വാള്‍മുനയും വായ്ത്താരിയുംകൊണ്ട് തീര്‍ത്ത പൊന്നിയിന്‍ സെല്‍വന്റെ ഹൃദയസാമ്രാജ്യം (പൊന്നിയിന്‍ സെല്‍വന്‍ 2)


 രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനേക്കാള്‍ പ്രയാസമാണ് ഹൃദയങ്ങള്‍ കീഴടക്കാനെന്ന് അധികാരത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എന്നിട്ടും രാജ്യവഴികളും പ്രജകളുടെ ഹൃദയവും കീഴടക്കിയ ഒരു രാജാവിന്റെ കഥയുണ്ട് തമിഴകത്ത്. പത്താം നൂറ്റാണ്ടില്‍ പ്രവിശാലമായ ചോളരാജ്യം അടക്കിഭരിച്ച രാജരാജ ചോളന്‍ അരുള്‍മൊഴി വണ്ണന്‍ പൊന്നിയിന്‍ സെല്‍വന്റേയും അദ്ദേഹത്തിന് ചുറ്റും നടന്ന സംഭവഗതികളുടേയും ചരിത്രവും മിത്തും സങ്കല്‍പ്പവും ചേര്‍ത്തുവെച്ച ചലച്ചിത്ര കാവ്യമാണ് പൊന്നിയിന്‍ സെല്‍വന്‍.



പൊന്നിയിന്‍ സെല്‍വന്‍ 2


Movie: Ponniyin Selvan 2

Language: Tamil, Malayalam, Hindi, Telugu, Kannada

Genre: Historical, Action, Drama, Adventure

Cast: Vikram, Karthi, Jayam Ravi, Jayaram, Rahman, Aiswarya Rai Bachchan,Trisha Krishnan, Sobhitha Dhulipala, Aishwarya Lekshmi, Prakash Raj, Vikram Prabhu, R Sarath Kumar, Prabhu, Nazar, Riyas Khan, Babu Antoney, Lal, Parthipan, Aswin, Jayachithra

Director: Manirathnam

Story: Kalkki Krishnamoorthy

Screenplay, Dialogue: Manirathnam, B Jeyamohan, Kumaravel

Duration: 2 Hours 44 Minutes 

Rating: 4 Star


വാള്‍മുനയും വായ്ത്താരിയുംകൊണ്ട് തീര്‍ത്ത പൊന്നിയിന്‍ സെല്‍വന്റെ ഹൃദയസാമ്രാജ്യം


ലിംഗയില്‍ പകയും യുദ്ധവും തീര്‍ന്ന് ഒടുവില്‍ ആരും ബാക്കിയാകാത്ത ലോകത്തെ നോക്കി പൊട്ടിക്കരഞ്ഞാണ് അശോക ചക്രവര്‍ത്തി ബുദ്ധമതത്തിന്റെ സമാധാനപാതയിലേക്ക് ഇറങ്ങിച്ചെന്നത്. അത് അശോക സാമ്രാജ്യത്തിന്റെ ചരിത്രം. 

പകയടങ്ങാത്ത രാജകുലത്തില്‍ പ്രണയവും പരിണയവുമെല്ലാം കൊടിയടയാളത്തിന്റേയും മുദ്ര മോതിരത്തിന്റേയും ബലത്തിലുള്ള കുലചിഹ്നങ്ങളായപ്പോള്‍ താന്‍ വെറും കളിപ്പാവയാണെന്ന് തിരിച്ചറിഞ്ഞ ചോള രാജ്യത്തെ ഇളവരശ് ആദിത്ത കരികാലന്‍ സ്വയം മരണത്തിലേക്കാണ് ഇറങ്ങിപ്പോയത്. മണിരത്‌നം നിലമൊരുക്കി വിത്തുവിതച്ചിട്ട പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തില്‍ നിന്നും രണ്ട്ിലേക്കെത്തിയപ്പോള്‍ അതേ നിലത്തില്‍ ആടിത്തിമര്‍ക്കുകയായിരുന്നു സുന്ദര ചോളനും മക്കളും വാണര്‍കുല രാജകുമാരനും സേനാപതികളും ദേശവാഴികളും. 

