പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്



പഴയൊരു ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാരന്‍ പയ്യനുണ്ട്- ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിക്ക് സ്വന്തം പേര് അച്ചടിച്ചു കണ്ട സന്തോഷത്തില്‍ തുള്ളിച്ചാടിയ കൊലുന്നനെയുള്ളൊരു ചെക്കന്‍!

പ്രസിദ്ധീകരിച്ചു വന്ന ഫീച്ചര്‍ സ്വന്തമായിരുന്നില്ല- ഇന്ത്യന്‍ എക്സ്പ്രസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതിയ 'ഹിസ്റ്ററി റിട്ടണ്‍ ആള്‍ ഓവര്‍ തലശ്ശേരി' എന്ന ഫീച്ചറിന്റെ മലയാള മൊഴിമാറ്റമായിരുന്നു അത്- 'തലശ്ശേരിയുടെ ചരിത്രം' എന്നപേരില്‍.

ഞായറാഴ്ചകളില്‍ സണ്‍ഡേ സപ്ലിമെന്റ് വായിക്കാന്‍ ദി ഹിന്ദുവോ ഇന്ത്യന്‍ എക്സ്പ്രസോ വാങ്ങുന്ന പതിവുണ്ടായിരുന്നു വല്ല്യുപ്പയ്ക്ക്. അങ്ങനെയാണ് ഈ ഫീച്ചര്‍ എന്റെ കൈയ്യിലെത്തിയത്. സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച എനിക്കുണ്ടോ ഇംഗ്ലീഷില്‍ നിന്ന് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നു! പക്ഷേ, മുമ്പിലുള്ള ലേഖനം തലശ്ശേരിയെ കുറിച്ചാണ്, ഞങ്ങളുടെ സ്വന്തം നഗരത്തെ കുറിച്ച്. അപ്പോള്‍ പിന്നെ അതെങ്ങനെയെങ്കിലും മൊഴിമാറ്റിയെടുക്കണം, പ്രസിദ്ധീകരിക്കണമെന്ന ഉദ്ദേശത്തോടെയല്ല എഴുതിത്തുടങ്ങിയത്. എനിക്ക് വായിച്ച് മനസ്സിലാക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു അതിനു പിന്നിലെ ഇച്ഛാശക്തി. പല ദിവസങ്ങളെടുത്താണ് ആ ഫീച്ചര്‍ മലയാളത്തിലേക്ക് മാറ്റിയെഴുതിയത്. വല്ല്യുപ്പ വായിച്ച് തിരുത്തല്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം തന്നെയാണ് ചന്ദ്രിക വാരാന്തപ്പതിപ്പിലേക്ക് അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടതും. ഞങ്ങളുടെ തറവാട്ടിലെ കുറേപ്പേര്‍ പത്രപ്രവര്‍ത്തന രംഗത്തുണ്ടല്ലോ, അവരില്‍ പലരും തുടങ്ങിയതും ചന്ദ്രികയിലാണ്. നീയും അയക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

സത്യത്തില്‍ അതായിരുന്നു തുടക്കം. അതിനു മുമ്പ് വീട്ടിലെ അലമാരയില്‍ നിരത്തിവെച്ചിരുന്ന ചില ഇംഗ്ലീഷ് പുസ്്തകങ്ങളില്‍ കഥകളും കവിതകളും മലയാളത്തിലേക്ക് മാറ്റാന്‍ പലയാവര്‍ത്തി ശ്രമിച്ച് പരാജയപ്പെട്ട് ആര്‍ക്കും കാണിക്കാതെ മാറ്റിവെച്ച അനുഭവമുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് ഫീച്ചര്‍ വിവര്‍ത്തനം ചെയ്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചതിനും അതില്‍ ആത്മവിശ്വാസമുണ്ടായതിനും പിന്നിലുള്ള ഒരേയൊരു കാര്യം തലശ്ശേരി എന്ന വികാരം മാത്രമായിരുന്നു.

