അനുഭവങ്ങള്‍കൊണ്ട് ജീവിതം പൊള്ളിയപ്പോഴും തണല്‍ കാലങ്ങളെ സ്വപ്‌നം കണ്ടവന്‍


2016 ജൂണ്‍ 18-ാം തിയ്യതി നട്ടുച്ചയ്ക്കാണ്, ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനിയിലെ റഫീക്ക് പൊക്കാക്കി ഒരാളുമായി വര്‍ത്തമാനത്തിന്റെ ഖത്തര്‍ ഓഫിസില്‍ വന്നു. മാങ്ങാചുനകൊണ്ട് ചുണ്ടുപൊള്ളിയതുപോലെ അദ്ദേഹത്തിന്റെ മുഖത്ത് അന്നേരം ചെറിയൊരു പരിക്കുണ്ടായിരുന്നു. ഷേവിംഗ് അലര്‍ജിയായിരുന്നുവത്രെ മുഖത്ത്. സംസാരിച്ചപ്പോഴാണ് മനസ്സിലായത്, അനുഭവങ്ങള്‍ കൊണ്ട് സ്വന്തം ജീവിതം പൊള്ളിപ്പോയ, പിന്നീട് എഴുത്തുകൊണ്ട് ആസ്വാദകരെ പൊള്ളിച്ച ആളാണ് മുമ്പിലെത്തിയതെന്ന്- അയാള്‍ റഷീദ് പാറക്കലായിരുന്നു.

അക്കാലത്ത് ഖത്തറില്‍ ജോലി ചെയ്തിരുന്ന സംവിധായകന്‍ ഷലീല്‍ കല്ലൂരിന്റെ ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ടായിരുന്നു റഷീദ് പാറക്കല്‍ ഖത്തറില്‍ വന്നത്. സിനിമാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുള്ള ഒരു ഇടവേളയിലെപ്പോഴോ ആണ് റഫീക്ക് പൊക്കാക്കി റഷീദ് പാറക്കലുമായി വര്‍ത്തമാനം ഓഫിസിലെത്തിയത്. അവിടെയിരുന്ന് കുറേ സമയം സംസാരിക്കുകയും ഇടയ്ക്ക് മനോഹരമായി കവിത ആലപിക്കുകയും ചെയ്തു റഷീദ് പാറക്കല്‍. 

ഇത്രയും ഇന്‍ട്രോ. ഇനിയാണ് കാര്യത്തിലേക്ക് കടക്കുന്നത്.



റഷീദ് പാറക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ 'സമീര്‍' കഴിഞ്ഞ ദിവസമാണ് ഒ ടി ടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമില്‍ കണ്ടത്. കണ്ണുമഞ്ഞളിക്കുന്ന യു എ ഇ എന്ന രാജ്യത്തേയും മലയാളി പ്രവാസത്തേയും കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ നീസ്ട്രീമില്‍ പ്രത്യക്ഷപ്പെടുന്നത്. മാര്‍ച്ച് മാസത്തില്‍ നീസ്ട്രീമില്‍ റിലീസ് ചെയ്ത മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്റെ ദേര ഡയറീസ് യു എ ഇയിലെ മലയാളി പ്രവാസത്തിന്റെ ഇടത്തരക്കാരന്റെ കാഴ്ചകളിലൂടെയാണ് മുമ്പോട്ടു പോകുന്നതെങ്കില്‍ 2019ല്‍ സെന്‍സര്‍ ചെയ്യുകയും 2020ല്‍ റിലീസാവുകയും 2021 മെയ് മാസത്തില്‍ ഒ ടി ടി പ്ലാറ്റ്‌ഫോമിലെത്തുകയും ചെയ്ത സമീര്‍ അറേബ്യന്‍ മരുഭൂമിയിലെ തോട്ടത്തില്‍ ഒറ്റപ്പെട്ടു പോകുന്ന താഴ്ന്നവരുമാനക്കാരന്‍ മലയാളി തൊഴിലാളിയുടെ ജീവിതമാണ് പറയുന്നത്. ആട് ജീവിതമെന്ന നോവലിലൂടെ നജീബ് വേദനയായ മലയാളിക്ക് അത്തരം എത്രയോ ജീവിക്കുന്ന നജീബുമാരും സമീറുമാരുമുണ്ടെന്ന് കാണിച്ചു തരുന്ന ചലച്ചിത്രമാണ് സമീര്‍. 

