ഒരു പൂവനും കുറേ പൊല്ലാപ്പുകളും (പൂവന്‍)


അയല്‍പക്കത്തെ പൂവന്‍ കോഴി യുവാവിന്റെ ജീവിതത്തിലുണ്ടാക്കുന്ന അപശബ്ദങ്ങളും അയാളതിനെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഗ്രാമീണ പശ്ചാതലത്തില്‍ പറയാന്‍ ശ്രമിക്കുകയാണ് നവാഗതനായ വിനീത് വാസുദേവന്റെ പൂവന്‍. 

പൂവന്‍

Movie: Poovan

Language: Malayalam

Genre: Comedy, Drama

Cast: Antoney Varghese, Sajin Cherukayil, Maniyanpilla Raju, Naslin Gafoor, Vineeth Vasudevan, Vineeth Viswam, Varun Dhara, Girish A D, Anishma Anilkumar, Akhila Bhargavan, Bindhu Satishkumar, Annie Abraham, Rinku Ranadeer, Sunil Melepuram

Director: Vineeth Vasudevan

Writer: Varun Dhara

Duration: 2 Hours 18 Minutes 

Rating: 3 Star


രു ഗ്രാമവും അടുത്തടുത്ത വീടുകളിലെ സംഭവങ്ങളും ചേര്‍ന്ന് വളരെ സാധാരണമായ സംഭവങ്ങള്‍ കൂട്ടിയിണക്കി ചേര്‍ത്തുവെച്ച സിനിമയാണ് പൂവന്‍. നമ്മുടെ അയല്‍പക്കത്താണ് ഇക്കാര്യങ്ങളൊക്കെ നടക്കുന്നതെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കാന്‍ സിനിമയ്ക്കാകും. പക്ഷേ, ഇക്കാര്യങ്ങളൊന്നും 'നമ്മുടെ' വീട്ടില്‍ നടക്കാനുള്ള സാധ്യതകളുമില്ല.

നവാഗത സംവിധായകന്‍ വിനീത് വാസുദേവന്‍ രചനയും സംവിധാനവും കഥാപാത്രങ്ങളിലൊന്നും അവതരിപ്പിച്ച പൂവനില്‍ പൂവന്‍ കോഴിയാണ് പ്രധാന കഥാപാത്രം. ഒപ്പം ആന്റണി വര്‍ഗ്ഗീസും സജിന്‍ ചെറുകയിലും നായക വേഷങ്ങളിലും രംഗത്തുണ്ട്. 

വളരെ ചെറിയൊരു കഥാതന്തുവിനെ വികസിപ്പിച്ചാണ് രണ്ടു വീടുകളുടേയും ഒരു ഗ്രാമത്തിന്റേയും ക്യാന്‍വാസ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. അയല്‍പക്കത്തെ പൂവന്‍ കോഴി നേരവും കാലവുമില്ലാതെ കൂവുന്നത് ഹരിയെന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ വല്ലാതെ ബാധിക്കുകയും അയാളതിനെ ഒഴിവാക്കാനുള്ള വഴികള്‍ തെരയുകയുമാണ്. ഇതിനിടയിലാണ് അയാളുടേയും അയല്‍പക്കത്തേയും കുടുംബങ്ങളില്‍ പല സംഭവങ്ങളും അരങ്ങേറുന്നത്. 

'നെയില്‍ കട്ടറിന്റെ' ശബ്ദം കേട്ടാല്‍ പോലും ഉറക്കം അലോസരപ്പെടുന്ന സ്വഭാവക്കാരനാണ് ഹരി. അയാളതിന് ഡോക്ടറെ കാണുകയും ചികിത്സ തേടുകയുമൊക്കെ ചെയ്യുന്നുണ്ട്. എങ്കിലും പല ശബ്ദങ്ങളും അയാള്‍ക്ക് ചെവിയില്‍ വന്നടിക്കുന്ന വലിയ ഒച്ചകളും അലോസരങ്ങളുമാണ്. പലപ്പോഴും രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തുന്നവയാണ് ഈ ശബ്ദങ്ങളൊക്കെയും. 