വാരാന്തപ്പതിപ്പിലേക്ക് ലേഖനം അയച്ചതൊക്കെ ഞാന്‍ മറന്നുതുടങ്ങിയ ഒരു ഞായറാഴ്ച പ്രഭാതത്തിലാണ് വല്ല്യുപ്പ ചന്ദ്രികയുമായി എന്റെ മുമ്പിലെത്തിയത്. വാരാന്തപ്പതിപ്പിന്റെ കവര്‍ സ്റ്റോറിക്ക് എന്റെ ബൈലൈനായിരുന്നു! (വെങ്കിടേഷ് രാമകൃഷ്ണന്‍ സാറിനോട് മാപ്പ് ചോദിക്കുന്നു. ഇക്കാലത്തിനിടയില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തെ എനിക്ക് നേരില്‍ കാണാനായിട്ടില്ല. കാണണമെന്ന് ആഗ്രഹിക്കാറുണ്ടെങ്കിലും!).

അങ്ങനെയൊരു ലേഖനം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ എന്നെക്കാളേറെ സന്തോഷം വല്ല്യുപ്പയ്ക്കാണെന്ന് തോന്നി. അദ്ദേഹം ആ പത്രവുമായി കണ്ണൂരില്‍ പെങ്ങളുടെ മക്കള്‍ക്കും മരുമക്കള്‍ക്കുമൊക്കെ കൊണ്ടുപോയി കാണിച്ചുകൊടുത്തു. ഇതൊക്കെ കഴിഞ്ഞ് മൂന്നു വര്‍ഷമാകുമ്പോഴേക്കും അദ്ദേഹം അയ്യലത്ത് പള്ളിയിലെ ഖബര്‍സ്ഥാനില്‍ വീടൊരുക്കി പോയ്ക്കളഞ്ഞു.

***************** **************** *******************

വല്ല്യുപ്പയുമായുള്ള ചന്ദ്രിക ഓര്‍മകളില്‍ പിന്നേയുമുണ്ട് നിരവധി സംഭവങ്ങള്‍. കുട്ടിയായിരിക്കെ ഒരുനാള്‍ എന്നേയും കൂട്ടി വീട്ടില്‍ നിന്നുമിറങ്ങി റെയിലിലൂടെ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് നടന്നുപോകവേ ഒരാള്‍ കാലന്‍ കുടയുമെടുത്ത് റെയില്‍ മുറിച്ചു കടന്ന് പുതിയ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് നടക്കുന്നു. അദ്ദേഹത്തെ ചൂണ്ടി വല്ല്യുപ്പ ചോദിച്ചു- അയാളെ അറിയുമോ നിനക്ക്? എനിക്കറിയില്ലായിരുന്നു. അതാണ് വി സി അബൂബക്കര്‍. ചന്ദ്രികയുടെ പത്രാധിപരായിരുന്നു! ഞാനാദ്യമായി ഒരു പത്രപ്രവര്‍ത്തകനെ കാണുകയായിരുന്നു! പിന്നീട് വി സി അബൂബക്കറുടെ ആത്മകഥയില്‍ ചേംബര്‍ലിന്റെ കുട എന്ന് അദ്ദേഹം സ്വന്തം കുടയെ വിശേഷിപ്പിച്ചെഴുതിയത് വായിച്ചപ്പോള്‍ ചെറുപ്പത്തില്‍ അദ്ദേഹത്തെ കുടയോടൊപ്പം കണ്ട സന്ദര്‍ഭം ഓര്‍മയില്‍ വന്നു.

***************** **************** *******************

പിന്നെയുമുണ്ടൊരു കഥ. അതുപക്ഷേ, വളരെ പഴക്കമുള്ളൊരു കഥയായിരുന്നു. സംഭവം നടന്നത് 1940കളില്‍. ഫലസ്തീന്‍ രാജ്യത്തേക്ക് വാഗ്ദത്ത ഭൂമിയായി ജൂതന്മാര്‍ ഒഴുകുന്ന കാലം. കൊച്ചിയിലെ ജൂതന്മാരും ഫലസ്തീനിലേക്ക് കുടിയേറാനുള്ള തയ്യാറെടുപ്പിലായിരുന്നു. യാത്രക്ക് തയ്യാറായവരെല്ലാം അക്കാലത്ത് കോഴിക്കോട് നിന്നും ചന്ദ്രിക പത്രം വരാന്‍ കാത്തുനില്‍ക്കുമായിരുന്നത്രെ. ഉച്ചയോടെ എറണാകുളത്തെത്തുന്ന തീവണ്ടിയിലാണ് അന്ന് ചന്ദ്രിക കൊച്ചിയിലെത്തിയിരുന്നത്. ഫലസ്തീനിലെ വിവരങ്ങളും വാര്‍ത്തകളും അക്കാലത്ത് ചന്ദ്രികയിലായിരുന്നു വിശദമായി പ്രസിദ്ധീകരിച്ചിരുന്നത് എന്ന കാരണത്താലായിരുന്നു പിന്നീട് രാജ്യംവിട്ട ജൂതന്മാരെല്ലാം അക്കാലത്ത് ചന്ദ്രിക മുടങ്ങാതെ വായിച്ചത്.

