പട; അന്നുതൊട്ടിന്നോളം വഞ്ചിക്കപ്പെട്ട ഒരു സമൂഹത്തിന് വേണ്ടി

 



മുത്തങ്ങയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടത്തിയ സമരവും 2003 ഫെബ്രുവരി 19ന് നടന്ന വെടിവെയ്പും അനന്തര സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ 'പട' സിനിമ ഉള്ളിലുണ്ടാക്കിയ ചില അന്താളിപ്പുകളുണ്ട്. പ്രത്യേകിച്ച് പടയുടെ അവസാന ഭാഗത്ത് മുത്തങ്ങയിലെ സമരവും വെടിവെപ്പിലേക്ക് നയിച്ച സംഭവങ്ങളും ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോഴുണ്ടായ ചില വല്ലായ്മകള്‍. 2003ല്‍ നേരെ കണ്‍മുമ്പില്‍ നടന്ന തീയും പുകയും പൊലീസ് മര്‍ദ്ദനവും ഉള്‍പ്പെടെ സ്‌ക്രീനില്‍ മിന്നിമറഞ്ഞത് അന്നത്തെ അതേ മാനസിക വികാരങ്ങളോടെയാണ് കണ്ടിരുന്നത്. പത്തൊന്‍പത് വര്‍ഷം പിന്നിലേക്ക് തിടുക്കത്തിലൊരു മടക്കയാത്രയായിരുന്നു അത്.


ത്തങ്ങ സംഭവത്തിനും ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരുപക്ഷേ മുത്തങ്ങ ഉള്‍പ്പെടെയുള്ള ആദിവാസി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആദിവാസി ഭൂനിയമം 1996ല്‍ നായനാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ ഭേദഗതി ചെയ്തതുമായി ബന്ധപ്പെട്ടാണ് 'പട' സിനിമ ഒരുക്കിയിരിക്കുന്നത്. ആദിവാസി ഭൂനിയമ ഭേദഗതിക്കെതിരെ പാലക്കാട് കലക്ടറേറ്റില്‍ അയ്യങ്കാളിപ്പടയുടെ പേരില്‍ നാല് പേര്‍ ജില്ലാ കലക്ടറെ ബന്ദിയാക്കിയ സംഭവമാണ് സിനിമയ്ക്കാധാരം. 


ഒരുപക്ഷേ തീവ്രവിപ്ലവംകൊണ്ടോ അമിതമായ സര്‍ക്കാര്‍ സ്‌നേഹംകൊണ്ടോ പാളിപ്പോയേക്കാവുന്ന കഥാസന്ദര്‍ഭങ്ങളേയും വസ്തുതകളേയുമാണ് സംവിധായകന്‍ തന്റെ കയ്യടക്കംകൊണ്ട് ഒതുക്കി സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാര്‍ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണെങ്കിലും ഡോക്യുമെന്ററിയല്ലാത്തതിനാല്‍ ചലച്ചിത്രത്തിനാവശ്യമായ രീതിയിലാണ് സിനിമയെടുത്തിരിക്കുന്നതെന്ന മുന്‍കൂര്‍ ജാമ്യം പട തുടങ്ങുമ്പോള്‍ തന്നെ എഴുതിക്കാണിക്കുന്നുണ്ടെങ്കിലും അത്തരമൊരു സത്യപ്രസ്താവനയുടെ ആവശ്യമില്ലാതെ തന്നെ പ്രേക്ഷകര്‍ ഇതൊക്കെ മനസ്സിലാക്കും.

