പപ്പ നടന്ന വഴികളില്‍ ഊദ് പുകച്ച് ഷമിന
പ്രവാസികളായ എഴുത്തുകാര്‍ നടത്തുന്ന സാഹിത്യ സൃഷ്ടികളെ പ്രത്യേക കള്ളികളിലേക്ക് ഒതുക്കി നിര്‍ത്തിവെച്ച കാലം കഴിഞ്ഞു പോയി. പച്ചപ്പും വേദനകളും നഷ്ടസ്വപ്‌നങ്ങളുമാണ് പ്രവാസി എഴുത്തുകാരുടെ മുഖമുദ്രയെന്ന് മലയാള സാഹിത്യ ലോകം കരുതിക്കൂട്ടി ചേര്‍ത്തുവെച്ച ഒരു കാലമുണ്ടായിരുന്നു. ടി വി കൊച്ചുബാവയേയും ശിഹാബുദ്ദീന്‍ പൊയ്തുംകടവിനേയും പോലുള്ളവര്‍ അതിനെ മറികടന്ന് മുന്നോട്ടു പോയപ്പോഴും ഗള്‍ഫിലോ യു എസിലോ കാനഡയിലോ ജീവിക്കുന്ന എഴുത്തുകാരില്‍ ഭൂരിപക്ഷത്തേയും പ്രവാസ എഴുത്തില്‍ കെട്ടിയിടാനായിരുന്നു പൊതുവെ നാട്ടിലുള്ളവര്‍ക്ക് താത്പര്യം.
തങ്ങളെ ഒതുക്കിക്കെട്ടാന്‍ ശ്രമിച്ച ചട്ടക്കൂടുകള്‍ ഭേദിച്ച് പലരും പുറത്തേക്ക് ചാടിയിറങ്ങിയതോടെയാണ് പ്രവാസി എഴുത്തിനെ വില കുറച്ചു കണ്ടവര്‍ അത്ഭുതപ്പെട്ടത്. തങ്ങളുടെ അനുഭവങ്ങളുടേയും കാഴ്ചകളുടേയും ഓര്‍മകളുടേയും അടരുകളില്‍ നിന്ന് അവര്‍ മലയാളം അന്നോളം കണ്ടിട്ടില്ലാത്ത രീതിയിലും ശൈലിയിലും എഴുതിയെത്തിയപ്പോള്‍ കാലം അത്ഭുതപ്പെട്ടു. ബെന്യാമീന്റെ ആടുജീവിതം എല്ലാ പ്രവാസ എഴുത്തുകളേയും ഭേദിച്ച് മലയാള സാഹിത്യത്തിലെ എക്കാലത്തേയും മികച്ച കൃതികളിലൊന്നായി. അതോടൊപ്പം വായനക്കാരന്റെ ഉള്ളിലേക്ക് ഗള്‍ഫെന്നാല്‍ പളപളപ്പിന്റെ ലോകം മാത്രമല്ലെന്ന ബോധവും സമ്മാനിച്ചു.
മലയാള സാഹിത്യത്തിലേക്ക് ഖത്തറില്‍ നിന്നും അടുത്തകാലത്തുണ്ടായ രണ്ട് ഉദയങ്ങളാണ് ഷീലാ ടോമിയും ഷമിന ഹിഷാമും. വായനക്കാരെ അത്ഭുതപ്പെടുത്തിയ രണ്ടു കൃതികളുമായി ഷീലാ ടോമി എത്തിയപ്പോള്‍ ആദ്യകൃതി വായനക്കാരുടെ കൈകളിലെത്തുന്നതിനു മുമ്പേ ഷമിന ഹിഷാം അംഗീകരിക്കപ്പെട്ടു.
ഇങ്ങനെയൊക്കെ എഴുതുന്നവരുണ്ടോ എന്ന കൗതുകത്തിനും അത്ഭുതത്തിനുമപ്പുറം ജീവിതക്കാഴ്ചകളില്‍ പ്രവാസം കൂടുതല്‍ അനുഭവങ്ങളും വാക്കുകളുമാണ് ഈ എഴുത്തുകാര്‍ക്ക് നല്‍കിയതെന്ന് മലയാളം തിരിച്ചറിയുന്നു.
