താമരശ്ശേരി ചുരത്ത്ന്ന് തലശ്ശേരി രാഷ്ട്രീയത്തിലേക്കൊരു കഥ (പടച്ചോനേ ഇങ്ങള് കാത്തോളീ)


 Movie: Padachone Ingalu Katholee

Language: malayalam

Genre: Drama

Cast: Sreenath Bhasi, Hareesh Kanaran, Grace Antoney, Dinesh Prabhakar,Sunil Sugatha,Alencier Ley Lopez, Johny Antoney, Nirmal Palazhi, Saju Navodaya, Sarasa Balussery, Shiny Sarah, Sohan Seenulal, Ann Sheethal

Director: Bijith Bala 

Rating: 3.5 Star


മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുതിരവട്ടം പപ്പു റോഡ് റോളറുമായി താമരശ്ശേരി ചുരമിറങ്ങിയത്. പടച്ചോനേ ഇങ്ങള് കാത്തോളീന്നും പറഞ്ഞ് കൊക്കയില്‍ വീഴാതെ ഇറക്കിക്കൊണ്ടു വന്ന ആ സാധനത്തെ പുതിയ കേരളത്തിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ബിജിത്ത് ബാലയും സംഘവും അതേ പേരില്‍. 

ഇങ്ങള് സുലൈമാനല്ല ഹനുമാനാണെന്നും പറഞ്ഞാണ് അന്ന് പി ഡബ്ല്യു ഡി കുതിരവട്ടത്തുകാരന്‍ പപ്പുവിനെ ആദരിച്ചതത്രെ. അന്ന് പപ്പു മാത്രമായിരുന്നു കുതിരവട്ടത്തെങ്കില്‍ ഇന്നിപ്പോള്‍ കേരളം തന്നെ കുതിരവട്ടമായിരിക്കുകയാണോയെന്ന ആശങ്കകള്‍ തന്നെയാണ് ഈ സിനിമ അവതരിപ്പിക്കുന്ന സംശയങ്ങള്‍.

പുതിയ കാലത്ത് താമരശ്ശേരി ചുരമിറങ്ങി വരുന്ന സിനിമ നേരെ തലശ്ശേരിയിലെ പാര്‍ട്ടി ഗ്രാമത്തിലേക്കാണ് ലാന്റ് ചെയ്യുന്നത്. നിഷാന്ത് മാവിലവീട്ടിലിന്റെ 'ഗം' പരിപാടിയിലൂടെ അവതരിപ്പിച്ചു തുടങ്ങുന്ന കഥ ചിന്തമംഗലം പാര്‍ട്ടി ഗ്രാമത്തിലെ പ്രധാന കൃഷിയായ ബോംബിലൂടെയാണ് രസകരമായി വികസിക്കുന്നത്. കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ അരങ്ങേറുന്ന കൗതുകകരമായ കാഴ്ചകളിലൂടെ സമകാലിക യാഥാര്‍ഥ്യങ്ങളിലേക്കാണ് ക്യാമറ ചലിപ്പിക്കുന്നത്. സിനിമയുടെ കഥയോടൊപ്പം സഞ്ചരിക്കുന്ന ഷാന്‍ റഹ്മാന്റെ സംഗീതവും പ്രേക്ഷകരെ ചലച്ചിത്രത്തില്‍ പിടിച്ചിരുത്തും. മൂന്നു മണിക്കൂര്‍ നേരമാണ് പടച്ചോനേ ഇങ്ങള് കാത്തോളീയുടെ സമയമെങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ കൊണ്ടുപോകുന്നുണ്ട് സിനിമ. 

പാര്‍ട്ടി ഗ്രാമത്തിലെ 'വിപ്ലവ നക്ഷത്ര'ങ്ങളുടെ കഥ പറയുമ്പോള്‍ അതിനു ബലം നല്‍കിയെത്തുന്നത് ഒടുവില്‍ ഫ്‌ളാഷ്ബാക്കിലൂടെ പറയുന്ന പഴയ വിപ്ലവവും അതിലെ കാല്‍പ്പനിക നിറങ്ങളുമാണ്. ആ കഥയും അത് അവതരിപ്പിച്ച കളര്‍ടോണും അന്നേരം കൊണ്ടുവന്ന പാട്ടും പടച്ചോനേ ഇങ്ങള് കാത്തോളീയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. ഒരുപക്ഷേ, അതുവരെ വീട്ടിലെ ശുണ്ഠിക്കാരിയോ ശാഠ്യക്കാരിയോ ആയി പ്രത്യക്ഷപ്പെട്ട അച്ഛമ്മ എന്തൊരു കഥാപാത്രമാണെന്ന് നായകന്‍ ദിനേശനെ പോലെ പ്രേക്ഷകരും ചിന്തിച്ചുപോയേക്കും. 

