ശാന്തമായി കണ്ടിരിക്കാനൊരു ചിത്രം; ന്റിക്കാക്ക (ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു)


ഫിനിഷിംഗ് പോയിന്റ് തൊടുമ്പോള്‍ രണ്ടുകൈയും വീശി ആഹ്ലാദിക്കുന്നത് മാത്രമാണ് ജീവിതത്തിലെ സന്തോഷമെന്ന് തോന്നുന്നവരോട് അതു മാത്രമല്ല, മറ്റു ചിലതും കൂടിയുണ്ടെന്ന് പറയുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു.


ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു


Movie: Ntikkakkakkoru Premandarnnu

Language: Malayalam

Genre: Drama, Romantic, Family

Cast: Sharafudheen, Bhavana Menon, Asokan, Anarkkali Nazar, Sadique, Shebin Benson, Anil Anto, Saniya Rafi

Director: Adhil Maimoonath Ashraf

Writer: Adhil Maimoonath Ashraf

Duration: 2 Hours 5 Minutes 

Rating: 3 Star

നീണ്ട ഇളവേളക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു എന്നതുതന്നെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു സിനിമയുടെ പ്രധാന പ്രത്യേകത. ചെറിയൊരു സിനിമ ചെറിയ സമയത്തിനുള്ളില്‍ കാഴ്ചക്കാര്‍ക്കു മുമ്പിലേക്ക് അവതരിപ്പിച്ചു തീര്‍ക്കുന്നുണ്ട് ന്റിക്കാക്കക്കയും അനിയത്തിയും കുടുംബക്കാരും സുഹൃത്തുക്കളും. 

വിവാഹാലോചന തകൃതിയായി നടക്കുന്ന പയ്യനു മുമ്പിലേക്ക് യാദൃശ്ചികമായി സ്‌കൂള്‍ കാലത്തെ പ്രണയിനി പ്രത്യക്ഷപ്പെടുമ്പോള്‍ സംഭവിച്ചേക്കാവുന്ന അങ്കലാപ്പുകളിലൂടേയും തീരുമാനമെടുക്കാനാവായ്മയിലേക്കുമെല്ലാം കടന്നു പോകുന്ന സിനിമ ആദ്യത്തെ ഒന്നര മണിക്കൂര്‍ പ്രേക്ഷകര്‍ക്ക് വലിയ ഭാരങ്ങളൊന്നും സമ്മാനിക്കുന്നില്ല. സിനിമ എങ്ങനെ അവസാനിക്കുമെന്ന് നേരത്തെ തന്നെ പ്രവചിക്കാനാവുമെങ്കിലും അതിലേക്കുള്ള വഴിയല്‍പ്പം മാറ്റിപ്പണിയാന്‍ എഴുത്തുകാരനും സംവിധായകനുമായ ആദില്‍ മൈമൂനത്തിന് സാധിച്ചിട്ടുണ്ട്. 

സാധാരണക്കാരെ പിടിച്ചു നിര്‍ത്തുകയോ തന്റെ ജീവിതത്തിലും ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടല്ലോ ഇതുപോലുളള വാക്കുകള്‍ എന്നു തോന്നിക്കുന്ന ചെറിയ ചില സംഭാഷണങ്ങള്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നുവിന് വ്യത്യസ്തമായൊരു ചന്തം നല്‍കുന്നുണ്ട്. 


സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷറഫിന്റെ പ്രഥമ ചിത്രമാണിത്. അദ്ദേഹം തന്നെയാണ് സിനിമയുടെ രചനയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകനോ എഡിറ്റര്‍ക്കോ വലിയ ഗിമ്മിക്കുകള്‍ക്കൊന്നും സാധ്യത നല്‍കുന്നില്ലെങ്കിലും തിരക്കഥാകൃത്തിന് ബ്ലോക്കുണ്ടായേക്കാവുന്ന ഇടങ്ങളെ അതിസമര്‍ഥമായി മറികടക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. കഥ തുടങ്ങുന്നിടത്ത് മാത്രമല്ല പലയിടങ്ങളിലായി കഥാപാത്രങ്ങളെ കൊണ്ടുതന്നെ അടുത്ത സന്ദര്‍ഭം പറയിക്കുന്ന രീതി അവലംബിച്ചിട്ടുണ്ട്. 

'നമ്മളി'ലെ കൗമാരക്കാരി പരിമളത്തില്‍ നിന്നും രണ്ട് പതിറ്റാണ്ടകലെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു'വില്‍ ആറു വയസ്സുകാരന്റെ അമ്മ നിത്യയിലേക്കെത്തുമ്പോള്‍ ഭാവന തന്റെ അഭിനയ ജീവിതത്തിലെ വലിയ മാറ്റം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. പല സിനിമകളിലും പൊട്ടിത്തെറിക്കുന്നതോ തെറിച്ച പെണ്ണോ ആയി വേഷം കെട്ടിയ നടി അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുമ്പോള്‍ വളരെ പക്വമായും വ്യത്യസ്തമായും തന്റെ വേഷം ഭംഗിയാക്കുന്നു.

ഷറഫുദ്ദീനെന്ന നടനിലെ അതിരുകടക്കാത്ത പതിവ് അഭിനയം തന്നെയാണ് ന്റിക്കാക്കക്കയില്‍ അദ്ദേഹം കാഴ്ചവെക്കുന്നത്. 

