സിനഗോഗ് ലെയ്‌നിലെ ജൂത ജീവിതങ്ങള്‍


 ഒരിക്കല്‍ പോലും മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും കണ്ടില്ലാത്തവര്‍ക്ക്, ഈ പ്രദേശങ്ങളും മട്ടാഞ്ചേരി സിനഗോഗും കാണണമെന്ന് ആഗ്രഹിച്ചിട്ടും ആ മോഹം നടക്കാത്തവര്‍ക്ക് ഇനി സങ്കടപ്പെടേണ്ടതില്ല. ജമാല്‍ കൊച്ചങ്ങാടിയുടെ സിനഗോഗ് ലെയ്ന്‍ വായിച്ചാല്‍ മതി. മട്ടാഞ്ചേരിയുടെ ജൂത കഥാപശ്ചാതലത്തിലൂടെ ഈ നോവല്‍ വായനക്കാരെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കും നൂറ്റാണ്ടിനിപ്പുറത്തേക്കും യാത്ര കൊണ്ടുപോകും. മട്ടാഞ്ചേരിയിലെ തെരുവ് നേരില്‍ കാണുന്നതുപോലെ അത്രയും വ്യക്തമായാണ് അദ്ദേഹം തന്റെ നോവലില്‍ 'സിനഗോഗ് ലെയ്ന്‍' അക്ഷരങ്ങള്‍കൊണ്ട് വരച്ചുവെച്ചിരിക്കുന്നത്. 

സയണിസ്റ്റ് വംശീയതയില്‍ ഗസയില്‍ മരിച്ചുവീഴുന്ന പിഞ്ചിളം പൈതങ്ങള്‍ക്കും സയണിസത്തിനെതിരെ പൊരുതുന്ന യഹൂദര്‍ക്കുമാണ് സിനഗോഗ് ലെയ്ന്‍ സമര്‍പ്പിച്ചിരിക്കുന്നത്. നാല് ഭാഗങ്ങളിലായി 234 പേജുകളില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കൊച്ചിയിലെ ജൂതന്മാരുടെ കഥ പറയുന്ന നോവല്‍ ആ ജീവിതം കണ്ട ഒരാള്‍ക്കല്ലാതെ ഇത്രയും മനോഹരമായി പറയാനാവില്ല; പകര്‍ത്താനും!

ബോണി തോമസിന്റെ മുഖചിത്രവും വിമല്‍ ജി പിയുടെ കവര്‍ ഡിസൈനും ജമാല്‍ കൊച്ചങ്ങാടിയുടെ സിനഗോഗ് ലെയ്നിനെ ആദ്യം തന്നെ വായനക്കാരന്റെ ഉള്ളിലേക്കെത്തിക്കാന്‍ സഹായിക്കുന്നുണ്ട്. മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി കണ്ടവര്‍ക്ക് ആദ്യ കാഴ്ചയില്‍ തന്നെ മട്ടാഞ്ചേരിയില്‍ ചെന്ന് ലാന്റ് ചെയ്ത അനുഭവമുണ്ടാകും. അവിടെ ചെന്നിരുന്ന് നൂറ്റാണ്ടുകളിലെ ജീവിതം കാണുകയും അനുഭവിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന അനുഭവമായിരിക്കും പിന്നെ ഓരോ വരിയിലും ഓരോ പേജിലും.

ഒരു നോവല്‍ വെറുതെ പറഞ്ഞു പോവുകയല്ല, ഒരു ചരിത്രം കൂടിയാണ് ജമാല്‍ കൊച്ചങ്ങാടി ആയാസമില്ലാതെ വായനക്കാര്‍ക്കു മുമ്പിലേക്ക് തുറന്നിടുന്നത്. ജൂതന്മാരുടെ കോഹന്‍ നാട്ടുകാര്‍ക്ക് കോച്ചയാവുകയും കോച്ചമാരുടെ അങ്ങാടി കൊച്ചങ്ങാടിയാവുകയുമാണ് ചെയ്തതെങ്കില്‍ ഇത്തരമൊരു കഥ പറയാന്‍ ഏറ്റവും അനുയോജ്യന്‍ ജമാല്‍ കൊച്ചങ്ങാടിയല്ലാതെ മറ്റാര്?