തൃശൂര്‍ ജില്ലയിലെ പാവറട്ടി വെന്മേനാട് സ്വദേശിയായ ഷമിന ഹിഷാം എന്‍ പി അബൂബക്കറിന്റേയും സജിതയുടേയും മകളാണ്. ഹിഷാം ഹംസയാണ് ഭര്‍ത്താവ്. വര്‍ഷങ്ങളായി ഭര്‍ത്താവും മക്കളുമായി ഖത്തറിലാണ് ഷമിന താമസിക്കുന്നത്.
എഴുത്തിനൊപ്പം താന്‍ വായിച്ച പുസ്തകങ്ങളില്‍ ചിലത് പരിചയപ്പെടുത്തുന്ന ഓണ്‍ മൈ ബുക്ക്‌ഷെല്‍ഫ് എന്ന യൂട്യൂബ് ചാനലുമുണ്ട് ഷമിന ഹിഷാമിന്.
ഡി സി നോവല്‍ മത്സരം 2022ല്‍ ഹ്രസ്വപട്ടികയില്‍ ഇടം പിടിച്ച നോവലാണ് ഷമിന ഹിഷാമിന്റെ ഊദ്. ഖത്തറിലെ പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ചെറുകഥകളും എഴുതാറുള്ള ഷമിന ഹിഷാം ആദ്യമായാണ് വലിയ ക്യാന്‍വാസില്‍ മലയാൡവായനക്കാര്‍ക്കു മുമ്പിലെത്തുന്നത്. ആദ്യ നോവലായ ഊദ് അംഗീകരിക്കപ്പെട്ട ഷമിന ഹിഷാം സംസാരിക്കുന്നു.
? ഊദ് നോവലിനുള്ള പ്രചോദനം എന്തായിരുന്നു
= നേരത്തെ തന്നെ പദ്ധതിയിട്ട് എഴുതിയ നോവലല്ല ഊദ്. എങ്കിലും എന്റെ മനസ്സില്‍ എന്നൊക്കെയോ കിടക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നതുമായ എന്തൊക്കെയോ ആയി എന്റെ ഉള്ളിലുണ്ടായിരുന്നു. ഡി സി നോവല്‍ അവാര്‍ഡിനുള്ള പോസ്റ്റര്‍ കണ്ടപ്പോള്‍ പെട്ടെന്ന് അവയെല്ലാം ഒന്നിച്ച് ഉള്ളിലേക്കെത്തുകയായിരുന്നു. മനസ്സിലുണ്ടായിരുന്ന ത്രെഡ് ആദ്യം എഴുതുകയായിരുന്നു. പിന്നീടതില്‍ നിന്നും നോവലായി വികസിപ്പിക്കുമ്പോഴാണ് മറ്റെല്ലാം സംഭവിച്ചു പോയത്. ഉള്ളിലുണ്ടായിരുന്ന ത്രെഡ് എഴുതിത്തുടങ്ങിയപ്പോള്‍ അക്ഷരങ്ങളായി കടലാസിലേക്കെത്തുകയായിരുന്നു.
? മുസ്ലിം മിത്തുകളെയും വീടകങ്ങളില്‍ പ്രചാരത്തിലുള്ള സങ്കല്‍പ്പങ്ങളെയും വളരെ മനോഹരമായാണ് ഊദിന്റെ സുഗന്ധമാക്കിയിരിക്കുന്നത്. ഇത്തരമൊരു രീതി അവലംബിക്കുമ്പോള്‍ സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവോ?
= മുസ്‌ലിം മിത്തുകളും ചരിത്രവുമെല്ലാം കൂട്ടിച്ചേര്‍ത്ത് എഴുതിവന്നപ്പോള്‍ ഇത്തരമൊരു എഴുത്തു രീതി ആളുകള്‍ സ്വീകരിക്കുമോ എന്നൊരു ഭയം ഉള്ളില്‍ തോന്നിയിരുന്നു. മുസ്‌ലിം പശ്ചാതലത്തിലുള്ള മിത്തും ചരിത്രവുമൊക്കെ സ്വീകരിക്കുമോ ഇഷ്ടപ്പെടുമോ എന്നൊക്കെയുള്ള തോന്നലുണ്ടായിരുന്നു.
