പുഴു; അഹംബോധത്തിനേല്‍ക്കുന്ന വിഷദംശനങ്ങള്‍


മറാത്തി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ ആത്മകഥയായ അക്കര്‍മാശി വായിച്ചപ്പോള്‍ അതിലുണ്ടാകണമെന്ന് ആഗ്രഹിച്ച ഒരു കാര്യമുണ്ടായിരുന്നു. നവാഗതയായ റത്തീന സംവിധാനം നിര്‍വഹിച്ച മമ്മൂട്ടിച്ചിത്രം 'പുഴു' കണ്ടപ്പോഴാണ് ആ ആഗ്രഹം സഫലമായത്. 

ദലിതനായതിന്റെ പേരില്‍ മാത്രം എല്ലായിടത്തും അവഗണനയും പുച്ഛവും തൊട്ടുകൂടായ്മയും അനുഭവിക്കേണ്ടി വരുന്ന ആത്മകഥാകാരന്‍ ജാതിയുടെ പേരില്‍ അപമാനിക്കുന്ന ഒരാള്‍ക്കെങ്കിലും മുഖത്തിട്ടു പൊട്ടിക്കണേയെന്ന പ്രാര്‍ഥന സഫലമാകാന്‍ പുഴു റിലീസാകേണ്ടി വന്നു. തേങ്ങാപ്പൂളു കൊത്തിയ കാക്കയെന്ന പ്രയോഗത്തിന് പിന്നാലെ ഉദ്യോഗസ്ഥന്റെ മുഖത്ത് വീണ കൈ തന്നെയായിരുന്നു ജാതിക്കോമരങ്ങളോടുള്ള ഏറ്റവും നല്ല മറുപടി. അകത്തിടാന്‍ പാകത്തിലുള്ള കുറ്റമാണ് ചെയ്തതെന്ന പോലീസുകാരന്റെ ഭീഷണിക്കു മുമ്പിലാകട്ടെ തന്റെ ദലിത് സത്വത്തെ പുറത്തെടുത്ത് ജാതിക്കു നേരെയുള്ള അധിക്ഷേപത്തിന് താനുമൊരു പരാതി തന്നാല്‍ പണി പോകാനുള്ള അവസ്ഥകളേ ഉദ്യോഗസ്ഥനുമുള്ളുവെന്ന് കസേരയില്‍ നിവര്‍ന്നിരുന്നു പറയുന്ന അയാളുടെ ആത്മബോധത്തിനു മുമ്പില്‍ ജാതിക്കോമരങ്ങള്‍ക്കു മുമ്പില്‍ പത്തി മടക്കേണ്ടി വരുന്ന കാഴ്ചയും പുഴു സമ്മാനിച്ചു. 


അവര്‍ണനും സവര്‍ണനും മാത്രമല്ല വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കും വ്യത്യസ്ത സത്വങ്ങളും അത്രയും ബോധങ്ങളും ഇരട്ട നീതിയും 'ഉറപ്പാക്കാന്‍' ശ്രമിക്കുന്ന വ്യവസ്ഥിതിക്കു നേരെ കടുത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് പുഴുവിന്റെ ഓരോ രംഗവും കടന്നുപോകുന്നത്. 

സമൂഹത്തിന്റേയും സാധാരണ സിനിമയുടേയും അഴകൊഴമ്പന്‍ സമീപനങ്ങള്‍ക്കപ്പുറം ഗൗരവമായ വിഷയത്തിനു നേരെ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് പുഴു ആരംഭിക്കുകയും തുടരുകയും അവസാനിക്കുകയും ചെയ്യുന്നത്. ചുട്ടുപൊള്ളിക്കുന്ന ചില കാഴ്ചകളിലൂടെയല്ലാതെ പുഴു കണ്ടവസാനിപ്പിക്കാനാവില്ല.

കീഴാളപക്ഷ വായന പോലെ കീഴാളപക്ഷ കാഴ്ചകളും നിര്‍ബന്ധമായും ഉണ്ടാകേണ്ടതുണ്ടെന്ന് ജയ്ഭീം പോലുള്ള സിനിമകള്‍ മാതൃക കാട്ടിയിട്ടുണ്ട്. മുകളില്‍ നിന്നുമാത്രം കാണുന്ന കണ്ണുകള്‍ക്ക് പകരം സിനിമ താഴേ നിന്നും നോക്കേണ്ടതുണ്ടെന്ന് പുഴു പറഞ്ഞുതരുന്നു. ജാതി മേല്‍ക്കോയ്മയുടെ തീണ്ടാപ്പാടകലത്തില്‍ മറ്റു ജാതിക്കാര്‍ മാത്രമല്ല മതക്കാരും നില്‍ക്കേണ്ടി വരുന്ന ഒരു കാലത്തേക്കുള്ള സഞ്ചാരത്തിനിടയിലാണ് പുഴു പോലുള്ള സിനിമകള്‍ തങ്ങളുടേതായ ദൗത്യവുമായി രംഗത്തെത്തുന്നത്. ജാതിയും മതവും മാത്രമല്ല ലിംഗ രാഷ്ട്രീയത്തിലെ പൊരുത്തക്കേടുകളും എടുത്തു കുടയുന്നുണ്ട് പുഴുവില്‍. 


