ആ വീട് അവന്തികയുടേത് മാത്രമല്ല

എല്ലാം ഓണ്‍ലൈനിലേക്ക് മാറുന്നൊരു കാലത്ത് മൊബൈല്‍ ഫോണിന്റേതാണ് ഏറ്റവും വലിയ ലോകമെന്ന് കരുതി അതില്‍ മുഴുകി ജീവിക്കുന്നവര്‍ അത്യത്ഭുതമൊന്നുമല്ല- അവര്‍ക്കും പുറത്തു നിന്നു കാണുന്നവര്‍ക്കും. എന്നാല്‍ അവരുടെ മക്കളെ അതെങ്ങനെയൊക്കെ ബാധിക്കുമെന്ന് പറഞ്ഞുതരുന്നുണ്ട് കബീര്‍ യൂസുഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 'അവന്തികയുടെ വീട്'.

അച്ഛനും അമ്മയും ഫോണിന്റെ ലോകത്ത് വിഹരിക്കുമ്പോള്‍ ആ കുട്ടി- അതൊരു സംസാരിക്കാനാവാത്ത പെണ്‍കുട്ടിയാണ്- അവന്തിക വീട്ടുജോലിക്കാരി അസ്‌റയുടെ സ്‌നേഹത്തണലിലേക്ക് മാറുന്നത് വെറുതെ പറഞ്ഞു പോവുകയല്ല കബീര്‍ യൂസുഫ്. യഥാര്‍ഥ കഥയില്‍ നിന്നുള്ള പ്രചോദനം തന്നെയായിരുന്നു അടിസ്ഥാനം.



എന്റെ അച്ഛന്റെ മൊബൈല്‍ ഫോണാകാനാണ് തനിക്കാഗ്രഹമെന്നും അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ഊഷ്മള സ്‌നേഹം എനിക്കനുഭവിക്കാനാകുമായിരുന്നെന്നും എന്റെ അമ്മയുടെ മൊബൈല്‍ ഫോണാകണമായിരുന്നു ഞാനെന്നും അങ്ങനെയായിരുന്നെങ്കില്‍ ഞാനെന്നും അമ്മയോടൊപ്പമുണ്ടാകുമായിരുന്നുവെന്നും അവള്‍, അവന്തിക, സ്‌കൂള്‍ പരീക്ഷയില്‍ ആരാകണമെന്ന ആഗ്രഹത്തിന് കുത്തിക്കുറിച്ചു വെച്ചുവെക്കുന്നുണ്ടെങ്കില്‍, അതുതന്നെയാണ് ഈ സിനിമയുടെ സന്ദേശവും. 

മുഴുവന്‍ സമയവും മൊബൈല്‍ കുത്തിക്കളിച്ചും 'തോണ്ടി'ക്കളിച്ചും പാഴാക്കുന്ന അച്ഛന്റേയും അമ്മയുടേയും മകള്‍ പിന്നെയെങ്ങനെ ചിന്തിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്. പുറമേ അഭിനയിച്ചും അകത്ത് പൊട്ടിത്തെറിക്കാന്‍ സമയം കാത്തിരിക്കുന്ന അഗ്നിപര്‍വം കാത്തുവെച്ചും കഴിയുന്ന രണ്ടുപേര്‍ക്കിടയില്‍ എത്ര വിശാലമായൊരു വീട്ടിലാണെങ്കിലും അവള്‍, അവന്തിക, ഒറ്റക്കു തന്നെയാണ്. പാകിസ്താനി വീട്ടുജോലിക്കാരി അസ്‌റയിലാണ് ഈ മലയാളിപ്പെണ്‍കുട്ടി അമ്മയുടെ ചൂടും അച്ഛന്റെ സ്‌നേഹവും അനുഭവിച്ചറിയുന്നത്. മലയാളം അറിയാഞ്ഞിട്ടും അവന്തികയുടെ അച്ഛനുമമ്മയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് അസ്‌റയ്ക്ക് മനസ്സിലാകുന്നുണ്ട്. 


