എന്തുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍


കേരള ചരിത്രത്തില്‍ നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി രണ്ടാമതും അധികാരത്തിലേക്ക് വരികയാണ്. എന്തുകൊണ്ടാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തുവെന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. 

ബി ജെ പി വോട്ടു മറിച്ചതുകൊണ്ടാണ് ഇടതുമുന്നണി ജയിച്ചതെന്ന് ഒരു പക്ഷവും ബി ജെ പി വോട്ടുകള്‍ കൂട്ടമായി യു ഡി എഫിന് വോട്ടുനല്കിയെന്ന് മറുപക്ഷവും ആരോപണം ഉന്നയിക്കുന്നുണ്ട്. രണ്ടുപേരും ഒരേ കണക്കുകള്‍ എടുത്തുകാണിച്ചാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് ഏറെ കൗതുകകരവും രസകരവും.

ബി ജെ പി വോട്ടുകളാണ് കേരളത്തിലെ ഇടതു- ഐക്യ മുന്നണികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്നാണ് ഇവരെല്ലാവരും പറയാതെ പറയുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് നിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. 

1. ബി ജെ പിക്ക് ഇല്ലാത്ത മഹത്വം കല്‍പ്പിക്കുന്ന തരത്തിലാണ് പലപ്പോഴും വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതായത്, സുരേന്ദ്രന്‍ പറഞ്ഞതുപോലെ, കേരളത്തിലെ ഭരണം ഇനി ആര് നടത്തണമെന്ന് ബി ജെ പി തീരുമാനിക്കുമെന്ന പ്രസ്താവന പോലെ, എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതിന് ബി ജെ പിക്ക് കൃത്യമായ പങ്കുണ്ടെന്ന്- ഏതെങ്കിലും നിയോജക മണ്ഡലങ്ങളില്‍ നേരിയ സ്വാധീനം ചെലുത്തിയേക്കാം, എന്നാല്‍ കേരളത്തിന്റെ പൂര്‍ണമായ അവസ്ഥ അതല്ല.

2. കണക്കുകള്‍ പ്രകാരം ബി ജെ പി വോട്ടുകള്‍ എല്‍ ഡി എഫിന് പോയി എന്നു പറയുമ്പോള്‍, അതേ കണക്കുകള്‍ തന്നെ തിരിച്ചു വെച്ചു നോക്കിയാല്‍ യു ഡി എഫിന് കിട്ടിയെന്നാണ് തോന്നുക. എന്നാല്‍, സത്യത്തില്‍ ബി ജെ പി വോട്ടുകള്‍ ഭിന്നിക്കുകയും ചിതറിപ്പോവുകയുമാണ് ചെയ്തത്. 

അതിനുള്ള കാരണങ്ങള്‍:

എ) കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണം ബി ജെ പി വിരുദ്ധര്‍ക്ക് മാത്രമല്ല, ബി ജെ പി അനുകൂലികള്‍ക്കും അസഹ്യമാണ്.

ബി) പെട്രോളിന്റേയും ഗ്യാസിന്റേയും സ്ഥിരം വില വര്‍ധന എല്ലാ ജനങ്ങള്‍ക്കും തലവേദനയാണ്

സി) കോവിഡ് വ്യാപനത്തിന്റെ ഒന്നാംഘട്ടത്തില്‍ പാത്രം കൊട്ടുകയും വെളിച്ചമടിക്കുകയും ചെയ്തതിനപ്പുറത്ത് ഒന്നും ചെയ്തില്ലെന്നും വാചകമടി മാത്രമായിരുന്നെന്നും കോവിഡ് രണ്ടാം തരംഗം തെളിയിച്ചത് എല്ലാവരേയും ഹതാശരാക്കിയിട്ടുണ്ട്

ഡി) കോവിഡ് രണ്ടാം തരംഗം ഇന്ത്യയെ തകര്‍ത്തു തരിപ്പണമാക്കിയത് എല്ലാവരേയും ബാധിച്ചിട്ടുണ്ട്, ബാധിക്കുന്നുണ്ട്, ഇനിയും തീവ്രമായി ബാധിക്കുകയും ചെയ്യും

ഇ) കോവിഡ് ബാധയില്‍ മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പിണറായിയുടെ കേരള സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും മലയാളികള്‍ക്ക് എളുപ്പത്തില്‍ വിലയിരുത്താനാവുന്ന കാര്യങ്ങളായിരുന്നു.