? ജിന്നിനേയും ഇഫ്രീത്തിനേയുമൊക്കെ കഥാപാത്രമാക്കുമ്പോള്‍ സ്വാഭാവികമായും നോവല്‍ വായനക്കാര്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകളെ ഓര്‍ത്തെടുക്കാന്‍ സാധ്യതയുണ്ട്. അത് എഴുത്തില്‍ വലിയ വെല്ലുവിളിയാവുകയും ചെയ്യും. അത്തരം സാധ്യതകളെ മറികടക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടത്തിയിരുന്നുവോ
= പുനത്തിലിന്റെ നോവലുകള്‍ എല്ലാവര്‍ക്കും പരിചിതമാണെങ്കിലും എന്തുകൊണ്ടോ സ്മാരകശിലകള്‍ ഞാന്‍ വായിച്ചിട്ടില്ല. ഊദ് വായിച്ചതിന് ശേഷം സിനിമാ കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം എനിക്കൊരു മെസേജ് അയച്ചിരുന്നു. ഞങ്ങള്‍ നേരിട്ട് കാണുകയും ചെയ്തു. സ്മാരകശിലകള്‍ വായിച്ചിട്ടുണ്ടോ എന്ന് അബു വളയംകുളം ചോദിക്കുകയും ചെയ്തിരുന്നു. വായിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ വായിച്ചുനോക്കാന്‍ അദ്ദേഹം പറയുകയും ചെയ്തു. ഇപ്പോള്‍ ഖത്തറില്‍ നിന്നും നാട്ടില്‍ വന്നതിന് ശേഷം സ്മാരകശിലകള്‍ വാങ്ങിവെച്ചിട്ടുണ്ട്. ഇനി വായിക്കണം. നേരത്തെ സ്മാരകശിലകള്‍ വായിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, എനിക്കിതൊരു വെല്ലുവിളിയായി തോന്നിയേക്കാമായിരുന്നു. വായിക്കാത്തതുകൊണ്ട് കാര്യമായൊരുന്നും തോന്നിയിരുന്നില്ല.
? നോവലിലെ പ്രധാന കഥാപാത്രമായ ആത്തി എന്ന പെണ്‍കുട്ടിക്ക് നോവലിസ്റ്റിന്റെ ഛായയുണ്ടോ എന്നറിയാന്‍ സ്വാഭാവികമായ ത്വര വായനക്കാര്‍ക്കുണ്ടാകും. എഴുത്തുകാരിയുമായി ആത്തിക്ക് സാമ്യങ്ങളുണ്ടോ
= ആത്തിക്ക് എഴുത്തുകാരിയുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് പ്രചോദനമെന്താണെന്ന ചോദ്യവുമായും ബന്ധം വരുന്നുണ്ട്. ചെറുപ്പം മുതല്‍ ഏറെ ഇഷ്ടപ്പെടുന്ന പക്ഷിയാണ് ചെമ്പോത്ത്. ചെറുപ്പകാലത്ത് വല്ല്യുമ്മമാര് കുറേ കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്. ഒരു പ്രായത്തില്‍ എന്റെ കൂട്ടുകാര്‍ ഇതുപോലുള്ള പ്രായമായ വല്ല്യുമ്മമാരായിരുന്നു. അവര്‍ പറഞ്ഞു തന്ന കഥകള്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രായമുണ്ടായിരുന്നു. അതുപോലെ കാണാന്‍ കൊതിച്ച കാടും നാടുമൊക്കെയാണ് നോവലില്‍ എഴുതിച്ചേര്‍ത്തത്. അതുകൊണ്ടുതന്നെ എന്റെയുള്ളിലൊരു ആത്തിയുണ്ടെന്നും പറയാം.
? എഴുത്തിന്റെ നാള്‍വഴികളെ കുറിച്ചൊന്ന് പറയാമോ?
= ചെറുപ്പം മുതല്‍ വായനയുണ്ടായിരുന്നു. ആദ്യം എല്ലാവരും വായിക്കുന്നതുപോലെ ബാലപ്രസിദ്ധീകരണങ്ങള്‍ വായിച്ചിരുന്നു. അതുതന്നെയാണ് തുടക്കം. അമര്‍ ചി്ത്രകഥകളൊക്കെ താത്പര്യപൂര്‍വ്വം വായിച്ച ബാല്യമായിരുന്നു. അതിനുപിന്നാലെ പുസ്തക പ്രേമിയായ പപ്പയ്ക്ക് വീട്ടിലൊരു ലൈബ്രറിയുണ്ടായിരുന്നു. പപ്പയെ കൂടുതല്‍ ഇംപ്രസ് ചെയ്യിക്കാന്‍ വേണ്ടി ഞാന്‍ കൂടുതല്‍ പുസ്തകങ്ങള്‍ എടുത്തുവായിച്ചിരുന്നു. ആദ്യകാലത്ത് പപ്പയെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമായി മനസ്സിലാകാതെ പോയ കൃതികള്‍ പോലും വായിച്ചിരുന്നു. എന്നാല്‍ പിന്നീട് എവിടെയോ വായന സ്‌ട്രൈക്ക് ചെയ്തതോടെ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാന്‍ തുടങ്ങി.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ എഴുതിയിരുന്നു. എങ്കിലും എവിടേയും പ്രസിദ്ധീകരിച്ചിരുന്നില്ല. മമ്മയുടെ ഉപ്പയും പപ്പയുമൊക്കെയായിരുന്നു എന്റെ എഴുത്തുകള്‍ കണ്ടിരുന്നത്.
വിവാഹം കഴിഞ്ഞ ആദ്യകാലത്ത് വായന കൈവിട്ടു പോയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ അത് വീണ്ടെടുക്കാനായി. ഖത്തറിലെത്തിയപ്പോള്‍ ആദ്യം വായന തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഖത്തറിലെത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് എഴുതിത്തുടങ്ങിയത്. ആദ്യം വര്‍ത്തമാനം പത്രത്തിന്റെ പ്രത്യേക പതിപ്പുകളില്‍ കവിതകളും ചെറുകഥയുമൊക്കെ പ്രസിദ്ധീകരിച്ചു. പിന്നെ മറ്റു പ്രസിദ്ധീകരിച്ചു വന്നു. അതിനു ശേഷം എഴുത്തു നിര്‍ത്താന്‍ തോന്നുകയും വായനയില്‍ ശ്രദ്ധിക്കണമെന്നും തോന്നി. പിന്നീട് കുറച്ചു കാലം വായന മാത്രമായി. ഒരു ഇടവേളക്കു ശേഷമാണ് ഊദ് എഴുതി വീണ്ടും എഴുത്തിലേക്ക് വന്നത്.
? ആദ്യത്തെ നോവല്‍ പുറത്തിറങ്ങുന്നതിനു മുമ്പേ അംഗീകരിക്കപ്പെട്ടു ഷമീന ഹിഷാമും ഊദും. എന്തു തോന്നുന്നു?
