ക്കസുകളൊന്നും തലശ്ശേരിയില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതിനും കണ്ണൂരില്‍ പ്രദര്‍ശിപ്പിക്കുന്നതിനും കാരണം ഈ വലിയ ഒഴിഞ്ഞ മൈതാനങ്ങളായിരുന്നു).

അഫ്ഗാന്‍- അമേരിക്കന്‍ എഴുത്തുകാരന്‍ ഖാലിദ് ഹൊസൈനിയുടെ ആദ്യ നോവല്‍ ദി കൈറ്റ് റണ്ണര്‍ എന്ന പട്ടം പറത്തുന്നവന്‍ വായിക്കാന്‍ കയ്യിലെടുത്തപ്പോല്‍ ആദ്യം മനസ്സില്‍ വന്നത് ഇക്കാര്യങ്ങളായിരുന്നു. എന്റെ ചിന്തകള്‍ക്ക് ഈ നോവലുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് അറിയാമായിരുന്നുവെങ്കിലും പട്ടമെന്ന ചിന്ത എല്ലായ്പ്പോഴും തലശ്ശേരിയേയും കണ്ണൂരിനേയും താരതമ്യപ്പെടുത്തുന്നതിലേക്കാണ് എന്നെ എത്തിക്കാറുള്ളത്.  

രമാ മേനോനാണ് ദി കൈറ്റ് റണ്ണറിനെ മലയാളത്തിലേക്ക് പട്ടം പറത്തുന്നവനായി വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ പെട്ട ഈ പുസ്തകം 23 വര്‍ഷത്തിനകം രണ്ട് ദശലക്ഷം കോപ്പികളാണ് വിറ്റുപോയത്. മാത്രമല്ല മുപ്പത്തിനാല് രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 

ഫിസിഷ്യനാണ് ഖാലിദ് ഹൊസൈനി. അദ്ദേഹത്തിന്റെ ചെറിയ പ്രായത്തില്‍ തന്നെ കുടുംബം കാബൂളില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് കുടിയേറിയവരായിരുന്നു. യുദ്ധ ദുരിതത്തിന്റെ ഇരകളെന്നതിനേക്കാള്‍ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ- സാമൂഹ്യ അവസ്ഥകളാണ് അവരുടെ കുടിയേറ്റത്തിന് പിന്നിലെ ചാലക ശക്തി. 

അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. മാതാവാകട്ടെ അധ്യാപികയും. ഇറാനിലെ അഫ്ഗാന്‍ എംബസിയിലേക്ക് പിതാവിന് സ്ഥലം മാറ്റം കിട്ടിയതോടെയാണ് അവരുടെ കുടുംബം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യാത്ര തുടങ്ങിയത്. കുറച്ചുകാലം തെഹ്റാനിലുണ്ടാവുകയും പിന്നീട് കാബൂളിലേക്ക് തിരിച്ചെത്തുകയും ചെയ്തെങ്കിലും പിന്നാലെ പാരീസിലേക്കായിരുന്നു യാത്ര. അക്കാലം മുതല്‍ അഫ്ഗാനിസ്ഥാന്‍ നിരന്തര മാറ്റങ്ങളിലേക്കും ദുരിതങ്ങളിലേക്കും വീണുതുടങ്ങിയതോടെയാണ് അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടാനും കാലിഫോര്‍ണിയയില്‍ ജീവിതം തുടങ്ങാനും കാരണമായത്. 

അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം, താലിബാന്‍ ഭരണം, രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക മാറ്റങ്ങള്‍ എന്നിവയെല്ലാം പ്രതിഫലിക്കുന്ന അതിമനോഹരമായൊരു കൃതിയാണ് പട്ടം പറത്തുന്നവന്‍. കൃതി മനോഹരമാണെങ്കിലും ദുരിത കാലത്തെ അഫ്ഗാനിസ്ഥാനിലെ ജീവിതം അത്ര മനോഹരമായിരുന്നില്ലെന്ന് ഈ നോവല്‍ വരച്ചു കാട്ടുന്നുണ്ട്. 