3. ബി ജെ പിക്ക് കൃത്യമായി കിട്ടുന്ന വോട്ടുകള്‍ ഈ പറയുന്ന പതിനായിരത്തിലും ഇരുപതിനായിരത്തിലുമൊന്നുമില്ല. പണ്ടു കിട്ടിയ ആയിരമോ രണ്ടായിരമോ മാത്രമാണ് കേഡര്‍ വോട്ടുകള്‍. ബാക്കി വോട്ടുകള്‍ മുഴുവന്‍ വര്‍ഗ്ഗീയത പറഞ്ഞും ചാഞ്ചാടുന്ന മനസ്സുകളെ സ്വാധീനിച്ചും അപ്പുറമോ ഇപ്പുറമോ എന്ന രീതിയില്‍ നില്‍ക്കുന്നവര്‍ക്ക് വലിയ തോതില്‍ പണം നല്കിയോ ഉണ്ടാക്കിയതാണ്. അതുകൊണ്ടുതന്നെ ഈ വോട്ടുകളൊന്നും സ്ഥായിയല്ല. ബി ജെ പിയോ ആര്‍ എസ് എസോ പറഞ്ഞാല്‍ കൃത്യമായി താമരയ്ക്കു കുത്തുകയും മാറ്റിക്കുത്താന്‍ പറഞ്ഞാല്‍ പറഞ്ഞ ചിഹ്നത്തിന് കുത്തുകയും ചെയ്യുന്നവര്‍ കേഡര്‍മാര്‍ മാത്രമാണ്. ബാക്കിയെല്ലാവരും സാധാരണക്കാരായതിനാല്‍ തന്നെ തുറന്നടിച്ചു പറഞ്ഞ് വോട്ട് മാറ്റിക്കുത്താന്‍ വലിയ പ്രയാസമാണ്. അങ്ങനെ ചെയ്യിച്ചാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകും. മാത്രമല്ല എളുപ്പത്തില്‍ പരസ്യമാകുകയും ചെയ്യും.

4. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ബി ജെ പിയുടെ പഴയ മുദ്രാവാക്യമാണ്. എല്ലാ കാലത്തും ഒരേ മുദ്രാവാക്യം ആരും ഉയര്‍ത്താറില്ല. കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുന്നതിനേക്കാള്‍ എളുപ്പമാണ് ജയിച്ചു വന്ന കോണ്‍ഗ്രസ് എം എല്‍ എയേയോ എം പിയേയോ പണം കൊടുത്തോ ഭീഷണിപ്പെടുത്തിയോ ബ്ലാക്ക് മെയില്‍ ചെയ്തോ കൂടെക്കൂട്ടുകയെന്ന കാര്യം ബി ജെ പി ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ അത്ര കഷ്ടപ്പെട്ട് ബി ജെ പിയുടെ പ്രത്യക്ഷ ശത്രുക്കളായ ഇടതുമുന്നണിക്ക് വോട്ട് മറിച്ചു നല്കി കോണ്‍ഗ്രസിനെ പരായപ്പെടുത്തേണ്ടതില്ല. ബി ജെ പി പറഞ്ഞതുപോലെ പാലക്കാട് ഇ ശ്രീധരന്‍ ജയിക്കുകയും 35 സീറ്റുകളെങ്കിലും (വേണ്ട 10 സീറ്റെങ്കിലും മതിയാകും) ബി ജെ പിക്ക് കിട്ടുകയും ചെയ്താല്‍ കോണ്‍ഗ്രസിലെ എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് ഒഴുകുന്നത് കാണാമായിരുന്നു. അതിനുള്ള മാനസിക ഒരുക്കങ്ങള്‍ നടത്തിയ കുറേ കോണ്‍ഗ്രസുകാര്‍ ഉണ്ടായിരുന്നുവെന്നത് സങ്കല്‍പമല്ല, യാഥാര്‍ഥ്യമാണ്.

5. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, അസംബ്ലി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ സാധാരണക്കാര്‍ വോട്ടുചെയ്യുന്നത് വ്യത്യസ്ത മാനദണ്ഡങ്ങള്‍ വെച്ചാണ്.

എ) പഞ്ചായത്ത് / മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലാണെങ്കില്‍ ഓരോരുത്തരും തങ്ങളുമായി അടുത്ത വ്യക്തിബന്ധമുള്ളവരെയാണ് പരമാവധി തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. പാര്‍ട്ടി നിലപാടുകള്‍ രണ്ടാമതായാണ് പലപ്പോഴും പരിഗണിക്കാറുള്ളത്. അതുകൊണ്ടാണ് നാട്ടില്‍ വലിയ സ്വാധീനമുള്ളവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ പാര്‍ട്ടികളെ പോലും പരാജയപ്പെടുത്തി ജയിച്ചു കയറുന്നത്. 

ബി) നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ എന്തൊക്കെ ചെയ്തു എന്നാണ് ജനങ്ങള്‍ വിലയിരുത്തുക. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഭരണകൂടം പൊതുജനങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചുവോ എന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍. പിണറായി സര്‍ക്കാറിന് രണ്ടാം വട്ടവും ജയിച്ചു കയറാന്‍ കഴിഞ്ഞത് ഈ കാരണം കൊണ്ടുമാത്രമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന പല ആരോപണങ്ങളിലും കണ്ടെത്തലുകളിലും കഴമ്പുണ്ടായിട്ടുപോലും രണ്ട് പ്രളയങ്ങളിലും നിപയിലും കോവിഡിലും ജനങ്ങളോടൊപ്പം നില്‍ക്കാന്‍ പിണറായി വിജയനും സര്‍ക്കാരും കാണിച്ച കരുതലാണ് ജനങ്ങളുടെ മനസ്സില്‍ നിലനിന്നത്. വാര്‍ധക്യ പെന്‍ഷന്‍ വര്‍ധിപ്പിച്ചത്, ജോലിയും കൂലിയും ഇല്ലാതിരുന്ന കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണം കഴിച്ചോ എന്നന്വേഷിച്ചത്, മനുഷ്യര്‍ക്ക് മാത്രമല്ല, കുരങ്ങുള്‍ക്കും ആനകള്‍ക്കും തെരുവുപട്ടികള്‍ക്കും പൂച്ചകള്‍ക്കും വരെ ഭക്ഷണവും വെള്ളവും കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചതൊക്കെ ഈ തെരഞ്ഞെടുപ്പില്‍ ജനമനസ്സുകളെ സ്വാധീനിച്ചിട്ടുണ്ട്.

സി) പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന പാര്‍ട്ടി ആരായിരിക്കുമെന്ന നിലപാടെടുത്താണ് കേരളത്തില്‍ വോട്ട് ചെയ്യാറുള്ളത്. അത് പലപ്പോഴും യു ഡി എഫിന് അനുകൂലമാവുകയും ചെയ്യും. കേന്ദ്രത്തില്‍ ബി ജെ പിയാണ് അധികാരത്തില്‍ വരികയെന്ന ലക്ഷണമുണ്ടായതുകൊണ്ടാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 19 മണ്ഡലങ്ങളിലും യു ഡി എഫ് ജയിച്ചത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ കരങ്ങള്‍ക്ക് ശക്തിപകരണമെന്ന ചിന്തയായിരുന്നു ജനങ്ങള്‍ക്ക് ഉണ്ടായിരുന്നത്.

6. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിയെ തുണച്ചതില്‍ കോവിഡിന് വലിയ പങ്കുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. പ്രളയകാലത്തും കോവിഡ് കാലത്തും കൃത്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ഓരോ ദിവസത്തേയും കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തത് പിണറായിയെന്ന വ്യക്തിയുടെയും ഇടതുമുന്നണിയുടേയും ഗ്രാഫ് ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്രം പ്രളയ, കോവിഡ് കാലത്ത് ജനങ്ങളോട് ചെയ്ത കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ ചെയ്തികളോട് താരതമ്യം ചെയ്യാനുള്ള അവസരവുമായി. അതിനെല്ലാമപ്പുറത്ത്, ഈ ദുരന്ത കാലത്ത് പുതിയ സര്‍ക്കാര്‍ വന്ന് പുതിയ നിലപാടുകള്‍ സ്വീകരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന സംശയം ജനങ്ങള്‍ക്കുണ്ടാവുകയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുകയും ചെയ്തു.

7. നിഷ്പക്ഷ രീതിയില്‍ ബി ജെ പിയെ മഹത്വവത്ക്കരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പലതും പുറത്തു വരുന്നുണ്ടെങ്കിലും അതിനുള്ള മഹത്വമോ വോട്ടോ ബി ജെ പിക്ക് ഇല്ലെന്നതാണ് സത്യം. ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറില്‍ നിന്നും ലഭിച്ച നേട്ടങ്ങളും കേന്ദ്ര സര്‍ക്കാറില്‍ നിന്നും നേരിടേണ്ടി വന്ന കോട്ടങ്ങളും വിലയിരുത്തപ്പെട്ടപ്പോള്‍ ബി ജെ പിക്ക് ചെയ്തിരുന്ന കടുത്ത സംഘികളല്ലാത്ത പലരും ഇടതുമുന്നണിക്കോ ഐക്യമുന്നണിക്കോ വോട്ടു ചെയ്തുവെന്ന് അനുമാനിക്കേണ്ടി വരും. കൂടാതെ ബി ജെ പി ജയിക്കില്ലെന്ന് തോന്നിയ ബി ജെ പി മനസ്സുള്ള പലരും ഇതുപോലെ മാറിചെയ്യുകയോ ജയിക്കാന്‍ സാധ്യതയുള്ളതോ വിരോധമില്ലാത്തതോ ആയ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്കിയിട്ടുണ്ട്. അതുകൊണ്ടാണ് തുടക്കത്തില്‍ പറഞ്ഞത് ബി ജെ പിയുടെ വോട്ടുകള്‍ ചിതറുകയാണ് ചെയ്തത്, അല്ലാതെ വോട്ടുമറിക്കാന്‍ ബി ജെ പിക്ക് കാര്യമായ അജണ്ടയൊന്നും ഉണ്ടായിരുന്നില്ലെന്ന്. പ്രത്യേകിച്ച് കേരളത്തില്‍ ശക്തി തെളിയിക്കുക എന്നത് അവരുടെ അഭിമാന പ്രശ്‌നവുമായിരുന്നു. മാത്രമല്ല പഴയതുപോലെ വോട്ടുവിറ്റ് കാശാക്കേണ്ട അവസ്ഥ നിലവില്‍ കേന്ദ്രത്തില്‍ ഭരണമുള്ളതുകൊണ്ട് കേരളത്തിലെ ബി ജെ പിക്ക് ഇല്ലതാനും. പ്രാദേശികമായി ചില നേതാക്കള്‍ അങ്ങനെ വോട്ടു തരാമെന്ന് പറഞ്ഞ് കാശുവാങ്ങിയിട്ടുണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നുമില്ല. അത് അവര്‍ പാര്‍ട്ടി തലത്തില്‍ അന്വേഷിച്ച് കണ്ടെത്തുമെങ്കിലും സംഗതി രഹസ്യമായതിനാലും പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നതിനാലും പുറത്തുവരാന്‍ സാധ്യതയില്ല. 

ഇ ശ്രീധരന്‍ ജയിക്കുന്നത് കെ സുരേന്ദ്രനും വി മുരളീധരനും അകമേ ഇഷ്ടമുണ്ടായിരുന്നില്ല. കാരണം ഇത്രയും കൊല്ലം അവരൊക്കെ ഉണ്ടാക്കിയെടുത്തത് പെട്ടെന്നൊരു രാത്രി കടന്നുവന്ന ഇ ശ്രീധരന്‍ കൊണ്ടുപോകുന്നത് അവര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.

