കൊച്ചിയില്‍ പാതി പാലിയം


കൊച്ചിയില്‍ പാതി പാലിയമെന്നൊരു ചൊല്ലുണ്ട്. തൃപ്പൂണിത്തുറ കേന്ദ്രമായി കൊച്ചി രാജ്യം ഭരിച്ചവരുടെ പ്രധാനമന്ത്രിമാരായ പാലിയത്തച്ചന്‍മാര്‍ പറവൂരിനടുത്തുള്ള പാലിയം കോവിലകം കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉഗ്രപ്രതാപികളായിരുന്നു പാലിയത്തച്ചന്മാര്‍. തങ്ങളുടെ കോവിലകത്തിനും നാലുകെട്ടിനും ചുറ്റുമുള്ള പ്രദേശങ്ങളില്‍ കളരിയും കലയും ഉള്‍പ്പെടെ വളര്‍ത്താനും അവര്‍ ശ്രമം നടത്തിയിരുന്നു. ശില്‍പികളും നെയ്ത്തുകാരുമൊക്കെയായി സമ്പന്നമായൊരു നാട്ടുഭരണമെന്നു വേണമെങ്കില്‍ വിളിക്കാം. 

സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത സത്യാഗ്രഹവും ഇതേ പാലിയത്തായിരുന്നു. പാലിയത്തച്ചന്റെ കോവിലകത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പാലിയം ക്ഷേത്ര പരിസരത്തെ വഴിയിലൂടെ അവര്‍ണര്‍ക്കും അഹിന്ദുക്കള്‍ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പ്രസ്തുത സത്യാഗ്രഹം 1947ന്റെ അവസാനം മുതല്‍ 1948 മാര്‍ച്ച് വരെ 97 ദിവസമാണ് നീണ്ടു നിന്നത്.  

മൂന്നാഴ്ച മുമ്പ്, ചേന്ദമംഗലത്തെ നെയ്ത്ത് ഗ്രാമം തേടിപ്പോയപ്പോഴാണ് യാദൃശ്ചികമായി പാലിയം കോവിലകത്തെത്തിയത്. കോവിലകത്തിന് സമീപത്തായി നാലുകെട്ടും 108 മുറി ഭവനവുമെല്ലാമുണ്ട്. ഇതില്‍ കോവിലകത്തും നാലുകെട്ടിലും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. 108 മുറി ഭവനം പാലിയത്തു കുടുംബം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അവിടേക്ക് ആര്‍ക്കും കയറാനാവില്ല. 

പാലിയം കോവിലകത്തിന്റെ കഥയും കാര്യവും പിന്നെ പറയാം. ഇപ്പോള്‍ പറയാനുള്ളത് പാലിയം നാലുകെട്ടിനെ കുറിച്ചാണ്.

കേരള സര്‍ക്കാറിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിലാണ് നിലവില്‍ പാലിയം കോവിലകവും നാലുകെട്ടുമുള്ളത്. പൈതൃക സ്മാരകമാണ് പാലിയം നാലുകെട്ട് മ്യൂസിയം. ഇപ്പോള്‍ 235 വര്‍ഷം പഴക്കമുണ്ട് 1789ല്‍ നിര്‍മിച്ച ഈ നാലുകെട്ടിന്. 

മരുമക്കത്തായ സമ്പ്രദായമായതിനാല്‍ പാലിയത്തെ നിരവധി തലമുറകള്‍ കൂട്ടുകുടുംബമായി താമസിച്ചിരുന്ന പരമ്പരാഗത തറവാടാണ് പാലിയം നാലുകെട്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ പാലിയം കോവിലകത്തേക്ക് വനിതകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പാലിയം നാലുകെട്ടാകട്ടെ സ്ത്രീകളുടേയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടേയും വിഹാര കേന്ദ്രവുമായിരുന്നു. 

കേരളീയ വാസ്തുശില്‍പ വിദ്യയുടെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് പാലിയം നാലുകെട്ട്. കാറ്റും വെളിച്ചവും കടക്കാനുള്ള 'ക്രോസ് വെന്റിലേഷന്‍' നിര്‍മിച്ച രീതി മാത്രം മതിയാകും അക്കാലത്തെ വാസ്തുവിദ്യയുടെ മഹത്വം തിരിച്ചറിയാന്‍. 

