കഥയുടെ വഴിയില്‍ പൂക്കള്‍ വീഴ്ത്താന്‍ ഇനി ജോണ്‍പോളില്ല


യഞ്ഞു കിടക്കുന്ന ജുബ്ബയ്ക്കകത്തെ തടിച്ച ആ ശരീരപ്രകൃതിയില്‍ നിന്നും ഒഴുകിവരുന്ന അതിമനോഹരമായ വിവരണം കേട്ട് പല തവണ കൗതുകംപൂണ്ട് നിന്നിട്ടുണ്ട്. എറണാകുളത്തെ സാംസ്‌ക്കാരിക പരിപാടികളില്‍ പലതിലും, പ്രത്യേകിച്ച് സിനിമയും നാടകവുമായി ബന്ധപ്പെട്ടവയ്‌ക്കെല്ലാം ജോണ്‍ പോളിന്റെ ശബ്ദം ഒഴുകിയെത്തുന്നത് കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്- കോവിഡ് കാലം എല്ലാറ്റിനും തടയിടുന്നതിനുമുമ്പ്, എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായി ഓടിയെത്തിയിരുന്ന മൂന്ന് വര്‍ഷക്കാലം പല വേദികളില്‍ പല നേരങ്ങളില്‍.

ജോണ്‍പോള്‍ ഒരത്ഭുതമാണെന്ന് തോന്നിയത് അദ്ദേഹത്തിന്റെ സിനിമകളിലൂടെ തന്നെയായിരുന്നു. തിരക്കഥകളേക്കാള്‍ അത്ഭുതമാണ് ആ മനുഷ്യനെന്ന് നേരില്‍ കണ്ട, ശബ്ദം കേട്ട കാലത്താണ് മനസ്സിലായത്. ഞാന്‍ കണ്ട കാലത്തിനിടയില്‍ അദ്ദേഹം ഒരുപക്ഷേ ഒരു തിരക്കഥ മാത്രമായിരിക്കും എഴുതിയിട്ടുണ്ടാവുക- അദ്ദേഹത്തിന്റെ അവസാന സിനിമയുടെ തിരക്കഥ- പ്രണയമീനുകളുടെ കടല്‍.

ജോണ്‍ പോള്‍ അവതരിപ്പിച്ച എത്രയോ പരിപാടികളില്‍ കൊച്ചിയും സിനിമയും കലാരംഗവുമായി ബന്ധപ്പെട്ട നിരവധി നോട്ടുകള്‍ എടുത്തുവെക്കാന്‍ സാധിച്ചിട്ടുണ്ട്. അവയില്‍ നിന്നൊക്കെ പലതരം ഫീച്ചറുകളും സ്‌പെഷ്യല്‍ സ്റ്റോറികളുമൊക്കെ ഉണ്ടാക്കണമെന്ന ഉദ്ദേശത്തില്‍! ദൈനംദിന പത്രപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഫീച്ചറുകളിലേക്കിറങ്ങാനേ സാധിക്കാത്തതിനാല്‍, അടുക്കിവെച്ച പുസ്തകക്കൂട്ടത്തില്‍ അനങ്ങാതെ കിടക്കുന്നു അവയെല്ലാം. 

എറണാകുളവുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ അദ്ദേഹം തന്റെ കേള്‍വിക്കാരുമായി പങ്കുവെച്ചിട്ടുണ്ട്- അതും തെളിഞ്ഞ ഓര്‍മയില്‍. വര്‍ഷവും പേരും സാഹചര്യങ്ങളുമെല്ലാം എത്ര തെളിമയോടെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. താന്‍ പറയുന്ന സംഭവത്തിന്റേയോ സാഹചര്യത്തിന്റേയോ വ്യക്തിയുടേയും ആനുകാലികമായ അവസ്ഥ കൂടി അദ്ദേഹം വിവരിച്ചിരുന്നു. സഫാരി ടി വിയില്‍ അദ്ദേഹം അവതരിപ്പിച്ച പരിപാടിയാണ് ആ ഓര്‍മയുടെ മികച്ച ഉദാഹരണം. സഫാരി ടി വിയില്‍ എങ്ങനെയാണോ അദ്ദേഹം സംസാരിച്ചിരുന്നത് അത്രയും മനോഹരം തന്നെയായിരുന്നു പൊതുവേദികളിലെ അദ്ദേഹത്തിന്റെ വിവരണവും. 

