സിനഗോഗ് ലെയ്‌നിലെ ജൂത ജീവിതങ്ങള്‍
ഒ രിക്കല്‍ പോലും മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും കണ്ടില്ലാത്തവര്‍ക്ക്, ഈ പ്രദേശങ്ങളും മട്ടാഞ്ചേരി സിനഗോഗും കാണണമെന്ന് ആഗ്രഹിച്ചിട്ടും ആ മോഹം നടക്കാത്തവര്‍ക്ക് ഇനി സങ്കടപ്പെടേണ്ടതില്ല. ജമാല്‍ കൊച്ചങ്ങാടിയുടെ സിനഗോഗ് ലെയ്ന്‍ വായിച്ചാല്‍ മതി. മട്ടാഞ്ചേരിയുടെ ജൂത കഥാപശ്ചാതലത്തിലൂടെ ഈ നോവല്‍ വായനക്കാരെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കും നൂറ്റാണ്ടിനിപ്പുറത്തേക്കും യാത്ര കൊണ്ടുപോകും. മട്ടാഞ്ചേരിയിലെ തെരുവ് നേരില്‍ കാണുന്നതുപോലെ അത്രയും വ്യക്തമായാണ് അദ്ദേഹം തന്റെ നോവലില്‍ 'സിനഗോഗ് ലെയ്ന്‍' അക്ഷരങ്ങള്‍കൊണ്ട് വരച്ചുവെച്ചിരിക്കുന്നത്. സയണിസ്റ്റ് വംശീയതയില്‍ ഗസയില്‍ മരിച്ചുവീഴുന്ന പിഞ്ചിളം പൈതങ്ങള്‍ക്കും സയണിസത്തിനെതിരെ പൊരുതുന്ന യഹൂദര്‍ക്കുമാണ് സിനഗോഗ് ലെയ്ന്‍ സമര്‍പ്പിച്ചിരിക്കുന്നത്. നാല് ഭാഗങ്ങളിലായി 234 പേജുകളില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കൊച്ചിയിലെ ജൂതന്മാരുടെ കഥ പറയുന്ന നോവല്‍ ആ ജീവിതം കണ്ട ഒരാള്‍ക്കല്ലാതെ ഇത്രയും മനോഹരമായി പറയാനാവില്ല; പകര്‍ത്താനും! ബോണി തോമസിന്റെ മുഖചിത്രവും വിമല്‍ ജി പിയുടെ കവര്‍ ഡിസൈനും ജമാല്‍ കൊച്ചങ്ങാടിയുടെ സിനഗോഗ് ലെയ്നിനെ ആദ്യം തന്നെ വായനക്കാരന്റെ...