നേമത്ത് താന്‍ എം എല്‍ എ ആയതുപോലെ മറ്റാരെങ്കിലും എം എല്‍ എ ആകുന്നതിനോട് ഒ രാജഗോപാലിന് യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തനിക്ക് വ്യക്തിപരമായ വോട്ടുകളാണ് നേമത്തെ നേരത്തെ കിട്ടിയതെന്നും കുമ്മനം രാജശേഖരന് അതുകിട്ടുമെന്ന് തോന്നുന്നില്ലെന്നും കുമ്മനത്തെ കൂടെയിരുത്തി രാജഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തുമായി രണ്ടിടത്ത് മത്സരിക്കുന്നത് ശോഭാ സുരേന്ദ്രന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നതിനാല്‍ പാര്‍ട്ടിയിലാര്‍ക്കും കിട്ടാത്ത സൗഭാഗ്യമാണ് സുരേന്ദ്രന് കിട്ടിയതെന്നു പറഞ്ഞ് നേരത്തെ തന്നെ അനിഷ്ടം പ്രകടമാക്കിയിരുന്നു. 

ശോഭാ സുരേന്ദ്രനെ എങ്ങനെ മത്സരിപ്പിക്കാതിരിക്കാം എന്നായിരുന്നു കെ സുരേന്ദ്രനും വി മുരളീധരനും അവസാനം വരെ ചിന്തിച്ചത്

തലശ്ശേരിയിലും ഗുരുവായൂരിലും പത്രിക തള്ളിക്കാന്‍ ആവശ്യമായ കരുക്കളൊക്കെ നീക്കുകയും രണ്ട് സ്ഥലങ്ങളിലേയും വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സ്വതന്ത്രര്‍ക്ക് വോട്ടു നല്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

8. ബി ഡി ജെ എസ് മത്സരിച്ച സീറ്റുകളില്‍ പലതിലും വോട്ട് ആര്‍ക്കുവേണമെങ്കിലും ചെയ്യാമെന്ന നിലപാടാണ് ബി ജെ പി പ്രവര്‍ത്തകര്‍ പലരും സ്വീകരിച്ചത്. ബി ജെ പി എന്നതിനപ്പുറത്ത് എന്‍ ഡി എ മുന്നണിയിലെ മറ്റാരെങ്കിലും ജയിക്കുന്നതു പോയിട്ട് വോട്ടുകള്‍ കൂടുതല്‍ നേടുന്നതില്‍ പോലും അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബി ഡി ജെ എസ് മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് താഴേക്ക് പോയിട്ടുണ്ട്. ഇക്കാര്യത്തില്‍, പുറമേ പറയാനാവില്ലെങ്കിലും ബി ഡി ജെ എസിന് കടുത്ത അതൃപ്തിയുണ്ട്. 

ചുരുക്കത്തില്‍ ബി ജെ പി കൂട്ടമായി വോട്ട് ഇടതു മുന്നണിക്കോ യു ഡി എഫിനോ കൊടുത്തു എന്നു പറയുന്നതിന് പകരം, കേന്ദ്രഭരണത്തിലെ മോശം നിലപാടുകളും സംസ്ഥാന ബി ജെ പിയിലെ തൊഴുത്തില്‍ കുത്തും അവരുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്നും ഇടതു മുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും മാത്രമല്ല സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും വരെ ബി ജെ പിയുടെ വോട്ടുകള്‍ പോകാന്‍ ഇടവരുത്തി എന്നുമാണ് വിലയിരുത്തേണ്ടത്.