കണ്ണൂര്‍ രാഷ്ട്രീയം പറയുന്ന ഒരു സിനിമയില്‍ രാഷ്ട്രീയ ആക്രമണങ്ങളോ വെട്ടോ കുത്തോ ബോംബ് സ്‌ഫോടനമോ ഇല്ലെന്നത് ഏറെ കൗതുകകരമാണ്. എന്നാലാവട്ടെ ബോംബില്‍ നിരന്തരം പരീക്ഷണം നടത്തുകയും കീശയില്‍ സ്റ്റീല്‍ ബോംബിട്ട് നടക്കുന്ന വിജിലേഷ് കാരയാടിന്റെ കഥാപാത്രം കാണികളെ ചിരിപ്പിക്കുന്നുമുണ്ട്. കണ്ണൂര്‍ രാഷ്ട്രീയത്തെ ഇത്രയും ആക്ഷേപത്തിലും ഹാസ്യത്തിലും അവതരിപ്പിക്കാനാകുമെന്ന് പടച്ചോനോട് കാക്കാന്‍ പറഞ്ഞ സിനിമ തെളിയിക്കുന്നുണ്ട്.

രാഷ്ട്രീയം പറയുന്ന സിനിമകളിലൊന്നും സ്ത്രീകള്‍ക്ക് കാര്യമായ റോള്‍ ഉണ്ടാകാറില്ലെങ്കിലും ഈ സിനിമയില്‍ മുഴുസമയ രാഷ്ട്രീയക്കാരായ ദിനേശനും കേരളകുമാരനും സഖാവ് ഗിരിക്കുമൊപ്പം ഗ്രേസ് ആന്റണിയുടെ സഖാവ് ഇന്ദുവും രംഗത്തുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രംഗങ്ങളില്‍ മാത്രമല്ല നാല്‍വര്‍ സംഘത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും ഏത് പാതിരാത്രിയിലും സഖാവ് ഇന്ദു കൂടെ നില്‍ക്കുന്നുണ്ട്. ഗ്രേസ് ആന്റണിയുടെ 'ബോള്‍ഡി'നെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയിട്ടുണ്ട് പടച്ചോനില്‍.

ലെനിനിന്റേയും മാര്‍ക്‌സിന്റേയും പാത പിന്തുടരുന്ന യുവാവ് അതേ പാതയിലുള്ള യുവതികളില്‍ നിന്നും വിവാലോചന ക്ഷണിക്കുന്നതും പാര്‍ട്ടി പതാക കൈയില്‍ പിടിച്ച് സേവ് ദി ഡേറ്റ് ചിത്രീകരിച്ച് വൈറലാക്കാമെന്ന് മോഹിക്കുന്നതുമൊക്കെ പാര്‍ട്ടി ഗ്രാമം എത്രമാത്രം ആഴത്തിലാണ് പാര്‍ട്ടി ജീവിതം നയിക്കുന്നതെന്നും കാണിക്കുന്നു.

രാഷ്ട്രീയ എതിരാളികളായ കെ ജി പി കുടുംബത്തില്‍ നിന്നും സി പി കെയുടെ സജീവ പ്രവര്‍ത്തകനായ ദിനേശന്‍ വിവാഹം കഴിച്ചാല്‍ തങ്ങളുടെ പാര്‍ട്ടിയിലേക്ക് ഒരു കെ ജി പി കുടുംബത്തെ അടുപ്പിക്കാമെന്ന് സി പി കെക്കാരും തങ്ങളുടെ എതിരാളികളില്‍ നിന്നും മകള്‍ക്ക് ഭര്‍ത്താവിനെ കണ്ടെത്തിയാല്‍ അവരുടെ പാര്‍ട്ടി ഗ്രാമത്തിലേക്ക് നുഴഞ്ഞു കയറാനുള്ള വഴിയായെന്ന് കെ ജി പിക്കാരും ചിന്തിക്കുന്ന അമിത ബുദ്ധി ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളോടൊപ്പം അയാളിലുണ്ടാക്കുന്ന തിരിച്ചറിവുകളും കൂടിയാണ് ഈ സിനിമ. 


