ആ നദിയോട് പേരു ചോദിക്കരുത് (വായനാനുഭവം)
വായിച്ചു കിടന്ന സായാഹ്നത്തില്‍ അറിയാതെ ഉറങ്ങിയപ്പോള്‍ ഉള്ളില്‍ വന്നു നിറഞ്ഞത് സഹലിനെ കാത്ത് മസ്ജിദുല്‍ അഖ്‌സയ്ക്കു മുമ്പില്‍ നില്‍ക്കുന്ന അഷേറാണ്. സഫമര്‍വാ കോഫി ഷോപ്പിലെ സുലൈമാന്റെ അടുത്തേക്ക് സഹലിനോടൊപ്പം പണ്ടൊരിക്കല്‍ കയറിച്ചെന്ന അതേ അഷേര്‍.
ജയിക്കുമെന്ന് ഉറപ്പില്ലാത്ത യുദ്ധത്തിന് ഇറങ്ങരുത് കുട്ടീയെന്ന ഉപദേശം നല്‍കുന്ന അബായകള്‍ വില്‍ക്കുന്ന വൃദ്ധനെ കേള്‍ക്കാനാവുന്നുണ്ട്. ആയുധ പരീക്ഷണത്തിന് വേണ്ടി അങ്ങ് സൃഷ്ടിച്ച തുരുത്താണോ ഗാസയെന്ന് എഴുത്തുകാരി തമ്പുരാനോട് കലഹിക്കുന്നതും കേള്‍ക്കുന്നുണ്ട്. മുനാ ഹസന്റെ മനസ്സില്‍ നിന്നും ഉറവപൊട്ടിയ നദിയെ തന്നിലേക്കാവാഹിച്ചെടുത്ത ഷീലാ ടോമിയുടെ 'ആ നദിയോട് പേര് ചോദിക്കരുത്' കലങ്ങിയൊഴുകി മലകളെ കശക്കിയെറിഞ്ഞ് ഉരുള്‍പൊട്ടിച്ച് നഗരങ്ങളേയും ഗ്രാമങ്ങളേയും തകര്‍ത്തൊരു നിമിഷത്തിലാണ് ശ്വാസം കിട്ടാതെ ഞെട്ടിയുണര്‍ന്നത്.
സോഫയില്‍ കിടന്നുറങ്ങിയവന് സ്ഥലകാല ബോധം തിരികെ കിട്ടാന്‍ പിന്നേയും നിമിഷങ്ങളെടുത്തു. ഒരിക്കല്‍ വായിച്ച പുസ്തകത്തിലെ ഒന്നാമധ്യായത്തില്‍ പൊട്ടിയ ഉറവയില്‍ നിന്ന് രക്തമൊലിക്കുന്നുണ്ട്. 'ജന്മദേശമുണ്ട് നിങ്ങള്‍ക്കൊക്കെ, ഞങ്ങള്‍ക്ക് മണ്ണില്ല, രാജ്യവുമില്ല.' മിഴികള്‍ തുളുമ്പിയ മുനയുടെ കണ്ണുകളില്‍ ചിരിക്കാന്‍ മറന്നുപോയ ഒരു ജനതയുടെ കാഴ്ച!
'I learnt all the words and broke them up
To make a single word: Homeland'
- Mahmoud Darwish
'പഠിച്ചെടുത്ത വാക്കുകള്‍ പൊളിച്ചടുക്കി ഞാന്‍
സ്വദേശമെന്ന വാക്കിനെ പടുത്തുയര്‍ത്തുവാന്‍'
ഫലസ്തീനിയന്‍ കവി മഹ്മൂദ് ദര്‍വീഷിന്റെ വരികള്‍ ഇങ്ങനെ തന്നെയാണോ മലയാളത്തിലേക്ക് മൊഴി മാറ്റേണ്ടതെന്ന് അറിയില്ല. എനിക്ക് തോന്നിയത് ഇങ്ങനെയാണ്. ഇതല്ല ആശയമെങ്കില്‍ മഹ്മൂദ് ദര്‍വീഷ് ക്ഷമിക്കട്ടെ. ഭൂപടത്തിലില്ലാത്ത നദികള്‍ എന്ന ആമുഖക്കുറിപ്പില്‍ ഇതുപയോഗിച്ച ഷീലാ ടോമിയും!
