കുഞ്ഞുകാറില്‍ ഒളിപ്പിച്ചു വെച്ച വല്ല്യ പൊല്ലാപ്പുകള്‍ (1744 വൈറ്റ് ആള്‍ട്ടോ)

 


Movie: 1744 white alto

Language: malayalam

Genre: comedy, crime

Cast: Sharafudheen, Rajesh Madhavan, Anand Manmadan, Navas Vallikkunnu, Vincy Aloshious, Sminu Sijo, Sinoj Varghese 

Director: Senna Hegde

Run Time: 1.50 Hr

Rating: 3.5 Star


കേരളത്തിനും കര്‍ണാടകയ്ക്കുമിടയിലെ അതിര്‍ത്തി ഗ്രാമത്തിലെവിടെയോ നടക്കുന്ന സംഭവവികാസങ്ങള്‍ക്ക് കേരളത്തിനകത്തുള്ള മറ്റൊരു സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്‌തൊരു ആള്‍ട്ടോ കാര്‍ വെച്ചുനീട്ടുന്ന പണികളാണ് 1744 വൈറ്റ് ആള്‍ട്ടോ. സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ കോഡുകളൊന്നും പറയാത്തൊരു കുഞ്ഞുകാര്‍ ഇത്രയധികം പ്രശ്‌നക്കാരനാകുമോ? ആകുമെന്നാണ് സെന്നാ ഹെഗ്‌ഡേ പറഞ്ഞുവെക്കുന്നത്. 

കോമഡി, ക്രൈം വിഭാഗത്തിലാണ് 1744 വൈറ്റ് ആള്‍ട്ടോയെ ക്രമപ്പെടുത്തിയിട്ടുള്ളതെങ്കിലും കാഴ്ചക്കാരന് അതൊരു ഫാന്റസി ചിത്രം പോലെ കണ്ടിരിക്കാനാവും. എവിടെയൊക്കെയോ കണ്ടുമറന്നൊരു പഴയൊരു ഇംഗ്ലീഷ് സിനിമ പോലെ, പഴയ ഇംഗ്ലീഷ് സിനിമകളുടെ കളര്‍ ടോണിലൂടെയും സംഗീതത്തിലൂടെയും രണ്ടു മണിക്കൂറില്‍ താഴെ സമയം വേറൊരു ലോകത്ത് ചെലവഴിക്കാനാവുന്ന ചെറിയൊരു ചിത്രം കൂടിയാണിത്. 

കഥ നടക്കുന്നത് ചെറിയൊരു അതിര്‍ത്തി ഗ്രാമത്തിലാണെങ്കിലും ഒരു പൊലീസ് സ്റ്റേഷനും അവിടെയുള്ള ഏതാനും പൊലീസുകാരും ആ സ്റ്റേഷനിലെ എസ് ഐയുടെ വീടും ഭാര്യയും അമ്മയും ഒരു ആശുപത്രി വാര്‍ഡും ഒരു ലോഡ്ജും രണ്ട് ക്ഷേത്രങ്ങളുടെ ബോര്‍ഡും വിജയ ബാറും പിന്നൊരു പള്ളീലച്ചനുമൊക്കെയല്ലാതെ അതിനുപുറത്തേക്കൊന്നും കാര്യമായി കഥ ഒഴുകിപ്പരക്കുന്നില്ല. 

ക്വട്ടേഷന്‍ ജോലി ചെയ്യുന്ന രണ്ട് ക്രിമിനലുകളും അവരെ അന്വേഷിച്ചു നടക്കുന്ന മൂന്നു 'മണ്ടന്‍' പൊലീസുകാരും ശാസ്ത്രീയമായി അന്വേഷിച്ചു മുന്നേറുന്ന വേറെ ചില പൊലീസുകാരിയുമൊക്കെ കാല്‍പ്പനിക ലോകത്തെ കഥ പറച്ചിലാണ് സിനിമയാണെന്ന് വ്യക്തമാക്കുന്നുണ്ട്. 

പഴയ കാമുകി, അവള്‍ ഭാര്യയായപ്പോഴും പ്രണയം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ നടത്തുന്ന കുഞ്ഞുശ്രമങ്ങളുമൊക്കെയായി കൂട്ടിക്കുഴച്ചു കയറി വരുന്നത് പ്രേക്ഷകനെ ചില സമയങ്ങളില്‍ അങ്കലാപ്പിലാക്കുമെങ്കിലും രസച്ചരട് മുറിക്കുന്നില്ല. അതുകൊണ്ടാണല്ലോ ഭാര്യയ്ക്കയച്ച ഫ്രം രേഖപ്പെടുത്താത്ത 'സാധനം' അമ്മയുടെ കൈയിലെത്തുമ്പോള്‍ അയാള്‍ ഞെട്ടുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നത്. ഭാര്യയും ഭര്‍ത്താവും നേരിട്ടു പറയാത്ത കാര്യങ്ങള്‍ പോലും അവര്‍ 'കാമുകീ കാമുകന്മാരായി' ഫോണില്‍ കൈമാറുന്നുണ്ട്. 


വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് 1744 വൈറ്റ് ആള്‍ട്ടോയ്ക്ക് സംവിധായകന്‍ സെന്ന ഹെഗ്‌ഡേ സ്വീകരിച്ചിരിക്കുന്നത്. സംവിധായകന്റെ ആദ്യ മലയാള സിനിമ തിങ്കളാഴ്ച നിശ്ചയം കണ്ടവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തില്‍ തന്റെ രണ്ടാം ചിത്രം ഒരുക്കാന്‍ സെന്ന ഹെഡ്‌ഗേയ്ക്ക് സാധിച്ചിട്ടുണ്ട്. രീതിയും രൂപവും ഭാവവുമെല്ലാം മാറ്റിപ്പണിത് ഭാഷാ ശൈലിയിലുള്‍പ്പെടെ പൊളിച്ചു പണിയല്‍ നടത്തിയിട്ടുണ്ട് അദ്ദേഹം. 

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കാഞ്ഞങ്ങാട്ടോ കാസര്‍ക്കോടോ ഉള്‍നാടന്‍ ഗ്രാമമാണ് ക്യാന്‍വാസില്‍ വരുന്നതെങ്കിലും സംഭവ വികാസങ്ങളൊന്നും ആ ഗ്രാമത്തിന് അനുയോജ്യമായ തരത്തില്‍ വരാതിരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സാങ്കല്‍പ്പികമായൊരു ഗ്രാമത്തില്‍, അവിടെ അവര്‍ക്ക് തങ്ങളുടേതായ ഒരു ഭാഷാ ശൈലി പോലും ഇല്ല. ചിലര്‍ കാഞ്ഞങ്ങാട്ടേയും കാസര്‍ക്കോട്ടേയും ശൈലി പറയുമ്പോള്‍ മറ്റു ചിലര്‍ക്ക് പയ്യന്നൂരിന്റെ ശൈലി കൊടുത്തിട്ടുണ്ട്, വേറെ ചിലയിടങ്ങളില്‍ മധ്യകേരളത്തിലേയും മലപ്പുറത്തേയും ശൈലീ ഭേദങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തുക്കളും അറിഞ്ഞോ അറിയാതെയോ ആണ് ഈ രീതി അവലംബിച്ചതെങ്കിലും സിനിമയുടെ 'സ്‌പേസ്' നിര്‍ണയിക്കുന്നതിന് ഈ ശൈലി സഹായകരമാകുന്നുണ്ട്. കേരളത്തിലെവിടെയെങ്കിലും ഇതൊക്കെ നടക്കുമോ, ഇങ്ങനെയൊക്കെയുണ്ടാകുമോ എന്നൊക്കെ വിചാരിക്കാവുന്ന പ്രേക്ഷകനെ ആ ചിന്തകളില്‍ നിന്നും മോചിപ്പിക്കാന്‍ സഹായിക്കുന്നതാണ് സിനിമ കൈകാര്യം ചെയ്യുന്ന സാങ്കല്‍പ്പിക ഗ്രാമം.

മഞ്ഞു പെയ്യുന്ന താഴ്‌വാരവും കുളു, മണാലി, പൂമ്പാറ്റ, തുമ്പി പ്രയോഗങ്ങള്‍ മുറുകുമെന്നു തോന്നിക്കുന്ന രംഗങ്ങളെ പെട്ടെന്ന് അയച്ചുവിടുന്നുണ്ട്. 

താരനിബിഡമല്ലെന്നു മാത്രമല്ല ഷറഫുദ്ദീനൊഴികെ ബാക്കിയെല്ലാ അഭിനേതാക്കളും മുഖ്യധാരാ സിനിമകളില്‍ ഓരം ചേര്‍ന്ന് പ്രത്യക്ഷപ്പെടുന്നവരെ ഉള്‍പ്പെടുത്തി പരീക്ഷിക്കാനുള്ള ധൈര്യം കാണിച്ചിട്ടുണ്ട്. തിങ്കളാഴ്ച നിശ്ചയവും ഇത്തരത്തില്‍ പ്രമുഖരെ അണിനിരത്താതെ ചെയ്ത സിനിമയായിരുന്നുവെങ്കിലും ഒ ടി ടി റിലീസിന്റെ സുരക്ഷിതത്വം അതിനുണ്ടായിരുന്നു. എന്നാല്‍ 1744 വൈറ്റ് ആള്‍ട്ടോ ആകട്ടെ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തതുകൊണ്ടുതന്നെ ചെറിയ ധൈര്യം പോരായിരുന്നു അഭിനേതാക്കളുടെ ഇത്തരം തെരഞ്ഞെടുപ്പിന്. 