തന്റെ ജോലിത്തിരക്കിനിടയിലും പുലര്‍ച്ചെ നാലര മണിക്ക് എഴുന്നേറ്റ് എല്ലാ ദിവസവും മൂന്നു മണിക്കൂറോളം എഴുതിയാണ് ഖാലിദ് ഹുസൈനി പട്ടം പറത്തുന്നവന്‍ പൂര്‍ത്തിയാക്കിയത്. 

മലയാളത്തില്‍ 'ആടുജീവിതം' ആദ്യ പ്രസാധകന്‍ നിരസിക്കുകയും ചെറിയൊരു പ്രസാധകന്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാവുകയും പിന്നെയതങ്ങ് കത്തിക്കയറുകയും ചെയ്തത് ചരിത്രമാണെങ്കില്‍ അതിനേക്കാള്‍ സാഹസിക വഴിയിലൂടെയായിരുന്നു പട്ടം പറത്തുന്നവന്റെ യാത്ര. എഴുത്തുകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ മുപ്പതിലധികം സാഹിത്യ ഏജന്‍സികളാണ് കൈയെഴുത്തു പ്രതി നിരസിച്ചത്. നന്ദി പറഞ്ഞുകൊണ്ടാരംഭിക്കുന്ന പ്രസാധകരുടെ മറുപടിക്കത്തുകളിലെല്ലാം തങ്ങള്‍ക്കിത് അനുയോജ്യമായ നോവലായി തോന്നുന്നില്ലെന്നാണത്രെ പറഞ്ഞിരുന്നത്. ഒരു പ്രസാധകന്‍ താത്പര്യം അറിയിച്ചെങ്കിലും അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങാന്‍ തുടങ്ങിയപ്പോള്‍ നിരസിക്കുകയും ചെയ്തത് മാത്രമാണ് തനിക്കല്‍പ്പം വേദനയുണ്ടാക്കിയതെന്ന് ഖാലിദ് ഹൊസൈനി പറയുന്നുണ്ട്. തിരസ്‌ക്കരണ പരമ്പരയ്ക്കിടെ പ്രതീക്ഷ കിട്ടിയ ഒരവസരത്തില്‍ അത് നഷ്ടപ്പെട്ടപ്പോഴുണ്ടായ വേദന. പിന്നീട് അപ്രതീക്ഷിതമായി ന്യൂയോര്‍ക്കിലെ എലൈന്‍ കോസ്റ്റര്‍ എന്ന വനിതയുടെ സന്ദേശമാണ് ഖാലിദ് ഹൊസൈനിയുടെ പട്ടം പറത്തുന്നവനെ ആകാശത്തേക്ക് പറത്തിവിട്ടത്. 