ഇടുതപക്ഷം പൂര്‍ണമായും മഹത്വത്തോടെ ജനസേവകരായി ഭരിച്ചുവെന്നോ ഐക്യമുന്നണി കൊള്ളാത്തവരെന്നോ ഇതിനൊന്നും അര്‍ഥമില്ല. തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെ തോല്‍പ്പിക്കാന്‍ കെ ബാബുവിനും അഴീക്കോട് കെ എം ഷാജിയെ പരാജയപ്പെടുത്താന്‍ കെ വി സുമേഷിനും വടകരയില്‍ മനയത്ത് ചന്ദ്രനെ തോല്‍പ്പിക്കാന്‍ കെ കെ രമയ്ക്കും കൂത്തുപറമ്പില്‍ പൊട്ടങ്കണ്ടി അബ്ദുല്ലയെ തോല്‍പ്പിക്കാന്‍ കെ പി മോഹനനും കണ്ണൂരില്‍ സതീശന്‍ പാച്ചേനിയെ തോല്‍പ്പിക്കാന്‍ കടന്നപ്പള്ളി രാമചന്ദ്രനും കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയെ പരാജയപ്പെടുത്താന്‍ കെ പി കുഞ്ഞമ്മദ് കുട്ടിക്കും കോഴിക്കോട് സൗത്തില്‍ അഡ്വ. നൂര്‍ബീന റഷീദിനെ പരാജയപ്പെടുത്താന്‍ അഹമ്മദ് ദേവര്‍കോവിലിനും (നൂര്‍ബീനയെ തോല്‍പ്പിക്കാന്‍ ലീഗുകാര്‍ തന്നെ മുന്‍കൈ എടുത്തു എന്ന നിലപാട് വേറെയുണ്ട്) കളമശ്ശേരിയില്‍ വി ഇ അബ്ദുല്‍ ഗഫൂറിനെ തോല്‍പ്പിക്കാന്‍ പി രാജീവിനും പാലായില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ മാണി സി കാപ്പനും കായംകുളത്ത് യു പ്രതിഭയെ പരാജയപ്പെടുത്താന്‍ അരിത ബാബുവിനുമൊക്കെ വോട്ടുകള്‍ മാറിമറിഞ്ഞിട്ടുണ്ടാവാം. 

ജയിച്ചാല്‍ നിയമസഭയിലേക്ക് പോകുന്നവരെയല്ല തോറ്റാലും മണ്ഡലത്തില്‍ ജനങ്ങളോടൊപ്പമുണ്ടാകുമെന്ന് ഉറപ്പുള്ളവര്‍ക്കാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നല്‌കേണ്ടതെന്ന് ചുരുക്കം.

പൊതുവെ നോക്കിയാല്‍ ബി ജെ പിയുടെയും ആര്‍ എസ് എസിന്റേയും നിലപാടുകള്‍ പ്രകാരം മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളോ മുസ്‌ലിം സ്ഥാനാര്‍ഥികളോ മത്സരിച്ച ഇടങ്ങളിലെല്ലാം എതിര്‍ സ്ഥാനാര്‍ഥിക്ക് കൊടുക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നേ പറയാനാവു. തലശ്ശേരിയില്‍ അഡ്വ. എ എന്‍ ശംസീറിനെ പരാജയപ്പെടുത്താന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സി ഒ ടി നസീറിന് വോട്ടു ന്‌ല്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രസ്താവന ഇറക്കിയിട്ടും കണ്ണൂര്‍ ജില്ലാ നേതൃത്വവും തലശ്ശേരിയിലെ പ്രാദേശിക നേതൃത്വവും അതിന് എതിരെ പ്രതികരിച്ചു എന്നു മാത്രമല്ല കേവലം 1163 വോട്ടില്‍ ഒതുങ്ങിപ്പോവുകയും ചെയ്തു. സി ഒ ടി നസീര്‍ ആരുടേയും പിന്തുണയില്ലാതെ സ്വതന്ത്രന്‍ മാത്രമായി മത്സരിച്ചിരുന്നുവെങ്കില്‍ ഇതില്‍ കൂടുതല്‍ വോട്ടുകള്‍ നേടുമായിരുന്നു. ബി ജെ പി വോട്ട് നല്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവര്‍ വോട്ട് നല്കിയതുമില്ല, ബി ജെ പി പിന്തുണ ഉണ്ടെന്നു പറഞ്ഞതിനാല്‍ നസീറുമായി ബന്ധമുള്ള മുസ്‌ലിം വോട്ടുകള്‍ പോലും നഷ്ടപ്പെടുകയും ചെയ്തു. ഗുരുവായൂരിലാകട്ടെ 

ഗുരുവായൂരിലാകട്ടെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെന്ന ഇന്നലെ പിറന്ന പാര്‍ട്ടിക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ സ്ഥാനാര്‍ഥി ദിലീപ് നായര്‍ക്ക് 6294 വോട്ടുകള്‍ ലഭിക്കുകയും ചെയ്തു.