= അതിയായ സന്തോഷവും ഒപ്പം ഭയവും തോന്നുന്നു. ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടി എന്നുപറയാം. ഊദിന്റെ പ്രകാശനവും ചര്‍ച്ചയും ആസ്വാദനവുമൊക്കെയായി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ നിരവധി പരിപാടികളില്‍ പങ്കെടുത്തു. ഒരുപാടുപേര്‍ ഊദ് നോവല്‍ വായിച്ച് എഴുതുകയും പറയുകയുമൊക്കെ ചെയ്തു. ഊദ് എഴുതി ഡി സി പ്രസിദ്ധീകരിച്ച് വലിയ ചര്‍ച്ചയാകുന്നെന്നൊക്കെ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്നയാളാണ് ഞാന്‍. നടക്കാത്ത സ്വപ്‌നങ്ങള്‍ എന്നൊക്കെ പറയില്ലേ, അത്തരത്തില്‍ നടക്കില്ലെന്ന് എനിക്കുതന്നെ അറിയാമായിരുന്ന ഒരുപാട് സ്വപ്‌നങ്ങള്‍ അമിതമായി കണ്ടിരുന്നയാളാണ് ഞാന്‍. പക്ഷേ, ഞാന്‍ കണ്ട സ്വപ്‌നത്തേക്കാള്‍ മേലെയാണ് ദൈവം സമ്മാനിച്ചത്. അപ്പോള്‍, എന്തോ ഒരുപേടിയാണ്. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കിട്ടിയോ എന്ന പേടി തോന്നുന്നുണ്ട്. ഒപ്പം, അടുത്ത നോവലെഴുതുമ്പോള്‍ മികച്ചതാക്കാന്‍ കഴിയണേ എന്ന പ്രാര്‍ഥനയും അതോടൊപ്പമൊരു ഭയവുമുണ്ട്.
? നോവലുമായി ബന്ധപ്പെട്ട് കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നൊക്കെയുള്ള പ്രതികരണം പറയാമോ?
= കുടുംബവും ബന്ധുക്കളും നാട്ടുകാരും ഖത്തര്‍ മലയാളികളുമൊക്കെ നല്ല പിന്തുണയാണ് നല്‍കിയത്. അതില്‍ ഏറ്റവും സന്തോഷമുള്ള കാര്യം നാട്ടുകാര്‍ ഊദ് വായിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയും കൂടെ നില്‍ക്കുകയും ചെയ്തു എന്നതിലാണ്. അവര്‍ക്കെന്നെ നേരത്തെ വലുതായൊന്നും അറിയില്ലല്ലോ. ഇപ്പോഴാണ് അറിയുന്നത്. ഇങ്ങനെ എല്ലാവരുടേയും പിന്തുണയും അഭിനന്ദനവും കിട്ടുന്നത് എന്നെപോലെ എന്റെ പപ്പയ്ക്കും ഒരുപാട് സന്തോഷമായിരിക്കും.
എന്തായാലും ബന്ധുക്കളിലോ സുഹൃത്തുക്കളിലും ചിലരെങ്കിലും വിമര്‍ശിക്കുന്ന ചിലരെങ്കിലും എല്ലായിടത്തുമുണ്ടാകുമല്ലോ. അങ്ങനെ ചിലര്‍ എനിക്കുമുണ്ട്. അവര്‍ തുടക്കം മുതലേ അങ്ങനെ തന്നെയായിരുന്നു.
ഊദ് ഇറങ്ങിയതിന് ശേഷം അവരില്‍ ചില മാറ്റങ്ങള്‍ കാണുന്നുണ്ട്. അത് വലിയ സന്തോഷം. ഏത് മേഖലയിലും ഇങ്ങനെയൊക്കെ ആയതിനാല്‍ എല്ലാ വ്യക്തികള്‍ക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടാകാം. നല്ല വിമര്‍ശനങ്ങള്‍ സ്വീകരിക്കാറുണ്ട്. അല്ലാതുള്ളവ മുഖവിലയ്‌ക്കെടുക്കാറില്ല, തള്ളിക്കളയാറാണ് പതിവ്.
? നേരത്തെ കവിതകള്‍ എഴുതിയിരുന്ന ഷമീന നോവലിലേക്കൊരു പരകായ പ്രവേശം നടത്തിയപ്പോള്‍ വലിയ ക്യാന്‍വാസ് എന്ന നിലയില്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത്
= ആദ്യം കവിതകളാണ് എഴുതിയിരുന്നത്. പിന്നീട് ചെറുകഥകള്‍ എഴുതാന്‍ തുടങ്ങി. എന്നാല്‍ ചെറുകഥകള്‍ അധികം പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒരു ചെറുകഥാ സമാഹാരം പുറത്തിറക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. എന്നാല്‍ ചെറുകഥകളെഴുത്ത് എവിടെയോ സ്തംഭിച്ചുവെന്ന് തോന്നിയപ്പോഴാണ് വായനയെ വല്ലാതെ സ്‌നേഹിച്ചു തുടങ്ങിയത്. വായിക്കുന്തോറും എഴുത്ത് കുറഞ്ഞുവന്നു. ദിവസവും നൂറു പേജെങ്കിലും വായിക്കുകയെന്നതായി ശൈലി. അതിനോടായിരുന്നു ഭ്രമം. പിന്നെയാണ് ഒരു നോവലെഴുതണമെന്ന് തോന്നിയത്. ചെറിയൊരു ത്രെഡ് ഉള്ളില്‍ ക്രാഫ്റ്റ് രൂപപ്പെട്ടതായിരുന്നു ഊദ്.
