'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂമിയായി അറിയപ്പെടുന്ന പ്രദേശമാണ് കണ്ണൂര്‍ ജില്ല. കണ്ണൂര്‍ സംഘര്‍ഷം എന്നു പൊതുവായി പറയാറുണ്ടെങ്കിലും തലശ്ശേരി താലൂക്കിന്റെ ചില ഭാഗങ്ങളിലാണ് ഇത്തരം സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നടക്കാറുള്ളത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന അത്തരം രാഷ്ട്രീയ സംഘര്‍ഷങ്ങളും പിന്നാമ്പുറങ്ങളും വര്‍ഷങ്ങളോളം അതുണ്ടാക്കുന്ന അലയൊലികളും വരച്ചുവെച്ചിരിക്കുകയാണ് 'ഇരുവര്‍' എന്ന തന്റെ ആദ്യ നോവലില്‍ ആരിഫ് പി കെ വി.

കേരളത്തിലെ തലശ്ശേരി താലൂക്കിനും പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിക്കും അതിരുവരക്കുന്ന ന്യൂമാഹിയെന്ന ചെറിയൊരു പ്രദേശത്ത് 1986 മെയ് 26ന് നടന്ന യഥാര്‍ഥ രാഷ്ട്രീയ കൊലപാതകവും അതിനു പിന്നാലെയുണ്ടായ മറ്റൊരു കൊലപാതകവും റഫറന്‍സായി കാണിച്ച് ആരംഭിക്കുന്ന നോവല്‍ രാഷ്ട്രീയം തലക്കുപിടിച്ച ഒരു യുവാവിലൂടെയാണ് വികസിക്കുന്നത്. പിന്നീടത് രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണെങ്കിലും അടുത്ത സുഹൃത്തുക്കളായ യുവാക്കളുടെ കഥയായും രൂപാന്തരപ്പെടുന്നു.

 ബിലാലും വിനീതുമാണ് ആ കൂട്ടുകാര്‍. ഇരുവരുടേയും തലക്കുപിടിച്ച രാഷ്ട്രീയ പ്രവര്‍ത്തനം രണ്ടു കുടുംബങ്ങളിലുമുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചെറുതായിരുന്നില്ല. ജോലിക്കു പോകാതെ രാഷ്ട്രീയം കളിച്ചു നടന്ന മകനെ അതില്‍നിന്നും രക്ഷപ്പെടുത്താന്‍ ആദ്യം വിനീതിന്റെ അമ്മയാണ് വഴി കണ്ടത്. തങ്ങളുടെ താമസം തലശ്ശേരിക്കപ്പുറത്തുള്ള മമ്പറം ഗ്രാമത്തിലേക്ക് മാറ്റി വിനീതിന്റെ രാഷ്ട്രീയ വേരറുക്കാന്‍ അമ്മ നടത്തിയ ശ്രമം പൂര്‍ണമായല്ലെങ്കിലും വിജയം വരിക്കുന്നുണ്ട്. താന്‍ നടപ്പാക്കി വിജയിച്ച ആശയം ബിലാലിന്റെ ഉമ്മയ്ക്കും പറഞ്ഞുകൊടുക്കുകയാണ് ഉറ്റ കൂട്ടുകാരിയായ വിനീതിന്റെ അമ്മ. അവര്‍ തന്നെ തന്റെ വീടിനടുത്ത് മറ്റൊരുവീട് കണ്ടെത്തിക്കൊടുക്കുകയും ചെയ്യുന്നു. ഇതോടെ വിനീത് മാത്രമല്ല ബിലാലും രാഷ്ട്രീയത്തില്‍ നിന്നും താത്ക്കാലിക വിടുതല്‍ നേടുന്നുണ്ട്.