അബൂദാബിക്കും അല്‍ ഐനിനും ഇടയിലുള്ള കുമ്മൂസ് മരുഭൂമിയില്‍ ദരിദ്ര അറബികള്‍ക്ക് യു എ ഇ സര്‍ക്കാര്‍ പതിച്ചു നല്കുന്ന കൃഷി ഭൂമികളിലൊന്നിലെ ആറേക്കര്‍ തക്കാളിത്തോട്ടത്തില്‍ താന്‍ ജീവിച്ച മൂന്നു വര്‍ഷത്തക്കാലത്തെ ജീവിതത്തിനിടയില്‍ അപ്പപ്പോള്‍ പുസ്തകത്തില്‍ കുത്തിക്കുറിച്ച കുറിപ്പുകള്‍ വികസിപ്പിച്ചെടുത്ത 'ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍' എന്ന ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച നോവലാണ് 'സ്വയ്ഹാനിലെ പൂച്ചക്കുട്ടി' എന്ന പേരില്‍ ചിത്രീകരണം ആരംഭിക്കുകയും പിന്നീട് 'സമീര്‍' ആയി മാറുകയും ചെയ്ത റഷീദ് പാറക്കല്‍ ചലച്ചിത്രം. 

മലയാളി ഗ്രാമീണതയും അറേബ്യന്‍ മരുഭൂമിയിലെ വന്യതയും ഒരുപോലെ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് സമീറെന്ന് വേണമെങ്കില്‍ ഒറ്റവാക്കില്‍ പറഞ്ഞുവെക്കാം. നമ്മള്‍ അനുഭവിക്കാത്തതെല്ലാം കെട്ടുകഥകളായതിനാല്‍ സമീറും കെട്ടുകഥയാണെന്ന് വിശ്വസിക്കാം. പക്ഷേ, ജീവിതം പലപ്പോഴും കെട്ടുകഥകളേക്കാള്‍ അവിശ്വസനീയമാണെന്നത് ഈ സിനിമയും തെളിയിക്കുന്നു. 