സംവിധായകന്‍ മണിരത്‌നത്തിന്റെ സ്വപ്‌ന ചലച്ചിത്രം പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗവും വെള്ളിത്തിരയിലെത്തിയപ്പോള്‍ കാഴ്ചക്കാര്‍ക്കും അതൊരു സ്വപ്‌നം തന്നെയായാണ് അനുഭവപ്പെടുന്നത്. ഒരുപക്ഷേ, ഒന്നാം ഭാഗത്തേക്കാള്‍ കാഴ്ചാ വിരുന്നും സിനിമാത്മകതയുടെ കയറ്റിറക്കങ്ങളും കൂടുതല്‍ കാത്തുവെച്ചിരിക്കുന്നത് രണ്ടാം ഭാഗത്തിലാണ്. ആദ്യഭാഗം കഥാപാത്രങ്ങളെ കാഴ്ചക്കാരിലേക്കെത്തിക്കാനാണ് കൂടുതല്‍ ശ്രമിച്ചിരിക്കുന്നത്. രണ്ടാം ഭാഗമാകട്ടെ ആ കഥാപാത്രങ്ങളെ അനായാസം വെള്ളിത്തിരയില്‍ നിന്ന് പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് കുടിയിരുത്തുന്നത്.  


പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗം കാണാതെ രണ്ടാം ഭാഗം മാത്രം കാണുന്നവര്‍ക്കും സിനിമ ആസ്വദിക്കാനാവുമെന്ന പ്രത്യേകതയുണ്ട്. ആദ്യഭാഗത്തെന്ന പോലെ രണ്ടാം ഭാഗത്തിലും മലയാളത്തില്‍ മമ്മൂട്ടി ശബ്ദസാന്നിധ്യമായി എത്തുന്നുണ്ട്. 

ഒന്നാം ഭാഗത്തില്‍ ഒളിപ്പിച്ചു വെക്കുകയോ സൂചനകളില്‍ മാത്രം അവസാനിപ്പിക്കുകയോ ചെയ്ത കഥാഭാഗങ്ങള്‍ രണ്ടാം ഭാഗം വ്യക്തമാക്കുന്നു. ആദ്യത്തേതെന്നതുപോലെ അടുത്ത ഭാഗത്തിലും വാണര്‍കുല രാജകുമാരന്‍ വന്തിയത്തേവന്‍ തന്നെയാണ് കഥയുടെ കേന്ദ്രബിന്ദുവായി സിനിമ നയിക്കുന്നതെങ്കിലും ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി പി എസ് 2ല്‍ കുന്ദവൈയില്‍ നിന്നും നായികാഭാഗം നന്ദിനിയിലേക്കെത്തുന്നുണ്ട്. നാഗപ്രതികാരം ഉള്ളിലൊതുക്കി അടിമുടി വിഷമാണ് നന്ദിനിയെന്ന് കാഴ്ചക്കാരെ അരക്കെട്ടുറപ്പിക്കുന്നതാണ് ഒന്നാം ഭാഗമെങ്കില്‍, രണ്ടിലേക്കെത്തുമ്പോള്‍ നന്ദിനിയെന്തുകൊണ്ട് അങ്ങനെയായെന്ന സാധൂകരണം നല്‍കുന്നു.  


അരുള്‍മൊഴി വര്‍മ്മനും വന്തിയത്തേവനുമുള്‍പ്പെടെ കപ്പല്‍ തകര്‍ന്ന് കടലില്‍ മുങ്ങിത്താഴുമ്പോള്‍ ജലകന്യക പോലൊരു രൂപം വെള്ളത്തിലൂടെ അരുള്‍മൊഴി വണ്ണനടുത്തേക്ക് നീന്തിപ്പോകുന്നിടത്താണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. രണ്ടാംഭാഗം കാണാന്‍ ആകാംക്ഷയോടെയെത്തുന്നവര്‍ തീര്‍ച്ചയായും ആ രംഗത്തിന്റെ തുടര്‍ച്ചയായിരിക്കും ആദ്യം പ്രതീക്ഷിക്കുക. അതുകൊണ്ടുതന്നെ അതിനെ രചനയുടെയും സംവിധാനത്തിന്റേയും മിടുക്കിലൂടെ മറികടക്കുന്നു മണിരത്‌നം. 

കൗമാരക്കാരിയായ നന്ദിനി യൗവ്വനത്തിലേക്ക് കടക്കുന്ന ആദിത്ത കരികാലനുമായി പ്രണയത്തിലാകുന്ന ദൃശ്യങ്ങളോടെയാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ആദ്യഭാഗത്തില്‍ ഇതേ രംഗത്തിന്റെ നേരിയ സൂചന മാത്രം നല്‍കിയ സംവിധായകന്‍ രണ്ടാം ഭാഗം വിശദമായി അവതരിപ്പിക്കുന്നു. തോഴിയായി കൂടെക്കൂട്ടി അന്തപ്പുരത്തിലെത്തിച്ച് സുന്ദരിപ്പെണ്‍കുട്ടിയെ പരിഹസിക്കുന്ന കുന്ദവൈയും, നന്ദിനിയെന്ന വെള്ളാരങ്കല്ലുള്ള നാഗസുന്ദരിയെ വേള്‍ക്കാനുള്ള ആദിത്ത കരികാലന്റെ മോഹത്തിന് വലിയ വില കൊടുക്കേണ്ടി വരുന്ന നിഷ്‌കളങ്കയായ ആ പെണ്‍കുട്ടിയും അവളുടെ വളര്‍ത്തച്ഛന്‍ പൂജാരിയും അവളുടെ പിത്കാല ജീവിതത്തിലെ പകയുടെ നെരിപ്പോടിലേക്കുള്ള കനലുകളാകുന്നുണ്ട്. നോവലിലേതുപോലെ സിനിമയിലും നന്ദിനിയുടെ രഹസ്യങ്ങള്‍ അവസാന ഭാഗത്തു മാത്രമാണ് വെളിപ്പെടുന്നത്. അപ്പോഴേക്കും പക്ഷേ, കാര്യങ്ങളെല്ലാം കൈവിട്ടു പോയിരുന്നു. 