* ** ** ** ** **
ഇനിപ്പറയുന്നത് നിങ്ങള്‍ വിശ്വസിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും കാര്യങ്ങള്‍ സംഭവിച്ചത് ഇങ്ങനെയാണ്:
'ആ നദിയോട് പേരു ചോദിക്കരുത്' വായിച്ചു പൂര്‍ത്തിയാക്കിയതിന്റെ പിറ്റേ ദിവസം. ഇടപ്പള്ളിയില്‍ നിന്ന് എറണാകുളം വരെ പോകണം. മറൈന്‍ ഡ്രൈവ് താജ് വിവാന്തയില്‍ എറണാകുളം ജില്ലാ കലക്ടറുടെ പരിപാടിയുണ്ട്. ഗതാഗതക്കുരുക്കും സിഗ്‌നലുകളുമുള്ള ദേശീയപാത ഒഴിവാക്കി അകം വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചതു തന്നെ പേര് ചോദിക്കാന്‍ പാടില്ലാത്ത ആ നദിയുടെ വായനാനുഭവം ഓര്‍ക്കാന്‍ വേണ്ടിയാണ്.
സ്‌കൂട്ടറുമെടുത്ത് യാത്ര പുറപ്പെട്ടതേ ഓര്‍മയിലുണ്ടായിരുന്നുള്ളു. പോണേക്കരയും ചങ്ങമ്പുഴ പാര്‍ക്കും എളമക്കരയുമൊക്കെ എങ്ങനെ പിന്നിട്ടുവെന്ന് അറിഞ്ഞതു പോലുമില്ല. എങ്ങനെയെല്ലാമോ പോയി അടഞ്ഞു കിടക്കുന്നൊരു റെയില്‍വേ ഗേറ്റിനു മുമ്പിലെത്തിയപ്പോഴാണ് സ്ഥലകാല ബോധം പാതി തിരികെ കിട്ടിയത്. ഗേറ്റ് തുറന്നാല്‍ പോകുന്ന വഴി തെറ്റായിരിക്കുമെന്നൊരു തോന്നലുണ്ടായപ്പോഴാണ് അടുത്തുള്ള സ്‌കൂട്ടറുകാരനോട് ചോദിച്ചത്- ചേട്ടാ എറണാകുളത്തേക്ക് പോകേണ്ടത് ഇതുവഴി തന്നെയല്ലേ. അദ്ദേഹം കുറച്ചുനേരം എന്നെയൊന്നു നോക്കി. എറണാകുളത്ത് എവിടേക്കാണെന്ന മറുചോദ്യം വന്നു. നദിയുടെ ബലത്തില്‍ മസ്ജിദുല്‍ അഖ്സ എന്നാണ് ആദ്യം നാവില്‍ വന്നതെങ്കിലും ഹൈക്കോടതിയെന്ന് പറഞ്ഞൊപ്പിക്കാന്‍ കഴിഞ്ഞു. വീണ്ടും കുറച്ചു സമയം അദ്ദേഹം എന്നെ നോക്കി. വന്ന വഴിയിലൂടെ തിരികെ പോകാനായിരുന്നു കല്‍പ്പന. പിന്നെയെന്തുകൊണ്ടോ സഹതാപം തോന്നയായിരിക്കണം തിരിച്ചു പോകേണ്ട ഗേറ്റ് തുറന്നാല്‍ ഇടതുവശത്തുള്ള റോഡിലേക്ക് പോയാല്‍ മതിയെന്ന് പറഞ്ഞു തന്നത്.
