എന്ന് സ്വന്തം ശ്രീധരന്‍; റിയല്‍ ജീവിതത്തിന്റെ റീല്‍ ഭാഷ്യം


റിയല്‍ ജീവിതവും റീല്‍ ജീവിതവും തമ്മില്‍ സന്ധിക്കുന്നത് കാണുമ്പോള്‍ അനുഭവപ്പെടുന്നൊരു സ്ഥല- ജല വിഭ്രാന്തിയുണ്ട്. അത്തരമൊരു വിഭ്രാന്തി രണ്ടാം തവണയും അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ. 

മാസങ്ങള്‍ക്ക് മുമ്പ് ഇടപ്പള്ളി വനിത- വിനീത തിയേറ്ററിലെ സ്‌ക്രീന്‍ ത്രീയില്‍ 'പട' സിനിമ കണ്ടതുപോലെ അതേ ഇടപ്പള്ളി വനിത- വിനീതയില്‍ സ്‌ക്രീന്‍ ടുവില്‍ 'എന്ന് സ്വന്തം ശ്രീധരന്‍' കണ്ടപ്പോഴും സത്യമേത് യാഥാര്‍ഥ്യമേതെന്നു മനസ്സിലാകാത്ത തോന്നലില്‍ അകപ്പെട്ടു പോയി. 


കമല്‍ കെ എം സംവിധാനം നിര്‍വഹിച്ച് വിനായകനും ദിലീഷ് പോത്തനും ജോജു ജോര്‍ജ്ജും കുഞ്ചാക്കോ ബോബനും അയ്യങ്കാളിപ്പട പ്രവര്‍ത്തകരായി വേഷമിട്ട പട വെള്ളിത്തിരയില്‍ കാണാന്‍ കുഞ്ചാക്കോ ബോബന്‍ അടങ്ങുന്ന സിനിമാ പ്രവര്‍ത്തകരോടൊപ്പം പാലക്കാട് കലക്ടറേറ്റില്‍ കലക്ടറെ ബന്ദിയാക്കല്‍ നാടകം കളിച്ച അയ്യങ്കാളി പട പ്രവര്‍ത്തകരുമുണ്ടായിരുന്നു അന്ന് ഇടപ്പള്ളി വനിത- വിനീതയില്‍. 

ഇന്നലെയാകട്ടെ എന്ന് സ്വന്തം ശ്രീധരനില്‍ സിനിമയിലെ ശ്രീധരനും യഥാര്‍ഥ ശ്രീധരനും മാത്രമല്ല സിനിമയിലെ ഷാനവാസായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും യഥാര്‍ഥ ഷാനവാസും റോഷ്‌നയും ലീലയും ഉമ്മുമ്മയായ നിലമ്പൂര്‍ ആയിഷയും ഉള്‍പ്പെടെ എത്തിയിരുന്നു. വെള്ളിത്തിരയിലെ അഭിനേതാക്കളോടൊപ്പം യഥാര്‍ഥ ജീവിതത്തിലെ അനുഭവസ്ഥരും കൂടി!

സിനിമയെന്നാല്‍ ഏച്ചുകെട്ടലുകളും വലുതാക്കി കാണിക്കലുമാണ്. അതുകൊണ്ടുതന്നെ സിനിമയില്‍ കാണുന്നതോ കാണിക്കുന്നതോ ആയ അത്ഭുതങ്ങള്‍ പലതും യഥാര്‍ഥത്തില്‍ സംഭവിക്കാന്‍ പ്രയാസമുള്ളതായിരിക്കാനാണ് സാധ്യത. എന്ന് സ്വന്തം ശ്രീധരന്‍ കണ്ടിറങ്ങി യഥാര്‍ഥ ശ്രീധരനോട് ശരിക്കും ഇങ്ങനെ തന്നെയാണോ അനുഭവങ്ങളെന്ന് ചോദിച്ചപ്പോള്‍ ഇതല്ല, ഇതിനേക്കാള്‍ കൂടുതലാണ് ശരിയായ അനുഭവങ്ങളെന്നായിരുന്നു മറുപടി. ശരിക്കും നിങ്ങളുടെ ഉമ്മ ഇങ്ങനെയായിരുന്നോ എന്നു ഷാനവാസിനോടു ചോദിച്ചപ്പോഴാകട്ടെ പതിഞ്ഞ പുഞ്ചിരിയില്‍ അതേയെന്ന മറുപടിയും! വല്ലാത്ത അതിശയം തോന്നി.


