80ന്റെ നിറവില്‍ മലയാളത്തിന്റെ സ്വന്തം അടൂര്‍


മൗട്ടത്തു ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്റെ 80-ാം ജന്മദിനാമാണിന്ന്. ഇത്തരത്തില്‍ പേര് പറഞ്ഞാല്‍ ഈ മനുഷ്യനെ മലയാളി മാത്രമല്ല, ചിലപ്പോള്‍ അദ്ദേഹം പോലും തിരിച്ചറിഞ്ഞെന്ന് വരില്ല. വെറും അടൂര്‍ എന്നു മാത്രം പറഞ്ഞാല്‍ മതി- ആളുടെ രൂപവും ഭാവവുമെല്ലാം അവിടെ പ്രത്യക്ഷപ്പെടും. അതെ, മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ എണ്‍പതാം ജന്മദിനമാണിന്ന്.

മലയാള സിനിമയ്ക്ക് ഇന്ത്യന്‍ സിനിമയിലും ലോക സിനിമാ പ്രേമികള്‍ക്കിടയിലും മേല്‍വിലാസം ഉണ്ടാക്കുന്നതില്‍ അടൂര്‍ വഹിച്ച പങ്ക് ചെറുതല്ല. മലയാളത്തിലെ നിരവധി പ്രമുഖര്‍ നമ്മുടെ ഭാഷയിലെ ചലച്ചിത്രത്തിന് പുറംലോകത്ത് പേരും പെരുമയും ഉണ്ടാക്കുന്നതില്‍ മികച്ച പങ്കാളിത്തം വഹിച്ചിട്ടുണ്ടെങ്കിലും അതില്‍ അടൂരിന്റെ സംഭാവന ചെറുതല്ല.

സത്യജിത് റായ് എന്ന ലോകംകണ്ട ഇന്ത്യയിലെ മികച്ച സംവിധായകനോളമുണ്ട് മലയാളിക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍.


മാധവന്‍ ഉണ്ണിത്താന്റേയും ഗൗരിക്കുഞ്ഞമ്മയുടേയും മകന്‍ പത്തൊന്‍പതാം വയസ്സില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാന്‍ പോയത് നാടകത്തിലുള്ള കമ്പം മൂത്തായിരുന്നു. സിനിമാ സംവിധാനം പഠിക്കുന്നതിലൂടെ നല്ല നാടക സംവിധായകനാകാമെന്നായിരുന്നു ആ പ്രായത്തില്‍ അദ്ദേഹം കണക്കുകൂട്ടിയത്. പൂനെയിലെ പഠനമാണ് അടൂരിന്റെ ധാരണകളെ തിരുത്തിയതും ചലച്ചിത്ര ലോകത്ത് എത്തിച്ചതും. 1965ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തിരക്കഥാ രചനയിലും സംവിധാനത്തിലും ഡിപ്ലോമ കരസ്ഥമാക്കിയിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ സിനിമകള്‍ പലതിനേയും ന്യൂജന്‍ എന്ന് ഓമനപ്പേരിട്ടു വിളിക്കുമ്പോള്‍ തന്റെ ആദ്യ ചലച്ചിത്രവുമായി അടൂര്‍ രംഗത്തെത്തിയത് 'നവതരംഗ'വുമായിട്ടായിരുന്നു. മികച്ച പരീക്ഷണങ്ങള്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ക്കും മാത്രമല്ല ഏത് കോമാളിത്തത്തിനും ന്യൂജെന്‍ എന്ന വിശേഷണം നല്കുമ്പോള്‍ വൃത്തിയായും മനോഹരമായും നിലവാരത്തോടെയും ചെയ്തവയായിരുന്നു നവതരംഗത്തിലുണ്ടായിരുന്നത്. കേരളത്തിലെ സമാന്തര സിനിമകളുടെ തുടക്കവും അടൂരിലൂടെയാണ് സംഭവിച്ചത്.


1972 മുതല്‍ 2016 വരെയുള്ള 46 വര്‍ഷത്തിനിടയില്‍ 12 സിനിമകള്‍ മാത്രമാണ് അദ്ദേഹം സംവിധാനം നിര്‍വഹിച്ചതെന്നത് അടൂരിലെ ചലച്ചിത്ര പ്രേമിയുടെ കാതല്‍ അളന്നുനല്കുന്നുണ്ട്. ആദ്യ സിനിമയായ സ്വയംവരം (1972) കെ പി കുമാരനുമൊത്ത് രചന നടത്തിയതൊഴിച്ചാല്‍ മറ്റെല്ലാ ചലച്ചിത്രങ്ങള്‍ക്കും അദ്ദേഹം തന്നെയാണ് തിരക്കഥയൊരുക്കിയത്. കൊടിയേറ്റം (1977), എലിപ്പത്തായം (1981), മുഖാമുഖം (1984), അനന്തരം (1987), മതിലുകള്‍ (1989), വിധേയന്‍ (1993), കഥാപുരുഷന്‍ (1995), നിഴല്‍ക്കുത്ത് (2003), നാല് പെണ്ണുങ്ങള്‍ (2007), ഒരു പെണ്ണും രണ്ടാണും (2008), പിന്നെയും (2016) എന്നിങ്ങനെയാണ് അടൂരിന്റേതായി പുറത്തുവന്ന ചിത്രങ്ങള്‍. ഓരോ സിനിമയ്ക്കിടയിലും നീണ്ട ഇടവേളകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.


