മഞ്ഞു വീഴുന്ന കാനഡ മലയാള വെള്ളിത്തിരയിലെത്തുമ്പോള്‍



കോടമ്പാക്കത്തെ സ്റ്റുഡിയോ ഫ്ളോറുകളില്‍ നിന്നും കേരളത്തിന്റെ പച്ചപ്പിലേക്ക് മലയാള സിനിമയെ പറിച്ചു നട്ടതോടെയാണ് മോളിവുഡ് ചിറകുവീശി പറക്കാന്‍ തുടങ്ങിയത്. ആദ്യകാല ബാലാരിഷ്ടതകള്‍ കടന്ന് യുവത്വത്തിന്റെ ചേലും കരുത്തും കാണിച്ച് മലയാളിയുടെ ചലച്ചിത്ര ലോകം മുന്നേറിത്തുടങ്ങിയതോടെ പുതിയ പരീക്ഷണങ്ങളും വ്യത്യസ്ത രീതികളും കൂടി ഇതിലേക്ക് കടന്നുവന്നു. കാലവും സാങ്കേതികതയും മാറിയതോടെ, പഴയ ഫിലിം റോളുകളില്‍ നിന്നും ഡിജിറ്റലിലേക്കുള്ള കുതിച്ചു ചാട്ടമുണ്ടായത്, സ്വപ്നലോകമായിരുന്ന സിനിമ പലര്‍ക്കും ഒന്നുയര്‍ന്നു ചാടിയാല്‍ കൈയെത്തിപ്പിടിക്കാമെന്ന അവസ്ഥയിലെത്തിച്ചു. മാത്രമല്ല സിനിമ പ്രദര്‍ശിപ്പിക്കാനും ഇതോടൊപ്പം വലിയ ലോകം തുറന്നുകിട്ടി. അത് ചലച്ചിത്ര മേഖലയ്ക്ക് വലിയ മാറ്റങ്ങള്‍ സമ്മാനിക്കുകയും ചിലര്‍ മാത്രം കുത്തകയാക്കിവെച്ചിരുന്ന ഒരു ലോകത്തേക്ക് വിശാലതയുടെ വാതില്‍ തുറന്നുകിട്ടുകയും ചെയ്തു. 

ഈ കാഴ്ചപ്പാടിലാണ് നവാഗത സംവിധായിക സീമ ശ്രീകുമാറിന്റെ 'ഒരു കനേഡിയന്‍ ഡയറി'യെ വായിച്ചെടുക്കേണ്ടത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, മുഷ്ത്താഖ് റഹ്മാന്റെ ദേരാ ഡയറീസ് തുടങ്ങി വ്യത്യസ്ത നാടുകളുമായി ബന്ധപ്പെട്ടും ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ അന്വേഷണ ചിത്രങ്ങളുമെല്ലാം ഡയറി ചേര്‍ത്ത് വന്നിട്ടുണ്ട്. ആ നിരയിലേക്കാണ് സീമ ശ്രീകുമാറിന്റെ ഒരു കനേഡിയന്‍ ഡയറിയെന്ന പേരും വരുന്നത്. 


ലോകം മുഴുവനുമുള്ള പ്രേക്ഷകര്‍ക്ക് ഒരേ ദിവസം റിലീസിംഗ് സിനിമകള്‍ കാണാനുള്ള സൗകര്യം ഒരുങ്ങിയതു പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സിനിമകള്‍ വളരുകയും പടരുകയും ചെയ്തു. മലയാള സിനിമ കോടമ്പാക്കത്തു നിന്നും കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കെത്തിയതു പോലെ ഗള്‍ഫ് രാജ്യങ്ങളിലും യു എസിലും കാനഡയിലുമെല്ലാം ചിത്രീകരിക്കുന്ന അവസ്ഥയിലേക്ക് ഒഴുകിപ്പരന്നു. ഒരു ദേശത്തിന്റെ കഥയും അവിടുത്തെ ജീവിതങ്ങളും അതേ പശ്ചാതലത്തില്‍ തന്നെ ചിത്രീകരിക്കപ്പെടുമ്പോള്‍ കാഴ്ചക്കാരന് ലഭിക്കുന്ന 'സാമീപ്യം' സിനിമയെ വേഗത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നുണ്ട്. 

ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം വി ശ്രീകുമാര്‍ നിരമാണവും ഛായാഗ്രഹണവും നിര്‍വഹിച്ച് സീമ ശ്രീകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക്ക് സൈക്കോ ത്രില്ലര്‍ ഒരു കനേഡിയന്‍ ഡയറിയെ ഈ പശ്ചാതലത്തിലാണ് സമീപിക്കേണ്ടത്. ഒരു സാധാരണ മലയാളിയുടെ മാനസികാവസ്ഥയിലും കേരളീയ കാഴ്ചപ്പാടുകളിലും നിന്ന് 'ഒരു കനേഡിയന്‍ ഡയറി' കാണാനെത്തിയാല്‍ അതത്രമാത്രം ദഹിച്ചെന്നു വരില്ല. എന്നാല്‍ കാനഡ പോലൈാരു രാജ്യത്തിന്റെ അതിരുകളിലേക്ക് മനസ്സിനേയും സംസ്‌ക്കാരത്തേയും രീതികളേയും എത്തിച്ച് സിനിമ കാണാനിരുന്നാല്‍ തീര്‍ച്ചയായും വ്യത്യസ്തമായൊരു ചലച്ചിത്രം ദര്‍ശിക്കാനാവും. 