നേരത്തെ തീരുമാനിച്ച പ്രകാരം നാലു ഭാഗങ്ങളില്‍ നിന്നായി എത്തുന്ന നാലു പേരെ അഞ്ചാമനാണ് ഒരുക്കിച്ചേര്‍ത്ത് ഒരേ ലക്ഷ്യത്തിലേക്കുള്ള വഴിയൊരുക്കി വിടുന്നത്. അതിനിടയില്‍ കുടുംബവും കുട്ടികളുമുള്ള രണ്ടുപേരുണ്ടെങ്കിലും അവര്‍ തങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയില്‍ കുടുംബത്തെ തന്ത്രപൂര്‍വ്വം മാറ്റുന്നുണ്ട്. ഭാര്യയേയും മക്കളേയും കൂടെ ജീവിതം മുന്നോട്ടു നയിക്കുന്ന തയ്യല്‍ മെഷീന്‍ പോലും ബസ്സുകയറ്റി വിടുന്ന ബാലുവും വീണ്ടും വീണ്ടും ഭാര്യ കൂടെ വരികയോ അന്വേഷിക്കുകയോ ചെയ്യുന്നുണ്ടായിട്ടും നല്ല വര്‍ത്തമാനം പറഞ്ഞ് ബസ്സില്‍ കയറ്റി അയക്കുന്ന നാരായണന്‍കുട്ടിയും നക്‌സലേറ്റ് കുടുംബങ്ങളുടെ അസമാധാന ജീവിതത്തിലേക്ക് കാഴ്ചക്കാരന്റെ നോട്ടമെത്തിക്കുന്നുണ്ട്.  


കേരളത്തിലെ കേവലം ഒരു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു വിഭാഗത്തിന് വേണ്ടി ആരും സംസാരിക്കാനില്ലെന്നും അവരുടെ പ്രശ്‌നങ്ങള്‍ സമൂഹ ശ്രദ്ധയിലേക്കെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് കലക്ടറെ ബന്ദിയാക്കിയപ്പോള്‍ അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍ പറയുന്നത്. കലക്ടറെ ബന്ദിയാക്കാന്‍ ബോംബും തോക്കും തയ്യാറാക്കിവെക്കുമ്പോള്‍ അതോടൊപ്പം ബന്നും പഴവും കൂടി അവര്‍ സഞ്ചിയില്‍ കരുതുന്നുണ്ട്. ഒരുവേള കലക്ടര്‍ക്കു കൂടിയാണ് അവര്‍ ഭക്ഷണം കരുതുന്നതെന്നത് ഇവരുടെ ഉള്ളിലുള്ള നീരുറവ തെളിച്ചു തരുന്നുണ്ട്. ഇത്തരത്തില്‍ ഉള്ളിന്റെയുള്ളിലെ കരള്‍ തുടിപ്പുകള്‍ ചില ഉദ്വേഗ നിമിഷങ്ങളില്‍ കൂടി ചേര്‍ത്തുവെക്കുന്ന സിനിമാറ്റിക് കൗതുകങ്ങളും സൃഷ്ടിച്ചിട്ടുണ്ട് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍. 

ബോംബും തോക്കുമെടുത്ത് ആദിവാസികള്‍ക്ക് വേണ്ടി കലക്ടറെ ബന്ദിയാക്കാനിറങ്ങിയ നാലുപേരും ആദിവാസികളായിരുന്നില്ല. കേരളീയ സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികള്‍ തന്നെയായിരുന്നു. ആരും സംസാരിക്കാനില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ക്കത് സമൂഹത്തെ ബോധ്യപ്പെടുത്താനും സാധിച്ചു. ഇവരുടെ ലക്ഷ്യം തകര്‍ത്തെറിയലല്ലെന്നും ഒന്നുമില്ലാത്തവര്‍ക്ക് നേടിക്കൊടുക്കലാണെന്നും ബന്ദിയാക്കപ്പെട്ട കലക്ടര്‍ക്കും മധ്യസ്ഥതയ്ക്കു വന്ന വക്കീലിനും ഉറപ്പു നല്കാനെത്തിയ ജഡ്ജിക്കും തിരിച്ചറിയാനാവുന്നുണ്ടെങ്കിലും അധികാരി വര്‍ഗ്ഗം അക്കാര്യം ബോധ്യപ്പെടാത്തതുപോലെ കൃത്യമായി നടിക്കുന്നുമുണ്ട്. 