? എഴുത്തിന്റെ ലോകത്തെ പുതിയ പദ്ധതികള്‍ വിശദീകരിക്കാമോ?
= ഒരു ചെറുകഥാ സമാഹാരം ഇറക്കാന്‍ ആഗ്രഹമുണ്ട്. ഇതുവരെ എഴുതിവെച്ചതും ഏതാനും കഥകളും കൂടി ചേര്‍ത്ത് ഒരു കഥാസമാഹാരമാണ് ആഗ്രഹം. അതിനു കുറച്ച് റീ വര്‍ക്കുകള്‍ ചെയ്യാനുണ്ട്. അതിനേക്കാള്‍ മുമ്പ് ഒരു നോവല്‍ കൂടി എഴുതാനുള്ള പദ്ധതിയിലാണുള്ളത്. അതിനുള്ള യാത്രകളും മെറ്റീരിയല്‍ കലക്ഷനുമൊക്കെ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് കുറച്ചുകൂടി ഗൃഹപാഠങ്ങള്‍ ചെയ്യാനുണ്ട്. നോവല്‍ എഴുതിത്തുടങ്ങിയെങ്കിലും എപ്പോള്‍ തീരുമെന്നോ എങ്ങനെ വരുമെന്നോ നന്നാവുമോ എന്നൊന്നും അറിയില്ല. നന്നായി തീരട്ടെ എന്നാഗ്രഹിക്കുന്നു.
? നീണ്ട വര്‍ഷങ്ങളായി പ്രവാസത്തിലുള്ള ഒരാളാണ് ആദ്യ നോവല്‍ തന്നെ അംഗീകാരം നേടി മലയാളി വായനക്കാരുടെ ശ്രദ്ധയിലെത്തുന്നത്. നോവലിസ്റ്റിന്റെ വായനാ കൗതുകങ്ങള്‍ എങ്ങനെയൊക്കെയാണ്?
= എന്റെ കുടുംബം, വായന, യാത്രകള്‍, ചില കുഞ്ഞുകുഞ്ഞു നിമിഷങ്ങള്‍- ഇതൊക്കെ എനിക്ക് വളരെ പ്രാധാന്യമുള്ളതാണ്. അതേപോലെ തുല്യപ്രാധാന്യമുള്ളതാണ് വായന. നാട്ടില്‍ ഒന്നോ രണ്ടോ മാസത്തെ വെക്കേഷനുകള്‍ ഒഴികെ മറ്റു ദിവസങ്ങളിലെ ജീവിതത്തില്‍ നൂറു പേജെങ്കിലും വായിക്കാറുണ്ട്. ഒരു ദിവസം വായിച്ചില്ലെങ്കില്‍ അന്നത്തെ ദിവസം പൂര്‍ണതയിലെത്താത്തതുപോലെയാണ്. ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥ തോന്നും. ഒരേ പാറ്റേണുകള്‍ വായിക്കില്ല. ഫിക്ഷന്‍, ക്ലാസിക്, സയന്‍സ് തുടങ്ങി എല്ലാ വിഷയവും വായിക്കും. എത്രയെത്ര പ്രസാധകരും അത്രയും പുസ്തകങ്ങളും ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. എവിടേയും എത്തിച്ചേരില്ലെന്ന് അറിയാമെങ്കിലും വായിക്കും. വായിച്ച് എവിടേയും എത്തിച്ചേരില്ലേ എന്ന ആധിയും തോന്നാറുണ്ട്. ചില പുസ്തകങ്ങള്‍ വായിച്ചില്ലേ എ്ന്ന് ചിലര്‍ ചോദിക്കുമ്പോള്‍, ഇല്ല, എന്നെക്കൊണ്ട് കഴിയാറില്ല