ഇടവേള വരെ കഥയുടെ മര്‍മ്മത്തിലേക്കുള്ള തറയൊരുക്കിയാണ് സിനിമ പോകുന്നത്. കേരളവും കാനഡയും ഈ സമയത്ത് വെള്ളിത്തിരയിലെത്തുന്നുണ്ട്. കേരളത്തില്‍ നിന്നും പഠിക്കാനായി കാനഡയിലേക്കു പോകുന്നവരും കാനഡയില്‍ ജോലിയെടുത്ത് അവിടെതന്നെ ജീവിതം കരുപ്പിടിപ്പിക്കുന്നവരുമാണ് സിനിമയിലെത്തുന്ന കഥാപാത്രങ്ങളെല്ലാം. കാനഡയിലെ വിദ്യാര്‍ഥികളുടേയും ജോലി ചെയ്യുന്നവരുടേയും ജീവിത രീതികളിലെ വ്യത്യസ്തതകള്‍ മലയാളി പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ ആദ്യത്തെ അനുഭവമായിരിക്കാം. 

മേപ്പിളിലകള്‍ വീണുകിടക്കുന്ന വഴികളും മഞ്ഞുപെയ്ത് മരംകോച്ചുന്ന കാഴ്ചകളും നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും പതിഞ്ഞ ഫ്രെയിമുകള്‍ക്ക് മുകളിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ ഒരു സൈക്കോ ത്രില്ലര്‍ സിനിമ അരങ്ങേറുകയാണ്. 

ഇടവേളക്കു ശേഷം പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത വഴികളിലൂടെയൊക്കെയാണ് സിനിമ സഞ്ചരിക്കുന്നത്. പലയിടങ്ങളിലായി ഒളിപ്പിച്ചുവെച്ച ട്വിസ്റ്റ് അവസാനം വരെ നിലനിര്‍ത്താന്‍ സംവിധായികയ്ക്ക് സാധിക്കുന്നുണ്ട്. കഥയില്‍ ഇനി സംഭവിക്കാന്‍ പോകുന്നതെന്തെന്ന് മനസ്സില്‍ സങ്കല്‍പ്പിക്കുന്ന പ്രേക്ഷകനെ പരാജയപ്പെടുത്തി മുന്നേറുന്നിടത്ത് വിജയിക്കുന്നുണ്ട് രചയിതാവും സംവിധായികയും. 

അഭിനയിച്ചവരെല്ലാം പുതുമുഖങ്ങളാണെങ്കിലും പരിചയമില്ലായ്മയുടെ കുറവുകളൊന്നും അവരുടെ ഭാഗത്തുനിന്നും സംഭവിക്കുന്നില്ല. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന തരത്തില്‍ തങ്ങളുടെ ഭാഗം ഭംഗിയാക്കാന്‍ അഭിനേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. 


പോള്‍ പൗലോസ്, ജോര്‍ജ്ജ് ആന്റണി, സിമ്രാന്‍, പൂജ മരിയ സെബാസ്റ്റ്യന്‍, ജിന്‍സി ബിനോയ്, പ്രസാദ് മുഹമ്മ, അഖില്‍ ആര്‍ സി കവലയൂര്‍, ജോവന്ന ടൈറ്റസ്, ജിന്‍സ് തോമസ്, ആമി എ എസ്, പ്രതിഭ, ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെന്‍സണ്‍ സെബാസ്റ്റ്യന്‍, ഡോസന്‍ ഹെക്ടര്‍,  സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്സണ്‍ ജോയ്, ശുഭ പട്ടത്തില്‍ തുടങ്ങിയവരാണ് സിനിമയില്‍ വേഷമിട്ടിരിക്കുന്നത്. ശിവകുമാര്‍ വരിക്കരയും ശ്രീതി സുജയും എഴുതിയ വരികള്‍ക്ക് കെ എ ലത്തീഫിന്റേതാണ് സംഗീതം. ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍, കിരണ്‍ കൃഷ്ണ, രാഹുല്‍ കൃഷ്ണന്‍, മീരാ കൃഷ്ണന്‍ എന്നിവരോടൊപ്പം സംവിധായിക സീമ ശ്രീകുമാറും ഗാനം ആലപിച്ചിട്ടുണ്ട്. 

ഒന്നര പതിറ്റാണ്ടിലേറെയായി കാനഡയില്‍ താമസിക്കുന്ന സംവിധായിക സീമ ശ്രീകുമാര്‍ മലയാളത്തിന്റെ കാല്‍പ്പനിക കവി പി കുഞ്ഞിരാമന്‍ നായരുടെ ചെറുമകളാണ്. 2018ല്‍ ടൊറന്റോ ഫിലിം സ്‌കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷന്‍ പഠിച്ചതിന് ശേഷമാണ് അവര്‍ സിനിമാ സംവിധാനത്തിലേക്കിറങ്ങിയത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്