വലിയ താരനിരയൊന്നുമില്ലാതെ, മലയാളിക്ക് അടുത്ത് പരിചയമുള്ള അധികം മുഖങ്ങളൊന്നുമില്ലാതെ (മാമുക്കോയയും ഇര്‍ഷാദും മാത്രമാണ് സ്ഥിരപരിചിത മുഖം, പിന്നെയൊരു പരിചയമായി മഞ്ജു പത്രോസും നീനാ കുറുപ്പുമുണ്ട്) അണിയിച്ചൊരുക്കിയ ചിത്രം പറയുന്നതും മലയാള സിനിമയ്ക്ക് ഏറെയൊന്നും പരിചയമില്ലാത്ത മരുഭൂമിയുടെ കഥയാണ്. പ്രധാന കഥാപാത്രമായ സമീറിനെ അവതരിപ്പിക്കുന്ന ആനന്ദ് റോഷനും നസിയായ അനഘ സജീവും സമീറിന്റെ ബാപ്പയായി മാമുക്കോയയും നസിയുടെ ബാപ്പയായി ഇര്‍ഷാദും നസിയുടെ രണ്ടാനുമ്മയായി നീനാ കുറുപ്പും നസിക്ക് എന്തു കാര്യങ്ങളും പറയാനാവുന്ന അയല്‍ക്കാരിയായി മഞ്ജു പത്രോസും ബലൂചിസ്ഥാനിയായ അമീറായി കെ കെ മൊയ്തീന്‍ കോയയും ഒട്ടകത്തിന്റെ ആത്മാവ് സുലൈമാനായി അഷറഫ് കിരാലൂരും ഗുലാമായി ജി കെ മാവേലിക്കരയും ബക്കറായി ഷാജഹാന്‍ ഒറ്റത്തയ്യിലും ഫാറൂഖായി മെഹബൂബ് മുഹമ്മദും മസൂലായി അഷറഫ് പിലാക്കലും അണ്ണനായി എ ആര്‍ ഷാനവാസും മുഹമ്മദായി ബഷീര്‍ സില്‍സിലയും ഫിദയായി ചിഞ്ജുസണ്ണിയും ബംഗാളി മുസ്തഫയായി രാജു തോമസും ഉള്‍പ്പെടെ ഏതാനും കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. ഇവരെ കൂടാതെ വിശാലമായ മരുഭൂമിയാണ് മറ്റൊരു കഥാപാത്രം. തന്റെ അഭിനയ ദാഹത്തിനുള്ള ചെറിയൊരു ശമനമെന്ന തരത്തിലായിരിക്കണം ഒരു പാട്ട് രംഗത്ത് ആരുമറിയാത്ത പോലെ ഇരിക്കുന്ന സംവിധായകനേയും കാണാം. 


നാട്ടില്‍ നസിയുമായുള്ള പ്രണയം അസ്ഥിക്കു പിടിക്കുന്ന ഘട്ടത്തില്‍ ഗള്‍ഫിലേക്ക് പോകേണ്ടി വരുന്ന നായകന്‍ അവളെ തന്നെ ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ടെങ്കിലും മരുഭൂമിയിലെ 'പച്ചപ്പായി' മലയാളിയായിട്ടും മലയാളിയെന്ന് അംഗീകരിക്കാത്ത അര്‍ബാബിന്റെ മകള്‍ ഫിദയെ കാണുന്നുണ്ട്. നായകന്റെ രീതി പ്രേക്ഷകരില്‍ സംശയമുളവാക്കുമെങ്കിലും ഫിദയെ കുറിച്ചല്ല നീ നസിയെ കുറിച്ചു പറയെന്ന് പറഞ്ഞ് സുലൈമാന്‍ പ്രേക്ഷനോടൊപ്പം സമീറിനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം സംഭാഷണങ്ങള്‍ കാഴ്ചക്കാരന്റെ അവമതിപ്പില്‍ നിന്നും സമീറിനെ ചിലപ്പോഴെങ്കിലും രക്ഷിച്ചെടുക്കുകയും ചെയ്‌തേക്കും. 

പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ലാത്ത മസാറ (തോട്ടം)യിലേക്ക് കുബ്ബൂസുമായെത്തുന്ന ബലൂചിയാണ് സമീറിന്റെ ഇഷ്ടങ്ങളുടെ കൂട്ടുകാരന്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സമീറിനെ തന്റെ വാഹനത്തില്‍ ഒളിച്ചു കടത്താനും മലയാളം റേഡിയോ കേള്‍ക്കാന്‍ രഹസ്യമായി ഇയര്‍ഫോണ്‍ സംഘടിപ്പിച്ച് എത്തിച്ചു നല്കുന്നതുമെല്ലാം ഈ ബലൂചിയാണ്. മലയാളം പറയാനും കേള്‍ക്കാനും ആരുമില്ലാത്ത മരുഭൂ ജീവിതത്തില്‍ ഈ റേഡിയോ ആണ് സമീറിന്റെ കൂട്ടുകാരന്‍. സിനിമ തുടങ്ങുന്നതുതന്നെ വിശാലമായ മരുഭൂമിയില്‍ ഒറ്റക്കു നടന്നു പോകുന്ന സമീറിന്റെ പശ്ചാതലത്തില്‍ അയാള്‍ റേഡിയോ ഏഷ്യയിലേക്ക് വിളിച്ച് വിശേഷങ്ങള്‍ പങ്കുവെക്കുന്ന സംഭാഷണങ്ങളോടെയാണ്. കാല്‍നൂറ്റാണ്ടു മുമ്പ് റേഡിയോ ഏഷ്യയില്‍ വിളിച്ചു സംസാരിച്ച അതേ സംഭാഷണം തന്നെയാണ് ഇവിടെ സംവിധായകന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പാട്ടുപാടുമോ എന്ന അവതാരകയുടെ ചോദ്യത്തിന് 'ഓത്തുപള്ളീലന്നു നമ്മള്‍' എന്ന അതിമനോഹരമായ വരികളിലൂടെ നാട്ടിലെ ജീവിതത്തിലേക്ക് ക്യാമറ കൊണ്ടുപോവുന്നു.


ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ ജീവിതം എന്നതിനപ്പുറത്തേക്ക് കാര്യങ്ങളെയൊന്നും മഹത്വവത്ക്കരിക്കാനോ ഊതിപ്പെരുപ്പിക്കാനോ സംവിധായകന്‍ ശ്രമിക്കുന്നില്ലെന്നത് ഈ സിനിമയുടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വെടുപ്പായി പറയുന്നതിനപ്പുറം പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള ഗിമ്മിക്കുകളോ അതിഭാവുകത്വങ്ങളോ ഈ സിനിമയില്‍ ഉപയോഗപ്പെടുത്തുന്നില്ല. അതുകൊണ്ടൊക്കെ തന്നെയായിരിക്കാം 2019ലെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാര പട്ടികയിലെ തെരഞ്ഞെടുക്കപ്പെട്ട 17 മലയാള സിനിമകളിലൊന്നായി മാറാന്‍ സമീറിന് സാധിച്ചതും. 

ലളിതമായ സംഭാഷണം, മികച്ച ഗാനങ്ങള്‍ എന്നിവ സമീറിന് നേട്ടമാകുന്നുണ്ട്. സംവിധായകന്റെ വരികള്‍ക്ക് സുദീപ് പലനാടും ശിവറാമുമാണ് സംഗീതം നല്കിയിരിക്കുന്നത്. കാര്‍ത്തിക്കും സിതാര കൃഷ്ണകുമാറും ആലപിച്ച ജീവന്റെ ജീവനായി നീയണഞ്ഞു, സുധീപ് പലനാടും ശുഭം ഭൗമിക്കും ആലപിച്ച സ്വപ്‌നഭൂവിലെ ജീവിതമോ സ്വര്‍ഗ്ഗഭൂമികളീവിധമോ സൂര്യകോപം അപാരം യാ റഹ്മാന്‍, വിദ്യാധരന്‍ മാസ്റ്റര്‍ പാടിയ മഴചാറും ഇടവഴിയില്‍ നിഴലാടും കല്‍പ്പടവില്‍ ചെറുവാലന്‍ കിളിയുടെ തൂവല്‍ പോല്‍ എന്നീ ഗാനങ്ങളെല്ലാം ഒന്നിനൊന്നു മെച്ചമാണ്. 

'ജനലുവഴി കവിതകള്‍ പരന്നൊഴുകി

കരിവളകള്‍ കിലുകിലെ ചിരി തുടങ്ങി

കാറ്റുവരും സുബര്‍ഗത്തിന്‍ ഇതളുകളകതാരില്‍

മുഹബ്ബത്തിന്‍ അസര്‍മുല്ല തണലൊരുക്കി' 

എന്ന വരികള്‍ മാത്രം മതിയാകും റഷീദ് പാറക്കലിനുള്ളിലെ കവിയേയും സംവിധായകനേയും തിരിച്ചറിയാന്‍. 


ദുബൈ മാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഏതാനും പ്രവാസി സുഹൃത്തുക്കളും ബിയോണ്ട് റീല്‍സ് പ്രൊഡക്ഷസിന്റെ സനില്‍കുമാറും ചേര്‍ന്ന് നിര്‍മിച്ച സമീറിന്  നിര്‍മിച്ച സമീറിന് രൂപേഷ് തിക്കോടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യാനുള്ള വൈഭവം രൂപേഷ് തിക്കോടി സമീറില്‍ തെളിയിക്കുന്നുണ്ട്. 

സാധാരണക്കാരന്റെ ജീവിത കഥയെന്നാണ് സമീറിന്റെ ടാഗ് ലൈനെങ്കിലും തീര്‍ത്തും സാധാരണക്കാരിലൊരാളുടെ അസാധാരണമായ ജീവിത കഥയാണ് സമീറെന്ന് അടിവരയിടാം.

 

ഇനി വ്യക്ത്യനുഭവത്തിന്റെ അവസാനഘട്ടത്തിലേക്ക്


2016 ജൂണ്‍ 19ന് വര്‍ത്തമാനം ഖത്തര്‍ എഡിഷനില്‍ 'തക്കാളിനട്ട് പുരസ്‌ക്കാരങ്ങള്‍ കൊയ്ത്' എന്ന തലക്കെട്ടില്‍ ഒരു ചെറിയ കുറിപ്പ് റഷീദ് പാറക്കലിനെ കുറിച്ച് പ്രസിദ്ധീകരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ റഷീദ് പാറക്കല്‍ ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങളില്‍ തന്റെ എഴുത്ത് അവസാനിപ്പിച്ചിരുന്നില്ല. എഴുത്തിന് പുരസ്‌ക്കാരം സ്വന്തമാക്കാനായത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടാകും എന്നതിനപ്പുറം തന്നില്‍ മഷിയുണങ്ങാനനുവദിക്കാത്ത മനസ്സുള്ള ഒരു എഴുത്തുകാരനുണ്ടെന്ന് തിരിച്ചറിയാനും സഹായിച്ചുണ്ടാകും. മുറ്റത്തെ മൂവാണ്ടന്‍, കുടജാദ്രിയിലെ നിലാവ്, ചന്ദ്രജീവി, ഓപ്പറേഷന്‍ സുമിത്ര, ജോസേട്ടന്റെ സുവിശേഷം തുടങ്ങി നിരവധി നോവലുകളും എന്നെക്കൊണ്ടാവുന്നത് എന്ന കവിതാ സമാഹരവും ഒരു നുളളു പുഞ്ചിരിയെന്ന കഥാസമാഹരവുമൊക്കെ പുറത്തിറക്കി. ഏഷ്യാനെറ്റിലെ ഫിലിമി തമാശയ്ക്ക് വേണ്ടി പാരഡികളെഴുതാനും മീഡിയാ വണ്ണില്‍ കുന്നംകുളത്തങ്ങാടിയുടെ സ്‌ക്രിപ്റ്റിനുമൊക്കെയായി റഷീദ് പാറക്കല്‍ തിരക്കിലായിരുന്നു. അതിനിടയില്‍ സുന്ദരകല്യാണം എന്ന സിനിമയ്ക്കു വേണ്ടിയും നിരവധി ആല്‍ബങ്ങള്‍ക്കു വേണ്ടിയും പാട്ടുകളെഴുതി. വെക്കേഷന്‍, ഡോഗ് ഹാസ് എ ഡേ, ഷെല്‍ട്ടര്‍, ജനറേഷന്‍ ഗ്യാപ്, റൊമാന്റിക് സ്റ്റാച്യൂ, അറ്റ് നൈറ്റ്, കണ്ടിന്യൂ തുടങ്ങി കുറേ ഷോര്‍ട്ട് ഫിലിമുകളും അവയ്‌ക്കെല്ലാം പുരസ്‌ക്കാരം സ്വീകരിക്കാനുള്ള ഓട്ടപ്പാച്ചിലുകളും... അല്ലെങ്കിലും തക്കാളി തോട്ടത്തില്‍ നിന്നും അര്‍ബാബിന്റെ കണ്ണുവെട്ടിച്ച് ഈന്തപ്പനയുടെ മുള്ളുകൊണ്ട് കയ്യില്‍ മുറിവുണ്ടാക്കി ആശുപത്രിയിലെന്ന വ്യാജേന നഗരത്തിലെത്തി റേഡിയോ ഏഷ്യയുടെ മത്സരത്തില്‍ പങ്കെടുത്ത് പത്തുഗ്രാം സ്വര്‍ണം നേടി ഒന്നുമറിയാത്തയാളെ പോലെ തോട്ടത്തിലേക്ക് മടങ്ങിപ്പോയ റഷീദ് പാറക്കലിനുണ്ടോ പുരസ്‌ക്കാരങ്ങള്‍ക്ക് വല്ല കുറവും. 