മമ്മൂട്ടിയെന്ന മെഗാ താരത്തെ പ്രതീക്ഷിച്ച് പുഴു കാണാനിരുന്നാല്‍ നിരാശപ്പെടേണ്ടിവരുമെന്നുറപ്പ്. മമ്മൂട്ടിയിലെ നടനെ കാണാനാഗ്രഹിക്കുന്നവര്‍ക്ക് വലിയ വിരുന്നാണ് സിനിമ ഒരുക്കുന്നത്. മമ്മൂട്ടിയുടെ കുട്ടനെന്ന ഓപ്പ മാത്രമല്ല പാര്‍വതി തിരുവോത്തിന്റെ അച്ചോളും അപ്പുണ്ണി ശശിയുടെ കുട്ടപ്പനും വാസുദേവ് സജീഷ് മാരാരുടെ കിച്ചുവും കോട്ടയം രമേഷിന്റെ ഹരിയും കുഞ്ചന്റെ പോള്‍ വര്‍ഗ്ഗീസുമെല്ലാം മികവാര്‍ന്ന വേഷങ്ങളായാണ് സ്‌ക്രീനിലെത്തുന്നത്. അവസാന സിനിമയില്‍ അല്‍പ സമയത്തേക്കാണെങ്കിലും നെടുമുടി വേണുവും വന്നുുപോകുന്നുണ്ട്. ഏതാനും ക്ലോസപ്പുകളും സിംഗിള്‍ ഷോട്ടുകളും കൊടുക്കാമായിരുന്നു എന്നു തോന്നിയത് ഇന്ദ്രന്‍സിന്റെ മാത്തച്ചനായിരുന്നു. ചെറുതായൊന്ന് വികസിപ്പിച്ചിരുന്നുവെങ്കില്‍ ഇന്ദ്രന്‍സിന്റെ മാസ്മരിക അഭിനയത്തിന് കൂടി സാധ്യതയുണ്ടായിരുന്ന സിനിമയായിരുന്നു പുഴു. തിരക്കഥാകൃത്തും സംവിധായികയും ആ കഥാപാത്രം അത്രമതിയെന്ന് തീരുമാനിച്ചതിന് പിന്നില്‍ അവരുടേതായ കാരണങ്ങളുണ്ടായേക്കാം. 

എല്ലാവരും മനുഷ്യരാണെന്നും എല്ലാവര്‍ക്കും ആത്മാഭിമാനവും ആത്മബോധവും അതിനേക്കാളേറെ അവരുടേതായ ഇടങ്ങളില്‍ മികവാര്‍ന്ന ജീവിതവുമുണ്ടെന്ന് സമ്മതിച്ചുകൊടുക്കാത്ത മനസ്സുകളിലേക്ക് ഹിന്ദു പുരാണത്തിലെ പരീക്ഷിത്ത് രാജാവിനെ തേടി ഏഴാം നാള്‍ ഏഴുനിലയുള്ള കൊട്ടാരത്തിലെ സകല കാവലുകളേയും കബളിപ്പിച്ച് പുഴുവായി തക്ഷകനെത്തുമെന്ന മുന്നറിയിപ്പാണ് സിനിമ നല്കുന്നത്. 


മമ്മൂട്ടി തീര്‍ത്തും നെഗറ്റീവ് വേഷത്തിലെത്തുന്ന സിനിമ അദ്ദേഹത്തിന്റെ കരിയറില്‍ അടയാളപ്പെടുത്തിയ നിരവധി മികച്ച കഥാപാത്രങ്ങളില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നവയിലൊന്നായിരിക്കും. ഏത് വേഷം ലഭിച്ചാലും അഭിനയിച്ച് ഫലിപ്പിക്കാനാവുമെന്ന് മമ്മൂട്ടി നേരത്തെ തന്നെ പലതവണ തെളിയിച്ചിട്ടുണ്ട്. വിധേയനിലും പാലേരി മാണിക്യത്തിലും മുന്നറിയിപ്പിലും നെഗറ്റീവ് സ്പര്‍ശമുള്ള കഥാപാത്രങ്ങളായി മമ്മൂട്ടി വന്നിട്ടുണ്ടെങ്കിലും അവയുടെ മുകളില്‍ നിന്നും പുഴുവിലെ കുട്ടന്‍. 