ജമാല്‍ കൊച്ചങ്ങാടി


നമുക്കൊരു മഹാത്മാ ഗാന്ധിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആഫ്രിക്കന്‍ ഗാന്ധിയും ശ്രീലങ്കന്‍ ഗാന്ധിയുമുണ്ടായി. ഇന്ത്യയില്‍ തന്നെ അതിര്‍ത്തി ഗാന്ധിയും മയ്യഴി ഗാന്ധിയുമുണ്ടല്ലോ. ജൂതന്മാര്‍ക്കുമുണ്ടൊരു ഗാന്ധി- ജൂത ഗാന്ധി എന്നറിയപ്പെട്ട അബ്രഹാം ബറാക്ക് സേലം!

മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ ജീവിച്ച് അടുത്ത കാലത്ത് മരിച്ചുപോയ സാറാ കോഹന്‍ എന്ന സാറാ ആന്റി റൂബി ആന്റിയെന്ന ശക്തമായ കഥാപാത്രമായി നോവലില്‍ വരുന്നുണ്ട്. സാറ ആന്റിയുടെ സഹായിയായിരുന്ന താഹ ഇബ്രാഹിം അമീര്‍ ബാവയായും കഥാപാത്രമാകുന്നു. ഇവര്‍ മാത്രമല്ല, ജീവിച്ചിരുന്നവരും ജൂതത്തെരുവിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയോ അടയാളങ്ങള്‍  അവശേഷിക്കാതെ പോവുകയോ ചെയ്ത പലരും ഈ നോവലിലെ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. അവര്‍ക്കെല്ലാമുള്ള മികച്ച അഭിവാദ്യം കൂടിയാണ് സിനഗോഗ് ലെയ്ന്‍. 

പുതിയ കാലത്തെ മലയാളിക്ക് ഇസ്രായേലിലെ ജൂതന്മാരെ കുറിച്ച് പത്രങ്ങളില്‍ വായിച്ച പരിചയം മാത്രമാണുണ്ടാവുക. മലയാളി ജൂതന്മാരെ കുറിച്ച് ഒന്നും അറിയാന്‍ സാധ്യതയില്ല. ഒരു കാലത്ത് കേരളത്തില്‍ ജൂതന്മാരുണ്ടായിരുന്നെന്ന് മാത്രമല്ല, പരദേശി ജൂതന്‍ അഥവാ വെളുത്ത ജൂതനെന്നും കറുത്ത ജൂതനെന്നും രണ്ടുതരം ജൂതന്മാരുണ്ടായിരുന്നുവെന്നും സിനഗോഗ് ലെയ്ന്‍ മനോഹരമായി പറഞ്ഞു തരുന്നു. വെളുത്ത ജൂതന്മാരുടെ പരദേശി സിനഗോഗുകളില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാതിരുന്ന കറുത്ത ജൂതന്മാര്‍ വര്‍ണ്ണ വിവേചനത്തിനെതിരെ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു എന്ന കാര്യവും സിനഗോഗ് ലെയ്ന്‍ എടുത്തു പറയുന്നു. സമരങ്ങളും എതിര്‍പ്പുകളും ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നതിന് മുമ്പ് അവരില്‍ ഭൂരിപക്ഷവും ഇസ്രായേലിലേക്ക് കപ്പല്‍ കയറിപ്പോയി. അനാഥമായ പരദേശി സിനഗോഗുകളും കറുത്ത ജൂതന്മാരുടെ സിനഗോഗുകളും ഇപ്പോഴുമുണ്ട്- മട്ടാഞ്ചേരിയിലും മാളയിലും പറവൂരിലുമൊക്കെയായി! കപ്പല്‍ കയറി കടല്‍ കടന്നു ഇസ്രായേലിലേക്ക് പോകാതെ ഏതാനും പേര്‍ മാത്രം കേരളത്തിലും കൊച്ചിയിലും അവശേഷിച്ചു.  വര്‍ഷങ്ങള്‍ പിന്നിടുന്തോറും അവരുടെ എണ്ണം താഴേക്ക് താഴേക്ക് പോയി. 