ചുറ്റിവളച്ചുള്ള യാത്രയില്‍ മുമ്പില്‍ ഗതാഗതക്കുരുക്കുള്ളൊരു ജംഗ്ഷനിലെത്തിയപ്പോള്‍ ജറുസലേമില്‍ ജൂത ക്വാര്‍ട്ടറും ക്രിസ്ത്യന്‍ ക്വാര്‍ട്ടറും മുസ്ലിം ക്വാര്‍ട്ടറും മനസ്സിലാവാതെ അന്തംവിട്ട മെത്തപ്പേലെത്ത് വ്ളോഗര്‍ റൂത്ത് എസ്തപ്പാനെ പോലെയായി. വീണ്ടും സമീപത്തെ സ്‌കൂട്ടര്‍ തന്നെ രക്ഷ. 'ചേച്ചീ, ഹൈക്കോടതിക്കേതു ഭാഗത്തേക്കു പോകണം'- ചോദ്യം ചേച്ചിക്കിഷ്ടമായി, ഉത്തരം പക്ഷേ എനിക്ക് വേണ്ടുന്നതായിരുന്നില്ല. 'ഞാനും അങ്ങടാണ്'. നില്‍ക്കാന്‍ സമയമില്ല, തിരക്കിനിടയിലൂടെ സ്‌കൂട്ടര്‍ കുത്തിക്കയറ്റി ആദ്യം കണ്ട റോഡിലേക്കെടുത്ത് ആക്സിലേറ്റര്‍ തിരിച്ചു. ഹൈക്കോടതി ഭാഗത്തേക്ക് പോകുന്ന ചേച്ചിയുടെ സ്‌കൂട്ടര്‍ പിന്തുടരാന്‍ നിന്നാല്‍ പരിപാടിക്കെത്താനായെന്ന് വരില്ല. തോന്നിയ വഴിയിലേക്ക് കയറിയതാണെങ്കിലും ഭാഗ്യം കൂടെയുണ്ടായി. പച്ചപ്പിന്റെ മംഗളവനം, പോകെപ്പോകെ ഹൈക്കോടതി കെട്ടിട സമുച്ചയം പ്രത്യക്ഷപ്പെട്ടു തുടങ്ങി.
തത്ക്കാലം ജറുസലേമില്‍ നിന്നും എറണാകുളത്തേക്ക് റോഡിലേക്കെത്തി. സ്‌കൂട്ടര്‍ പാര്‍ക്കിംഗില്‍ നിര്‍ത്തി താജ് വിവാന്തയിലെ ശീതീകരിച്ച ഹാളിലേക്ക് ഓടിക്കയറുമ്പോള്‍ ജില്ലാ കലക്ടര്‍ വേദിയിലെ ഇരിപ്പിടത്തിലേക്ക് നീങ്ങുന്നേ ഉണ്ടായിരുന്നുള്ളു.
മടക്ക യാത്ര പക്ഷേ, വീണ്ടും ആ നദി പറ്റിച്ചു. ജോര്‍ദാന്‍ ടെര്‍മിനലിലേക്ക് ബസ് കാത്തിരിക്കുന്ന സാറ അല്‍ഫാദിയുടെ ഫോണ്‍ വിളിയാണ് ചെവിയില്‍ മുഴങ്ങിയത്. എം ജി റോഡിലെ റെഡ് സിഗ്‌നല്‍ കട്ട് ചെയ്യുമായിരുന്ന എന്ന പൊലീസുകാരനാണ് കൈകാണിച്ച് നിര്‍ത്തിച്ചത്. ഭാഗ്യത്തിന് അയാളൊന്നും പറഞ്ഞില്ല, ഫൈനും ചുമത്തിയില്ല.
നോവലിനെ കുറിച്ച് ചിന്തിക്കാതെ ബാക്കി ദൂരം എങ്ങനെ ഓടിത്തീര്‍ക്കുമെന്നതായിരുന്നു മുമ്പിലുണ്ടായിരുന്ന പ്രധാന കടമ്പ.
* ** ** ** **
മാഹി ഏത് പാതിരാത്രിയിലും കണ്ണുംപൂട്ടി സഞ്ചരിക്കാവുന്നത്രയും പരിചിതമായിരുന്നതിനാല്‍ എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ദൈവത്തിന്റെ വികൃതികളും അറിയാവുന്ന ഭൂപ്രദേശത്തുകൂടെയുള്ള യാത്രയായിരുന്നു. ഡല്‍ഹിയിലൂടെ യാത്ര ചെയ്യവെ അദ്ദേഹത്തിന്റെ തന്നെ ഡല്‍ഹി മനസ്സിലേക്കെടുത്തു നോക്കിയെങ്കിലും കൊണാട്ട് പ്ലേസുള്‍പ്പെടെ അനുഭവിക്കാനായില്ല.
എം ടിയുടെ മഞ്ഞ് വായിക്കുന്ന കാലത്ത് നൈനിറ്റാള്‍ കണ്ടിരുന്നില്ല. പക്ഷേ, ആ നാട്ടിലൂടെ ഞാനും സഞ്ചരിക്കുന്നുണ്ടല്ലോ എന്നു തോന്നി. പിന്നീടൊരിക്കല്‍ നൈനിറ്റാളില്‍ പോയപ്പോള്‍ ബുദ്ധുവിന്റെ തോണിയും വിമല നടന്ന വഴികളുമൊക്കെ മുമ്പില്‍ തെളിഞ്ഞു. എന്തൊരു എഴുത്താണ് സര്‍, എന്ന് എം ടിയോട് കടുത്ത ആരാധന അനുഭവിച്ച നിമിഷം.