വാസ്തു എന്നൊക്കെ പറഞ്ഞ് ആളെപ്പറ്റിക്കുന്ന ജ്യോതിഷികളുടെ തട്ടിപ്പ് തിരിച്ചറിയാന്‍ പാലിയം നാലുകെട്ടിന്റെ (ഒരുപക്ഷേ ഏതൊരു നാലുകെട്ടിന്റേയും പഴയ വീടുകളുടേയും) വാസ്തുവിദ്യ കാണേണ്ടതുണ്ട്. എന്‍ജിനിയര്‍മാരും ആര്‍ക്കിടെക്ടുകളും കൂടി ഇത്തരം നാലുകെട്ടുകളും പഴയ വീടുകളും കാണണമെന്നും ശിപാര്‍ശ ചെയ്യുന്നു.  

പുറത്തു നിന്നും കാറ്റിന് കടന്നു വരാന്‍ പണിതുണ്ടാക്കിയ ദ്വാരത്തിലൂടെ ചുമരിനകത്തുകൂടെ സഞ്ചരിച്ചെത്തുന്ന കാറ്റ് നാലുകെട്ടിന്റെ മധ്യഭാഗത്തേക്ക് പോലും പല ജനാലകള്‍ വഴി തണുപ്പും സുഖവും നല്‍കും. നടുമുറ്റത്തേക്ക് പെയ്തിറങ്ങുന്ന മഴയ്ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ തറയോടുകള്‍ക്ക് താഴെ ചാലൊരുക്കിയിരിക്കുന്നു. അത് മുകളില്‍ കാണുകയേയില്ല. നടുമുറ്റത്തിനടുത്ത് രണ്ട് തൂണുകള്‍ക്ക് മധ്യേ ഒരിടമുണ്ട്. ജനിച്ചു വീഴുന്ന കുട്ടികളെയും മരിച്ചു പോയവരേയും കുളിപ്പിക്കാനുള്ള ഇടം. അവിടെ തറയിലേക്ക് വീഴുന്ന വെള്ളത്തിന് പുറത്തേക്ക് പോകാന്‍ നടുമുറ്റത്തു നിന്നും മഴവെള്ളത്തിന് പുറത്തേക്കുള്ള വഴിയൊരുക്കുന്ന ചാലിലേക്ക് തറയില്‍ വൃത്തിയിലൊരു ഇടം. പെറാനും അസുഖം വന്നാല്‍ ശ്രുശ്രൂഷിക്കാനും ഉള്‍പ്പെടെ ഇരുട്ടും തണുപ്പുമുള്ള മുറി. അടുക്കള, പട്ടന്മാര്‍ക്ക് ഭക്ഷണമുണ്ടാക്കാനുള്ള വലിയ പാത്രങ്ങള്‍, വിളമ്പാനുള്ള ചോറു കൊണ്ടുപോകാനുള്ള വലിയ മരപ്പാത്രം, വിളമ്പാനും സൂക്ഷിക്കാനുമൊക്കെയുള്ള വ്യത്യസ്ത പാത്രങ്ങള്‍, ആന പിടിച്ചാലും പൊങ്ങാത്ത വലിയ ഭാരവും വീതിയും നീളവുമുള്ള കൊത്തുപണികളോടു കൂടിയ മരത്തൂണുകള്‍ തുടങ്ങി കാഴ്ചകള്‍ പഴയ കാലത്തേക്കെത്തിക്കുന്നതായിരുന്നു. 