പൂര്‍വകാല വിപ്ലവസൂരികള്‍ മികവിലേക്ക് നയിച്ച കേരളത്തെ റിവേഴ്‌സ് ഗിയറിലിട്ട് താമരശ്ശേരി ചുരം കയറ്റാന്‍ നടത്തുന്ന ശ്രമങ്ങളെ അവസാനം ഉപദേശ രൂപത്തിലാണെങ്കിലും പറഞ്ഞു ഫലിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. 

നിധീഷ് നടേരി, ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ മികച്ച വരികളും അവയ്ക്ക് ഷാന്‍ റഹ്മാന്‍ നല്കിയ സംഗീതവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണ്. എന്ത് പാങ് ചങ്കിനുള്ളിലെ ചെമ്പകച്ചെടി പൂത്തപോലത്തെ പാങ് എന്ന വടക്കന്‍ മലബാര്‍ ഭാഷയിലുള്ള ഗാനവും കാത്തുകാത്തിരിപ്പു മുള്ളില് കോര്‍ത്തു രക്തഹാരമുള്ളില് നോക്കുകൊണ്ടു നീയെറിഞ്ഞ തീക്കനല്‍ ചോന്നെരിഞ്ഞടങ്ങാതെ നെഞ്ചില് എന്ന പ്രണയ വരികളും ഏറെ ഹൃദ്യമാകുന്നു. ഷാന്‍ റഹ്മാന്‍- വിനീത് ശ്രീനിവാസന്‍ കൂട്ടിലെ മറ്റു പല ഗാനങ്ങളും പോലെ ഹൃദയം തൊടുന്നുണ്ട് കാത്തുകാത്തിരിപ്പു മുള്ളില്. ഈ ഗാനം ചിത്രീകരിച്ച രീതിയും മികവാര്‍ന്നതാണ്. പഴയ കാലത്തെയും പഴയ കളര്‍ ടോണിനേയും വെള്ളിത്തിരയിലെത്തിച്ച് പ്രണയാതുരമായൊരു വിഷ്വല്‍ ട്രീറ്റ്‌മെന്റ് പ്രേക്ഷകര്‍ക്ക് നല്കുന്നു. 

നായകന്റേയും നായികയുടേയും കുട്ടിക്കാലവും യുവത്വവുമൊക്കെ എത്രയോ തവണ ഫ്‌ളാഷ് ബാക്കുകളായി വരികയും മറ്റു അഭിനേതാക്കള്‍ ആ ഭാഗങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ തീരെ പ്രതീക്ഷിക്കാത്ത രണ്ടു കഥാപാത്രങ്ങളെ അവര്‍ ചിന്തിക്കാത്തൊരു ഫ്‌ളാഷ്ബാക്കിലേക്ക് കൊണ്ടുവരികയും അക്കാലത്തെ കഥ മനോഹരമായി പറയുകയും ചെയ്യുന്നു. പ്രേക്ഷകന്‍ വെറും പ്രായമായവരായി മാത്രം കാണുന്ന അവര്‍ക്കും ഒരു ബാല്യവും യൗവനവും പ്രണയവും വിപ്ലവവുമുണ്ടായിരുന്നുവെന്ന് പറഞ്ഞു തരുന്നു. ഒരുപക്ഷേ, ഈ സിനിമയിലെ ഏറ്റവും ആകര്‍ഷകമായ ഭാഗവും അതുതന്നെയായിരിക്കണം. 

പ്രണയ രംഗങ്ങളിലൊന്നും അമിതമാകാതെയും അനാവശ്യമായി സംഭാഷണങ്ങള്‍ അവതരിപ്പിക്കാതെയും കൈവിട്ടു പോകാതെ സൂക്ഷിക്കുന്നു സിനിമ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ നടക്കുന്ന പ്രണയത്തെ ഒരാളില്‍ മാത്രമൊതുക്കിയും അത് അയാളല്ലാതെ മറ്റാരുമറിയാതെ വിധത്തില്‍ തടസ്സമില്ലാത്തൊരു നദിയുടെ ഒഴുക്കുപോലെയും ചിത്രീകരിച്ചിരിക്കുന്നു. 