നോവലിനേക്കാള്‍ സംഭ്രമജനകമായൊരു കാര്യം പ്രസിദ്ധീകരണത്തിന് തയ്യാറെടുത്ത നോവല്‍ ഖാലിദ് ഹൊസൈനിയുടെ ജീവിതത്തില്‍ സംഭവിപ്പിച്ചൊരു അനുഭവമുണ്ടായിരുന്നു. എഴുതി എഡിറ്റ് ചെയ്ത് പൂര്‍ത്തിയാക്കിയ നോവല്‍ ഫ്ളോപ്പി ഡിസ്‌കില്‍ (ഫ്ളോപ്പി ഡിസ്‌ക് എന്ന് ഇന്ന് പറയുമ്പോള്‍ ചിരി വന്നേക്കും. പുതിയ തലമുറയ്ക്ക് മനസ്സിലാവുക പോലുമില്ല) ആയിരുന്നു സേവ് ചെയ്തിരുന്നത്. എന്നാല്‍ നോവലിന്റെ മധ്യഭാഗം എങ്ങനെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. നോവലിന്റെ ഏകദേശം മൂന്നിലൊന്ന് ഭാഗമാണ് ഇങ്ങനെ ശൂന്യതയിലേക്ക് ലയിച്ചിരിക്കുന്നത്. പിന്നീട് ആ ഭാഗം രണ്ടാഴ്ചക്കാലം കൊണ്ട് രാവും പകലുമില്ലാതെ ഇരുന്നെഴുതിയാണ് തീര്‍ത്തതെന്ന് ഖാലിദ് ഹൊസൈനി പട്ടം പറത്തുന്നവന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ഏത് നഷ്ടവും മറ്റൊരു നേട്ടത്തിനായിരിക്കാമെന്ന് പറയാറുണ്ടല്ലോ. ഇവിടേയും അതുതന്നെയാണ് സംഭവിച്ചത്. ഒരുപക്ഷേ, ആദ്യമെഴുതിയ രീതിയിലുള്ളതായിരുന്നു മധ്യഭാഗമെങ്കില്‍ വായനക്കാരന് ദഹിക്കാതെ വന്നേക്കാം. മധ്യഭാഗം മാറ്റിയെഴുതുന്നതിനെ കുറിച്ച് ഖാലിദ് ഹൊസൈനിയെ ചിന്തിപ്പിക്കുകയും നോവലിലെ ബാല്യം തന്റേതുമായി സാമ്യമുണ്ടായതു പോലെ മധ്യഭാഗത്തിനും തന്റെ ജീവിതത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ അദ്ദേഹം ചേര്‍ത്തുവെച്ചു. അതോടെ പട്ടം പറത്തുന്നവന് അമേരിക്കന്‍ ജീവിതത്തിലും ഒരു അഫ്ഗാന്‍ സ്പര്‍ശം വന്നു ചേര്‍ന്നു. 

പതിനൊന്നാം വയസ്സില്‍ കാബൂള്‍ വിട്ട നോവലിസ്റ്റ് തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും മൂന്നു മാസങ്ങള്‍ക്ക് മുമ്പ്, 38-ാം വയസ്സിലാണ് വീണ്ടും അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചത്. 

മലയാള വിവര്‍ത്തനം വായിച്ചു തുടങ്ങിയപ്പോള്‍ ആദ്യമൊരു വേഗതക്കുറവ് അനുഭവപ്പെട്ടിരുന്നു. ഭാഷയുടേതായിരുന്നില്ല, അഫ്ഗാനിസ്ഥാന്‍ പോലെ, അറിയാത്തൊരു പ്രദേശത്തിന്റെ ഭൂപ്രകൃതിയിലൂടേയും സംസ്‌ക്കാരത്തിലൂടേയും കടന്നു പോകുമ്പോള്‍ തോന്നുന്നൊരു വേഗതക്കുറവായിരുന്നു അത്. എന്നാല്‍ അമീര്‍ ജാനും ഹസ്സനും ബാബയും അലിയും റഹീം ഖാനും ആസിഫും സനൗബറും കാബൂളും പോപ്ലാര്‍ മരങ്ങളും വാള്‍നട്ടും മാതളങ്ങളും സൈനബ തിയേറ്ററും ഹസാരകളും വസീര്‍ അക്ബര്‍ഖാനുമൊക്കെ വായനക്കാര്‍ക്കും പരിചിതമാകും. പിന്നെ ആ നോവലിന്റെ വഴികളിലൂടെ വായനക്കാരും സഞ്ചരിക്കും. സോവിയറ്റ് അധിനിവേശവും താലിബാന്റെ ക്രൂരതകളും അനുഭവിക്കും. എന്തിനധികം, അമേരിക്കന്‍ നഗരത്തിലും ഫ്ളീ മാര്‍ക്കറ്റിലും പാകിസ്ഥാനിലും കറങ്ങിത്തിരിയാനും ജനറല്‍ സാബിനേയും ജമീല അമ്മായിയേയും സൊരയ്യയേയും ഫരീദിനേയും സോറാബിനേയുമെല്ലാം വായനക്കാര്‍ക്ക് ചിരപരിചിതമായി തോന്നും. 

പുസ്തകത്തിന് പ്രസാധകനെ കണ്ടെത്താന്‍ മാത്രമല്ല, അത് വായനക്കാരിലേക്ക് എത്തിക്കാനും ഖാലിദ് ഹൊസൈനിക്ക് ആദ്യഘട്ടത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിരുന്നു. പട്ടം പറത്തുന്നവനെ സ്വീകരിക്കാന്‍ അധികം പേരൊന്നുമുണ്ടായിരുന്നില്ല. അമേരിക്കയിലുടനീളം നോവല്‍ പ്രചരണത്തിന്റെ ഭാഗമായി പുസ്തക പര്യടനത്തിന് പോയെങ്കിലും ആളുകളുടെ സമീപനം പ്രതീക്ഷയ്ക്ക് വകയുണ്ടാക്കുന്നതായിരുന്നില്ല. മിക്കവാറും ശൂന്യമായ പുസ്തകശാലകളോട് തനിക്ക് സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഖാലിദ് ഹൊസൈനി പറയുന്നുണ്ട്. ന്യൂമെക്സിക്കോയിലെ ഒരു പുസ്തകശാലയില്‍ എണ്‍പതുപേര്‍ക്ക് ഇരിക്കാന്‍ തയ്യാറാക്കിയ കസേരകളില്‍ മൂന്നുപേര്‍ മാത്രം വരികയും താന്‍ സംസാരിച്ചു കൊണ്ടിരിക്കെ വാക്കര്‍ ഉപയോഗിക്കുന്ന ഒരു വനിത അതിന്റെ 'ക്ലിക്- ക്ലാക്ക്' ശബ്ദം കേള്‍പ്പിച്ച് പുറത്തേക്ക് പോയതും പുസ്തകക്കടക്കാരന്റെ മുഖത്ത് അപ്പോഴുണ്ടായ സഹതാപ ഭാവവും അദ്ദേഹം ഓര്‍ത്തുപറയുന്നുണ്ട്. വടക്കന്‍ കാലിഫോര്‍ണിയയില്‍ അഫ്ഗാന്‍ കമ്യൂണിറ്റിയുടെ കേന്ദ്രമായ ഫ്രീമോണ്ടിലെ സിഎയില്‍ അഫ്ഗാനികള്‍ തിങ്ങിനിറഞ്ഞ വലിയൊരു മുറിയില്‍ പരിപാടി നടത്തിയത് മാത്രമാണ് ആശയോടെ ഓര്‍ക്കാനുണ്ടായിരുന്ന ഒരേയൊരു സംഭവം. 

മുഖ്യധാര നോവല്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ അഫ്ഗാനിയെന്ന പരിഗണന തനിക്കവിടെ കിട്ടുകയും ഗുഹകളുടേയും താടി നീട്ടിയ അക്രമാസക്തരായ മനുഷ്യരുടേയും നാടായി മാത്രം പാശ്ചാത്യ മാധ്യമങ്ങള്‍ ഏകപക്ഷീയമായി ചിത്രീകരിക്കുന്നതിനുള്ള മറുപടിയാണ് നോവലെന്ന് ചിലര്‍ പറയുകയും ചെയ്തെങ്കിലും അഫ്ഗാനിസ്ഥാന്റെ ദുരിതങ്ങള്‍ വിറ്റ് കീശ നിറക്കുന്നവനെന്ന ലാഭക്കൊതിയനെന്നു കൂടി ചിലര്‍ വിശേഷിപ്പിച്ചതായി ഖാലിദ് ഹൊസൈനി ഓര്‍ക്കുന്നുണ്ട്. നോവല്‍ ആദ്യഘട്ടത്തില്‍ സ്വീകരിക്കപ്പെട്ടില്ലെങ്കിലും തന്റെ എഴുത്തിന്റെ ആധികാരികതയെ കുറിച്ച് കടുത്ത വിമര്‍ശകര്‍ പോലും ചോദ്യം ചെയ്തില്ലെന്ന് അദ്ദേഹം സമാധാനിക്കുന്നുണ്ട്.  