സിനിമയുടെ വ്യത്യസ്തതകളിലെ മറ്റൊന്ന് അതിലുപയോഗിച്ച കഥാപാത്രങ്ങളുടെ പേരുകളാണ്. സാധാരണ മുസ്‌ലിം പേരുകള്‍ക്ക് പകരം മില്‍ക്കയെന്നും ജിമ്മിയെന്നും പ്രധാന കഥാപാത്രങ്ങളെ വിശേഷിപ്പിക്കുന്നത് കൗതുകകരമാണ്. അന്താരാഷ്ട്ര കായിക താരമായി വളരാന്‍ ആഗ്രഹിച്ച ഒരു പിതാവ് തന്റെ രണ്ടു മക്കള്‍ക്ക് ഇന്ത്യന്‍ കായിക ലോകത്തെ രണ്ട് അതികായരായ മില്‍ക്കാ സിംഗിന്റേയും ജിമ്മി ജോര്‍ജ്ജിന്റേയും പേരിന്റെ ആദ്യ ഭാഗങ്ങള്‍ (അവരുടെ പേരിന്റെ രണ്ടാം ഭാഗം അവരുള്‍ക്കൊള്ളുന്ന മതത്തെ പ്രതിനിധീകരിക്കുന്നുമുണ്ട്) പേരുകള്‍ തെരഞ്ഞെടുത്തുവെന്നത് ജാതിക്കും മതത്തിനും ഒരുക്കിവെച്ച വേലിക്കെട്ടുകകളുടെ തകര്‍ക്കല്‍ തന്നെയാണ്. 

കൗമാരത്തിലെ പ്രണയിനിയെ കൈവിട്ടു പോകുന്ന അവനെപ്പോഴും അവളെ കുറിച്ചുള്ള ഓര്‍മകള്‍ എവിടെയൊക്കെ തട്ടിത്തടഞ്ഞു നില്‍ക്കുന്നുണ്ട്. അവളാകട്ടെ വിവാഹിതയാവുകയും ഒരു കുഞ്ഞിന്റെ അമ്മയുമായി. അവള്‍ പക്ഷേ, തന്റെ ജീവിതത്തില്‍ അവനെ കുറിച്ച് വല്ലാതൊന്നും ഓര്‍ക്കുന്നതായി പറയുന്നുമില്ല. എങ്കിലും യാദൃശ്ചികമായി അവര്‍ തമ്മില്‍ കാണുമ്പോള്‍ പഴയ സൗഹൃദം പൊടിതട്ടിയെടുക്കുകയും പ്രണയത്തിന്റെ അതിരുകളൊന്നുമില്ലാതെ ഇഷ്ടങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

രണ്ട് മതങ്ങളിലാണെങ്കിലും അതൊന്നും അവര്‍ക്ക് മുമ്പില്‍ വലിയ വേലികള്‍ തീര്‍ക്കുന്നില്ല. അവന്റെ കുടുംബം മതഭക്തിയില്‍ ജീവിക്കുന്നവരാണെങ്കില്‍ പോലും ഓരോരുത്തരും തങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കണമെന്ന് ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ തിരിച്ചറിയുന്നുമുണ്ട്. 


വിന്റേജ് കാറുകളെ പ്രണയിക്കുകയും വിന്റേജ് കാര്‍ ഷോറും ആരംഭിക്കുകയും ചെയ്യുന്ന നായകനും അവന്റെ 'ബിസിനസ് പാര്‍ട്ണറായ' കുഞ്ഞനുജത്തിക്കും അവള്‍ സമ്മാനം നല്‍കുന്നതു പോലും തന്റെ വിന്റേജ് കാറാണ്. രസകരമായ മറ്റൊരു കാര്യം ഒരു കാലത്ത് പ്രണയിച്ചു നടന്ന അവരില്‍, അവന്റെ അനുജത്തിയോളം പ്രായമുണ്ട് അവളുടെ മകനെന്നതാണ്!

ഷറഫുദ്ദീന്റെ ജിക്കാക്കയെന്ന ജിമ്മിയും ഭാവനയുടെ നിത്യയും ചേര്‍ന്നുള്ള ഭാഗങ്ങള്‍ വളരെ റിയലിസ്റ്റിക്കായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് സംവിധായകന്റെ വിജയമായി കാണണം. ഒരുപക്ഷേ, അശ്ലീലത്തിലേക്ക് വഴുതി വീണേക്കാവുന്ന സംഭാഷങ്ങളും രംഗങ്ങളും വളരെ നിലവാരത്തോടെ കാത്തുവെക്കാനായതും സിനിമയെ കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ളതാക്കും. പലപ്പോഴും കാണാറുള്ളത് കാമുകനെ കാത്തിരിക്കുന്ന കാമുകിയെയാണെങ്കില്‍ ഇവിടെ രണ്ടാം വിവാഹക്കാരിയായ കാമുകിക്കു വേണ്ടി നിഷ്‌കളങ്കമായി കാത്തിരിക്കുന്ന അവനെയാണ്.

'വിന്റേജ്' രീതിയില്‍ ചേര്‍ത്തുവെക്കുന്ന പാട്ടുകള്‍ക്കും ഈ സിനിമ പോലെ കണ്ടിരിക്കാനും കേട്ടിരിക്കാനുമുള്ള ചന്തമുണ്ട്. 

സ്വസ്ഥമായൊരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാധാനത്തിലിരുന്ന് ആസ്വദിക്കാവുന്ന ചലച്ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.

https://malayalam.samayam.com/malayalam-cinema/movie-review/sharafudheen-bhavana-menon-asokan-anarkkali-nazar-sadique-shebin-benson-starrer-ntikkakkakkoru-premandarnnu-review-rating-in-malayalam/moviereview/98205975.cms

(THE TIMES OF INDIA സമയം മലയാളം 2023 ഫെബ്രുവരി 24)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്