ജൂതപ്പള്ളി



നോവല്‍ സിനഗോഗ് ലെയ്ന്‍ തുടങ്ങുന്നത് 1980ലാണ്. പിന്നെയത് നൂറ്റാണ്ടുകള്‍ പിറകിലേക്ക് സഞ്ചരിക്കുന്നു. പഴയ കാലങ്ങളിലൂടെ പതുക്കെ സഞ്ചരിച്ച് ഒടുവില്‍ യു ടേണെടുത്ത് മുമ്പോട്ടേക്ക് വന്ന് പറഞ്ഞു തുടങ്ങിയ കാലത്തിനപ്പുറത്തേക്ക് സഞ്ചരിച്ച് നോവല്‍ അവസാനിക്കുന്നു.

യഹൂദ ജീവിതത്തോടൊപ്പം അവരുടെ ഭാഷയും സംസ്‌ക്കാരവും ആചാരങ്ങളുമെല്ലാം സിനഗോഗ് ലെയ്ന്‍ വെളിപ്പെടുത്തുന്നു. മാഞ്ഞുപോയൊരു സമൂഹത്തിന്റെ ആരും സംരക്ഷിക്കാനില്ലാത്ത സാമൂഹ്യ- സാംസ്‌ക്കാരിക ജീവിത പരിസരവും ഭക്ഷണ സംസ്‌ക്കാരവും കൂടിയാണ് സിനഗോഗ് ലെയ്ന്‍ അടയാളപ്പെടുത്തിവെച്ചിരിക്കുന്നത്. 

മാംസ ഭക്ഷണമാണെങ്കില്‍ കോഷര്‍ മാത്രമേ ജൂതന്മാര്‍ക്ക് കഴിക്കാന്‍ മതം അനുവാദം നല്‍കുന്നുള്ളു. മുസ്ലിംകള്‍ക്ക് ഹലാല്‍ ഭക്ഷണം പോലെയാണ് ജൂതന്മാര്‍ക്ക് കോഷര്‍. പ്രത്യേക പരിശീലനം ലഭിച്ച യഹൂദ മതവിശ്വാസകള്‍ വിധി പ്രകാരം കശാപ്പു ചെയ്യുന്ന മൃഗങ്ങളെ മാത്രമേ യഹൂദര്‍ ഭക്ഷിക്കുകയുള്ളു. മുസ്ലിംകളെ പോലെ യഹൂദര്‍ക്കും പന്നി ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത  ജീവിയാണ്. മത്സ്യങ്ങളാണെങ്കില്‍ ചെതുമ്പലുള്ള മീനുകള്‍ മാത്രമാണ് അവര്‍ക്ക് അനുവദനീയം. ഇത്തരത്തില്‍ യഹൂദരുടെ മതജീവിതം ഉള്‍പ്പെടെ നോവല്‍ വ്യക്തമാക്കുന്നുണ്ട്. 

ചെറിയ ഭാഗത്താണെങ്കിലും നോവലിസ്റ്റിന്റെ പിതാവ് പി എ സൈനുദ്ദീന്‍ നൈന എന്ന കോജുവാ നീനയും നോവലില്‍ കഥാപാത്രമായി വരുന്നുണ്ട്. ജൂതന്മാര്‍ പരസ്പരം ഉപയോഗിക്കുന്നതും യഹൂദ മതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതുമായ എത്രയോ വാക്കുകള്‍ സിനഗോഗ് ലെയ്ന്‍ വായനക്കാരെ പരിചയപ്പെടുത്തുന്നു. അതോടൊപ്പം ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പ്രാദേശിക മലയാള വകഭേദവും നോവലില്‍ യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്. 

