നൂറിലെത്തുന്ന മാതൃഭൂമിക്ക് ഖേദപൂര്‍വ്വം


മലയാള മാധ്യമ ചരിത്രത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും മാതൃഭൂമിക്ക് അതിന്റേതായ പങ്കുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായും സ്വാതന്ത്ര്യ സമര പോരാളികളുടെ മുന്‍കൈയ്യോടെയും സ്ഥാപിക്കപ്പെട്ട പത്രമാണ് മാതൃഭൂമി. പത്രത്തിന്റെ പേര് തന്നെ അത് സൂചിപ്പിക്കുന്നുണ്ട്. 

ഈ മാതൃഭൂമി നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 1923 മാര്‍ച്ച് 18ന് പ്രസിദ്ധീകരണം ആരംഭിച്ച മാതൃഭൂമിയുടെ നൂറാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. മാധ്യമങ്ങളും മാധ്യമ ലോകവും വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന കാലത്താണ് മാതൃഭൂമി നൂറാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നത് വലിയ പ്രത്യേകയുള്ള സംഭവം തന്നെയാണ്. 

ദിനപത്രം മാത്രമല്ല മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഗൃഹലക്ഷ്മി, സ്റ്റാര്‍ ആന്റ് സ്റ്റൈല്‍, തൊഴില്‍ വാര്‍ത്ത, സ്‌പോര്‍ട്‌സ് മാസിക, ബാലഭൂമി, ആരോഗ്യ മാസിക, ഇയര്‍ബുക്ക് പ്ലസ്, യാത്ര, മിന്നാമിന്നി, കാര്‍ട്ടൂണ്‍ പ്ലസ്, ജി കെ ആന്റ് കറന്റ് അഫയേഴ്‌സ് എന്നിവയും മാതൃഭൂമിയില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങളാണ്. ഇതോടൊപ്പം ക്ലബ് എഫ് എം എന്ന റേഡിയോയും മാതൃഭൂമി ന്യൂസ് എന്ന ഉപഗ്രഹ ചാനലും മാതൃഭൂമിക്കുണ്ട്. മാത്രമല്ല ദിനപത്രം കോഴിക്കോടിനും കൊച്ചിക്കും പുറമേ തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, കൊല്ലം, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ആലപ്പുഴ, ചെന്നൈ, ബംഗളൂര്‍, മുംബൈ, ന്യൂഡല്‍ഹി, ദുബൈ എന്നിവിടങ്ങളില്‍ നിന്നും അച്ചടിച്ച് പുറത്തുവരുന്നുമുണ്ട്. 

ഇത്രയും പ്രസിദ്ധീകരണങ്ങളും റേഡിയോയും ടെലിവിഷന്‍ ചാനലുമൊക്കെയുള്ള മാതൃഭൂമിക്ക് സമൂഹത്തില്‍ വലിയ ഉത്തരവാദിത്വം നിര്‍ഹവിക്കാനുണ്ടെന്നത് യാഥാര്‍ഥ്യമാണ്. 

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ 'ന്റുപ്പൂപ്പാക്കൊരാനേര്‍ണ്ടാര്‍ന്നു' എന്നു കരുതി പിന്‍ തലമുറ ചന്തിയില്‍ തഴമ്പ് പരതിയിട്ട് കാര്യമുണ്ടാവില്ല. ഉപ്പൂപ്പാക്ക് മാത്രമല്ല എനിക്കും ആന വേണം. അത് മാതൃഭിക്കുണ്ടോ എന്നത് ഈ നൂറാം വാര്‍ഷികാഘോഷത്തില്‍ തിരിഞ്ഞു നോക്കി ചിന്തിക്കുന്നത് നന്നായിരിക്കും. 

സ്വാതന്ത്ര്യ സമര കാലത്ത് പണം പിരിച്ചും സ്വാതന്ത്ര്യ സരമത്തിന്റെ ഊര്‍ജ്ജം ഉപയോഗിച്ചും സ്ഥാപിക്കപ്പെടുകയും മുമ്പോട്ടു പോവുകയും ചെയ്ത പത്രമാണ് മാതൃഭൂമി. അതിന്റെ ഗുണഫലം പിന്നീട് സമൂഹം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇരുന്ന കസേരയില്‍ നിന്ന് പത്രാധിപരെ പൊലീസ് പിടിച്ചു കൊണ്ടുപോകുമ്പോള്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യ സമര നിലപാടുകള്‍ മനസ്സിലാക്കാവുന്നതേയുള്ളു. 

പിത്കാലത്ത് 'ഉപ്പൂപ്പയുടെ ആന'യുടെ പേരില്‍ മാത്രം തിളങ്ങി നില്‍ക്കാനായിരുന്നു വിധിയെന്ന് വിമര്‍ശകര്‍ പറയുന്നതില്‍ വലിയ തോതില്‍ അവാസ്തവമില്ല. പല കാര്യങ്ങളിലും മാതൃഭൂമി അത് തെളിയിച്ചിട്ടുമുണ്ട്. കേരളീയ സമൂഹത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് വളം വെക്കുന്നതില്‍ അടുത്ത കാലത്ത് മാതൃഭൂമി ചെറിയ പങ്കല്ല വഹിച്ചതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്‌ലിംകളും കൃസ്ത്യാനികളും ഒരളവോളം മാതൃഭൂമിയില്‍ നിന്ന് മാറിപ്പോയിട്ടുമുണ്ട്. അതിലൊരു മാറ്റം വരുത്തണം എന്ന ചിന്തയ്ക്ക് പകരം അതൊരു സൗകര്യമായെടുത്ത് വരികളിലും വരികള്‍ക്കിടയിലും വിദ്വേഷത്തിന്റെ നേരിയ നെരിപ്പോടുകള്‍ മാതൃഭൂമി കത്തിച്ചു വെക്കുന്നത് കാണാതിരുന്നുകൂടാ. 