***************** **************** *******************

ചന്ദ്രിക ആഴ്ചപ്പതിപ്പ് സ്ഥിരമായി വായിച്ചു തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുന്ന കാലത്തായിരുന്നു. കണ്ണൂരില്‍ കംപ്യൂട്ടര്‍ ക്ലാസിനു പോകുമ്പോള്‍ ട്രെയിനിലും, വൈകിയോടുന്ന വണ്ടി കാത്ത് റെയില്‍വേ സ്‌റ്റേഷനിലിരിക്കുമ്പോള്‍ അവിടേയും കൂട്ടുണ്ടായിരുന്നത് ചന്ദ്രിക ആഴ്ചപ്പതിപ്പായിരുന്നു. ആദ്യപേജില്‍ തുടങ്ങി വള്ളിപുള്ളി വിടാതെ അവസാന പുറം വരെ വായിക്കുന്ന ശീലം. അക്കാലത്ത് വായിച്ച് മാത്രം പേരറിയാമായിരുന്ന പലരേയും പിന്നീട് പരിചയപ്പെടാനായി. പ്രൊഫ. എ പി സുബൈറും മഹമ്മൂദ് മാട്ടൂലും അതിമനോഹരമായി കഥകളെഴുതിയിരുന്ന, അതിന്റെ ഒരു ജാഡയും കാണിക്കാതെ അടയാളപ്പെടുത്തലുകളൊന്നും ബാക്കിയാക്കാതെ മരണത്തിലേക്കു പോയ യൂസുഫ്ക്കയും ഉള്‍പ്പെടെ നിരവധി പേര്‍ പിന്നീട് സൗഹൃദ വലയത്തിലെത്തി. ചന്ദ്രിക ദിനപത്രത്തിലും ചന്ദ്രിക ആഴ്ചപ്പതിപ്പിലും മായാജാലം കാണിച്ച കെ പി കുഞ്ഞിമ്മൂസയെന്ന പേര് ഓര്‍ക്കാതെ ഒരിക്കല്‍ പോലും ചന്ദ്രിക സ്പര്‍ശിക്കാനാവില്ല. 