അവന്തികയുടെ പ്രിന്‍സിപ്പല്‍ ഒരിക്കല്‍ അവന്തികയുടെ അച്ഛനേയും അമ്മയേയും ഓഫിസില്‍ വിളിപ്പിച്ചപ്പോള്‍, അവളുടെ 'പൊട്ടഭാഷ' മനസ്സിലാകുന്നില്ലെന്നു പറഞ്ഞ മാതാപിതാക്കളോട് (അതിലൊരല്‍പ്പം അതിശയോക്തി തോന്നാമെങ്കിലും) ആശയവിനിമയത്തിന് ഭാഷ പോലും ആവശ്യമില്ലെന്ന അധ്യാപികയുടെ മറുപടി നല്കുന്ന സന്ദേശത്തിന്റെ ആഴം വ്യക്തമാണ്. 

മുഴുസമയം മൊബൈലില്‍ കളിക്കുന്ന അച്ഛനുമമ്മയും മുതിര്‍ന്നവരും ഉള്ളത് അവന്തികയുടെ വീട്ടില്‍ മാത്രമല്ലെന്നും ഈ ചിത്രം കാണുന്നവരും ഏകദേശമെങ്കിലും ഇങ്ങനെയൊക്കെയാണെന്നും തിരിച്ചറിയാന്‍ ഈ സിനിമ സഹായിക്കുന്നു എന്നതു തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നല്കാനുള്ള ഏറ്റവും മികച്ച അഭിനന്ദനം. അതുകൊണ്ടുതന്നെ ഇത് അവന്തികയുടെ മാത്രം വീടല്ല. അവന്തിക എന്ന സ്ഥാനത്ത് ഏതുപേരും ചേര്‍ത്തുവെക്കാനാവുന്ന വീടാണ്!


ഒമാന്‍ പശ്ചാതലത്തിലാണ് അവന്തികയുടെ വീട് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും ഏത് പ്രവാസ ലോകത്തും സംഭവിച്ചേക്കാവുന്ന കഥയായതിനാല്‍ സംവിധായകന്‍ സ്ഥലസൂചനകളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. കണ്ടതും കേട്ടതുമല്ല ഗള്‍ഫ് പ്രവാസത്തിന്റെ കഥകള്‍ പലതും കണ്ടതിനും കേട്ടതിനുമപ്പുറത്തേക്കുള്ള മാനങ്ങളുള്ളവയാണെന്ന് തെളിയിക്കുന്നവയാണ് ഇത്തരം ചിത്രങ്ങള്‍.

കെട്ടിയുയര്‍ത്തി മനോഹര കെട്ടിടങ്ങള്‍ മാത്രമല്ല ഗള്‍ഫെന്നും അതിനകത്തും ചില കാഴ്ചകളുണ്ടെന്നും ഈ സിനിമ കാണിക്കുന്നു. 



റീഹത്ത് അല്‍ സഹ്‌റയാണ് അവന്തികയുടെ വീട്ടിലെ അവന്തികയായി വേഷമിട്ടിരിക്കുന്നത്. ലോവല്‍ എടത്തില്‍, ഷീന ഹിരണ്‍, അസ്‌റ അലീം, ഡോ. ജെ രത്‌നകുമാര്‍, അനിത രാജന്‍, ശരത്ത് പാലാട്ട്, സീരിയല്‍ താരം പ്രിയ മേനോന്‍, ദില്‍ന സുജിത്ത്, അജയ് മേനോന്‍, ചാന്ദ്‌നി മനോജ്, ദിനേശ് ഏങ്ങൂര്‍, പൊന്നു പ്രതാപ്, ജയകുമാര്‍ വള്ളിക്കാവ്, പ്രകാശ് വിജയന്‍, മീരജ്, സലീഷ് എന്നിവര്‍ വേഷമിട്ട സിനിമയില്‍ സംവിധായകന്‍ കബീര്‍ യൂസുഫും ഗായകനായി പ്രത്യക്ഷപ്പെടുന്നുണ്ട്.

ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാനാണ് അവന്തികയുടെ വീട് നിര്‍മിച്ചിരിക്കുന്നത്.

ഒ ടി ടി പ്ലാറ്റ്‌ഫോം സൈന പ്ലേയിലാണ് അവന്തികയുടെ വീട് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്