രാത്രി സഞ്ചാരികളുടെ കൂമന്‍ കാഴ്ചകള്‍ (കൂമന്‍)


ഛെ, ഇതൊക്കെയോ പ്രബുദ്ധ കേരളത്തിലോ എന്ന് മലയാളി മുഖം ചുളുക്കി ചോദ്യം കാലം കഴിഞ്ഞു. ഇലന്തൂര്‍ ഇരട്ട നരബലിയോടെ മലയാളി വിശ്വാസിയും അന്ധവിശ്വാസിയും മാത്രമല്ല അതിനുമപ്പുറത്താണെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പശ്ചാതലത്തില്‍ പുറത്തിറങ്ങുന്ന ജീത്തു ജോസഫ് ചിത്രം കൂമന് പ്രത്യേകതകളുണ്ട്.

കൂമന്‍ ദി നൈറ്റ് റൈഡറിന് രാത്രി സഞ്ചാരിയെന്നോ ഇരുള്‍ കാഴ്ചക്കാരനെന്നോ രാത്രി നടക്കുന്ന സംഭവങ്ങളുടെ സാക്ഷിയെന്നോ ഒക്കെയുള്ള ഏത് അര്‍ഥവും സ്വീകരിക്കാം. ഇനി ആരും കാണാതെ 'ഇര തേടുന്നവന്‍' എന്നും വായിച്ചെടുക്കാം. ഏകാന്ത ജീവിതം നയിക്കുന്ന പക്ഷി മാത്രമല്ല കഴുത്ത് 270 ഡിഗ്രി വരെ തിരിക്കാനാവുമെന്നതിനാല്‍ ഏകദേശം ചുറ്റുവട്ടത്തുള്ള എല്ലാ കാഴ്ചകളും കൂമന് കാണാനുമാവും. ഇത്രയും പറയുമ്പോള്‍ തന്നെ കെ ആര്‍ കൃഷ്ണകുമാറിന്റെ രചനയില്‍ ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ആസിഫലി ചിത്രം എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകും. 

ആസിഫ് അലിയുടെ ഗിരിശങ്കര്‍ എന്ന ഗിരി തന്നെയാണ് കഥയിലെ കേന്ദ്രബിന്ദു. വെറും സിവില്‍ പോലീസ് ഓഫിസറായ ഗിരിക്ക് ബുദ്ധിയും കാഴ്ചപ്പാടുകളും വെല്ലുവിളികള്‍ സ്വീകരിക്കാനുള്ള മനസ്സും സാധാരണക്കാരില്‍ കൂടുതലായതിനാല്‍ തന്നെ പല സംഗതികളും അസാധാരണമായി തന്നെ അയാള്‍ നോക്കിക്കാണുന്നുണ്ട്. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ മലയോര ഗ്രാമത്തില്‍ നടക്കുന്ന കഥയ്ക്ക് രണ്ട് സംസ്ഥാനങ്ങളിലേയും അതിര്‍ത്തി ഗ്രാമങ്ങളും പോലീസ് സ്‌റ്റേഷനുകളുമായും ബന്ധമുണ്ടാകുന്നുണ്ട്. 

ഗ്രാമത്തിലെ പോലീസ് സ്‌റ്റേഷനില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന സി ഐക്കു പകരം പുതിയ സി ഐ എത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നതെങ്കിലും തുടങ്ങി ആദ്യത്തെ അരമണിക്കൂര്‍ നേരം സിനിമയുടെ കഥാപശ്ചാതലത്തിലേക്കെത്തിക്കാനുള്ള നിലമൊരുക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചത്. 

അതിമനോഹരമായൊരു മലയോര ഗ്രാമത്തിലെ ജീവിതങ്ങളിലൂടെ വളരെ പതിഞ്ഞ സ്വരത്തിലാണ് സിനിമ തുടങ്ങുന്നത്. പതിയെ മുറുകുന്ന ദൃശ്യങ്ങള്‍ കാഴ്ചക്കാരനെ കുറ്റാന്വേഷണത്തിന്റെയോ കുറ്റകൃത്യത്തിന്റേയോ പുതിയ തലങ്ങളിലേക്കെത്തിക്കുന്നുണ്ട്. 