2003 ജൂണിലാണ് പട്ടം പറത്തുന്നവന്‍ പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും ആളുകള്‍ ശ്രദ്ധിക്കാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടായതും വലിയ രീതിയില്‍ ചലിച്ചു തുടങ്ങിയതും 2004 അവസാനത്തോടെയായിരുന്നു. ഒരു വിമാന യാത്രയില്‍ തന്റെ അടുത്ത സീറ്റിലിരിക്കുകയായിരുന്ന ഒരു മധ്യവയസ്‌ക്കയായ വനിത പട്ടം പറത്തുന്നവന്‍ വായിച്ച് കണ്ണു തുടക്കുന്നത് നോവലിസ്റ്റ് നേരിട്ടു കണ്ടിട്ടുണ്ട്. തനിക്കവരെ പരിചയപ്പെടണമെന്ന് തോന്നിയെങ്കിലും പ്രകൃതി ദത്തമായ സ്വകാര്യ സ്വഭാവം അതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്നും നോവലിസ്റ്റ് പറയുന്നു. (ആ വനിതയെ നോവലിസ്റ്റ് സ്വയം പരിചയപ്പെടുത്തിയിരുന്നുവെങ്കില്‍, ആ വായനക്കാരി ഞെട്ടിപ്പോകുന്നത് മനസ്സില്‍ സങ്കല്‍പ്പിക്കാനാവുന്നുണ്ട്.)

നിറപ്പകിട്ടാര്‍ന്ന പട്ടങ്ങള്‍ ആകാശത്തേക്ക് പറത്തി, ഓരോ പട്ടത്തേയും വെട്ടി ഒടുവിലൊരാള്‍ ജേതാവാകുന്നത് എന്തൊരു വ്യത്യസ്തമായ രീതിയാണ്. അമീര്‍ ജാന്‍ ആകാശത്തിന്റെ ഉയരങ്ങളിലേക്ക് പട്ടം പറത്തുമ്പോള്‍ കൂട്ടുകാരനും വീട്ടിലെ ജോലിക്കാരനുമായ ഹസ്സന്‍, വെട്ടേറ്റ് താഴെ വീഴുന്ന പട്ടം പിടിക്കാന്‍ ഓടുന്നത് എന്തു മനോഹാരിതയോടെയാണ് നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. 

ദി കൈറ്റ് റണ്ണറെ മലയാളത്തിലേക്ക് പട്ടം പറത്തുന്നവനായി മൊഴി മാറ്റുമ്പോള്‍ പലപ്പോഴും സാംസ്‌ക്കാരിക വ്യത്യാസം ഭാഷയില്‍ ഏച്ചുകെട്ടലായി അനുഭവപ്പെടേണ്ടതാണ്. എന്നാല്‍ രമാ മേനോന്‍ തന്റെ വിവര്‍ത്തനത്തില്‍ അഫ്ഗാന്‍ സ്വാധീനത്തേയും സാംസ്‌ക്കാരികതയേയും മലയാളി വായനക്കാര്‍ക്ക് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന രീതിയില്‍ തന്നെ മൊഴി മാറ്റി നല്‍കിയിട്ടുണ്ട്. രമാ മേനോന്റെ ഭാഷാ സ്വാധീനമില്ലായിരുന്നുവെങ്കില്‍ ഈ കൃതി തീര്‍ത്തും വിരസമായിപ്പോയേനേ. (അങ്ങനെ പാതി വഴിയില്‍ വായന അവസാനിപ്പിക്കേണ്ടി വന്ന പുസ്തകങ്ങള്‍ പലതുമുണ്ട്. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്റെ ഒരു മലയാള വിവര്‍ത്തനം അടുത്തിടെയാണ് പാതിയില്‍ നിര്‍ത്തി ബുക്ക് ഷെല്‍ഫിന്റെ അടിത്തട്ടിലേക്ക് മാറ്റിയിട്ടത്)

