പുതിയ പാഠങ്ങളില്‍ ടീച്ചര്‍ ക്ലാസെടുക്കുന്നു (ടീച്ചര്‍)


Movie: Teacher

Language: Malayalam

Genre: Action, Drama

Cast: Amala Paul, Hakkim Shah, Manju Pillai, Chemban Vinod, Prasanth Murali, Anumol, Maala Parvathi, I M Vijayan, Nandu, Senthil Krishna

Director: Vivek

Duration: 121 Minutes

Rating: 3.5 Star


ടീച്ചറെന്നാല്‍ പഠിപ്പിക്കുന്നയാളെന്നര്‍ഥം. പഠിപ്പിക്കല്‍ ആരെയുമാകാം, വിദ്യാര്‍ഥികള്‍, ഏതെങ്കിലുമൊരു വ്യക്തി, സമൂഹം അങ്ങനെയങ്ങനെ.

അമലാ പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ടീച്ചറില്‍ പുതിയ കാലത്തെ ചില പാഠങ്ങളാണ് പഠിപ്പിക്കുന്നത്. അത് വിദ്യാര്‍ഥികളേയും വ്യക്തിയേയും മാത്രമല്ല സമൂഹത്തെയും പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഒപ്പം ടീച്ചറും ചില പാഠങ്ങള്‍ സ്വയം പഠിക്കുന്നു.

അമലാ പോള്‍ അവതരിപ്പിക്കുന്ന ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ദേവിക തന്നെയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. പുരുഷ കഥാപാത്രങ്ങളേക്കാള്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ശക്തി കൂടുതലുണ്ട് ടീച്ചറില്‍. ദേവികയായാലും മഞ്ജുപിള്ളയുടെ കല്ല്യാണിയമ്മയായാലും ദേവികയുടെ അമ്മയായാലും വനിതകളെല്ലാം ശക്തരാണ്. അവര്‍ക്കാണ് നിലപാടുകളുമുള്ളത്.

മഞ്ജുപിള്ളയുടെ അഭിനയ ജീവിതത്തിലെ അതിശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും വിപ്ലവ നായിക കല്ല്യാണി. ലാത്തിക്ക് കുട്ടികളെയുണ്ടാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ കല്ല്യാണിക്ക് കുറേ കുട്ടികളുണ്ടാകുമായിരുന്നു എന്ന സംഭാഷണം കെ ആര്‍ ഗൗരിയമ്മയെ ഓര്‍മിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ കമ്യൂണിസ്റ്റ് ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും അത്രയും ശക്തയാണ് കല്ല്യാണി.

ഭര്‍ത്താവല്ല, ഭര്‍ത്താവിന്റെ അമ്മയാണ് ഒരു ഘട്ടത്തില്‍ ഏറ്റവും മികച്ച പിന്തുണയുമായി ദേവികയോടൊപ്പം നില്‍ക്കുന്നത്. സ്വന്തം അമ്മയും നിലപാടുകള്‍ അറിയിക്കേണ്ടിടത്ത് അത് പറയുകയും കൂടുതല്‍ സംസാരിക്കാതെ ഫോണ്‍ കട്ട് ചെയ്യാന്‍ തയ്യാറാവുകയും ചെയ്യുന്നു.  

മയക്കു മരുന്ന് കേരളത്തിലെ സ്‌കൂളുകള്‍ക്കകത്തളങ്ങളിലേക്ക് പോലും എത്തിച്ചേരുകയും അതിനെതിരെ സര്‍ക്കാര്‍ ഉള്‍പ്പെടെ വലിയ ക്യാമ്പയിനുകളും നടത്തുന്ന കാലത്താണ് ടീച്ചര്‍ പോലൊരു സിനിമ ശക്തമായ പ്രമേയവുമായി വരുന്നത്.

നാല് ദിവസം നീണ്ട ജില്ലാ സ്‌കൂള്‍ സ്പോര്‍ട്സ് മീറ്റിന്റെ അവസാന ദിവസം നടക്കുന്ന ഒരു സംഭവം ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ നിന്നാണ് ദേവിക ടീച്ചര്‍ തന്റെ വഴിയിലേക്ക് ഇറങ്ങിപ്പോകുന്നത്. ഒരാള്‍ ശക്തമായി ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പാക്കാന്‍ ലോകം മുഴുവന്‍ അയാളോടൊപ്പം നില്‍ക്കുമെന്ന പ്രസിദ്ധ വചനം പോലെ ഉള്ളുറപ്പ് മാത്രം കൈമുതലാക്കി ദേവിക തന്റെ എതിരാളികളെ തേടിയിറങ്ങുകയാണ്.