മനുഷ്യരല്ലേ, പല തരക്കാരായിരിക്കുമെന്ന് സിനിമയില്‍ പറയുന്നതുപോലെ സിനിമയിലെ പല ജീവിതങ്ങളും വ്യത്യസ്തങ്ങളും അവരുടേതായ മാനസികവ്യാപാരങ്ങളിലൂടെ കടന്നുപോകുന്നവരുമാണ്. ഒരുപക്ഷേ, എല്ലാ ജീവിതങ്ങള്‍ക്കും തങ്ങളുടെ സ്വഭാവ വ്യത്യസ്തതകള്‍ക്ക് അനുസരിച്ച് തങ്ങളുടേതായ ന്യായങ്ങള്‍ പറയാനുമുണ്ടാവും. ഈ ന്യായങ്ങള്‍ തന്നെയാണ് സിനിമയുടെ കഥാഗതി നിര്‍ണിക്കുന്നതും. 

ജീത്തു ജോസഫിന്റെ ദൃശ്യം ഒന്നും രണ്ടും പോലെ ചായക്കടയും പൊലീസ് സ്റ്റേഷനും സിനിമയിലെ പ്രധാന ഭാഗങ്ങളാണ്. ദൃശ്യത്തിലെ ചായക്കട പ്രേക്ഷകന് കൂമനിലും തോന്നുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമല്ല. 

അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ ബോധവത്ക്കരണമാണ് സിനിമ നിര്‍വഹിക്കുന്നതെങ്കിലും അക്കാര്യം പ്രേക്ഷകനിലേക്ക് നേരിട്ട് കുത്തിവെയ്ക്കാന്‍ ശ്രമിക്കുന്നില്ല. പകരം പല സംഭവങ്ങളിലൂടെ ഒടുവില്‍ അതിലേക്കെത്തിച്ച് കാഴ്ചക്കാരന്റെ നിലപാടുകള്‍ക്ക് വിടുകയാണ് സിനിമ. 

കൂമനില്‍ എടുത്തുപറയേണ്ടതുന്ന സംഗതി ജാഫര്‍ ഇടുക്കി എന്ന നടനെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു എന്നതാണ്. ജാഫര്‍ ഇടുക്കിയുടെ കള്ളന്‍ മണിയനെന്ന കഥാപാത്രം തന്റെ രംഗങ്ങളിലെല്ലാം അഴിഞ്ഞാടുകയാണ്. തന്റെ സംഭാഷങ്ങള്‍ക്ക് കൃത്യമായ മൊഡ്യുലേഷന്‍ കൊടുത്തും ഭാവം പകര്‍ന്നും ജാഫര്‍ ഇടുക്കി മൊത്തം സിനിമയിലും ഓര്‍മിക്കപ്പെടുന്ന കഥാപാത്രമായി മാറുകയാണ്. അദ്ദേഹത്തിന്റെ രൂപത്തിനും ഭാവത്തിനും പറ്റിയ രീതിയിലേക്ക് കഥാപാത്രത്തെ ചേര്‍ത്തു നിര്‍ത്തുകയോ കഥാപാത്രം ആവശ്യപ്പെടുന്ന തലത്തിലേക്ക് ജാഫര്‍ ഇടുക്കി ചേര്‍ന്നു നില്‍ക്കുകയോ ചെയ്യുന്നുണ്ട്. 

കാഴ്ചക്കാരന് യാതൊരു സൂചനകളും നല്‍കാതെ പെട്ടെന്നൊരു രംഗത്തില്‍ അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചയിലേക്ക് കൂടുമാറ്റം നടത്തുന്നുണ്ട് സിനിമയിലെ നായിക ലക്ഷ്മിയെ അവതരിപ്പിച്ച ഹന്ന റെജി. ജിജോ ആന്റണിയുടെ ഡാര്‍വിന്റെ പരിണാമം എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ മോഡല്‍ കൂടിയായ ഈ ദന്തിസ്റ്റ് ഒരു സമയം വ്യത്യസ്ത ഭാവങ്ങള്‍ മുഖത്തും ചലനങ്ങളിലുമെത്തിക്കുന്നുണ്ട്. 