രമാ മേനോനെ പോലെ വിവര്‍ത്തനത്തിനുള്ള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ച ഒരാള്‍ വിവര്‍ത്തനത്തില്‍ കഥാപാത്രങ്ങളുടെ പേരുകളില്‍ പോലും സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. പൗലോ കൊയ്ലോയുടെ ദി ആല്‍ക്കെമിസ്റ്റും ദി ഫിഫ്ത്ത് മൗണ്ടനും മിസ് പ്രിം ആന്റ് ദി ഡെവിളും അക്രെയില്‍ നിന്ന് കണ്ടെടുത്ത ലിഖിതങ്ങളും അലെപ്പും ഉള്‍പ്പെടെ അറുപതിലേറെ ഇംഗ്ലീഷ് സാഹിത്യ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത അതിപ്രഗത്ഭയായൊരു വനിതയുടെ എഴുത്തുരീതികളെ ഒരു നിലയ്ക്കും മാറ്റിപ്പറയാനാവില്ല. 

പ്രധാന കഥാപാത്രം അമീര്‍ജാന്റെ ഭാര്യയെ സൊരയ്യ എന്നാണ് നോവലില്‍ പറയുന്നത്. മലയാളി അത് വായക്കുമ്പോള്‍ സുരയ്യയല്ലേ ശരിയെന്ന് തോന്നിപ്പോകും. പ്രത്യേകിച്ച് കമലാ സുരയ്യയുടേയും പ്രശസ്ത ഗായികയും നടിയുമായ സുരയ്യയുടേയുമെല്ലാം പേരുകള്‍ അറിയുന്നതിനാല്‍ സൊരയ്യ എന്ന പേര് ഉപയോഗം തെറ്റാണെന്ന് തോന്നിയേക്കാം. എന്നാല്‍ ഉര്‍ദു സ്വാധീനത്താലാണ് ഇന്ത്യക്കാര്‍ക്ക് സുരയ്യ കൂടുതല്‍ പരിചിത നാമമാകുന്നത്. അഫ്ഗാനിസ്ഥാന്റെ ദാരി, ഫാര്‍സി ഉച്ചാരണത്തില്‍ അത് സൊറയ്യയോ സൊരയ്യയോ ആണ്. അഫ്ഗാന്‍ കേന്ദ്രീകൃത പേരുകളായതിനാല്‍ സാധാരണ ഇന്ത്യന്‍ നാമങ്ങളില്‍ നിന്നും നേരിയ വ്യത്യാസം പലതിലുമുണ്ട്. അതൊക്കെ വളരെ ശ്രദ്ധിച്ചു തന്നെയാണ് വിവര്‍ത്തക ഉപയോഗിച്ചിരിക്കുന്നത്. 'ഹദീസി'നെ ഇംഗ്ലീഷെഴുത്തിലെ 'ഹഡീത്ത്' എന്നാക്കിയിടത്ത് മാത്രം ചെറിയൊരു കല്ലുകടി തോന്നി. 

ഡി സി ബുക്സിന്റെ 33-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവര്‍ത്തന ഗ്രന്ഥങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയപ്പോള്‍ 2007ലാണ് ആദ്യമായി പട്ടം പറത്തുന്നവന്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2025ന്റെ അവസാനത്തിലും 2026ന്റെ തുടക്കത്തിലുമായാണ് ഞാന്‍ പട്ടം പറത്തുന്നവന്‍ വായിച്ചത്. അപ്പോഴേക്കും ആ കൃതിയുടെ 13-ാം പതിപ്പിലെത്തിയിരുന്നു. 

പട്ടം പറത്തുന്നവന്റെ അവസാനത്തെ പേജായ 430ലെത്തുമ്പോള്‍ വായനക്കാരനും താഴേക്കു പൊട്ടിവീഴുന്ന പട്ടം പിടിക്കാന്‍ അമീര്‍ ജാനെ പോലെ ഓടും, അപ്പോള്‍ പന്ത്ഷേര്‍ താഴ്വര പോലെ വിശാലമായൊരു ചിരി അയാളുടെ/ അവളുടെ മുഖത്തുണ്ടാവും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

രണ്ടു പെരുന്നാള്‍ കഥകള്‍

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്