മലയാളിക്ക് കേട്ടുപരിചയമില്ലാത്ത പേരുകളാണ് കഥാപാത്രങ്ങളില്‍ ഭൂരിപക്ഷത്തിനുമുള്ളത്. ഡാനിയങ്കിള്‍, സമ്മിയങ്കിള്‍, എസ്തര്‍, ആറോണ്‍, എഫ്രേം, ദവറേച്ചി, ദിന, സാസൂണുമ്മ, ദാവോ, ശലോമി, എബ്രഹാം സോളമന്‍ ഹലേഗ്വാ, അന്നോ മുത്തി, സോമാച്ചി, ഐസക്ക്, ജാഫെത്ത്, ഇസ്ഹാഖ്, ഏലിയാസുകാക്ക, ആവോ, റബേക്ക, ശാലോം കോച്ച തുടങ്ങി എത്രയെങ്കിലും പേരുകളുണ്ട് മലയാളികളുടെ പുതിയ നാവുകള്‍ക്ക് ചരിപരിചിതമല്ലാത്തതായി. ആ പേരുകളാവട്ടെ നോവലിലെ ജൂത പശ്ചാതലത്തെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 

നോവലിലെ ഭൂരിപക്ഷം അധ്യായങ്ങള്‍ക്കും കഥാപാത്രങ്ങളുടെ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഒരു കാലത്തെ മലയാളി ജൂത ജീവിതം എന്നതിനോടൊപ്പം എറണാകുളത്തിന്റേയും കൊച്ചിയുടേയും മട്ടാഞ്ചേരിയുടേയും കഥ കൂടിയാണ് സിനഗോഗ് ലെയ്ന്‍ പറഞ്ഞുവെക്കുന്നത്. 

ജൂതത്തെരുവ്‌


പതിറ്റാണ്ടുകള്‍ക്ക് മുമ്പൊരിക്കല്‍ ജീവിതം പൂത്തുതളിര്‍ത്തിരുന്ന ഒരു തെരുവും നഗരവും സാമൂഹ്യ ജീവിതവുമൊക്കെ ഇസ്രായേല്‍ രാജ്യത്തിന്റെ രൂപീകരണത്തോടെ എങ്ങനെ വാടിപ്പോയെന്നും നോവല്‍ പോകെപ്പോകെ വിശദമാക്കുന്നു. ഇസ്രായേല്‍ രാജ്യത്തിന്റെ പ്രഖ്യാപനം നടന്നപ്പോള്‍ മട്ടാഞ്ചേരിയിലെ യൂദന്മാര്‍ സംഗീതവും നൃത്തവും വിരുന്നുകളുമായി ആഘോഷപൂര്‍വ്വം കൊണ്ടാടി. എന്നാല്‍ മുസ്ലിംകളാവട്ടെ പ്രതിഷേധത്തിലുമായിരുന്നു. എറണാകുളത്തെ യൂദപ്പള്ളിയില്‍ നിന്ന് ഹീബ്രുവില്‍ പ്രാര്‍ഥനകള്‍ ഉയര്‍ന്നപ്പോള്‍ തൊട്ടടുത്ത മസ്ജിദില്‍ നിന്ന് അറബിയിലുള്ള പ്രാര്‍ഥനകളാണ് ഉയര്‍ന്നത്. സംഭവിക്കുന്നതെന്തെന്ന ആകാംക്ഷയില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഖത്തോടു മുഖം നോക്കി. നൂറ്റാണ്ടു തികയാന്‍ രണ്ടു പതിറ്റാണ്ടു മാത്രം ബാക്കി നില്‍ക്കുന്ന ഒരു ചരിത്ര സന്ധിയെ അതിന്റെ എല്ലാ തീവ്രതയോടെയും അവതരിപ്പിക്കാന്‍ നോവലിസ്റ്റിന് ആവശ്യമായി വന്നത് വളരെ കുറച്ചു വാക്കുകള്‍, അവയാകട്ടെ ലളിതമായതും! അക്ഷരത്തിലൊളിപ്പിച്ച മാന്ത്രികവിദ്യ എന്നു വിശേഷിപ്പിക്കാവുന്ന വിവരണമാണത്. 