***************** **************** *******************

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞപ്പോള്‍ അതേ ചന്ദ്രികയില്‍ തന്നെയാണ് പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠവുമായി ഞാന്‍ പടികയറിയത്. കണ്ണൂര്‍ ചന്ദ്രികയില്‍ ആദ്യമായെത്തുമ്പോള്‍ കിണാശ്ശേരി ന്യൂസ് എഡിറ്ററും കണ്ണന്‍ നായര്‍ ജനറല്‍ മാനേജരുമായിരുന്നു. മുഹമ്മദ് മുണ്ടേരിയും സി ബി മുഹമ്മദലിയും വി എന്‍ അന്‍സലും താജുദ്ദീന്‍ പുറവൂരും ബഷീര്‍ മടവൂരും കെ ശശിയും  രവീന്ദ്രന്‍ രാവണേശ്വരവും ഖലീല്‍ ചാലാടും കബീര്‍ കണ്ണാടിപ്പറമ്പും ഒ ഉസ്മാനിക്കയും മജീദ്ക്കയും അന്‍സാരി തില്ലങ്കേരിയും ടി എന്‍ എ ഖാദറും ഒ അബൂബക്കറും ഉള്‍പ്പെടെ വലിയ താരനിരകള്‍ക്കിടയില്‍ വളരെ ചെറിയ, അടയാളപ്പെടുത്തലുകളില്ലാത്ത ഒരാളായി ഞാനും... പിന്നെ തലശ്ശേരിയില്‍ മുസ്തഫ മാസ്റ്ററോടൊപ്പം... പിലാക്കണ്ടി മുഹമ്മദലിയെന്ന അലീക്ക മുതല്‍ എന്‍ മഹമ്മൂദ്ക്കയും ലത്തീഫ് വക്കീലും എ പിയും സൈനുദ്ദീന്‍ വക്കീലും എ കെ മുസ്തഫയും റഷീദ്ക്കയും സി കെ പി റയീസും പാലക്കല്‍ സാഹിറും തുടങ്ങി (പേരെഴുതാന്‍ തുടങ്ങിയാല്‍ അവസാനിക്കില്ല) മുസ്ലിം ലീഗിലെ താഴെ തട്ടിലുള്ളവര്‍ വരെ സൗഹൃദവലയത്തിലേക്ക് എത്തിയത് അക്കാലത്തായിരുന്നു. എ പി മുഹമ്മദ് അഫ്‌സലെന്ന പേരും ഇതോടൊപ്പം ചേര്‍ത്ത് പലതവണ ആവര്‍ത്തിക്കേണ്ടി വരും. ഏറ്റവും ആസ്വദിച്ച് പത്രപ്രവര്‍ത്തനം നടത്തിയതും ആ നാളുകളിലായിരുന്നു. 1980കള്‍ക്ക് ശേഷം രാഷ്ട്രീയ സംഘട്ടനങ്ങള്‍കൊണ്ട് തലശ്ശേരി ഏറ്റവും സംഘര്‍ഷഭരിതമായ കാലഘട്ടവും അതുതന്നെയായിരുന്നു.  

***************** **************** *******************

ചന്ദ്രികയും വല്ല്യുപ്പയുമൊക്കെ ഇന്നിങ്ങനെ മനസ്സില്‍ ഓര്‍മകളായി ഓടിയെത്താന്‍ പ്രത്യേകിച്ചൊരു കാരണമുണ്ട്. ചന്ദ്രിക ദിനപത്രത്തിന്റെ നവതി ആഘോഷങ്ങള്‍ക്ക് ഇന്ന് തലശ്ശേരിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന് ചന്ദ്രിക ആരംഭിച്ച തലശ്ശേരിയുടെ മണ്ണില്‍ തന്നെ തുടക്കം. തീര്‍ച്ചയായും അവിടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ആഗ്രഹങ്ങളും നടപ്പാകണമെന്നില്ലല്ലോ.

***************** **************** *******************

പത്രപ്രവര്‍ത്തനത്തിന്റെ നീണ്ട വര്‍ഷങ്ങളില്‍ പല പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്തു, പല പ്രസിദ്ധീകരണങ്ങളില്‍ പലതായി എഴുതി.. ഓരോ തവണയും പ്രസിദ്ധീകരിച്ചു വരുമ്പോള്‍ ആ പഴയ പ്രീഡിഗ്രിക്കാരന്‍ പയ്യന്‍ മനസ്സില്‍ കിടന്ന് ചാടിക്കളിക്കും. ചന്ദ്രികയില്‍ ഫീച്ചര്‍ കണ്ട ആ ഞായറാഴ്ചയിലേതു പോലെ... ഞാനെഴുതിയത് ഞാന്‍ തന്നെ പലയാവര്‍ത്തി വായിക്കുമ്പോള്‍ ഭാര്യയുടെ സൂചന വരും- ഹലോ മതിമതി! പക്ഷേ, അവള്‍ക്കറിയില്ലല്ലോ. പ്ലസ് ടു കഴിഞ്ഞ മകനുണ്ടെങ്കിലും, പണ്ട്, ചന്ദ്രിക വാരാന്തപ്പതിപ്പില്‍ ആദ്യ ലേഖനം അച്ചടിച്ചു വന്നതു കണ്ട പ്രീഡിഗ്രി കഴിയാത്ത അതേ കൗമാരക്കാനാണ് ഞാനന്നേരമെന്ന്!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