കളിക്കൂട്ടുകാരിയും വീട്ടിലെ ജോലിക്കു സഹായിക്കുന്നയാളുമായ അടക്കാക്കുണ്ട് മൂര്‍ഖന്‍ പറമ്പില്‍ ചക്കി പറക്കമുറ്റാത്ത മൂന്നു മക്കളെ അനാഥരാക്കി പ്രസവത്തോടെ മരിച്ചു പോയപ്പോള്‍ മാളു എന്നു വിളിക്കുന്ന തെന്നാടന്‍ വീട്ടില്‍ സുബൈദ ആ മ്ക്കളേയും കൂട്ടി തന്റെ വീട്ടിലേക്ക് വരികയായിരുന്നു. 2019ല്‍ മരിക്കുവോളം തന്റെ മൂന്നു മക്കളായ ഷാനവാസിനേയും ജാഫറിനേയും റോഷ്‌നയേയും പോലെ രമണിയേയും ലീലയേയും ശ്രീധരനേയും ചേര്‍ത്തുനിര്‍ത്തി സുബൈദ. 

ആ കഥ പറയുന്ന സിനിമയാണ് എന്ന് സ്വന്തം ശ്രീധരന്‍. 


യഥാര്‍ഥ സംഭവം അടിസ്ഥാനമാക്കി തയ്യാറാക്കിയ ചലച്ചിത്രാവിഷ്‌ക്കാരം എന്നെഴുതിക്കാണിച്ച അതേ വെള്ളിത്തിരയില്‍ തന്നെ ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്നും സാമ്യം തോന്നുന്നുവെങ്കില്‍ യാദൃശ്ചികമെന്ന ജാമ്യവും എടുത്തുവെക്കുന്നുണ്ട് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ സിദ്ദീഖ് പറവൂരിന്റെ കഥയ്ക്ക് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മാത്രമല്ല, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ മനോഹരമായ വരികള്‍ സിനിമയില്‍ പാട്ടായുമെത്തുന്നു- റാസയുടെ ശബ്ദത്തില്‍. സുബൈദയുടെ മൂത്തമകന്‍ ഷാനവാസായും പൊയ്ത്തുംകടവ് വേഷമിട്ടിട്ടുണ്ട്. മലയാളത്തിലെ എ്ണ്ണം പറഞ്ഞ കഥാകാരന്റെ ആദ്യത്തെ ചലച്ചിത്ര വേഷം.

മലപ്പുറം ജില്ലയിലെ കാളികാവില്‍ നടന്ന യഥാര്‍ഥ സംഭവത്തില്‍ ഒറ്റവരി റെയില്‍വേ ട്രാക്കും ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ഇതുവഴി കൂകിപ്പായുന്ന തീവണ്ടിയും കഥാപാത്രങ്ങളാണ്. 


നിലമ്പൂര്‍ ആയിഷയും സുരേഷ് നെല്ലിക്കോടും ഒഴികെ ഇരുത്തം വന്ന അഭിനേതാക്കളൊന്നുമല്ല ഈ സിനിമയില്‍ പ്രത്യേക്ഷപ്പെടുന്നത്. കോടികള്‍ കൊണ്ട് അമ്മാനമാടുന്ന സിനിമാ വ്യവസായത്തിലെ കണ്‍കെട്ട് ജാലങ്ങളിലൂടെയൊന്നും ഈ സിനിമ അവതരിപ്പിക്കപ്പെട്ടിട്ടുമില്ല. സാങ്കേതികമായുള്ള ചില പരിമിതികളും സിനിമയ്ക്ക് എടുത്തു പറയാനുണ്ടാവും. പക്ഷേ, അതിനെല്ലാമപ്പുറത്ത് വലിയൊരു കാഴ്ചയാണ് എന്ന് സ്വന്തം ശ്രീധരന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കിടുന്നത്. ജാതിയും മതവും ഭക്ഷണവും വസ്ത്രവുമെല്ലാം പരസ്പരം പോരടിക്കാനുള്ള ഉപാധികളാക്കി മാറ്റാന്‍ ശ്രമിക്കുന്ന കുറേപേരുള്ള ഈ കെട്ടകാലത്ത് ഇതാ, ഇങ്ങനെയും ചിലര്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നും, ഇപ്പോഴും ജീവിക്കുന്നുണ്ടെന്നും കാണിക്കാന്‍ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്. 