കൊല്ലത്താണ് കഥ നടക്കുന്നതെങ്കിലും തന്റെ ജീവിതം മാറ്റിയവരെ തേടി ടീച്ചറെത്തുന്നത് കൊച്ചിയിലാണ്. ചവറയിലേയും മണ്‍റോതുരുത്തിലേയും ശാന്തമായ ജീവിതത്തില്‍ നിന്നും തന്റെ എതിരാളികളേയും തേടി കൊച്ചിയിലെത്തുമ്പോള്‍ അവിടുത്തെ 'ഹറിബറി' ജീവിതം തനിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് ടീച്ചര്‍ തിരിച്ചറിയുന്നുണ്ട്. പക്ഷേ, ഗ്രാമിണ നിഷ്‌കളങ്കതയല്ല നാഗരികതയുടെ ചടുല നീക്കങ്ങളാണ് തനിക്കിപ്പോള്‍ ആവശ്യമെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ദേവിക കൊച്ചിയിലേക്ക് വരുന്നത്. ദേവികയെ കൊച്ചിയില്‍ സഹായിക്കാന്‍ ഭര്‍തൃമാതാവ് കല്ല്യാണി മണി എന്ന സഹായിയെ ഏര്‍പ്പാടാക്കുന്നുണ്ട്.

ചെറിയ വേഷങ്ങളിലും അണിയറയിലുമായി മലയാള സിനിമയുടെ ഭാഗമായിരുന്ന ഹക്കീം ഷാ എന്ന ഹക്കീം ഷാജഹാന് നായക വേഷം നല്‍കിയതിലൂടെ മികച്ച പരീക്ഷണമാണ് സംവിധായകന്‍ വിവേക് നടത്തിയിരിക്കുന്നത്. പതിവ് നായകന്‍മാരുടെ ഭാരമില്ലാതെ പ്രേക്ഷകര്‍ക്ക് ഹക്കീമിന്റെ സുജിത്തിനെ ഉള്‍ക്കൊള്ളാനാവുന്നുണ്ട്. മാത്രമല്ല, സാധാരണ ഒരു ജീവിതം പറയുന്നിടത്ത് അസാധാരണ നായകന്‍മാരാരും ഇല്ലാതിരുന്നത്  കഥാപാത്രത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളാനും സഹായിക്കുന്നുണ്ട്. തന്റെ സുജിത്തിനെ മികച്ച രീതിയില്‍ അവതരിപ്പിച്ചെത്തിക്കാനും ഹക്കീമിന് സാധിച്ചു.

തന്റെ ഭാര്യയെ മനസ്സിലാക്കാതെയും പതിവ് പുരുഷ കാഴ്ചപ്പാടുകളിലൂടെയും മാത്രമാണ് സുജിത്തും പോകുന്നത്. ആശുപത്രിയില്‍ അറ്റന്ററായ സുജിത്തിന് തന്റെ ഭാര്യയെ ജീവനു തുല്യം സ്നേഹമാണെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ യാതൊരു തരത്തിലും ഉള്‍ക്കൊള്ളാനാവുന്നില്ല. എല്ലാ പ്രതിസന്ധികള്‍ക്കും ശേഷം കാര്യങ്ങളെല്ലാം തിരിച്ചറിയുമ്പോള്‍ അയാള്‍ ഭാര്യയെ ചേര്‍ത്തുവെക്കാന്‍ ശ്രമം നടത്തുമ്പോള്‍ കൂടെ നില്‍ക്കേണ്ട നേരത്ത് അതുണ്ടായില്ലല്ലോ എന്ന ചോദ്യം ദേവികയില്‍ നിന്നും ഉയരുന്നുണ്ട്.

ലോകം എന്തു പറയുമെന്ന് ആലോചിച്ച് നിന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ദേവികയെ ഉപദേശിക്കുന്നത് ഭര്‍തൃ മാതാവ് തന്നെയാണ്.