ഉദാഹരണം സുജാത എന്ന മഞ്ജുവാര്യര്‍ സിനിമയില്‍ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം ജോണ്‍പോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നുവല്ലോ. 

കലൂര്‍ ഐ എം എ ഹൗസിന്റെ ഹാളില്‍ പ്രണയ മീനുകളുടെ കടലിന്റെ പൂജയ്ക്ക് അദ്ദേഹവും മമ്മൂട്ടിയും കമലും ഉള്‍പ്പെടുന്ന വന്‍നിര ഉണ്ടായിരുന്നു. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ഷെയ്ന്‍ നിഗം ചിത്രം ഖുര്‍ബാനിയുടെ പൂജയ്ക്ക് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ വെച്ചാണെന്നു തോന്നുന്നു ജോണ്‍പോളിനെ അവസാനമായി കണ്ടത്. അന്നദ്ദേഹം പുറത്തിറങ്ങാതെ കാറില്‍ തന്നെ ഇരിക്കുകയായിരുന്നു. 

മൂന്നു വര്‍ഷം മുമ്പൊരു രാത്രിയില്‍, 2019 ജനുവരി 15നാണെന്നാണ് ഓര്‍മ, ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കെ ജി ജോര്‍ജ്ജും കവിയൂര്‍ പൊന്നമ്മയും ലിജോ ജോസ് പെല്ലിശ്ശേരിയും പങ്കെടുത്ത ഒരു പരിപാടി കഴിഞ്ഞ് വേദിക്കു സമീപം അദ്ദേഹം ബെഞ്ചിലിരിക്കുമ്പോഴാണ് അടുത്തു ചെന്ന് ചോദിച്ചത്, സര്‍ ഒരു ഫോട്ടോയെടുത്തോട്ടേയെന്ന്! അത്രയും നേരം എത്ര മനോഹരമായി സംസാരിച്ചുവോ അത്രയും സുന്ദരമായി തന്നെ അദ്ദേഹം മറുപടി നല്കി.

യാദൃശ്ചികമാണെങ്കിലും ഫോട്ടോയില്‍ ഞങ്ങള്‍ക്കു പിന്നില്‍ ഒരു ചങ്ങമ്പുഴക്കവിതയുടെ എട്ടുവരികളുണ്ടായിരുന്നു. ചങ്ങമ്പുഴ മലയാള കവിതാ ലോകത്തെ എത്രമാത്രം ഭാവാത്മകമാക്കിയോ അതുപോലെ മലയാള സിനിമയെ ഭാവാത്മകമാക്കിയ ഒരാളുടെ ചാരെ നില്‍ക്കുമ്പോള്‍, ഒരുപക്ഷേ, മനസ്വിനിയെന്ന കവിതയില്‍ ചങ്ങമ്പുഴ ഉദ്ദേശിച്ച അര്‍ഥത്തിലല്ലെങ്കിലും, എന്റെയുള്ളും അങ്ങനെ തന്നെയായിരിക്കണം പാടിയിട്ടുണ്ടാവുക! 


മലരൊളി തിരളും മധുചന്ദ്രികയില്‍

മഴവില്‍ക്കൊടിയുടെ മുനമുക്കി,

എഴുതാനുഴറീ കല്‍പന ദിവ്യമൊ-

രഴകിനെ, എന്നെ മറന്നൂ ഞാന്‍!

മധുരസ്വപ്ന ശതാവലി പൂത്തൊരു

മായാലോകത്തെത്തീ ഞാന്‍!

അദ്വൈതാമല ഭാവസ്പന്ദിത-

വിദ്യുന്മേഖല പൂകീ ഞാന്‍!....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്