പരിചയപ്പെട്ട് കൃത്യം മൂന്നുവര്‍ഷത്തിന് ശേഷം 2019 ജൂണ്‍ 19ന് ഫേസ് ബുക്ക് മെസഞ്ചറില്‍ ഒരു സന്ദേശം- അതില്‍ സമീര്‍ സിനിമയുടെ ജീവന്റെ ജീവനായി എന്ന പാട്ടിന്റെ ലിങ്കുണ്ടായിരുന്നു. താഴെയൊരു കമന്റും- 'ഇങ്ങടെ വാക്ക് പൊന്നായി'. സത്യത്തില്‍ അതെന്താണെന്ന് എനിക്കോര്‍മയുണ്ടായിരുന്നില്ല!

ഞാന്‍ പോലും മറന്നുപോയ, മൂന്നു വര്‍ഷം മുമ്പ് അദ്ദേഹത്തെ പരിചയപ്പെട്ടതിനെ കുറിച്ച് ഞാനെഴുതിയ ഫേസ്ബുക്ക് കുറിപ്പിലെ അവസാന വാചകത്തിന്റെ ചുവടുപിടിച്ചാണ് അദ്ദേഹം എന്നെ ഓര്‍ത്തുവെച്ച് സന്ദേശം അയച്ചിരിക്കുന്നത്. ഒരുപക്ഷേ, ഇതുപോലെ പറഞ്ഞ പലരേയും അദ്ദേഹം ഓര്‍ക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ടാകാം. എങ്കിലും എനിക്കതൊരു അത്ഭുതമായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഫേസ്ബുക്കിലെ എന്റെ കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു- 'ഒരു സിനിമ സംവിധാനം ചെയ്യുകയെന്നതാണ് അടുത്ത സ്വപ്്നം. എനിക്കുറപ്പുണ്ട് ഇദ്ദേഹം സിനിമ സംവിധാനം ചെയ്യും. കാരണം, അതിയായി ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനുള്ള കഴിവ് ഈ മനുഷ്യന് ദൈവം നല്കിയിട്ടുണ്ട്. ഒരു തക്കാളിക്കൃഷിക്കാരന്‍ സിനിമയെ സ്വപ്നം കാണുന്നുണ്ട്.'


മനോഹരമായ ഒരു സിനിമ പൂര്‍ത്തിയാക്കിയ ഈ തക്കാളി കൃഷിക്കാരന്‍ മറ്റൊരു സിനിമയുടെ അണിയപ്രവര്‍ത്തനങ്ങളിലാണെന്ന് തോന്നുന്നു. ഇയാള്‍ പിന്നേയും പിന്നേയും സിനിമകള്‍ സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കുന്നുണ്ട്. നല്ല സിനിമകളായി അവയെല്ലാം പുറത്തേക്ക് വരട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്