ഏതോ ഒരു ശത്രുവിനെ ഭയന്ന് ഓരോ നിമിഷവും കഴിയേണ്ടി വരുന്ന കുട്ടന് ഒരു രാത്രി പോലും സമാധാനമായി ഉറങ്ങാനാവുന്നുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ തകര്‍ച്ചയിലും വീഴ്ചയിലും അയാള്‍ സന്തോഷിക്കുന്നില്ലെങ്കിലും തനിക്കു നേരെയാണെന്ന് തോന്നുന്ന ഏതൊരു കാര്യത്തേയും തകര്‍ത്തു തരിപ്പണമാക്കുകയെന്നത് അയാളുടെ രീതിയാണ്. ഒരു ഭാഗത്ത് നശിപ്പിക്കലിന്റെ ആത്മബോധവും സത്വവുമാണെങ്കില്‍ മറുഭാഗത്ത് നിര്‍മാണത്തിന്റേയും കലയുടേയും ആത്മബോധവും സത്വവുമാണ് നീണ്ടുനിവര്‍ന്നു നില്‍ക്കുന്നത്. 

സ്‌നേഹത്തിന്റേയും കരുണയുടേയും ചില മിന്നലാട്ടങ്ങള്‍ വന്നുപോകുമ്പോഴും സ്വന്തം മനസ്സില്‍ ഉയരുന്ന പകയുടേയും വെട്ടിപ്പിടിക്കലിന്റേയും കൂട്ടുകാരന്‍ തന്നെയാണ് അയാള്‍ മിക്കപ്പോഴും. സ്‌നേഹത്തിന്റെ പക്ഷത്തേക്ക് വീണുപോകുമെന്നു തോന്നുന്ന നിമിഷത്തിലെല്ലാം കഠിനമായ പ്രയത്‌നം നടത്തി തിരികെ നടക്കാന്‍ അയാള്‍ ശ്രമിക്കുകയും അതിലെല്ലാം വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെ നേടിയാലും നേടാന്‍ ശ്രമിച്ചാലും ഒടുവില്‍ എല്ലാം ഇല്ലായ്മയില്‍ ചെന്നു തൊടുമെന്ന പ്രപഞ്ച സത്യത്തിലേക്കും വാതില്‍ തുറക്കുന്നുണ്ട് പുഴു.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജന്തുവായ ജിറാഫ് ബ്ലാക്ക് ആന്റ് വൈറ്റിലാണെന്നും തക്കാളി പച്ചക്കറിയല്ല പഴമാണെന്നും തിരിച്ചറിയുമ്പോഴേക്കും അയാള്‍ ഏറെ വൈകിപ്പോയിരുന്നു. തന്നോടു കൂട്ടിപ്പിടിക്കാന്‍ ശ്രമിച്ചതെല്ലാം ഇഴയറ്റു പോയിരുന്നു. 

അച്ഛനും മകനും ചേര്‍ന്നുള്ള ഫ്‌ളാറ്റ് ജീവിതത്തിലെ വിരസമായ അനുഭവങ്ങളെ പ്രേക്ഷകര്‍ക്ക് മടുപ്പില്ലാതെ കാണാനാവുന്ന തരത്തിലെത്തിച്ച ഹര്‍ഷാദിന്റെ രചനയും അതിനൊത്ത് ഹര്‍ഷാദും ഷറഫുവും സുഹാസും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയും കാഴ്ചക്കാരെ പിടിച്ചിരുത്തുന്നവയാണ്. പുതുമുഖ സംവിധായികയാണെന്ന യാതൊരു തോന്നലുകളും അനുഭവിപ്പിക്കാതെ സിനിമ ആവശ്യപ്പെടുന്ന രീതിയിലും വേഗത്തിലും സംവിധാനം നിര്‍വഹിക്കാന്‍ റത്തീനയ്ക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയുടേയും പാര്‍വതി തിരുവോത്തിന്റേയും അഭിനയ മികവുകളെ പരമാവധി ഉപയോഗപ്പെടുത്താനും തന്റെ സിനിമയിലേക്ക് ചേര്‍ത്തു വെക്കാനും സാധിച്ചു എന്നതുതന്നെയാണ് റത്തീനയുടെ മിടുക്കും കഴിവും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്