ഇതൊന്നും കൂടാതെ മഞ്ചേശ്വരത്തും പാലക്കാടും നേമത്തും തൃശൂരിലും ബി ജെ പിയെ തോല്‍പ്പിക്കാന്‍ ആരും പറയാതെ തന്നെ വോട്ടുകള്‍ പരസ്പരം മറിച്ചത് നമ്മള്‍ കാണുകയും ചെയ്തു. ഇങ്ങനെയൊക്കെയായാലും കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയുടെ പരാജയം വോട്ടുകള്‍ മറിഞ്ഞതല്ലെന്നും ജനങ്ങള്‍ സ്വയമേവ സ്വീകരിച്ച നിലപാടാണെന്നും പറയാതിരിക്കാന്‍ വയ്യ. 

നേമത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് പോയ കോണ്‍ഗ്രസ് വോട്ടുകളെല്ലാം കെ മുരളീധരന് തിരികെ വന്നുവെന്ന നേട്ടമാണ് ഇത്തവണ സംഭവിച്ചത്. അതിനര്‍ഥം ഏതു സമയത്തും താമര ചിഹ്നത്തില്‍ കുത്താന്‍ കോണ്‍ഗ്രസില്‍ പലര്‍ക്കും കയ്യറപ്പില്ലെന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ കോണ്‍ഗ്രസാണ് പ്രതിക്കൂട്ടിലാവുക. 

മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും തോറ്റാലും പുല്ലാണെന്ന് വിചാരിക്കുകയും ചെയ്യുന്നവരെ കടുത്ത എതിരാളികളെ മത്സരിപ്പിക്കുകയും ചെയ്യാതെ ഇനി കോണ്‍ഗ്രസിന് രക്ഷപ്പെടാനാവില്ലെന്നാണ് നേമം നല്കുന്ന സൂചന. കെ മുരളീധരന്‍ ധൈര്യമായി മത്സര രംഗത്തു കടന്നുവന്നതാണ് കോണ്‍ഗ്രസ് വോട്ടുകള്‍ തിരികെ കിട്ടാന്‍ കാരണമായത്. തൃത്താലയില്‍ വി ടി ബല്‍റാമിനെതിരെ എം ബി രാജേഷിനെ നിര്‍ത്താന്‍ സി പി എം കാണിച്ച അതേ ധൈര്യം കാണിക്കുന്നതിലൂടെ മാത്രമേ കോണ്‍ഗ്രസിന് മികവ് പ്രകടിപ്പിക്കാനാവുകയുള്ളു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ വിയര്‍ത്തത് കോണ്‍ഗ്രസ് രണ്ടുകണ്ണും തുറന്ന് കാണണം. 

പാണക്കാട് തറവാട്ടില്‍ നിന്നും തീരുമാനിച്ചാല്‍ ഏണി ചിഹ്നത്തില്‍ മത്സരിക്കുന്ന ഏതൊരാള്‍ക്കും മുസ്‌ലിം ലീഗുകാര്‍ കണ്ണുംപൂട്ടി കുത്തുമെന്ന ധാരണ ലീഗ് നേതൃത്വവും തിരുത്തേണ്ടതുണ്ട്. മാത്രമല്ല, സമൂഹത്തിന്റെ മനസ്സും മണ്ഡലത്തിലെ അടിയൊഴുക്കുകളും യാഥാര്‍ഥ്യബോധത്തോടെ പഠിക്കാന്‍ അവര്‍ തയ്യാറാവുകയും വേണം. 

ജയിച്ചാല്‍ നിയമസഭയിലേക്ക് പോകുന്നവരെയല്ല തോറ്റാലും മണ്ഡലത്തില്‍ ജനങ്ങളോടൊപ്പമുണ്ടാകുമെന്ന് ഉറപ്പുള്ളവര്‍ക്കാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നല്‌കേണ്ടതെന്ന് ചുരുക്കം.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്