എന്നാല്‍ ഇക്കാലത്തെല്ലാം അടൂര്‍ വെറുതെയിരുന്നെന്ന് കരുതരുത്. 1964നും 2007നും ഇടയില്‍ 25 ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ചിത്രമായ എ ഗ്രേറ്റ് ഡേ (1964)യില്‍ തുടങ്ങുന്നു അദ്ദേഹത്തിന്റെ ഈ കുതിപ്പ്. തുടര്‍ന്ന് ലൈറ്റ് (1965), എ ഡേ അറ്റ് കോവളം (1966), ദി മിത്ത് (1967), മണ്‍തരികള്‍ (1968), ആന്റ് മാന്‍ ക്രിയേറ്റഡ് (1968), ഡെയ്ഞ്ചര്‍ അറ്റ് യുവര്‍ ഡോര്‍ സ്റ്റപ്പ് (1968), യുവര്‍ ഫുഡ് (1969), എ മിഷന്‍ ഓഫ് ലവ് (1969), ടുവേര്‍ഡ്സ് നാഷണല്‍ എസ് ടി ഡി (1969), പ്രതിസന്ധി (1970), റൊമാന്‍സ് ഓഫ് റബ്ബര്‍ (1971), കിളിമാനൂരില്‍ ഒരു ദശലക്ഷാധിപതി (1973), ഗുരു ചെങ്ങന്നൂര്‍ (1974), പാസ്റ്റ് ഇന്‍ പെര്‍സ്പെക്ടീവ് (1975), ഇടുക്കി (1976), ഫോര്‍ ഷോട്ട്സ് ഓണ്‍ ഫാമിലി പ്ലാനിംഗ് (1978), യക്ഷഗാന (1979), ചോള ഹെറിട്ടേജ് (1980), കൃഷ്ണനാട്ടം (1982), ഗംഗ (1985), കലാമണ്ഡലം ഗോപി (1999), കൂടിയാട്ടം (2001), കലാമണ്ഡലം രാമന്‍കുട്ടി നായര്‍ (2005), ഡാന്‍സ് ഓഫ് ദി എന്‍ചാന്‍ട്രസ് (2007) എന്നിവയാണ് ഹൃസ്വചിത്രങ്ങളും ഡോക്യുമെന്ററികളും.

സിനിമയുടെ ലോകം, സിനിമാനുഭവം, സിനിമ, സാഹിത്യം ജീവിതം എന്നീ മൂന്ന് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത് എന്നീ തിരക്കഥകള്‍ മലയാളത്തിലും റാറ്റ് ട്രാപ്, ഫേസ് ടു ഫേസ്, മോണോലോഗ് എന്നിവ ഇംഗ്ലീഷിലും പുറത്തിറങ്ങിയിട്ടുണ്ട്.

പദ്മശ്രീ, ദാദാസാഹിബ് ഫാല്‍ക്കെ, ജെ സി ഡാനിയേല്‍ പുരസ്‌ക്കാരങ്ങളും മികച്ച സംവിധായകനും മികച്ച തിരക്കഥാ കൃത്തിനും സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ഓരോ തവണയും അദ്ദേഹം ആദരിക്കപ്പെട്ടിട്ടുണ്ട്. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും എന്നീ സിനിമകള്‍ക്കെല്ലാം അദ്ദേഹം പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ പുരസ്‌ക്കാരം അഞ്ചുതവണയും ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ സതര്‍ലാന്റ് ട്രോഫിയും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ട്രോഫിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


ഗോപിയും മമ്മൂട്ടിയും മികച്ച നടന്മാര്‍ക്കുള്ള ദേശീയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയത് അടൂര്‍ ചിത്രങ്ങളിലൂടെയായിരുന്നു. മമ്മൂട്ടിക്ക് രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയെടുക്കാന്‍ അടൂര്‍ ചിത്രങ്ങളും കാരണമായിട്ടുണ്ട്. മധു മുതല്‍ ഗോപിയും മമ്മൂട്ടിയും അശോകനും ശോഭനയും ഒടുവില്‍ ഉണ്ണികൃഷ്ണനും ഇന്ദ്രന്‍സും വിജയരാഘവനും ദിലീപും കാവ്യാമാധവും വരെയുള്ള ജനപ്രിയ താരങ്ങളെ അണിനിരത്തിയാണ് പലപ്പോഴും അടൂര്‍ ചിത്രങ്ങള്‍ പുറത്തുവന്നത്. സമാന്തര സിനിമയുടെ മൂല്യങ്ങള്‍ ചേര്‍ത്തുവെക്കുമ്പോഴും വാണിജ്യ ചിത്രങ്ങളിലെ അഭിനേതാക്കളുടെ മികവും മൂല്യവും കൂടെനിര്‍ത്താന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത സംവിധായകനാണ് അടൂര്‍. ഏറ്റവും മികച്ചത് തന്റെ സിനിമകള്‍ക്കുണ്ടാവണമെന്ന നിര്‍ബന്ധം തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളെ വേറിട്ട് നിര്‍ത്തുന്നതും.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്