എന്നാണ് മറുപടി പറയാറുള്ളത്. കുറേ പുസ്തകങ്ങള്‍ വായിക്കാനായി മാറ്റിവെച്ചതുണ്ട്. അതൊക്കെ അങ്ങനെ കിടക്കുന്നുണ്ട്. വായന എല്ലായ്‌പ്പോഴും കൂട്ടുകാരിയായി കൂടെയുണ്ട്. രണ്ട് കബോര്‍ഡുകളായി ലൈബ്രറി പുസ്തകങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഒന്നില്‍ വായിച്ച പുസ്തകങ്ങളും രണ്ടാമത്തേതില്‍ വായിക്കാനുള്ള പുസ്തകങ്ങളുമാണ്. ഇതൊക്കെ വായിച്ചു തീരുന്നതിന് മുമ്പ് ഞാന്‍ മരിച്ചു പോകുമോ എന്നൊക്കെ തോന്നാറുണ്ട്.
? മാതാപിതാക്കള്‍, ഭര്‍ത്താവ്, മക്കള്‍, കുടുംബം തുടങ്ങിയ വിശേഷങ്ങള്‍ പങ്കുവെക്കാമോ
= മാതാപിതാക്കളും ഭര്‍ത്താവും മക്കളുമെല്ലാം സന്തോഷത്തിലാണ്. പ്രത്യേകിച്ച് എന്റെ പപ്പയ്ക്ക്, വളരെ അഭിമാനമുണ്ടെന്ന് പറയുമ്പോള്‍ എനിക്കതൊരു സുഖം. എഴുത്തുകാരനാവാന്‍ പപ്പ ഭയങ്കരമായി ആഗ്രഹിച്ചിരുന്നു. പ്രവാസവും ജീവിതത്തിലെ മറ്റു സാഹചര്യങ്ങളും പപ്പയ്ക്ക് എഴുത്തുകാരനാവാന്‍ സാധിച്ചില്ല. പണ്ടൊക്കെ കേരളകൗമുദിയിലൊക്കെ പപ്പ എഴുതിയിരുന്നു. പിന്നീട് എഴുതി പ്രസിദ്ധീകരിച്ചില്ല.
എനിക്കെഴുതുന്ന കത്തുകളൊക്കെ പപ്പ വായിച്ച പുസ്തകങ്ങളെ കുറിച്ചും എന്തെങ്കിലും അറിവുകളുമൊക്കെയായിരിക്കും എഴുതുക. സൗദി അറേബ്യയില്‍ നിന്നും അയക്കുന്ന കത്ത് ഒന്‍പത് ദിവസങ്ങളൊക്കെ കഴിഞ്ഞിട്ടായിരിക്കും എനിക്ക് കിട്ടുക. തിരിച്ച് മറുപടി പപ്പ പ്രതീക്ഷിക്കും. മകള്‍ക്കെഴുതുന്ന കത്ത് എനിക്ക് വലിയ സന്തോഷം തന്നിരുന്നു.
ചെറുപ്പത്തിലേ എന്നെ വലിയ ആളായി അംഗീകരിച്ചത് ഞാന്‍ കണ്ടത് എന്റെ പപ്പയെ ആണ്. എന്നെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നലുണ്ടാക്കിയത് എന്റെ പപ്പയായിരുന്നു. അകലെ നിന്ന് എനിക്കായി കത്തെഴുതുന്നു, ഞാന്‍ തിരിച്ചെഴുതുന്നു. എന്നേയും ഒരാള്‍ പരിഗണിക്കുന്നു എന്ന് ഉള്ളില്‍ തോന്നിയത് പപ്പാന്റെ കത്തുകള്‍ വരുമ്പോഴായിരുന്നു.