തട്ടീം മുട്ടീം കോമഡി സീരിസിലെ അര്‍ജുനന്‍ കവിയുടെ അനിയന്‍ അമേരിക്കക്കാരനില്‍ നിന്നും വലിയ മോചനമാണ് രാജേഷ് പരവൂറിന് കൂമനിലെ മനോഹരന്‍ നല്കിയിരിക്കുന്നത്. ചെറുതെങ്കിലും അനുയോജ്യമായ വേഷം ആദം അയ്യൂബിന് നല്കാന്‍ ജീത്തു ജോസഫ് തയ്യാറായത് മികച്ച തീരുമാനമായി. 

ഗിരിയെ കണ്ടാല്‍ ഇയാള്‍ക്കെങ്ങനെ പോലീസില്‍ കിട്ടിയെന്ന് കാഴ്ചക്കാരന്‍ ചോദിച്ചേക്കാന്‍ സാധ്യതയുള്ളതുകൊണ്ട് രചതിയാവ് ആദ്യം തന്നെ അത് സിനിമയില്‍ ചോദിച്ച് പ്രേക്ഷകന്റെ ചിന്തയില്‍ നിന്നും രക്ഷപ്പെടുന്നുണ്ട്. പോലീസെന്നാല്‍ വെറും ശരീരം മാത്രമല്ലെന്നും കണിശമായ നിരീക്ഷണവും ബുദ്ധിയുമുള്ളവരെന്ന അര്‍ഥവുമുണ്ടെന്ന് ആസിഫ് അലിയുടെ കഥാപാത്രത്തില്‍ കാണിക്കുന്നു. പോലീസുകാരന്‍ നിയമപാലകന്‍ എന്നതിനോടൊപ്പം അവന്റെയുള്ളില്‍ ഒരു കള്ളനോ ക്രിമിനലോ കൂടി ഉണ്ടാകും. അത് പുറത്തുവരുന്ന മുറയ്ക്കാണ് അയാളിലെ നീതിപാലകനേയും നിയമ ലംഘകനേയും നിശ്ചയിക്കുന്നത്. 

പതിവ് നിലവാരത്തില്‍ നിന്നും മുകളിലേക്ക് പോകാന്‍ ആസിഫ് അലിയുടെ ഗിരി ആവശ്യപ്പെടാത്തതിനാല്‍ അതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിട്ടില്ല. രഞ്ജി പണിക്കര്‍, ബാബുരാജ്, പോളി വില്‍സന്‍, മേഘനാഥന്‍, ബൈജു, ജോര്‍ജ് മരിയന്‍, രമേഷ് തിലക്, ശ്രിയ ശ്രീ, ജയന്‍ ചേര്‍ത്തല, അനൂപ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, ദീപക് പറമ്പോള്‍, ജയിംസ് ഏലിയ, റിയാസ് നര്‍മക്കല, കരാട്ടെ കാര്‍ത്തി തുടങ്ങി വലിയ താരനിര കൂമനിലുണ്ട്. 

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാമാണ് സംഗീതം നല്കിയത്. സിനിമയ്ക്ക് അനുയോജ്യമായ തരത്തില്‍ വരികളെഴുതാനും സംഗീതം നല്കാനും ഇരുവര്‍ക്കുമായിട്ടുണ്ട്. പശ്ചാതല സംഗീതം സിനിമയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതായി പ്രേക്ഷകന് തോന്നില്ലെന്നതും മികവാണ്. 

മനോഹരമായൊരു ഗ്രാമത്തില്‍ നടക്കുന്ന കഥയെ അതിലും മനോഹരമായി പകര്‍ത്താന്‍ സതീഷ് കുറുപ്പിന്റെ ക്യാമറയ്ക്കും സാധിച്ചിട്ടുണ്ട്. മാജിക്ക് ഫ്രെയിംസിന്റേയും അനന്യ ഫിലിംസിന്റേയും ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയുമാണ് കൂമന്‍ ദി നൈറ്റ് റൈഡര്‍ എന്ന ത്രില്ലര്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

https://malayalam.samayam.com/malayalam-cinema/movie-review/asif-ali-renji-panicker-baiju-abhiram-pothuval-pauly-valsan-hannah-reji-koshy-baburaj-meghanadhan-starrer-kooman-review-rating-in-malayalam/moviereview/95299225.cms


(TIMES OF INDIA സമയം മലയാളം 2022 നവംബര്‍ 04)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്