2019 ജൂണ്‍ 17നാണ് തെന്നാടന്‍ സുബൈദ മരിച്ചത്. ഉമ്മ മരിക്കുമ്പോള്‍ ശ്രീധരന്‍ ഒമാനിലായിരുന്നു. ഉമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ ആ മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു: 'എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി. അവരുടെ ഖബറിടം വിശാലമാക്കിക്കൊടുക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കേണമേ' എന്നായിരുന്നു ആ പോസ്റ്റ്. ഇതുകണ്ട് പലര്‍ക്കും സംശയമായി. ശ്രീധരനെങ്ങനെ ഉമ്മയുണ്ടാകും, ഉമ്മയ്‌ക്കെങ്ങനെ ശ്രീധരനെന്ന പേരില്‍ മകനുണ്ടാകും. 


ഈ പോസ്റ്റിന്റെ പേരില്‍ പലരും തനിക്കെതിരെ സംസാരിച്ചെന്ന് ശ്രീധരന്‍ തന്നെയാണ് പറഞ്ഞത്. ഉമ്മ മരിച്ച ദിവസം ശ്രീധരന്‍ തന്റെ പോസ്റ്റില്‍ വന്ന അഭിപ്രായങ്ങളെ കുറിച്ച് ഒന്നും മിണ്ടിയില്ല. അന്നു തന്നെ ഒമാനില്‍ നിന്നും പറന്നിറങ്ങിയ ശ്രീധരന്‍ ആദ്യം നേരെ പളളിപ്പറമ്പില്‍ ഉമ്മയുടെ ഖബറിനടുത്തേക്കാണ് പോയത്. അവിടെ പ്രാര്‍ഥിച്ച് നേരെ തെന്നാടന്‍ വീട്ടില്‍ ഉപ്പയുടെ അടുത്തേക്ക്- ഉപ്പ മദ്‌റസാ അധ്യാപകന്‍ അബ്ദുല്‍ അസീസ് ഹാജിയെ കണ്ട് സമാധാനിപ്പിച്ചു. പിറ്റേന്ന് ശ്രീധരന്‍ തന്റെ ജീവിതത്തെ കുറിച്ച് വിശദമാക്കി ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റിട്ടു. അതോടെ അത് വലിയ വാര്‍ത്തയായി. മലയാള മനോരമ ഞായറാഴ്ചയില്‍ ശ്രീധരന്റേയും സുബൈദയുടേയും ജീവിതം പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എന്ന് സ്വന്തം ശ്രീധരന്‍ സിനിമയായത്. 

സിനിമയുടെ ചില ഭാഗങ്ങളില്‍ കാഴ്ചക്കാരുടെ കണ്ണുകളില്‍ അറിയാതെ കണ്ണീര്‍ പൊടിയും. ഇങ്ങനെയൊക്കെ ജീവിച്ചിരുന്ന മനുഷ്യര്‍ എപ്പോള്‍ മുതലാണ് വര്‍ഗ്ഗീയവാദികളായതെന്ന് സംശയിക്കും. 



ഇതുപോലുള്ളവര്‍ ഇപ്പോഴുമുണ്ടെന്ന് ശ്രീധരന്‍ സാക്ഷ്യപ്പെടുത്തുന്നു. തനിക്കറിയാവുന്ന ചില മുസ്‌ലിം കുടുംബങ്ങളില്‍ ഹിന്ദുക്കുട്ടികളെ ഇതുപോലെ വളര്‍ത്തുന്നുണ്ട്, ചില ഹിന്ദു കുടുംബങ്ങളില്‍ മുസ്‌ലിം കുട്ടികളും വളരുന്നുണ്ട്. അതൊന്നും ആരും പുറത്തു പറയാറില്ലെന്ന് ശ്രീധരന്റെ സാക്ഷ്യം. 