കുട്ടികളെ വിദ്യാര്‍ഥികളായാണ് താന്‍ കണ്ടതെങ്കിലും അവര്‍ തന്നെ ടീച്ചറായല്ല കണ്ടതെന്ന് അധ്യാപിക പറയുമ്പോള്‍ പുതിയ കാലത്തെ അധ്യാപക- വിദ്യാര്‍ഥി ബന്ധത്തിന്റെ ചില ചതിക്കുഴികള്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളെന്നാല്‍ വെറും കുട്ടികള്‍ മാത്രമല്ലെന്നും അവര്‍ മുതിര്‍ന്നവരുടേതിനേക്കാള്‍ മോശമായ കാഴ്ചപ്പാടുകളിലൂടെ കൂടി കടന്നു പോകുന്നവരാണെന്നും പറയുന്ന സിനിമയില്‍ അതിന് ഒരു പരിധിവരെ ഏതു വഴിയിലൂടെയും നേട്ടങ്ങള്‍ കൊയ്യാനുള്ള വിദ്യാലയങ്ങളുടെ തീരുമാനങ്ങള്‍ കൂടി സ്വാധീനിക്കുന്നുണ്ടെന്നും പറയാതെ പറഞ്ഞുവെക്കുന്നു. കുട്ടികളാവട്ടെ തങ്ങളുടെ പ്രായത്തിനപ്പുറത്തുള്ള എല്ലാ ദുശ്ശീലങ്ങളേയും കൂടെ കൂട്ടിയിട്ടുമുണ്ട്.

ഏതു പ്രതിസന്ധിയും നെഞ്ചുറപ്പോടെ നേരിട്ട് പരാജയപ്പെടുത്താനാവുമെന്ന് നല്ല സന്ദേശമാണ് ദേവിക ടീച്ചറിലൂടെ ടീച്ചര്‍ നല്‍കുന്നത്. സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന കൊച്ചിയിലെ ശക്തി ലോഡ്ജ് പോലുള്ളവ ഇപ്പോള്‍ കാണാനാവുമോ എന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ട്.

പി വി ഷാജി കുമാറും സംവിധായകന്‍ വിവേകും ചേര്‍ന്നൊരുക്കിയ തിരക്കഥ വളരെ ഒഴുക്കോടെയാണ് പോകുന്നത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ഐ എം വിജയന്റെ അപ്പയും സെന്തില്‍ കൃഷ്ണയുടെ അബുവും ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രമാണ് വരുന്നതെങ്കിലും ദേവിക ടീച്ചറുടെ ബാല്യ- കൗമാര ഓര്‍മകളെ പുഷ്‌ക്കലമാക്കുകയും കരുത്തിനെ കരുപ്പിടിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്.

അന്‍പതിലേറെ പ്രായമുള്ള ഒരാള്‍ പത്തു വയസ്സുകാരിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പൊലീസ് കേസും കോടതി വ്യവഹാരങ്ങളും സമൂഹത്തിന്റെ കാഴ്ചപ്പാടും ഭയന്ന് അവളുടെ മാതാപിതാക്കള്‍ നഷ്ടപരിഹാരം സ്വീകരിച്ച് എല്ലാറ്റില്‍ നിന്നും ഒളിച്ചോടാന്‍ തീരുമാനിക്കുന്നതില്‍ ആരംഭിക്കുന്ന സിനിമ അവസാനിക്കുമ്പോഴേക്കും കാഴ്ചപ്പാട് മാറ്റുന്നു. പീഡിപ്പിക്കുന്നത് ആരായാലും കടുത്ത നിലപാടുകളിലൂടെ മുമ്പോട്ട് പോകാന്‍ പ്രേരിപ്പിക്കുകയാണ് ടീച്ചര്‍. ഇരയല്ല, വേട്ടക്കാരനാണ് ഭയക്കേണ്ടതെന്ന സന്ദേശം സമൂഹത്തെ പഠിപ്പിക്കുന്നു ചലച്ചിത്രം. പെണ്‍കുട്ടികളും യുവതികളും മാത്രമല്ല, വഴി തെറ്റിപ്പോകുമെന്ന് ഭയക്കുന്നവരും ഈ ചിത്രം കാണുന്നത് സമൂഹത്തിന് ഗുണം ചെയ്തേക്കും.

https://malayalam.samayam.com/malayalam-cinema/movie-review/amala-paul-hakkim-shah-manju-pillai-chemban-vinod-prasanth-murali-anumol-maala-parvathi-i-m-vijayan-nandu-senthil-krishna-starrer-the-teacher-movie-review-in-malayalam/moviereview/95939488.cms

(TIMES OF INDIA സമയം മലയാളം 2002 ഡിസംബര്‍ 02)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്