കലക്ടറെ ബന്ദിയാക്കിയ നാലുപേര്‍ക്ക് മാത്രമല്ല ജില്ലാ ജഡ്ജിയും കലക്ടറും പോലും പിന്നീട് ഭരണകൂടത്തിന്റെ പ്രതികാരത്തിന് ഇരയായെന്ന് സിനിമ പറയുന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം തടവു മുതല്‍ പ്രമോഷന്‍ തടയല്‍ വരെയുള്ള 'വ്യത്യസ്ത ശിക്ഷ'കള്‍ അനുഭവിക്കേണ്ടി വന്നു. 


കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലമായിട്ടും ആദിവാസികള്‍ക്ക് വേണ്ടി അയ്യങ്കാളിപ്പടയ്ക്കു നല്കിയ ഉറപ്പുകളൊന്നുപോലും ഭരണകൂടം പാലിച്ചില്ലെന്ന് കൃത്യമായി പറയുന്ന ചിത്രം അടുത്ത കാലത്തിറങ്ങിയവയില്‍ അതിശക്തമായി രാഷ്ട്രീയം പറയുന്ന മലയാള സിനിമയാണ്. 

ജയ്ഭീം പോലെ അതിശക്തമായി രാഷ്ട്രീയം പറയുന്ന സിനിമകള്‍ മലയാളത്തിലും പ്രതീക്ഷിക്കാമെന്ന് പട പറയുന്നുണ്ട്. 

യഥാര്‍ഥ സംഭവത്തിലുള്ളവരുടെ പേരുകള്‍ സിനിമയില്‍ ചെറിയ മാറ്റത്തോടെയാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും ഒടുവില്‍ അവര്‍ ആരെന്ന് എടുത്തു കാണിച്ച് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാനും സംവിധായകന്‍ വഴിയൊരുക്കിയിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് അയ്യങ്കാളി പട പ്രവര്‍ത്തകരായ രാകേഷ് കാഞ്ഞങ്ങാട്, ബാലു കല്ലാര്‍, അരവിന്ദന്‍ മണ്ണൂര്‍, നാരായണന്‍ കുട്ടി എന്നീ കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്. ഇവരോടൊപ്പം അയ്യങ്കാളി പടയുടെ പ്രവര്‍ത്തകനായി കലക്ടറേറ്റിന് പുറത്തെ വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറുന്ന അഞ്ചാമന്‍ ഉസ്മാനായി അടാട്ട് ഗോപാലനുമെത്തുന്നു. 


കല്ലറ ബാബു, അജയന്‍ മണ്ണൂര്‍, കാഞ്ഞങ്ങാട് രമേശന്‍, വിളയോടി ശിവന്‍കുട്ടി എന്നിവരായിരുന്നു യഥാര്‍ഥത്തില്‍ പാലക്കാട് കലക്ടര്‍ ഡബ്ല്യു ആര്‍ റെഡ്ഡിയെ ബന്ദിയാക്കിയത്.

ഇന്ദ്രന്‍സിന്റെ സഖാവ് കണ്ണന്‍ മുണ്ടൂര്‍, പുതുമുഖം അര്‍ജുന്‍ രാധാകൃഷ്ണന്റെ പാലക്കാട് കലക്ടര്‍ അജയ് ശ്രീപദ് ഡാങ്കേ, നാരായണന്‍കുട്ടിയുടെ ഭാര്യ മിനിയായി ഉണ്ണിമായ പ്രസാദ്, ബാലു കല്ലാറിന്റെ ഭാര്യയായി കനി കുസൃതി, ചീഫ് സെക്രട്ടറിയായി പ്രകാശ് രാജ്, മുഖ്യമന്ത്രിയായി വി കെ ശ്രീരാമന്‍, കലക്ടറുടെ ഗണ്‍മാനായി ഷൈന്‍ ടോം ചാക്കോ, ഉന്നത ഉദ്യോഗസ്ഥരായി ജഗദീഷ്, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കോട്ടയം രമേഷ്, സജിത മഠത്തില്‍, സുധീര്‍ കരമന, മധ്യസ്ഥനായ അഡ്വക്കറ്റായി ടി ജി രവി, ജില്ലാ ജഡ്ജ് തങ്കപ്പന്‍ അചാരിയായി സലിം കുമാര്‍, സാവിത്രി ശ്രീധരന്‍ തുടങ്ങി വന്‍ താരനിര തന്നെ പടയിലുണ്ട്. 

