ഉമ്മയില്ലാത്ത പെരുന്നാള്‍


ഇന്നേക്ക് 43 ദിവസങ്ങളാകുന്നു ഉമ്മ മരിച്ചിട്ട്. ഉമ്മയില്ലാത്ത ആദ്യ പെരുന്നാള്‍. കഴിഞ്ഞ ബലി പെരുന്നാള്‍ കഴിഞ്ഞയുടനാണ് എന്റെ മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉമ്മ മുട്ടമാല ഉണ്ടാക്കിയത്. പെരുന്നാളിന് എത്രയോ മുമ്പേ അവള്‍ ഉമ്മയെ ഏല്‍പ്പിച്ചിരുന്നു, മുട്ടമാല വേണമെന്ന്. പെരുന്നാളിനുണ്ടാക്കാമെന്ന് ഉമ്മ വാക്കു കൊടുക്കുകയും ചെയ്തു. പക്ഷേ, പെരുന്നാളിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ വീട്ടിലെത്തിയത്. എന്നിട്ടും രോഗത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലായിട്ടും ഉമ്മ അവളോടുള്ള വാക്ക് പാലിച്ചു. ഞങ്ങളെത്തിയ ദിവസം 'പെരുന്നാളാ'ക്കി. മധുരത്തിന്റേയും രുചിയുടേയും അളവൊട്ടും കുറയാതെ 'പഞ്ചാര സീറി'ല്‍ നിന്നും മുട്ടമാല കോരിയെടുത്തു.



ഒരു കൊല്ലം- എത്രവേഗമാണ് കടന്നുപോയത്. കീമോ തെറാപ്പിയുടെ നാളുകളില്‍ വേദന കടിച്ചമര്‍ത്തി പരാതി പറയാതെ മുമ്പോട്ടു പോയ ദിവസങ്ങള്‍... ഓരോ കീമോ സൈക്കിളിന് ശേഷവും ഇനി ഞാനങ്ങളോട്ടേക്കില്ലെന്ന് പറയുമെങ്കിലും രോഗം വന്നാല്‍ ചികിത്സിക്കാതിരിക്കാന്‍ മനുഷ്യന് അധികാരമില്ലെന്ന ചിന്തയിലും നിര്‍ബന്ധത്തിലും പിന്നേയും തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ തിരക്കും കാത്തിരിപ്പുമുള്ള ഇടനാഴികളില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. 


തലശ്ശേരി ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രാര്‍ഥനയോടെ കിടക്കുന്ന ഉമ്മയാണ് ബോധത്തിലുള്ള എന്റെ അവസാന കാഴ്ച. കടപ്പുറത്തെ പള്ളിയില്‍ നിന്നും മഗ്‌രിബ് ബാങ്ക് വിളിച്ചപ്പോള്‍ അത് കേട്ട് ഇന്ന് വെള്ളിയാഴ്ചയാണല്ലോ മഗ്‌രിബായല്ലോ എന്നു പറഞ്ഞതും എനിക്ക് കുറച്ച് വെള്ളം വേണമെന്ന് പറഞ്ഞ് എന്നെ ഐ സി യുവിന് പുറത്തേക്ക് അയച്ചതുമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായ അവസാന കൂടിക്കാഴ്ച.


പിറ്റേന്ന് രാത്രി അസുഖം മൂര്‍ച്ഛിച്ച് തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോകുമ്പോള്‍ ഉമ്മയ്ക്ക് കൃത്യമായ ബോധമുണ്ടായിരുന്നില്ല. പക്ഷേ, കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ രാവിലെ വളരെ ഉന്മേഷവതിയായാണ് ഉമ്മ ഉണര്‍ന്നത്. കൂടെയുണ്ടായിരുന്ന അനിയന്മാരോടും പെങ്ങളോടും സംസാരിക്കുകയും ഡോക്ടര്‍ വന്നു കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വീട്ടിലേക്ക് പോയില്ലെങ്കില്‍ ഞാനിറങ്ങി ഓടുമെന്ന് അനിയനോട് കളിയായോ കാര്യമായോ പറഞ്ഞു. അതുപക്ഷേ, വെറുതെയായില്ല. ഡോക്ടര്‍ വന്നു കണ്ടതിന് ശേഷം, മെയ് 29ന് സന്ധ്യയ്ക്ക് തൊട്ടുമുമ്പ് ഉമ്മ ഇറങ്ങിപ്പോയി- ആശുപത്രിയില്‍ നിന്നല്ല, ഈ ലോകത്തില്‍ നിന്ന്... 

കഴിഞ്ഞ ചെറിയ പെരുന്നാളിന് ഉമ്മ നല്ല ക്ഷീണത്തിലായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നും കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലില്‍ നിന്നുമുള്ള ചികിത്സയുടെ ഇടവേളയില്‍ അവസാനത്തെ പെരുന്നാള്‍. അത് അവസാനത്തെ ഞങ്ങളുടെ ഒത്തുകൂടലാണെന്ന് ഞങ്ങളന്നറിഞ്ഞില്ല. 


ഇന്ന് ബലി പെരുന്നാള്‍- അയ്യലത്ത് പള്ളിയിലെ ഖബര്‍സ്ഥാനില്‍ മീസാന്‍ കല്ലുകളുടെ അടയാളപ്പെടുത്തലില്‍ വേദനകളില്ലാത്ത ലോകത്ത് ഉമ്മ ഉറങ്ങുന്നുണ്ട്. പതിവുപോലെ, ഉമ്മയുറങ്ങുമ്പോള്‍ ഉണര്‍ത്താതെ, ഒച്ചയുണ്ടാക്കാതെ ഉമ്മ കിടക്കുന്ന മുറിയുടെ വാതില്‍ തുറക്കുന്നതുപോലെ, ഖബറിനടുത്ത് നിശ്ശബ്ദമായി, പെയ്യാനൊരുങ്ങിയ മഴ മേഘങ്ങള്‍ക്ക് താഴെ ഞങ്ങള്‍ നില്‍ക്കുന്നുണ്ട്. പിന്നെയും പിന്നെയും കടുത്തു പെയ്ത് ഓര്‍മകളിലേക്ക് തണുത്തിറങ്ങി വരുന്ന ഉമ്മയും കൂടെയുണ്ട്....


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്