അരചന്മാരും ഇളമുറക്കാരും രാജകീയ ഭാഷയുടെ പ്രത്യേക പദാവലികള്‍ പ്രയോഗിക്കുമ്പോള്‍ കാഴ്ചക്കാരിലേക്ക് അവ മനോഹരമായി തന്നെ സംവദിപ്പിക്കാന്‍ ശങ്കര്‍ രാമകൃഷ്ണന്റെ എഴുത്തിന് സാധിച്ചിട്ടുണ്ടെന്നത് മലയാളത്തിലെ പി എസ് 2വിന്റെ പ്രത്യേകതയാണ്. 

അരചന്മാര്‍ കളവു പറയുകയില്ലെന്ന തോഴന്റെ വാക്കിനെ അരചന്മാര്‍ പറയുന്ന കളവല്ലേ രാഷ്ട്രീയമെന്ന് നന്ദിനി തിരിച്ചടിക്കുമ്പോള്‍ അധികാരവും സ്വേച്ഛയും തുടങ്ങിയ കാലം മുതല്‍ രാഷ്ട്രീയം അധികാരികളുടെ കളവാണെന്ന തെളിവു പുറത്തുവരുന്നുണ്ട്. സ്വന്തം ജനങ്ങളെ വിശ്വസിക്കാത്തവന്‍ ഭരിക്കാന്‍ അര്‍ഹനല്ലെന്ന അരുള്‍മൊഴിവണ്ണന്റെ വാക്കുകളും ഏതുകാലത്തെ രാഷ്ട്രീയവുമായും കൂട്ടിവായിക്കാവുന്നതാണ്. 

പത്താം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ കഥ പറയുമ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാഴ്ചക്കാരന് അതൊട്ടും അരോചകമായി അനുഭവപ്പെടുന്നില്ല. 

രവിവര്‍മന്റെ മികച്ച ക്യാമറക്കാഴ്ചയും എ ആര്‍ റഹ്മാന്റെ സംഗീതവും മലയാളത്തില്‍ റഫീഖ് അഹമ്മദിന്റെ ഗാനങ്ങളും കല്‍ക്കിയുടേയും മണിരത്‌നത്തിന്റേയും പൊന്നിയിന്‍ സെല്‍വനോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. 

കാര്‍ത്തിയുടെ വല്ലവരായന്‍ വന്തിയത്തേവന്‍ തന്നെയാണ് സിനിമയില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. കഥാപാത്രത്തോട് പൂര്‍ണമായും ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്ന കാര്‍ത്തിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി വന്തിയത്തേവന്‍ എക്കാലവും നില്‍ക്കും. ഊമയമ്മയായി കരുണ ചേര്‍ത്തുവെച്ചും നന്ദിനിയായി പ്രതികാര ദുര്‍ഗ്ഗയായും ഇരട്ട വേഷത്തിലെത്തുന്ന ഐശ്വര്യ റായി, തൃഷയുടെ കുന്ദവൈ, അധികനേരത്തെ ഭാവപ്രകടനങ്ങള്‍ക്ക് അവസരങ്ങളില്ലെങ്കിലും സുന്ദരചോളനായി പ്രകാശ് രാജും വീരപാണ്ഡ്യനായി നാസറും സമുദ്രകുമാരിയെന്ന പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്മിയും വാനത്തിയായി ശോഭിത ധൂലിപാലയും ആദിത്ത കരികാലനായി വിക്രമും കണ്ടരാദിത്യന്റെ മകന്‍ മധുരാന്തകനായി റഹ്മാനും ടൈറ്റില്‍ റോളില്‍ പൊന്നിയില്‍ സെല്‍വനെന്ന അരുള്‍മൊഴി വണ്ണനായി ജയം രവിയും പെരിയ പഴുവേട്ടയറായി ശരത് കുമാറും പെരിയവെല്ലാര്‍ ബൂതിയായി പ്രഭുവും സേനാപതിയായി ലാലും ആഴ്‌വാര്‍ കടിയാനായി ജയറാമും തങ്ങളുടെ വേഷങ്ങളെല്ലാം ഭംഗിയാക്കിയിട്ടുണ്ട്. ഇവരോടൊപ്പം ചേര്‍ന്ന് മുഖം കാണിച്ചും മുഖമില്ലാതെയും അഭിനയിച്ച നൂറുകണക്കിന് പേര്‍ വേറേയുമുണ്ട് സിനിമയില്‍. ഈ ചരിത്ര സിനിമയെ മനോഹരമാക്കിയതില്‍ അവര്‍ക്കുമുണ്ട് അവരോരുത്തരുടേയും മികച്ച പങ്ക്. 