തോറയിലേയും ബൈബിളിലേയും ഖുര്‍ആനിലേയും സമാനമായ പശ്ചാതലങ്ങള്‍ നോവലിന് നിലമൊരുക്കുന്നുണ്ട്. ആദമിന്റെ സന്തതികളുടെ കലഹം ഇങ്ങ് ജൂതത്തെരുവോളം നീളുന്നുണ്ട്- ഞാനെന്റെ അനുജന്റെ കാവല്‍ക്കാരനല്ലല്ലോ എന്ന പ്രയോഗം വരെ!

അങ്ങ് മധ്യപൗരസ്ത്യ ദേശത്ത് ഫലസ്തീനു നേരെ ഇസ്രായേല്‍ ക്രൂരത അഴിച്ചുവിടുമ്പോഴും ഇങ്ങ് പശ്ചിമഘട്ട മലനിരകള്‍ക്ക് താഴെ അറബിക്കടലിന്റെ തീരത്ത് മട്ടാഞ്ചേരിയിലെ ജൂതന്മാരേയും മുസ്‌ലിംകളേയും ഒത്തൊരുമയിലായിരുന്നു കഴിഞ്ഞ്. സാറാ ആന്റിയെ സംരക്ഷിക്കാന്‍ മാത്രമല്ല, ഇല്ലാതായിപ്പോകുന്ന ജൂത വംശ പരമ്പരയുടെ ശവപ്പറമ്പിലെ സ്മാരകശിലയില്‍ ഹീബ്രുവില്‍ പേരെഴുതാനും ഒരു മുസ്ലിമാണുണ്ടായിരുന്നത്.

കാലം മായ്ക്കാത്ത ചില അടയാളങ്ങളും അനുഭവങ്ങളും അറിയാനും വായിക്കാനും സിനഗോഗ് ലെയ്ന്‍ വായനക്കാരെ വളരെയധികം സഹായിക്കുന്നുണ്ട്. സാഹിത്യതത്പരര്‍ക്ക് മാത്രമല്ല ചരിത്ര കുതുകികള്‍ക്കും വലിയൊരു വിരുന്നാണ് സിനഗോഗ് ലെയ്ന്‍ ഒരുക്കിവെച്ചിരിക്കുന്നത്. നോവലിനൊടുവില്‍ റൂബിയാന്റി തമീം സക്കരിയയോട് ചോദിക്കുന്നൊരു ചോദ്യമുണ്ട് മൊട്ട സലാദെ ഒണ്ടാക്കനറിയോ? യൂദത്തിയായ റൂബിയാന്റിയുടെ മൊട്ട സലാദെ മുസ്ലിമായ തമീം സക്കരിയയുടെ മുട്ടമാലയായിരുന്നു! 

സാറാ കോഹന്‍ എന്ന സാറാന്റി

സീറിലൊഴിച്ച് (പഞ്ചസാരപ്പാവ്) വേവിച്ചെടുക്കുന്ന മുട്ടമാല പോലെ മധുരം കിനിയുന്ന ഭാഷയിലാണ് ജമാല്‍ കൊച്ചങ്ങാടി സിനഗോഗ് ലെയ്ന്‍ കോരിയെടുത്തിരിക്കുന്നത്.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഐറിഷ് സിനിമയിലെ മലയാളിത്തിളക്കം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്