പ്രത്യേക താഴുപയോഗിച്ച് പൂട്ടിയ ആഭരണ മുറിയാണ് മറ്റൊരു പ്രത്യേകത. കുടുംബത്തിലെ ആഭരണങ്ങളും വിലകൂടിയ വസ്തുക്കളും ഈ മുറിയിലാണ് സൂക്ഷിച്ചിരുന്നത്. ഒരല്‍പ്പം ഉയര്‍ത്തിയുണ്ടാക്കിയ ഈ മുറിയില്‍ നിന്നും രഹസ്യ വാതില്‍ വഴി പുറത്തേക്ക് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗവുമുണ്ടായിരുന്നു. എന്തെങ്കിലും ആക്രമണങ്ങളുണ്ടായാല്‍ മുറിയില്‍ നിന്നും താഴേക്കുള്ള ഏണി വഴി ഇറങ്ങി അവിടെയുള്ള തുരങ്കം വഴി പുറത്തേക്ക് രക്ഷപ്പെടാനാവും. ഇപ്പോള്‍ കെട്ടിപ്പൂട്ടിയ തുരങ്കത്തിന്റെ മുഖത്തേക്കിറങ്ങി നോക്കിയപ്പോള്‍ കിട്ടിയ മണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തലശ്ശേരിക്കോട്ടയിലെ രഹസ്യ ഗുഹയില്‍ കയറിയപ്പോഴുണ്ടായ അതേ ഗന്ധം!

വലിയ അകത്തളത്തില്‍ പാലിയത്തുകാരില്‍ ഇതുവരെ മരിച്ചവരുടെ ലഭ്യമായ ഫോട്ടോകള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗായകന്‍ പി ജയചന്ദ്രനും പാലിയത്തുകാരനാണ്. അദ്ദേഹത്തിന്റെ അമ്മയുടെ ചിത്രവും അവിടെയുണ്ട്. 

നാലുകെട്ടിന്റെ മുകളിലേക്ക് കുത്തനെയുള്ള ഏണിപ്പടികളാണുണ്ടായിരുന്നത്. മുകളില്‍ അഞ്ച് മുറികള്‍ സജ്ജീകരിച്ചിരിക്കുന്നു. ഓരോ മുറിക്കും പുറത്തേക്കു കാണാന്‍ മാത്രമായി ചെറിയ മട്ടുപ്പാവുമുണ്ട്. ഹോട്ടല്‍ മുറികള്‍ പോലെ നിരന്നു നില്‍ക്കുന്ന മുറികളാണ് ഏറ്റവും കൗതുകം തന്നത്. പണ്ട് അപ്ഫന്‍ നമ്പൂതിരിമാര്‍ക്ക് പാലിയം നാലുകെട്ടിലെ സ്ത്രീകളുമായി 'സംബന്ധ'ത്തിനുള്ളതായിരുന്നു ഈ മുറികള്‍. ഓരോ രാത്രിയിലും അഞ്ച് നമ്പൂതിരിമാരെ പാലിയം നാലുകെട്ട് സ്വീകരിച്ചിട്ടുണ്ടാവാം. കുട്ടികളുടെ അച്ഛനാരെന്ന് അറിയണമെന്ന യാതൊരു നിര്‍ബന്ധവുമില്ല, അമ്മയ്ക്കാണ് പ്രാധാന്യം!

പുറത്തു കുത്തിവെച്ച ചൂട്ടുകളുടെ എണ്ണം നോക്കി ഇനിയൊരാള്‍ക്ക് പ്രവേശനമുണ്ടോ എന്നു മനസ്സിലാക്കിയിരുന്ന കാലം. ആദ്യമെത്തുന്ന അഞ്ചു പേരായിരിക്കാം തങ്ങള്‍ക്കിഷ്ടപ്പെട്ട പെണ്ണുമായി ഓരോ രാത്രിയിലും സംബന്ധം കൂടിയിരുന്നത്. സാധാരണ നായര്‍ തറവാടുകളില്‍ സംബന്ധം കൂടാന്‍ വരുന്നയാള്‍ പുടവ കൊടുക്കുന്നതാണ് പതിവെങ്കില്‍ പാലിയത്ത് പുടവ സ്വീകരിച്ചിരുന്നില്ല. നമ്പൂതിരിയുടെ സ്ഥലമായിരുന്നു പാലിയത്തുകാര്‍ എഴുതി വാങ്ങിയിരുന്നത്. സംബന്ധക്കാര്‍ക്ക് രാവുറങ്ങാനുള്ള ആ മുറികളാണ് കൊച്ചിയുടെ പാതി പാലിയമായത് എങ്ങനെയെന്ന് വ്യക്തമായി പറഞ്ഞുതന്നത്!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്

തിയേറ്ററുകള്‍ നിറയുന്ന പ്രേക്ഷകരെ ഞാന്‍ ആഗ്രഹിക്കാറില്ല