അഭിനേതാക്കളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് കൃത്യമായി നീതി പുലര്‍ത്തിയെന്നതും സിനിമയുടെ പ്രത്യേകതയാണ്. ഒരു രംഗത്തു പോലും വെള്ളിത്തിരയിലുള്ളവര്‍ തങ്ങള്‍ക്ക് സുപരിചിതരായ സിനിമാ താരങ്ങളാണെന്ന് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടില്ല. കൂടുതല്‍ ഭാഗങ്ങളിലൊന്നും വരുന്നില്ലെങ്കിലും ഉണ്ണിമായ പ്രസാദിന്റേയും കനി കുസൃതിയുടേയും അഭിനയം എടുത്തു പറയേണ്ടതുണ്ട്. 


കലക്ടറെ ബന്ദിയാക്കിയ അയ്യങ്കാളി പട പ്രവര്‍ത്തകര്‍ ഒടുവില്‍ ജഡ്ജിക്കു മുമ്പില്‍ നടത്തുന്ന സന്ധി സംഭാഷണത്തില്‍ നാലു പ്രവര്‍ത്തകര്‍ക്കും പിറകില്‍ ചുമരില്‍ അംബേദ്ക്കറുടെ ഫോട്ടോ കൂടി ഫ്രെയിമില്‍ ഉള്‍പ്പെടുത്തി തന്റെ സിനിമയുടെ രാഷ്ട്രീയം സംവിധായകന്‍ കൃത്യമാക്കുന്നുണ്ട്. അവസാന രംഗങ്ങളിലൊന്നില്‍ ചര്‍ച്ചയിലെ കാര്യങ്ങളെല്ലാം പാലിക്കുമെന്ന് ഉറപ്പല്ലേ എന്ന ബാലുവിന്റെ ചോദ്യത്തിന് ജില്ലാ ജഡ്ജ് ഉത്തരം പറയാനാവാതെ ചിരിക്കണോ ചിരിക്കാതിരിക്കണോ സത്യം പറയണോ പറയാതിരിക്കണോ എന്ന വിഷമത്തില്‍ നോക്കിനില്‍ക്കുന്ന ഒറ്റഭാഗം മാത്രം മതി ആദിവാസികളോട് ഭരണകൂടം ചെയ്ത നെറികേടിന്റെ ആഴമറിയാന്‍. വിനായകനും സലിം കുമാറും നേര്‍ക്കുനേര്‍ വരുന്ന ആ രംഗം സിനിമയിലെ ഏറ്റവും ശക്തവും മനോഹരവുമാണെന്ന് പറയാതെ വയ്യ. 

സിനിമയിലെ കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതിലും വലിയ പ്രത്യേകതകള്‍ പടയ്ക്ക് പറയാനുണ്ട്. കുഞ്ചാക്കോ ബോബനെ പോലൊരു നായകനെ പാലക്കാട് ജില്ലാ കലക്ടറാക്കുന്നതിന് പകരം അയ്യങ്കാളി പട പ്രവര്‍ത്തകനായാണ് സംവിധായകന്‍ നിയോഗിച്ചിരിക്കുന്നത്. തലമുതിര്‍ന്ന നാല് അഭിനേതാക്കളോടൊപ്പം സിനിമയുടെ പകുതി ഭാഗത്തും നിറഞ്ഞു നില്‍ക്കുന്ന ജില്ലാ കലക്ടര്‍ അജയ് ശ്രീപദ് ഡാങ്കേയായി പുതുമുഖം അര്‍ജുന്‍ രാധാകൃഷ്ണനെ കൊണ്ടുവരാനും സംവിധായകന്‍ ധൈര്യം കാണിക്കുന്നു. മാത്രമല്ല, ഷൈന്‍ ടോം ചാക്കോയെ പോലൊരു നടനെ കലക്ടറുടെ ഗണ്‍മാനായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷേ, കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും അനുയോജ്യരായവരെ കണ്ടെത്തി ക്യാമറയ്ക്കു മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതും കമല്‍ കെ എം എന്ന സംവിധായകന്റെ മികവായി കണക്കാക്കേണ്ടി വരും. 