 യുവാക്കളെ രണ്ടുപേരേയും സഹായിക്കാന്‍ അവരുടെ കുടുംബ സുഹൃത്ത് കൂടി എത്തുന്നതോടെ ബിസിനസിന്റെ പുതിയ ലോകങ്ങള്‍ അവര്‍ക്കിരുവര്‍ക്കും ചേര്‍ന്ന് വെട്ടിപ്പിടിക്കാനാവുന്നു. പക്ഷേ, ഒളിഞ്ഞുവെട്ടുന്ന ശത്രുക്കള്‍ക്കു മുമ്പില്‍ അവരിരുവര്‍ക്കും ഒഴിഞ്ഞു മാറാനോ തടുത്തു നില്‍ക്കാനോ സാധിക്കാത്ത അവസ്ഥ സംജാതമാക്കുന്നു. അതോടെ വിധി നേരത്തെ കരുതിവെച്ച സ്വാഭാവിക പര്യവസാനം അവരെ തേടിയെത്തുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനവും സംഘര്‍ഷങ്ങളും കൂടപ്പിറപ്പായ യുവാക്കളുടെ ജീവിതം വരച്ചു കാണിക്കുമ്പോള്‍ തന്നെ അവരുടെ മാതാക്കളും വീടകങ്ങളും എങ്ങനെ ആശങ്കപ്പെടുന്നുവെന്ന ഉള്‍ക്കാഴ്ചകളിലേക്കും നോവലിസ്റ്റ് ഇരുവറിനെ കൊണ്ടുപോകുന്നുണ്ട്.

മാഹി, തലശ്ശേരി ഭാഗങ്ങള്‍ പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ പ്രദേശവും ഘടനയും ഭാഷയും മനസ്സിലാക്കി ഒറ്റയിരുപ്പില്‍ ഇരുവര്‍ വായിച്ചു പോകാനാവും.

 നോവലെഴുത്തിന്റെ ഘടനയിലാണെങ്കിലും തിരക്കഥയുടെ സങ്കേതമാണ് നോവലിസ്റ്റ് ഇരുവറില്‍ സ്വീകരിച്ചിരിക്കുന്നത്. വായിക്കുന്നത് വെള്ളിത്തിരയിലെന്നതുപോലെ കാണാനും കേള്‍ക്കാനും കഴിയും. സംഭാഷണങ്ങളെല്ലാം സിനിമയ്ക്ക് അനുയോജ്യമായ തരത്തില്‍ വേറിട്ടെഴുതിയിട്ടുണ്ട്. നോവല്‍ പലയിടങ്ങളിലും സിനിമാക്കഥ പറഞ്ഞുപോകുന്നതുപോലെ വായനക്കാരന് അനുഭവപ്പെടും. ആകാംക്ഷയും സ്റ്റണ്ടുമൊക്കെ അതിന് ആക്കംകൂട്ടുന്നുമുണ്ട്.

ഒടുക്കം എങ്ങനെയായിരിക്കുമെന്ന് നോവല്‍ പാതിവഴിയിലെത്തുമ്പോള്‍ തന്നെ വായനക്കാരന്‍ സങ്കല്‍പ്പിക്കുമെങ്കിലും ചെറിയ ട്വിസ്റ്റിന്റെ രചനാതന്ത്രവും പ്രയോഗിച്ചിട്ടുണ്ട്. നൊമ്പരമോ വേദനയോ ദേഷ്യമോ എന്താണെന്നറിയാത്ത ഒരു വികാരത്തിലേക്കും അതുവഴി പല കഥാപാത്രങ്ങളിലേക്കും വായനക്കാരന്റെ മനസ്സ് പായിക്കാനും ഇരുവറില്‍ ആരിഫ് ശ്രമിക്കുന്നുണ്ട്.

തന്റെ ചുറ്റും കണ്ട കാഴ്ചകളില്‍ പലതുമാണ് ആരിഫ് പി കെ വി ഇരുവര്‍ നോവലിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. തന്റെ വീടും വീട്ടകവും അടിസ്ഥാന ശിലകളില്‍ വലിയ മാറ്റം വരുത്താതെ പേരും സ്വഭാവവും മാറ്റി പുനഃസൃഷ്ടിക്കാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്.

 ഗ്രീന്‍ ബുക്‌സ് പുറത്തിറക്കിയ 'ഇരുവര്‍' രണ്ടു പേരുടെ ജീവിതം മാത്രമല്ല, വെളിച്ചം കണ്ട് ആകര്‍ഷിക്കപ്പെട്ട് അതിലേക്ക് പറന്നെത്തി ചിറകും ജീവനും നഷ്ടപ്പെട്ട കുറേ ഈയ്യാംപാറ്റകളുടെ പ്രതിനിധികളെ കൂടിയാണ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം