അയാളുടെ ആത്മഭാഷണങ്ങളില്‍ സമൂഹം ഒളിഞ്ഞിരിക്കുന്നുണ്ട് (മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്)


 സിനിമ: മുകുന്ദനുണ്ണി അസോസിയേറ്റ്സ്

ഭാഷ: മലയാളം

അഭിനേതാക്കള്‍: വിനീത് ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമ്മൂട്, തന്‍വി റാം, സുധി കോപ്പ, അര്‍ഷ ചാന്ദ്നി ബൈജു

സംവിധാനം: അഭിനവ് സുന്ദര്‍ നായക്

ഇനം: കോമഡി

ദൈര്‍ഘ്യം: 2.08 മണിക്കൂര്‍

റേറ്റിംഗ്: 3.5


നിയമത്തിന്റെ നൂലാമാലകളേയും അതില്‍ നിന്നും പുറത്തു കടക്കാനുള്ള മാര്‍ഗ്ഗങ്ങളും പറയുമ്പോഴും പ്രേക്ഷകനെ ബോറടിപ്പിക്കാതെ കഥ കൊണ്ടുപോകുന്നുണ്ട് അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സ്. നായകന്റെ ആത്മഭാഷണങ്ങളിലൂടെയാണ് സിനിമ പോകുന്നതെങ്കിലും അതിന്റെയൊരു ബുദ്ധിമുട്ടുകളൊന്നും കാഴ്ചക്കാരന് അനുഭവിക്കേണ്ടി വരുന്നില്ല.

ധാര്‍മികമായി ഈ സിനിമ എത്രത്തോളം നിലനില്‍ക്കുമെന്ന ചിന്ത മാറ്റിവെച്ചേക്കുക. ഇങ്ങനെയൊക്കെ സംഭവിച്ചേക്കാമെന്നോ നിലവില്‍ സംഭവിക്കുന്ന ചില കാര്യങ്ങളുടെ പെരുപ്പിച്ചു കാട്ടലുകളാണെന്നോ മാത്രം വിചാരിക്കുക. അല്ലെങ്കിലും സിനിമയെന്നു പറയുന്നത് പെരുപ്പിച്ചു കാട്ടലുകളാണല്ലോ. സാധാരണ മനുഷ്യന്റെ എത്രയോ ഇരട്ടി വലുപ്പത്തിലാണ് ഓരോ മനുഷ്യരേയും വെള്ളിത്തിരയില്‍ കാണുന്നത്. അപ്പോള്‍ അത്രയും ഇരട്ടി പെരുപ്പിക്കല്‍ സാധാരണ ജീവിതത്തില്‍ നിന്നും സിനിമയില്‍ കാണിക്കാമായിരിക്കാം.

കാഞ്ഞബുദ്ധിയും അതിലേറെ എന്തൊക്കെയോ നേടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ജൂനിയര്‍ വക്കീല്‍ തന്റെ വഴി തെരഞ്ഞെടുത്ത് മുന്നോട്ടു പോകുമ്പോള്‍ അയാള്‍ക്കു മുമ്പില്‍ തെളിഞ്ഞു വരുന്ന വഴികള്‍ തന്നെയാണ് സിനിമയുടെ കഥയും മര്‍മവും.

കോടതിയും കേസും വക്കീലും ജഡ്ജിയുമൊക്കെ പ്രധാനമാകുന്ന  സിനിമകളെല്ലാം ഹൈക്കോടതിയുടേയും ജില്ലാ കോടതിയുടേയും പരിസരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മുകുന്ദനുണ്ണി അസോസിയേറ്റ്സ് മോട്ടോര്‍ ആക്സിഡന്റ് ക്രൈം ട്രിബ്യൂണലിന്റെ ഓരം ചേര്‍ന്ന് നടക്കാനാണ് ഇഷ്ടപ്പെടുന്നത്. അതാകട്ടെ കോടതിയും കേസും ചൂടന്‍ വാര്‍ത്തകളുമെല്ലാം താരതമ്യേന കുറഞ്ഞ വയനാട് ജില്ലയുടെ പശ്ചാതലത്തില്‍ കല്‍പ്പറ്റയിലേക്ക് ഒതുക്കിക്കൊണ്ടു പോവുകയും ചെയ്തിരിക്കുന്നു.

കോഴിക്കോടന്‍ പശ്ചാതലത്തില്‍ നിന്നും തന്റെ നാടിന്റെ 'സാധ്യതകളിലേക്ക്' ഇറങ്ങിച്ചെല്ലാനുള്ള 'ബുദ്ധി' മുകുന്ദനുണ്ണിക്ക് സമ്മാനിക്കുന്നത് വീട്ടില്‍ നടക്കുന്ന ഒരു സംഭവത്തിലൂടെയാണ്. മുകുന്ദനുണ്ണി ക്രിമിനല്‍ മനസ്സുള്ള വ്യക്തിയാണെന്ന് ജൂനിയര്‍ വക്കീലായിരിക്കുമ്പോഴേ സൂചനകളിലൂടെ കാണിക്കുന്നുണ്ടെങ്കിലും അയാളുടെ ക്രിമിനല്‍ രീതികളൊന്നും പതിവ് ശൈലിയിലുള്ളതല്ലാത്തതിനാല്‍ സിനിമയുടെ പശ്ചാതലവും ഒട്ടും ക്രിമിനലാകുന്നില്ല. മാത്രമല്ല ആവശ്യത്തിന് കോമഡിയിലൂടെ കൊണ്ടുപോകാനും സാധിക്കുന്നുണ്ട്.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. വിനീതിന്റെ മുകുന്ദനുണ്ണിയില്ലാത്ത രംഗങ്ങള്‍ വളരെ ചുരുക്കം മാത്രമാണ്. വിനീതിലൂടെ കഥ മുമ്പോട്ടു കൊണ്ടുപോവുകയും സംഭാഷണം പറയേണ്ട ചിലയിടങ്ങളില്‍ പോലും അയാളുടെ ആത്മഭാഷണങ്ങളോ മനസ്സിന്റെ പുലമ്പലുകളോ അവതരിപ്പിച്ച് പ്രേക്ഷകരിലെത്തിക്കാനുള്ള ശ്രമം നടത്തുന്ന രചയിതാവും സംവിധായകനും വലിയ ധൈര്യമാണ് പ്രകടിപ്പിക്കുന്നത്.


വ്യത്യസ്തമായ രീതിയില്‍ പ്രമോഷനും പരസ്യങ്ങളുമെല്ലാം ചെയ്ത് നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ച മുകുന്ദനുണ്ണി അസോസിയേറ്റ്സ് സിനിമയിലും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ ടൈറ്റില്‍ മുതല്‍ പ്രകടമാക്കുന്നുണ്ട്. ആരോടും നന്ദി പറയാതെയും ഒരു മൃഗത്തേയും ദ്രോഹിച്ചിട്ടില്ലെന്നും പുകവലി ആരോഗ്യത്തിന് ഹാനികരവുമൊക്കെ വേറൊരു രീതിയില്‍ അവതരിപ്പിച്ച് ആദ്യം മുതല്‍ തന്നെ പ്രേക്ഷകരെ സ്‌ക്രീനിലേക്ക് കൗതുകത്തോടെ കാണാന്‍ പ്രേരിപ്പിക്കുന്നു. ടൈറ്റിലില്‍ നല്‍കുന്ന കൗതുകം സിനിമയിലുടനീളം നിലനിര്‍ത്താനും അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷം സ്‌ക്രീനില്‍ നിന്ന് കാഴ്ചക്കാരിലേക്ക് എത്തിനോക്കി എല്ലാവരുമെത്തിയോ എന്നു ചോദിക്കുന്നതും എത്തിയാലും ഇല്ലെങ്കിലും ഞാന്‍ തുടങ്ങുകയാണെന്ന് പറയുന്നതുമൊക്കെ രണ്ടാം പകുതിയിലും പ്രേക്ഷകനെ തങ്ങളിലേക്കു തന്നെ ആകര്‍ഷിച്ചു നിര്‍ത്താനുള്ള പൊടിക്കൈകളായി ഉപയോഗിക്കുന്നു്. ഈ പൊടിക്കൈകളൊന്നുമില്ലെങ്കിലും മുകുന്ദനുണ്ണിയുടെ 'ക്രൂക്കഡ് മൈന്റ്' പ്രേക്ഷകരെ വെറുപ്പിക്കാതെ കൊണ്ടുപോകുന്നുണ്ട്.