മുസ്‌ലിംകള്‍ക്കും കൃസ്ത്യാനികള്‍ക്കും മാത്രമല്ല കമ്യൂണിസ്റ്റ് വിരുദ്ധവുമായ നിലപാടുകളാണ് മാതൃഭൂമി ഒളിച്ചു സൂക്ഷിക്കുന്നതെന്ന് വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാതൃഭൂമിയുടെ തലപ്പത്ത് ഏറ്റവും കൂടുതല്‍ കാലമിരുന്ന എം പി വീരേന്ദ്ര കുമാറും അദ്ദേഹത്തിന് ശേഷം അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ മകന്‍ എം വി ശ്രേയാംസ്‌കുമാറും പറഞ്ഞുവരുമ്പോള്‍ ഇടത് സഹയാത്രികരാണെന്ന ലേബല്‍ സൂക്ഷിക്കുമ്പോഴും പലപ്പോഴും ഇടത് വിരുദ്ധമോ സംഘപരിവാര്‍ അനുകൂലമോ ആയ നടപടികളിലൂടെ മാതൃഭൂമി പല തവണ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. സംഘപരിവാര്‍, കോര്‍പറേറ്റ് ചങ്ങാത്തം ആരോപിച്ച് പരസ്യമായി മാതൃഭൂമി ഉപേക്ഷിക്കുന്നുവെന്ന് കെ അജിതയും കെ കെ കൊച്ചും ദേവികയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നത് ശ്രദ്ധേയമാണ്. 

കേവലം കച്ചവട ലാഭത്തിന്റെ കാഴ്ചകളിലേക്ക് മാത്രമായി സമീപകാല മാതൃഭൂമി ചുരുങ്ങിപ്പോയെന്ന ആരോപണം അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യന്‍ കച്ചവട താത്പര്യങ്ങളില്‍ ഭൂരിപക്ഷവും കേന്ദ്ര ഭരണത്തിന്റെ തണലില്‍ സംഘപരിവാര പക്ഷത്തേക്ക് മാറുകയോ മാറാന്‍ ശ്രമിക്കുകയോ ചെയ്യുന്നതുപോലെ മാതൃഭൂമിയും അത്തരം നീക്കങ്ങള്‍ നടത്തുന്നുണ്ട്. സംഘപരിവാര പത്രമായ ജന്മഭൂമിക്കും സ്വാതന്ത്ര്യ സമരത്തിന്റെ ഉപോത്പന്നമായ മാതൃഭൂമിക്കും പേരിനര്‍ഥം ഒരുപോലെ വന്നത് യാദൃശ്ചികമായിരിക്കാമെങ്കിലും അടുത്ത കാലത്തെ നിലപാടുകളില്‍ ഈ യാദൃശ്ചികത ഒട്ടുമേ തോന്നിക്കുന്നില്ല. 

രസകരമായ വസ്തുത പത്രം പുലര്‍ത്തുന്ന നയമോ രീതിയോ അല്ല ആഴ്ചപ്പതിപ്പിനുള്ളതെന്നാണ്. ഒരേ സ്ഥാപനത്തില്‍ നിന്നും പുറത്തുവരുന്ന രണ്ട് പ്രസിദ്ധീകരണങ്ങള്‍ക്ക് എങ്ങനെ രണ്ട് നയങ്ങള്‍ വരുന്നു എന്നത് സാഹിത്യ ഗവേഷകര്‍ക്ക് കൈകാര്യം ചെയ്യാവുന്ന വിഷയമാണ്. എങ്കിലും വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകുന്ന കാര്യം മാതൃഭൂമി ദിനപത്രം മുമ്പോട്ടു വെക്കുന്ന നയങ്ങളുമായി മുമ്പോട്ടു പോയാല്‍ ആഴ്ചപ്പതിപ്പിന് നിലനില്‍പ്പുണ്ടാവില്ലെന്നതാണ്. കാരണം കഴിഞ്ഞ കാലത്തും സമകാലിക കേരളീയ സാഹചര്യത്തിലും സാഹിത്യ- സാംസ്‌ക്കാരിക മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത് ഇടത് മനസ്സുള്ളവരോ വിശാലമായി ചിന്തിക്കുന്നവരോ ആണെന്നുള്ളതാണ്. അതുകൊണ്ടുതന്നെ അത്തരം ചിന്താഗതികളുമായി ഒത്തുപോകുന്നവരെ സംതൃപ്തിപ്പെടുത്താതെ ആഴ്ചപ്പതിപ്പിന് മുമ്പോട്ടേക്കുള്ള ഗമനം എളുപ്പമല്ല. സാഹിത്യ- സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ നിന്നും സ്വതന്ത്ര ചിന്താഗതിക്കാരെ നിഷ്‌ക്കാസനം ചെയ്യുന്ന അതേ നിമിഷത്തില്‍ ആഴ്ചപ്പതിപ്പും മാറിച്ചിന്തിക്കുമെന്ന തോന്നല്‍ കൂടി ഈ നൂറാം വര്‍ഷത്തില്‍ പങ്കുവെക്കാന്‍ തോന്നുന്നു.


www.onthebillboard.comല്‍ 18-03-2022ന് പ്രസിദ്ധീകരിച്ചത്

https://onthebillboard.com/Unfortunately-for-the-100th-Mathrubhumi


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്