പഴയകാലത്തെ അതേ രീതിയില്‍ പുനഃസൃഷ്ടിച്ചതും അതിഭീകരമായ കോട്ടകള്‍ ദൃശ്യങ്ങളിലേക്ക് ചേര്‍ത്തുവെച്ചതും കടല്‍ ഭീകരതയും സമുദ്ര മനോഹാരിതയും ഒരുപോലെ ഒപ്പിയെടുത്തതും യുദ്ധവും പോരാട്ടങ്ങളും കൃത്രിത്വങ്ങളില്ലാതെ കാഴ്ചക്കാരെ ബോധ്യപ്പെടുത്താനായതും സംവിധാനത്തിന്റേയും സാങ്കേതികതയുടേയും മികവുതന്നെയാണ്. 

ചരിത്രവും മിത്തും സങ്കല്‍പ്പവും വീരവും ചേര്‍ത്തുവെക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് തോന്നിയേക്കാവുന്ന ഏച്ചുകെട്ടലുകളെയെല്ലാം മറികടക്കാനാവുന്നത്രയും മികവുറ്റ രീതിയില്‍ ഗൃഹപാഠങ്ങള്‍ ഈ സിനിമയ്ക്കു പിന്നിലുണ്ടെന്ന് ചിത്രം കാണുന്ന ആര്‍ക്കും ബോധ്യപ്പെടും. 

ആളുകള്‍ മാത്രമല്ല ആനയും കുതിരയും കുന്തവും വാളും തീയുണ്ടകളും പോലും തങ്ങളുടെ 'അഭിനയം' ശ്രദ്ധിച്ചില്ലെങ്കില്‍ പാളിപ്പോകുമായിരുന്ന ഒരു സിനിമയാണ് ഇതിഹാസകാവ്യമായി മണിരത്‌നവും സംഘവും കാഴ്ചക്കാരിലേക്ക് എത്തിച്ചിരിക്കുന്നത്. 

അധികാരം കിട്ടിയിട്ടും അത് സ്‌നേഹപൂര്‍വ്വം കൈമാറി തന്റെ വിനയം പ്രകടിപ്പിച്ച അരുള്‍മൊഴി വണ്ണന്‍ പിന്നീട് ചോളരാജ്യത്തെ മുടിചൂടാമന്നനായി രാജ രാജ ചോളനായി ശക്തമായ നാവികപ്പടയുടെ ബലത്തില്‍ കാവേരി തീരത്തു നിന്നും തുടങ്ങിയ ജൈത്രയാത്ര ഇന്തോനേഷ്യയിലേക്കും മലയയിലേക്കും ശ്രീലങ്കയിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. പൊന്നി നദിയില്‍ മുങ്ങിപ്പോയിട്ടും മരിക്കാതെ രക്ഷപ്പെട്ടെത്തിയ അരുള്‍മൊഴി വണ്ണന്‍ പൊന്നിയിന്‍ സെല്‍വനായത് അങ്ങനെയാണ്. അതേ സെല്‍വന്‍ കാവേരിയുടേയും പൊന്നിയുടേയും കീര്‍ത്തി കടലുകള്‍ക്കപ്പുറത്തേക്കും വ്യാപിപ്പിക്കുന്നു.

അധികാര രാഷ്ട്രീയത്തിന് ദുരയും പകപൂണ്ട ഇടനാഴികളും മാത്രമല്ല സ്‌നേഹത്തിന്റെ മട്ടുപ്പാവുകളും കൂടിയുണ്ടെന്ന് കാണിച്ചാണ് പൊന്നിയിന്‍ സെല്‍വന്‍ കാഴ്ചക്കാരിലേക്ക് കുടിയേറുന്നത്.

https://malayalam.samayam.com/malayalam-cinema/movie-review/vikram-karthi-jayam-ravi-jayaram-rahman-aiswarya-rai-bachchantrisha-krishnan-sobhitha-dhulipala-aishwarya-lekshmi-starrer-ponniyin-selvan-2-movie-review-rating-in-malayalam/moviereview/99838382.cms


(Times of India സമയം മലയാളം 2023 ഏപ്രില്‍ 28)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്