പറഞ്ഞു വന്നപ്പോള്‍ സിനിമ മൂന്നു മണിക്കൂറിലേക്കെത്തിയെന്നതാണ് എടുത്തുപറയാവുന്ന പ്രധാന ന്യൂനത. ഹെഡ്മാസ്റ്ററുടെ ലീലാ വിലാസങ്ങളുടെ ഭാഗങ്ങളും ഉദ്വേഗം സൃഷ്ടിക്കാനോ നാടകീയമാക്കാനോ ചെയ്ത ആക്രമിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങളും പോലുള്ളവ മുറിച്ചു മാറ്റിയിരുന്നെങ്കില്‍ സമയം കുറക്കാന്‍ സഹായിക്കുമായിരുന്നു. 

കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ സംഭാഷണമാണ് സിനിമയുടെ പേര് എന്നതിനാല്‍ അദ്ദേഹത്തെ ഓര്‍ത്തുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഒപ്പം ബാധയൊഴിപ്പിക്കാന്‍ കൊണ്ടുവരുന്ന ശില്‍പങ്ങള്‍ക്കും കുതിരവട്ടം പപ്പുവിന്റെ ഛായ ഉണ്ടോയെന്ന് പ്രേക്ഷകര്‍ സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. എടുത്തു പറയാനുള്ള മറ്റൊരു റഫറന്‍സ് തെങ്ങു ചെത്തുകാരന്‍ കോരന്‍ തെങ്ങില്‍ നിന്നിറങ്ങി വരുമ്പോള്‍ അടുത്തു നില്‍ക്കുന്ന മകന് ചെമ്പതാക കൊടുക്കാനെത്തുന്ന ഇ കെ കേളപ്പന്റെ രംഗമാണ്. ചുവന്ന പതാകയുമായി പോകുന്ന കുട്ടിയെ നോക്കി കേളപ്പന്‍ പറയുന്നുണ്ട്- കോരാ, ഇവന്‍ നാളെ നമ്മളെ നയിക്കില്ലാന്ന് ആരറിഞ്ഞൂന്ന്. ആ രംഗത്തെ കോരന്റെ മകന്‍ പിണറായിക്കാരന്‍ വിജയനിലേക്ക് കൂട്ടിയോജിപ്പിക്കാന്‍ കാഴ്ചക്കാര്‍ക്ക് വലിയ ബുദ്ധിയുടെയൊന്നും ആവശ്യമില്ല.

ടൈനി ഹാന്റ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തിലും രഞ്ജിത്ത് മണമ്പ്രക്കാട്ടും ചേര്‍ന്നു നിര്‍മിച്ച പടച്ചോനേ ഇങ്ങള് കാത്തോളീ കിരണ്‍ ദാസാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. 

എങ്ങനെയൊക്കെ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചാലും വര്‍ഗ്ഗീയ ഫാസിസവും പിന്തിരിപ്പന്‍ കാഴ്ചപ്പാടുകളും പതുക്കെയാണെങ്കിലും കേരള പരിസരത്ത് പിടിമുറുക്കി തുടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പു കൂടി ഈ സിനിമ തരുന്നുണ്ട്. അതുകൊണ്ടുതന്നെ വര്‍ഗ്ഗീയതയുടെ നുഴഞ്ഞു കയറ്റത്തില്‍ നിന്നും കേരളത്തെയെങ്കിലും പടച്ചോനേ ഇങ്ങള് കാത്തോളീയെന്ന് പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പ്രാര്‍ഥിക്കേണ്ടതുണ്ട്. 

https://malayalam.samayam.com/malayalam-cinema/movie-review/sreenath-bhasi-grace-antoney-alencier-ley-lopez-johny-antoney-nirmal-palazhi-sarasa-balussery-shiny-sarah-ann-sheethal-hareesh-kanaran-starrer-padachone-ingalu-katholee-review-rating-in-malayalam/moviereview/95738824.cms

(TIMES OF INDIA സമയം മലയാളം 2022 നവംബര്‍ 24)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്