എറിഞ്ഞിടത്തേക്ക് തിരിച്ചെത്തി അപകടം വിതക്കുന്ന ബൂമറാംഗ് (ബൂമറാംഗ്)

സാമൂഹ്യ മാധ്യമങ്ങളും അതുപയോഗിക്കുന്നവരും ചില ജീവിതങ്ങളെ തങ്ങളറിയാതെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നുവെന്നും പറയുന്നു ബൂമറാംഗ്.


ബൂമറാംഗ്


Movie: Boomerang

Language: Malayalam

Genre: Comedy, Thriller

Cast: Samyuktha Menon, Shine Tom Chacko, Chemban Vinod, Dain Davis, Baiju Santhosh, Akhil Kavalayoor, Harikrishnan, Manju Subhash, Subbalakshmi, Niya, Aparna, Nimisha, Baby Parthavi

Director: Manu Sudhakaran

Writer: Krishnadas Panki

Duration: 2 Hours 3 Minutes 

Rating: 3 Star

റിഞ്ഞിടത്തേക്കു തന്നെ തിരിച്ചെത്തുന്ന ആയുധത്തിന്റെ പേരാണ് ബൂമറാംഗ്. മനുഷ്യന്റെ വിധിയും അങ്ങനെ തന്നെ. അങ്ങോട്ടേക്ക് കൊടുക്കുന്നതെന്തോ അത് ഇങ്ങോട്ടേക്കു തന്നെ തേടിയെത്തുമെന്നാണ് പറയുന്നത്. 

കൃഷ്ണദാസ് പങ്കിയുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ബൂമറാംഗിലും എല്ലാവര്‍ക്കും 'കൊടുക്കാന്‍' തുനിഞ്ഞിറങ്ങിയ അച്ചായന് തിരിച്ചു കിട്ടുന്ന പണിയാണിതെങ്കിലും അതിനിടയില്‍ മൂന്നുപേര്‍ പ്രത്യക്ഷമായും പിന്നെ കുറേ പേര്‍ പരോക്ഷമായും കുടുങ്ങിപ്പോകുന്നുണ്ട്. 

സ്ത്രീകള്‍ക്കെതിരെയുള്ള ഏതുതരം പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തുന്നത്. തറപ്പിച്ചു നോക്കിയാല്‍ പോലും കേസ് കൊടുക്കാവുന്ന വകുപ്പുകളുണ്ട്. അത്തരത്തില്‍ സ്ത്രീത്വത്തിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളെ നിലക്കു നിര്‍ത്താന്‍ ഉദ്ദേശിച്ചു തന്നെയാണ് രചിയതാവും സംവിധായകനും ഇത്തരമൊരു ചിത്രം ചെയ്തിട്ടുണ്ടാവുക. 

പ്രത്യേക സാഹചര്യത്തില്‍ ഒരു ഫ്‌ളാറ്റില്‍ ഒന്നിക്കുന്ന പരസ്പരം അറിയാത്ത മൂന്നുപേരും ഇവരുടെയെല്ലാം പൊതുപരിചയത്തിലുള്ള അച്ചായനും ഇവര്‍ നാലുപേരെയും തോക്കിന്‍ മുനയില്‍ മണിക്കൂറുകളോളം നിര്‍ത്തുന്ന യുവതിയും ചേര്‍ന്നാല്‍ കഥ പൂര്‍ത്തിയാകും. സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത് ഒരു ഫ്‌ളാറ്റിനകത്താണ്. 


ഫ്‌ളാറ്റിനകത്ത് പെടുന്ന മൂന്നുപേരും ഫ്‌ളാറ്റുടമയും ചേരുന്ന പുരുഷ സംഘം പല ലക്ഷ്യങ്ങള്‍ക്കായാണ് അവിടെ എത്തിയതെങ്കിലും ഒറ്റയ്‌ക്കൊരു പെണ്‍കുട്ടിയെ കാണുന്നതോടെ അവരുടെയെല്ലാം ചിന്ത ഒരേ ദിശയിലേക്കെത്തുകയാണ്. ഫ്‌ളാറ്റിലകപ്പെടുന്ന യുവതിക്കാകട്ടെ തീര്‍ത്തും വ്യത്യസ്തമായൊരു ലക്ഷ്യമാണുണ്ടായിരുന്നത്. ഒടുവില്‍ എല്ലാവരും തങ്ങളുടെ കാര്യങ്ങള്‍ പറയുന്നതോടെ എല്ലാവര്‍ക്കും എല്ലാം മനസ്സിലാവുകയും അച്ചായനൊഴികെ കഥ ശുഭപര്യവസായിയായി തീരുകയും ചെയ്യുന്നു. 