പപ്പ ഇപ്പോഴും നാട്ടിടവഴികളെ കുറിച്ചും അവരുടെ കഥകളെ കുറിച്ചും ഓര്‍മകള്‍ പങ്കിടാന്‍ പപ്പയ്ക്ക് വലിയ ഇഷ്ടമാണ്. മകള്‍ മാത്രമായി ഒരു സ്വാര്‍ഥത അങ്ങനെയുണ്ട്. യാത്ര ചെയ്യാനും വലിയ ഇഷ്ടമാണ്. പപ്പയുമായി ബൈക്കില്‍ യാത്ര ചെയ്യാന്‍ എനിക്കും വലിയ ഇഷ്ടമാണ്.
പപ്പയുടെ ആഗ്രഹം എന്നിലൂടെ സാധിച്ചുവെന്ന് പപ്പ പറയുമ്പോള്‍ എനിക്ക് സന്തോഷം തോന്നുകയാണ്. അതിന് വലിയ കാരണക്കാരന്‍ എന്റെ ഭര്‍ത്താവാണ്. വലിയ പിന്തുണയാണ് അദ്ദേഹം തരുന്നത്. ഞാന്‍ എപ്പോഴൊക്കെ പിന്നാക്കം നിന്നിട്ടുണ്ടോ അപ്പോഴൊക്കെ മുന്നിട്ടു നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. എനിക്കൊപ്പം നില്‍ക്കുന്ന ഹിഷാമിന്റെ പങ്ക് അംഗീകരിച്ചേ പറ്റു. ഞാന്‍ പിന്നാക്കം നില്‍ക്കുന്ന ഒരാളാണ്. അപ്പോള്‍ എന്നെ മുന്നിട്ടു നിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കും. ഹിഷാം വലുതായി വായിക്കാറില്ല. പക്ഷേ, എന്നെ വായിപ്പിക്കാനും എനിക്കിഷ്ടമുള്ള പുസ്തകങ്ങള്‍ തെരയാനുമൊക്കെ എന്നേക്കാള്‍ മുന്‍പന്തിയില്‍ അദ്ദേഹം നില്‍ക്കുന്നുണ്ട്. അത് ജീവിതത്തില്‍ എനിക്ക് കിട്ടിയ ഭാഗ്യമാണ്. എഴുത്തിന്റെ എല്ലാ വഴികളിലും ഹിഷാമും ഒപ്പം നിന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പങ്ക് പറയാതിരിക്കാന്‍ പറ്റില്ല.
നാട്ടില്‍ വല്ലാതെ ഓണം ആഘോഷിച്ചിട്ടില്ല. എന്നാല്‍ ഖത്തറില്‍ ഓണം വന്നാല്‍ അടുത്ത ഓണം വരെ ഓണം തന്നെയാണ്. പൂക്കള മത്സരമായും ഓണസദ്യയായും മലയാളി മങ്കയായുമൊക്കെ അങ്ങനെ ഖത്തറില്‍ കുറേയുണ്ട്. അങ്ങനെ ഓണത്തില്‍ വലിയ സജീവമാണ് ഓണം.
പ്രവാസിയായിരിക്കുമ്പോള്‍ എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ആഘോഷമാണ് ഓണം. എല്ലാവരും കൂട്ടുചേര്‍ന്ന് ആഘോഷിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന സന്തോഷമുണ്ട്. ആളുകളെ കാണുമ്പോഴും ചിരിക്കുമ്പോഴും ആ കൂട്ടത്തില്‍ കൂടുമ്പോഴും കിട്ടുന്ന സന്തോഷമുണ്ട്. എല്ലാവരുമായി പങ്കുവെക്കുന്ന നിമിഷങ്ങള്‍ വലിയ ഊര്‍ജ്ജം തരും. ജീവിതത്തില്‍ നല്ല നിമിഷങ്ങള്‍ ആസ്വദിക്കുകയെന്നതാണ് ഓണം നല്‍കുന്ന സന്ദേശം.
.jpg)

.jpg)
.jpg)
.jpg)
.jpg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