വര്‍ഗ്ഗീയത പറയുന്ന ആരേയും തനിക്കിഷ്ടമല്ലെന്ന് പറഞ്ഞ ശ്രീധരന്‍ അവര്‍ക്കെതിരെ താന്‍ ശക്തമായി പ്രതികരിക്കാറുണ്ടെന്നും പറഞ്ഞു. അതിന്റെ ഭാഗമായാണത്രെ ആദ്യത്തെ ഫേസ്ബുക്ക് അക്കൗണ്ട് നഷ്ടമായതും രണ്ടാമത്തെ അക്കൗണ്ടിന് ഇപ്പോള്‍ 21 ദിവസത്തെ വിലക്ക് കിട്ടിയിരിക്കുന്നതും. വനിത- വിനീതയിലെ ഇടനാഴിയില്‍ നിന്ന് ശ്രീധരന്‍ ബ്ലോക്കായി കിടക്കുന്ന ഫേസ്ബുക്ക് അക്കൗണ്ട് കാണിച്ചു തന്നു.

സുബൈദയുടെ ഇളയ മകനായി 'പയ്യന്‍' സ്റ്റൈലില്‍ നില്‍ക്കുന്ന ശ്രീധരനോട് ഞാന്‍ ചോദിച്ചു- നിങ്ങള്‍ കല്ല്യാണം കഴിച്ചോ. ഉടനെ വന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. എന്റെ മകന്‍ പ്ലസ് ടു കഴിഞ്ഞു ഐ ടി ഐയില്‍ പഠിക്കുന്നു. ഭാര്യ തങ്കമ്മു കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. 


എന്ന് സ്വന്തം ശ്രീധരന്‍ അവസാനിക്കുന്നതും അങ്ങനെയാണ്- ഉമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണേ എന്നാവശ്യപ്പെടുന്ന ശ്രീധരന്റെ ഫേസ്ബുക്ക് പോസ്‌റ്റോടെ. അപ്പോള്‍ ആകാശത്തിന് താഴെ, ഭൂമിക്കു മേലേ, ചിറകുവിരിച്ച് പക്ഷികള്‍ കൂട്ടമായി പറക്കുന്നുണ്ടായിരുന്നു. പണ്ട്, ഉമ്മ പറഞ്ഞു കൊടുത്തപോലെ, ശ്രീധരാ, നിനക്ക് പക്ഷികളുടെ ഭാഷ മനസ്സിലാകുന്നുണ്ടോ, ഉമ്മയ്ക്കത് മനസ്സിലാകുന്നുണ്ട്. വലുതായാല്‍ നിനക്കും മനസ്സിലാകും. 

പള്ളിക്കാട്ടിലെ മീസാന്‍ കല്ലുകളില്‍ അടയാളപ്പെടുത്തിവെച്ച തെന്നാടന്‍ സുബൈദയെന്ന ഖബറിനരികില്‍ ശ്രീധരനിപ്പോഴും പ്രാര്‍ഥിക്കുന്നുണ്ട്.

2020ല്‍ ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താഹിറയ്ക്ക് ശേഷം സിദ്ദീഖ് പറവൂര്‍ സംവിധാനം നിര്‍വഹിച്ച സിനിമയാണ് എന്ന് സ്വന്തം ശ്രീധരന്‍. സുരേഷ് നെല്ലിക്കോട്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, നിലമ്പൂര്‍ ആയിഷ, സച്ചിന്‍ റോയ്, നിര്‍മല കണ്ണന്‍, വൈഭവ് അമര്‍നാഥ്, ഹര്‍ഷ അരുണ്‍, ഡോ. ഷാലി അശോക്, രജിത സന്തോഷ്, ,ആര്യ, അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സിനിമയില്‍ വേഷമിട്ടിരിക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്