മുഹമ്മദ് അസദിന്റെ 'റോഡ് ടു മക്ക'യുടെ ഡോ. എം എന്‍ കാരശ്ശേരി നിര്‍വഹിച്ച മലയാള വിവര്‍ത്തനം 'മക്കയിലേക്കുള്ള പാത' മറ്റൊരു അനുഭവമായിരുന്നു. കണ്ടിട്ടില്ലാത്ത ഭൂപ്രദേശങ്ങളിലൂടെ കടന്നു പോകുന്നതു പോലെ.
മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകളാണ് അക്കാലം വരെ കണ്ടിട്ടില്ലായിരുന്ന മരുഭൂമിയും അവിടുത്തെ ബദുവിയന്‍ ഗോത്രങ്ങളേയും സാദിനേയും കാണിച്ചു തന്നത്. ബാബു ഭരദ്വാജിന്റേതല്ല, എന്റെ കൂട്ടുകാരനായിരുന്നു സാദ്!
കൊല്‍ക്കത്തയും ബംഗാളും കാണണമെന്ന് ആഗ്രഹത്തിന് തീ പടര്‍ന്ന നോവലാണ് കെ ആര്‍ മീരയുടെ ആരാച്ചാര്‍. ബംഗാളിന്റെ ഏതൊക്കെ ഊടുവഴികളിലൂയാണ് ആരാച്ചാര്‍ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. പഥേര്‍ പാഞ്ചാലി പോലെ ഹൃദയത്തില്‍ ബംഗാളിനെ വരച്ചുവെച്ചു ആരാച്ചാര്‍.
ഫലസ്തീനും ഇസ്രായേലുമൊന്നും കണ്ടിട്ടില്ലാത്ത എനിക്കു മുമ്പില്‍ വിസയില്ലാത്തൊരു യാത്രയായിരുന്നു ഷീലാ ടോമിയുടെ ആ നദിയോട് പേരു ചോദിക്കരുത്. നോവലിസ്റ്റ് എത്രകാലം ഇസ്രായേലിലുണ്ടായി എന്ന ചോദ്യമാണ് പല വിവരണങ്ങളിലും കൂടെയുണ്ടായത്. ഫലസ്തീനിലേയും ഇസ്രായേലിലേയും ഓരോ വഴിയിലൂടെയും കഥാപാത്രങ്ങളുമായി കഥാകാരി സഞ്ചരിക്കുമ്പോള്‍ കൂടെ വായനക്കാരും പോകുന്നുണ്ട്. മനോഹരമായ വാക്കുകളില്‍ അതിമനോഹരമായ രചന.
റൂത്തില്‍ എത്രയുണ്ട് ഷീലാ ടോമിയെന്ന ആലോചന എവിടേയുമെത്തിച്ചില്ല. തന്നെ കുടഞ്ഞുകളഞ്ഞാണ് നോവലിസ്റ്റ് കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിനോടും പി ഭാസ്‌ക്കരനോടുമുള്ള അതിസ്നേഹം മാത്രമാണ് നോവലില്‍ ആകെയുള്ള ഷീല ടോമി പക്ഷം. നോവല്‍ സമര്‍പ്പിച്ചിരിക്കുന്നതും ആ രണ്ടുപേര്‍ക്കും തന്നെയാണല്ലോ.
* * * * ** **
മുമ്പേ എഴുതേണ്ടതായിരുന്നു. ഇന്ന് ഫോറം മാളില്‍ ഡി സി ബുക്സിന്റെ പുസ്തക കൗണ്ടറില്‍ 'ആ നദിയോട് പേരു ചോദിക്കരുത്' നാലാം പതിപ്പ് കണ്ടപ്പോള്‍ ഇനിയും എഴുതാതിരിക്കാനാവില്ലെന്ന് തോന്നി. 'ഡു നോട്ട് ആസ്‌ക് ദി റിവര്‍ ഹേര്‍ നെയിം' എന്ന ഇംഗ്ലീഷ് പരിഭാഷയെ കുറിച്ച് പരിഭാഷക മിനിസ്തി എസ് പറയുന്ന വീഡിയോ കൂടി ഈ കുറിപ്പ് എഴുതിത്തീര്‍ക്കാന്‍ പ്രേരണയായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