എയര്‍ഗണ്‍ കിട്ടിയപ്പോള്‍ കൊക്കിനെ വെടിവെച്ച് കറിയാക്കുന്നുണ്ട് ഹരിയും കൂട്ടുകാരും. ഒരിക്കല്‍ ആകാശത്ത് പറക്കുന്ന പരുന്തിനെ ഉന്നംവെച്ചപ്പോള്‍ അയാളുടെ വെടി പരുന്തിന് കൊണ്ടില്ലെങ്കിലും പരുന്തിന്റെ കാലിലുണ്ടായിരുന്ന ഒരു ജീവന്‍ താഴേക്ക് വീഴാനത് കാരണമായി. പരുന്തിന്റെ കാലില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷപ്പെട്ട് ഹരിയുടെ അയല്‍പക്കത്തെ വീടിന്റെ ടെറസില്‍ വെയില്‍ കൊള്ളാനിട്ട മെത്തയിലേക്ക് വീണ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് ഒരു കോഴിക്കുഞ്ഞായിരുന്നു. ഈ കോഴിക്കുഞ്ഞാണ് പിന്നീട് ഹരിയുടെ ഉറക്കം കെടുത്തിയ വെളുത്ത പൂവനായി മാറിയത്. കോഴി പൂവനാണെങ്കിലും കുഞ്ഞായിരിക്കെ പിടയാണെന്ന് ധരിച്ച് വീട്ടുകാര്‍ അവനെ വിളിച്ചിരുന്നത് അന്നാമ്മയെന്നായിരുന്നു. 


ജ്യൂസ് കട നടത്തുന്ന ഹരിയോട് കൃസ്ത്യാനിപ്പെണ്ണായ ഡിജു പോളിന് രണ്ടര വര്‍ഷത്തോളമായി പ്രണയമുണ്ടെങ്കിലും ഒരു കൃസ്മസ് തലേന്നാണ് അവര്‍ പ്രണയം പരസ്പരം തുറന്നു പറയുന്നത്. ഇതേ കൃസ്മസ് തലേന്നു തന്നെയാണ് പരുന്തിന്റെ കാലില്‍ നിന്നും കോഴിക്കുഞ്ഞ് അയല്‍പക്കത്തെ ടെറസിലെത്തിയതും. 

ഹരിയുടെ സഹോദരി വീണ മണലുവാരലുകാരന്‍ കണ്ണനുമായി പ്രണയത്തിലായത് വീട്ടുകാര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. വീണ കണ്ണനോടൊപ്പം ഒളിച്ചോടിയതിനേക്കാള്‍ വീട്ടുകാരുടെ സങ്കടം അവരുടെ വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായ തയ്യല്‍ മെഷീന്‍ കൂടി കൂടെ കൊണ്ടുപോയതായിരുന്നു. 

ഹരിയുടേയും കണ്ണന്റേയും കുടുംബങ്ങളെ തമ്മില്‍ ഒന്നിപ്പിക്കാന്‍ അയല്‍വാസിയും നാട്ടിലെ നല്ല സ്വഭാവക്കാരനുമായ ബെന്നി ഒരു കളവ് പറയുകയാണ്. ആ കളവ് കുടുംബത്തില്‍ ഏല്‍ക്കുകയും മകളെ കാണാന്‍ അമ്മയും സഹോദരനും പോവുകയും ചെയ്യുന്നു. എന്നാല്‍ പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടതോടെ ബെന്നി പ്രതിസന്ധിയിലാവുന്നുണ്ട്. 

അയല്‍പക്കത്തെ പെണ്‍കുട്ടി സിനിയെ ബെന്നിക്ക് ഇഷ്ടമാണെങ്കിലും തന്റെ 'അപ്പനെ' പോലെയാണ് ബെന്നിയെ കാണുന്നതെന്ന് പറഞ്ഞ് സിനി അതിന് തടയിടുന്നു. എങ്കിലും തന്റെ ഇഷ്ടം വിവാഹാലോചന വരെയും അതിനപ്പുറത്തേക്കും എത്തിക്കാന്‍ ബെന്നിക്ക് സാധിക്കുന്നത് അയാള്‍ക്ക് നാട്ടിലെ സത്‌പേരുകൊണ്ടു തന്നെയായിരുന്നു. 

എല്ലാ സമയത്തും തനിക്ക് ബുദ്ധിമുട്ടായി തീരുന്ന പൂവന്‍ കോഴിയെ ഓടിക്കാന്‍ ഹരി നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. ഒരിക്കല്‍ ഇരുവീടുകളിലും ആരുമില്ലാത്ത സമയത്ത് പൂവന്‍ കോഴിയെ കൊല്ലാന്‍ തന്നെ ഹരി ഇറങ്ങിപ്പുറപ്പെടുന്നുവെങ്കിലും അതിലും അയാള്‍ അമ്പേ പരാജയപ്പെടുന്നു. ബോധംകെട്ടു വീഴുന്ന ഹരിയുടെ ദേഹത്ത് കയറി വിജയക്കൊടി കൂവിയുറപ്പിച്ച് കാഷ്ഠിച്ച് പ്രതികാരം തീര്‍ത്താണ് പൂവന്‍ രംഗം വിടുന്നത്. 