പശ്ചാതല സംഗീതത്തിന്റെ അതിപ്രസരമില്ലാതെ ഉദ്വേഗജനകമായ രംഗങ്ങള്‍ കൊണ്ടുപോകുന്നതിനോടൊപ്പം സമീര്‍ താഹിറിന്റെ മികച്ച ക്യാമറയും ഷാന്‍ മുഹമ്മദിന്റെ എഡിറ്റിംഗും കൂടി ചേരുമ്പോള്‍ പട പൂര്‍ത്തിയാകുന്നു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എ വി എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് പട നിര്‍മിച്ചത്. 

സിനിമ കണ്ടുകൊണ്ടിരിക്കെ കല്ലുകടിയായി തോന്നിയ ഒരേയൊരു രംഗം കലക്ടറെ ബന്ദിയാക്കാനെത്തി അദ്ദേഹം അന്നുവരില്ലെന്നറിയുന്നതോടെ മടങ്ങിപ്പോകുന്ന അയ്യങ്കാളി പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് പുറത്തെ റോഡിലൂടെ നടന്നുപോകുമ്പോഴുള്ളതാണ്. സിനിമയുടെ കഥാപരിസരം പാലക്കാട് കലക്ടറേറ്റും പാലക്കാടുമാണെങ്കിലും ഈ ഭാഗത്തു അത് തൃശൂര്‍ കലക്ടറേറ്റാണെന്നും തൃശൂരിലെ തെരുവാണെന്നും കാഴ്ചക്കാരനെ ബോധ്യപ്പെടുത്തുന്ന അടയാള വാക്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതുകൂടി ഒഴിവാക്കാമായിരുന്നു. 

സിനിമ തീരുന്നു എന്നു പ്രതീക്ഷിക്കുന്നിടത്തൊന്നും അവസാനിപ്പിക്കാതെ, എന്നാല്‍ പറയേണ്ട കാര്യങ്ങളൊന്നും നീട്ടിപ്പരത്താതെ താരതമ്യേന ചെറിയ സമയത്തിനുള്ളില്‍ അവസാനിപ്പിക്കുന്ന പട മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ പട്ടികയില്‍ മികച്ചു തന്നെ നില്‍ക്കും. ഒരുപക്ഷേ, കേരളം മറന്നുതുടങ്ങിയ ആദിവാസി പ്രശ്‌നങ്ങളെ വീണ്ടും പൊതുജനങ്ങളുടേയും ഭരണാധികാരികളുടേയും ശ്രദ്ധയിലെത്തിക്കാനും ഈ ചിത്രം വഴിയൊരുക്കും.  

വാല്‍ക്കഷ്ണം: അക്കാലത്ത് പാലക്കാട് കലക്ടറെ ബന്ദിയാക്കിയ വാര്‍ത്തയും അതുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും വായിച്ച് കൗതുകമോ അതിശയമോ പരിഹാസമോ തോന്നിയിരുന്നു. അതിനെല്ലാമപ്പുറത്ത് ഇത്രയേറെ ആഴമുണ്ടായിരുന്നു ആ സംഭവത്തിനെന്ന് തിരിച്ചറിയാന്‍ സഹായിച്ചത് 'പട'യാണ്.

www.onthebillboard.comല്‍ 12-03-2022ല്‍ പ്രസിദ്ധീകരിച്ചത്

https://onthebillboard.com/pada-For-a-society-that-has-been-deceived-ever-since


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്