ഭാര്യ അമേരിക്കയിലും മകള്‍ കാനഡയിലും 'അടിച്ചുപൊളിക്കുന്ന'തിനാല്‍ അച്ചായന്‍ കൊച്ചിയിലും അടിച്ചു തിമര്‍ക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ അടിച്ചു തിമര്‍ക്കല്‍ തന്നെയാണ് അച്ചായന്റെ ശൈലി. കൂട്ടിന് ഓഷോ കൂടി ചേരുന്നതോടെ സംഗതി തകര്‍ക്കുകയാണ്. 

കുണ്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐയാണെങ്കിലും ജയദേവനൊരു അഭിനയ മോഹിയാണ്. അതുകൊണ്ടാണ് അയാള്‍ പരിചയക്കാരുടെ ബന്ധത്തില്‍ ചായക്കടക്കാരനായും ചാരായക്കടത്തുകാരനായുമൊക്കെ സീരിയലില്‍ ഒറ്റ രംഗത്തില്‍ അഭിനയിച്ച് സമാധാനംകൊള്ളുന്നത്. ഭാര്യ ശോഭന സമ്മതിക്കാതിരുന്ന ഒറ്റക്കാരണംകൊണ്ടാണ് അയാള്‍ക്ക് ബാഹുബലിയുടെ ഓഡിഷനു പോകാന്‍ സാധിക്കാതിരുന്നത്. അല്ലായിരുന്നെങ്കില്‍ കുന്തം പിടിച്ചു നില്‍ക്കുന്ന ഭടനായി അതിലുണ്ടാകുമായിരുന്നെന്ന് അയാള്‍ സങ്കടപ്പെടുന്നുണ്ട്. 

യഥാര്‍ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബൂമറാംഗിന്റെ കഥ തയ്യാറാക്കിയിരിക്കുന്നതെന്നാണ് അണിയറക്കാര്‍ പറയുന്നത്. ഏതോ ഒരാള്‍ നടത്തുന്ന സാമൂഹ്യ മാധ്യമങ്ങളുടെ മോശം ഉപയോഗം അയാള്‍ക്കോ അയാളെയോ അറിയാത്ത ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നതും പ്രതികാരത്തിനായി അവള്‍ ഇറങ്ങിപ്പുറപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സിനിമയുടെ ആദ്യപകുതി കഥയുടെ ചുവടുറപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാം പകുതിയിലാണ് സിനിമ എന്താണെന്ന് പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമ ആരംഭിക്കുന്ന അതേ ദൃശ്യങ്ങളില്‍ തന്നെ രണ്ടാം പകുതിയും ആരംഭിക്കുമ്പോഴാണ് സംഭവങ്ങള്‍ എത്തിനില്‍ക്കുന്നത് എവിടെയെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്നത്. 

സിനിമയിലെ പ്രധാനമായ അഞ്ച് കഥാപാത്രങ്ങളും ഒന്നിച്ച്  മുഴുനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. 

ഗുഡ് കമ്പനിക്കു വേണ്ടി ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയിലും തൗഫീഖ് ആറുമാണ് ബൂമറാംഗ് നിര്‍മിച്ചിരിക്കുന്നത്. വിഷ്ണുനാരായണന്‍ നമ്പൂതിരി ക്യാമറയും അഖില്‍ എ ആര്‍ എഡിറ്റിംഗും അജിത് പെരുമ്പാവൂര്‍ ഗാനരചയും നിര്‍വഹിച്ചിരിക്കുന്നു. 

https://malayalam.samayam.com/malayalam-cinema/movie-review/samyuktha-menon-shine-tom-chacko-chemban-vinod-dain-davis-baiju-santhosh-akhil-kavalayoor-harikrishnan-starrer-boomerang-review-rating-in-malayalam/moviereview/98214694.cms

(THE TIMES OF INDIA സമയം മലയാളം 2023 ഫെബ്രുവരി 24)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്