നിഷ്‌കളങ്കനാണ് മുകുന്ദനുണ്ണിയെന്ന് ആദ്യം മുതല്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിഷ്‌കളങ്കന്റെ ഭാവത്തിലുള്ള 'ഒരുഗ്രന്‍ ക്രിമിനലാണ്' അയാളെന്ന് സിനിമയുടനീളം കാണിക്കുന്നു.

അപകടക്കേസുകള്‍ തേടിപ്പിടിക്കുന്ന ആക്സിഡന്റ് വക്കീലിന്റെ (ആക്സിഡന്റ് വക്കീലിന്റെ രീതികള്‍ വരുമ്പോള്‍ ആദ്യഘട്ടത്തില്‍ അച്ചുവിന്റെ അമ്മയിലെ നരേനെ പ്രേക്ഷകര്‍ ഓര്‍മിച്ചു പോയേക്കാം) കഷ്ടപ്പാടുകള്‍ വരച്ചു കാട്ടുമ്പോഴും അതിനപ്പുറത്തേക്ക് പോകണമെന്ന ഇരുപത്തിയൊന്‍പതുകാരന്‍ വക്കീലിന്റെ മോഹങ്ങളാണ് അയാളെ ഓരോ നീക്കത്തിനുമപ്പുറം അടുത്ത ക്രിമിനല്‍ രീതിക്ക് പ്രേരിപ്പിക്കുന്നത്. അയാള്‍ തുടങ്ങുന്നതു തന്നെ ആധാര്‍ കാര്‍ഡില്‍ തന്റെ ജന്മ വര്‍ഷം തിരുത്തിക്കൊണ്ടാണല്ലോ. ശരിക്കും മുപ്പത്തിയാറ് വയസ്സായിട്ടും അടുത്ത വര്‍ഷം മുപ്പത് തികയുമെന്ന തരത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി അയാള്‍ ആധാര്‍ ഫോട്ടോഷോപ്പില്‍ തിരുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

വിനീത് ശ്രീനിവാസന്റെ മുകുന്ദനുണ്ണിയും സുധി കോപ്പയുടെ റോബിനും ചേരുന്നതാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സെങ്കിലും റോബിനെ ഒരിക്കലും വളരാന്‍ അയാള്‍ അനുവദിക്കുന്നില്ല. അത്തരമൊരു കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്നതില്‍ റോബിന്‍ താത്പര്യം പ്രകടിപ്പിക്കുന്നുമില്ല. എങ്കിലും ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപം അപരന്‍ അപമാനിക്കുന്നതാണെന്ന് പറയാറുള്ളതുപോലെ അത്തരമൊരു അപമാനം റോബിനിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അമിത ആത്മവിശ്വാസം ചിലപ്പോഴെങ്കിലും മുകുന്ദനുണ്ണിയെ അപകടത്തില്‍ കൊണ്ടു ചാടിക്കുന്നുണ്ടെങ്കിലും ഇത്തരക്കാര്‍ക്ക് പതിവായി ലഭിക്കാറുള്ള ഭാഗ്യം ഇയാള്‍ക്കും അകമ്പടി സേവിക്കുന്നു.