ഒടുവില്‍ അടുത്ത കൃസ്മസിന് ഹരിയും കൂട്ടുകാരും ചേര്‍ന്ന് പൂവനെ മോഷ്ടിച്ച് കറിയാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയെങ്കിലും അതിലും അവര്‍ അനുഭവിക്കുന്നത് പരാജയം തന്നെയാണ്. എല്ലായ്‌പ്പോഴും ജയിച്ചു കയറിയ പൂവന്‍ ഒടുവില്‍ ഓമനിച്ചു വളര്‍ത്തിയ വീട്ടുകാരുടെ മുമ്പില്‍ പരാജയപ്പെട്ട് തലതാഴ്ത്തി മറ്റേതോ സ്ഥലത്തേക്ക് മറ്റൊരു നിയോഗത്തിനായി യാത്ര പോകുമ്പോള്‍ മാത്രമാണ് ഹരിക്ക് സമാധാനമാകുന്നത്. 

ആന്റണി വര്‍ഗ്ഗീസും സജിന്‍ ചെറുകയിലും അതിഥി താരങ്ങളായെത്തുന്ന മണിയന്‍ പിള്ള രാജുവും നസ്‌ലിന്‍ ഗഫൂറുമൊഴികെ പൂവനില്‍ മുഖം കാണിച്ചവരില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളാണ്. സൂപ്പര്‍ ശരണ്യയില്‍ അജിത് മേനോന്‍ എന്ന വില്ലനെ അവതരിപ്പിച്ചിരുന്ന സംവിധായകന്‍ വിനീത് വാസുദേവന്റെ കണ്ണന്‍, അനിഷ്മ അനില്‍ കുമാറിന്റെ സിനി, അഖില ഭാര്‍ഗ്ഗവന്റെ വീണ, റിങ്കു രണധീറിന്റെ ഡിജി പോള്‍, ബിന്ദു സതീഷ് കുമാറിന്റെ മറിയാമ്മ, ആനി അബ്രഹാമിന്റെ മൈത്രി, സുനില്‍ മേലേപുറത്തിന്റെ ലൂയിസ് തുടങ്ങിയ കഥാപാത്രങ്ങളൊന്നും അവര്‍ക്കാര്‍ക്കും ചേരാത്തവയായിരുന്നില്ല. അനിഷ്മയുടെ അഭിനയമാണ് ഇതില്‍ ഏറ്റവും എടുത്തു പറയാനുള്ളത്. രസകരമായ കാര്യം സംവിധായകന്‍ മാത്രമല്ല നിര്‍മാതാക്കളിലൊരാളായ ഗിരീഷ് എ ഡിയും രചയിതാവ് വരുണ്‍ ധാരയും നായകന്റെ കൂട്ടുകാരായ സുധീറും ഫെബിനുമായി സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. 

പൂവനിലെ ഗാനങ്ങളാണ് എടുത്തുപറയേണ്ടവ. നല്ല വരികളും അതിന് മികച്ച സംഗീതവും സിനിമയുടെ പ്ലസ് പോയിന്റായി നില്‍ക്കുന്നു. ടൈറ്റസ് മാത്യുവിന്റെ വരികളിലുള്ള പള്ളിമേടയില്‍ എന്നു തുടങ്ങുന്ന കരോള്‍ ഗാനവും സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ചന്ദക്കാരിയെന്ന ഗാനവും വരികളിലും സംഗീതത്തിലും ചിത്രീകരണത്തിലും മികച്ചു നില്‍ക്കുന്നുണ്ട്. സജിത്ത് പുരുഷന്റെ ക്യാമറയും ഗ്രാമീണതയുടെ നിറങ്ങളും കാഴ്ചകളും ഒപ്പിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂര്‍ ഭാഗത്താണ് കഥ നടക്കുന്നതെങ്കിലും ഗ്രാമീണ ഭാഷാ ശൈലിയില്‍ പ്രാദേശിക വകഭേദം കടന്നുവരാതിരുന്നത് ന്യൂനതയായി അനുഭവപ്പെട്ടേക്കാം.

സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് സ്റ്റക്ക് കൗസിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ ഡിയുമാണ് പൂവന്‍ നിര്‍മിച്ചിരിക്കുന്നത്. 

https://malayalam.samayam.com/malayalam-cinema/movie-review/antoney-varghese-sajin-cherukayil-maniyanpilla-raju-naslin-gafoor-vineeth-vasudevan-vineeth-viswam-varun-dhara-girish-a-d-starrer-poovan-review-rating/moviereview/97171934.cms

(THE TIMES OF INDIA സമയം മലയാളം 2023 ജനുവരി 20)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്