കാണാതെ പോയ അതുല്യ പ്രതിഭ


കാണണമെന്നാഗ്രഹിച്ചിട്ടും കാണാനാവാതെ പോയ നടനാണ് നെടുമുടി വേണു. എറണാകുളത്ത് തലങ്ങും വിലങ്ങും സിനിമാക്കാരെ കാണുകയും സിനിമാ പരിപാടികളില്‍ പങ്കെടുക്കുകയുമെല്ലാം ചെയ്തിട്ടും ഒരിക്കല്‍ പോലും എനിക്കെതിര്‍വശത്തായി നെടുമുടി വേണു ഉണ്ടായില്ല. 

കഴിഞ്ഞ മാസമാണ്, അയര്‍ലന്റിലുള്ള തമിഴ്, തെലുങ്ക് നടന്‍ സ്വരൂപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടയില്‍ നെടുമുടി വേണുവിനെ കാണണമെന്ന ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചത്. കൊച്ചിയിലദ്ദേഹം ഉണ്ടാകാറുണ്ടല്ലോ എന്നു പറഞ്ഞ സ്വരൂപ്, അയര്‍ലന്റില്‍ നിന്നും വന്നതിന് ശേഷം നെടുമുടിയെ നമുക്കൊരുമിച്ചു കാണാമെന്നും പറഞ്ഞിരുന്നു. 

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നെടുമുടി ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയുമെത്തിയത്. മലയാള മണ്ണിനോടൊട്ടി നില്‍ക്കുന്ന വേഷങ്ങളും കഥാപാത്രങ്ങളുമായിരുന്നു നെടുമുടി അവതരിപ്പിച്ച പല കഥാപാത്രങ്ങളും. ആ റേഞ്ചിലുള്ള നടന്മാര്‍ പതിയെ പതിയെ ഇല്ലാതാകുമ്പോള്‍ മലയാളത്തമുള്ള കഥാപാത്രങ്ങള്‍ കൂടിയാണ് മലയാള സിനിമയില്‍ നിന്നും മാഞ്ഞു പോവുന്നത്. ഒരുപക്ഷേ, പുതിയ കാലത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ മലായളി മറന്നുപോയ അത്തരം കഥാപാത്രങ്ങള്‍ ആവശ്യമാവില്ലായിരിക്കാം. രാജന്‍ പി ദേവ്, മുരളി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി തുടങ്ങി കേരള ഗ്രാമങ്ങളില്‍ നിന്നും പറിച്ചു നട്ടതുപോലുള്ളവരെല്ലാം എന്നോ അപ്രത്യക്ഷമായല്ലോ. ഏതുവേഷവും അനായാസം ചെയ്യാനാവുന്ന ജഗതി ശ്രീകുമാറിനെ അപകടം വെള്ളിത്തിരയില്‍ നിന്നും അകറ്റുകയും ചെയ്തു. 

നെടുമുടിവേണുവിന്റെ കഥാപാത്രങ്ങളില്‍ കൂടുതല്‍ ഇഷ്ടം തോന്നിയവ സര്‍വകലാശാലയിലെ ആശാനും ഈ തണുത്തവെളുപ്പാന്‍ കാലത്തിലെ വാരിയരുമായിരുന്നു. വേഗത പ്രാപിക്കുന്ന തീവണ്ടിയില്‍ ഡോറില്‍ നിന്ന് മോഹന്‍ലാലിന്റെ ലാലിനേയും ശ്രീനാഥിന്റെ ജീവനേയും നോക്കി കൈ ആഞ്ഞുവീശി യാത്ര പറയുന്നുണ്ട് സര്‍വകലാശാലയില്‍. 

'അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ

അങ്ങു കിഴക്കത്തേ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്

പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തക തക താ

എന്നു പാടി, ജീവതാളത്തിന്റെ ഒരു കവിത ഇവിടുന്നു കിട്ടി. ബുദ്ധിമുട്ടാ ജീവതാളം. ഇനി മരണത്തിന്റെ താളമുണ്ട്. ശവതാളം. ഹിന്ദുവിന്റേുയം കൃസ്ത്യാനിയുടേയും മുസ്‌ലിമിന്റേയും തണ്ടിലേറ്റിയ ശവത്തിന് ഒരു താളാ... തിം ധിം നാ... ത ധിം ധിം നാ...' എന്നു പറയുന്ന ഒരു സംഭാഷണവുമുണ്ട് അദ്ദേഹത്തിന് ആ സിനിമയില്‍.

ഈ തണുത്ത വെളുപ്പാന്‍ കാലത്തിലാകട്ടെ അവസാനം വരെ ഉദ്വേഗം നിലനിര്‍ത്തുകയും ഒടുവില്‍ കുറ്റവാളിയായി മമ്മൂട്ടി അറസ്റ്റു ചെയ്യുകയും ചെയ്യുന്ന വാരിയറും നെടുമുടിയെന്ന നടനിലെ വ്യത്യസ്തതകള്‍ കാണിച്ചു തരുന്നുണ്ട്. പിന്നേയും എത്രയോ സിനിമകള്‍, നിരവധി വേഷങ്ങളും വേഷപ്പകര്‍ച്ചകളും... 

പകരം വെക്കാനില്ലാത്ത എന്നൊക്കെയുള്ള പതിവ് വാക്കുകള്‍ക്കപ്പുറം പുതിയവ കണ്ടെത്തണം, നെടുമുടി വേണുവിന്റെ നഷ്ടത്തെ കുറിച്ച് വിശേഷിപ്പിക്കാന്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്