ഒരുപക്ഷേ കുറച്ചുകൂടി ഉപയോഗപ്പെടുത്താമായിരുന്ന വിന്‍സി അലോഷ്യസിന്റെ റിന്‍സി ഏതാനും രംഗങ്ങളിലേും ഒന്നോ രണ്ടോ സംഭാഷങ്ങളിലേക്കും മാത്രം ഒതുങ്ങിപ്പോയി. അതേസമയം സ്മിനു സിജോയുടെ അമ്മക്കഥാപാത്രം മേഴ്‌സിക്ക് മികച്ച രീതിയില്‍ അവതരിപ്പിക്കാനുള്ള ഇടം ലഭിക്കുകയും അവരത് മനോഹരമാക്കുകയും ചെയ്തു. ഷറഫുദ്ദീന്റെ മഹേഷാണോ രാജേഷ് മാധവന്റെ എബിയാണോ നവാസ് വള്ളിക്കുന്നിന്റെ വിജയനാണോ മികച്ചതെന്നതിന് മൂവരും അവരുടെ ഭാഗങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചു എന്നു പറയുന്നതാവും ഭംഗി. വനിതാ പൊലീസുകാരി നാന്‍സിയായെത്തിയ നില്‍ജ കെ ബേബിയും തന്റെ ഭാഗം കൃത്രിമത്വമില്ലാതെ പൂര്‍ത്തിയാക്കി.

കേരളത്തിനകത്ത് സ്ഥിതി ചെയ്യുന്ന പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായി മാഹിയില്‍ റജിസ്റ്റര്‍ ചെയ്ത വാഹനമാണ് വൈറ്റ് ആള്‍ട്ടോയെങ്കിലും അക്കാര്യം നാടിന്റെ പേരുപയോഗിച്ച് സിനിമയിലെവിടേയും വിശേഷിപ്പിക്കുന്നില്ല. പകരം പി വൈ 03 എന്ന വാഹന റജിസ്‌ട്രേഷന്‍ കാണിക്കുന്നത് എല്ലാ പ്രേക്ഷകര്‍ക്കും തിരിച്ചറിയുമോ എന്ന കാര്യം സംവിധായകന്‍ സന്ദേഹപ്പെടുന്നില്ല.

'ഓ, നിങ്ങളായിരുന്നോ, ഞാന്‍ കരുതി മനുഷ്യന്മാരായിരിക്കുമെന്ന്' എന്ന് പൊലീസ് വാഹനത്തിന് കൈനീട്ടിയ വല്ല്യമ്മ പറയുന്നൊരു രംഗം എന്തിനായിരിക്കാം ഈ ചിത്രത്തോട് ചേര്‍ത്തുവെച്ചതെന്ന് മാത്രമാണ് മനസ്സിലാകാതെ പോയത്. പഴകിപ്പുളിച്ച ഇത്തരമൊരു സംഭാഷണം തിരുകിക്കയറ്റിയത് പുതിയ തരത്തില്‍ നടത്തിയ ട്രീറ്റ്‌മെന്റിന് ഒട്ടും യോജിക്കുന്നതായിരുന്നില്ല. 

സെന്ന ഹെഗ്‌ഡേയുടെ കഥയ്ക്ക് ക്യാമറാമാന്‍ കൂടിയായ ശ്രീരാജ് രവീന്ദ്രനുമായി ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ക്യാമറാമാനും സംവിധായകനും ചേര്‍ന്നുള്ള തിരക്കഥാ രചന സിനിമയുടെ ഫ്രെയുകള്‍ ഒരുക്കുന്നതിന് സഹായിക്കുന്നുണ്ട്. വിശാലമായ ക്യാമറക്കാഴ്ചയില്‍ ഒരേ സമയം ഒന്നിലേറെ കാര്യങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലൊരു രീതി തിരക്കഥയില്‍ അവലംബിച്ചത് ഇത്തരമൊരു കൂട്ടുകെട്ടിന്റെ ഫലമായിരിക്കാം. സംവിധായകന്റെ ആദ്യ ചിത്രത്തിന് സംഗീതം നല്കിയ മുജീബ് മജീദ് തന്നെയാണ് വൈറ്റ് ആള്‍ട്ടോയ്ക്കും സംഗീതമൊരുക്കിയത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദനും ശ്രീജിത്ത് നായരും വിനോദ് ദിവാകറും ചേര്‍ന്ന് നിര്‍മിച്ച 1744 വൈറ്റ് ആള്‍ട്ടോ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം. 

ക്രൈമും കോമഡിയും ചേര്‍ന്നൊരു സിനിമ എന്നതിനേക്കാള്‍ ഭാവനാ ലോകത്തെ ലീലാവിലാസങ്ങള്‍ കാണാന്‍ ലക്ഷ്യമിട്ട് തിയേറ്ററിലെത്തിയാല്‍ കൂടുതല്‍ മികവോടെ 1744 വൈറ്റ് ആള്‍ട്ടോ ആസ്വദിക്കാനാവും. 

https://malayalam.samayam.com/malayalam-cinema/movie-review/sharafudheen-rajesh-madhavan-anand-manmadan-navas-vallikkunnu-vincy-aloshious-sminu-sijo-sinoj-varghese-cast-crew-imdbpro-1744-white-alto-review-rating-in-malayalam/moviereview/95600011.cms

(TIMES OF INDIA സമയം മലയാളം 2022 നവംബര്‍ 18)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്