സ്ഥിരം രീതികള്‍ക്കും മാനറിസങ്ങള്‍ക്കുമപ്പുറത്തേക്ക് വിനീത് ശ്രീനിവാസന്‍ കടന്നുപോകുന്നില്ലെങ്കിലും കൂടെയുള്ള സുധി കോപ്പ തന്റെ വേഷം വളരെ മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മുകുന്ദനുണ്ണിയുടെ നിഴലാണ് റോബിനെങ്കിലും പ്രകടനത്തില്‍ നായകനേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന പെര്‍ഫോമന്‍സ് പല സന്ദര്‍ഭങ്ങളിലും സുധികോപ്പ പ്രകടിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടിന്റെ അഡ്വ. വേണു, സുധീഷിന്റെ രാഷ്ട്രീയക്കാരന്‍ ജോര്‍ജ്ജ് ഇല്ലിക്കല്‍, മണികണ്ഠന്‍ പട്ടാമ്പിയുടെ മണി, തന്‍വി റാമിന്റെ അഡ്വ. ജ്യോതി ലക്ഷ്മി, ആര്‍ഷ ചാന്ദ്നി ബൈജുവിന്റെ മീനാക്ഷി, ജോര്‍ജ്ജ് കോരയുടെ ഡോ. വിന്‍സെന്റ്, അല്‍ത്താഫ് സലീമിന്റെ ആംബുലന്‍സ് ഡ്രൈവര്‍ സുരേഷ്, റിയ സൈറയുടെ ആനി, ജഗദീഷിന്റെ ജഡ്ജ്, ബിജു സോപാനത്തിന്റെ ഡോക്ടര്‍ തുടങ്ങി പ്രധാനമായി കടന്നുവരുന്ന കഥാപാത്രങ്ങളെല്ലാം തങ്ങളുടേതായ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.

എഡിറ്റര്‍ കൂടിയായ സംവിധായകനും സഹരചയിതാവുമായ അഭിനവ് സുന്ദര്‍ നായക് സംവിധായകന്‍ എന്നതിലുപരി എഡിറ്ററുടെ കാഴ്ചയിലൂടെയായിരിക്കണം സിനിമയെ രചനയിലും ക്യാമറക്കണ്ണിലും കണ്ടിട്ടുണ്ടാവുക. അതിന്റെ മികവുകളാണ് വെള്ളിത്തിരയില്‍ കാണുന്നത്. എടുത്തുപറയാനും കൂടുതല്‍ ശ്രദ്ധിക്കാനുമുള്ള മികവുകളൊന്നും സംഗീതത്തിനില്ലെങ്കിലും നവാഗതനായ സിബി മാത്യു അലക്സ് പ്രേക്ഷകന് ബുദ്ധിമുട്ടുണ്ടാക്കുകയോ സിനിമയ്ക്ക് അരോചകമാവുകയോ ചെയ്യുന്നില്ല.

സംവിധായകനെ കൂടാതെ നിഥിന്‍ രാജ് ആരോലാണ് സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

നായകന്‍ തന്നെയാണ് സിനിമയിലെ 'വില്ലനെ'ങ്കിലും ആദര്‍ശ ഭാരങ്ങളൊന്നും മുകുന്ദനുണ്ണി അസോസിയേറ്റ്സ് കാഴ്ചക്കാരന്റെ തലയില്‍വെച്ചുകൊടുക്കുന്നില്ല. സിനിമയില്‍ കാണിക്കുന്ന വഴികളിലൂടെ സഞ്ചരിക്കാന്‍ കാഴ്ചക്കാരെ പ്രേരിപ്പിക്കുന്നില്ല. എന്നാല്‍ സമൂഹത്തില്‍ ഇത്തരം വഴികള്‍ ഒളിഞ്ഞും തെളിഞ്ഞുമുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

https://malayalam.samayam.com/malayalam-cinema/movie-review/vineeth-sreenivasan-tanvi-ram-suraj-venjaramoodu-sudhi-koppa-arsha-baiju-starrer-mukundan-unni-associates-movie-review-rating-in-malayalam/moviereview/95448877.cms


(TIMES OF INDIA സമയം മലയാളം 2022 നവംബര്‍ 11)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്