ലോക പുസ്തക ദിനത്തില്‍ ഇയാളെ കുറിച്ചല്ലാതെ ആരെക്കുറിച്ചാണ് ഞാനെഴുതേണ്ടത്

രണ്ടാഴ്ച മുമ്പൊരു ദിവസമാണ്, തലശ്ശേരി പഴയ ബസ് സ്റ്റാന്റിലൂടെ കെ എസ് ഇ ബി ഓഫിസില്‍ കറന്റ് ബില്ലടക്കാന്‍ പോകുന്ന വഴിയിലാണ് ബി ഇ എം പി ഹൈസ്‌കൂളിന് സമീപത്ത് നടപ്പാതയിലൊരു യുവാവിന്റെ പുസ്തകക്കച്ചവടം ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റ നോട്ടത്തില്‍ ഫോട്ടോഗ്രാഫറും സുഹൃത്തുമായ റിയാസ് തലശ്ശേരിയാണെന്നാണ് തോന്നിയത്. മുഖത്തിന്റെ പാതിയും മാസ്‌കിലും തലയുടെ ഭൂരിഭാഗവും തൊപ്പിയും കൊണ്ട് മറച്ച് കണ്ണും മൂക്കിന്റെ ഏതാനും ഭാഗങ്ങളും മാത്രം കണ്ട് ശരീരത്തിന്റെ രൂപം വിലയിരുത്തിയപ്പോള്‍ റിയാസാണെന്ന് തോന്നിയതില്‍ കുറ്റം പറയാനാവുമായിരുന്നില്ല. എന്തായാലും റിയാസല്ലെന്ന് അറിയാമെങ്കിലും നടക്കുന്നതിനിടിയില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തെ നോക്കി, വൈദ്യുതി ഓഫിസിലേക്കുള്ള യാത്രയില്‍, ഇനി അടുത്തെങ്ങാനൊരു പുസ്തകം വാങ്ങുന്നുണ്ടെങ്കില്‍ ഇയാളുടെ അടുത്തേക്കു വരാമെന്ന് മനസ്സില്‍ പറഞ്ഞു എന്റെ കാര്യങ്ങളിലേക്ക് പോയി. 




രണ്ടാഴ്ചയാകുമ്പോഴേക്കും പുസ്തകം തേടി എന്റെ യാത്ര കൃത്യമായി ബി ഇ എം പി ഹൈസ്‌കൂളിന് സമീപത്തെ നടപ്പാതിയല്‍ തന്നെയെത്തി. കറുപ്പും വെളുപ്പും നിറത്തിലുള്ള വലിയ കുടക്കു കീഴില്‍ പ്ലാസ്റ്റിക്ക് മേശയില്‍ അട്ടിവെച്ച പുസ്തകങ്ങള്‍... ഒലിവര്‍ ട്വിസ്റ്റുണ്ടോ എന്ന ചോദ്യത്തിന് അതില്ലല്ലോ എന്ന മറുപടി, കുട്ടികള്‍ക്കു പറ്റിയ മറ്റെന്തെങ്കിലും പുസ്തകമുണ്ടോ, സാഹസിക സഞ്ചാര കഥയാണെങ്കില്‍ നന്നായെന്നും പറഞ്ഞപ്പോള്‍, പുസ്തകക്കൂട്ടത്തില്‍ നിന്നും അദ്ദേഹം കുട്ടികള്‍ക്കു യോജിക്കുന്നവ തെരഞ്ഞെടുത്തു തുടങ്ങി. അതിനിടയില്‍ മേശയിലെ പുസ്തകങ്ങളും അവയുടെ തലക്കെട്ടുകളും എഴുത്തുകാരന്റെ പേരുമൊക്കെ വായിച്ചു പോയിക്കൊണ്ടിരിക്കെ വെറുതെ, കൗതുകത്തിന് ചോദ്യമുന്നയിച്ചു, നിങ്ങളുടെ പേരെന്താ? മനോഹരമെങ്കിലും മിതമായ ശബ്ദത്തില്‍ കബീര്‍ എന്ന പേര് പറഞ്ഞതും എന്റെ തലക്കുള്ളിലൊരു ബള്‍ബ് കത്തിയതും ഒന്നിച്ചായിരുന്നു. മേശപ്പുറത്ത് ഒറ്റയ്ക്കുവെച്ച അഞ്ചാറു പുസ്തകങ്ങള്‍ അടങ്ങിയ ചെറിയ അട്ടി ഇളംപച്ച കവറുള്ള പുസ്തകത്തിനുമുകളില്‍ കബീര്‍ ഇബ്രാഹിം എന്നു വായിച്ച പേര് താങ്കളുടേതാണോ എന്ന ചോദ്യത്തിന് അതേയെന്ന മറുപടി പിന്നാലെ വന്നു. 'മനുഷ്യ ചരിത്രത്തില്‍ നിന്നും ഒരു ചെറിയ അദ്ധ്യായം'- പുസ്തകത്തിന്റെ പേര് അങ്ങനെയായിരുന്നു. എഴുതിയത് കബീര്‍ ഇബ്രാഹിം, പ്രസാധകര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കതിരൂര്‍ 1998 എസ് എസ് എല്‍ സി ബാച്ച് വാട്‌സ്ആപ് കൂട്ടായ്മ. എല്ലാംകൊണ്ടും ആകെയൊരു കൗതുകം ജനിപ്പിക്കുന്ന കാര്യങ്ങള്‍. 

കുട്ടികള്‍ക്കുള്ള രണ്ടു മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം തെരഞ്ഞെടുത്തു തന്നത് വാങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ നോവലും വാങ്ങി. എഴുത്തുകാരന്‍/കാരിയില്‍ നിന്നും നേരിട്ടു സ്വീകരിക്കുന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിപ്പിക്കുകയെന്ന ശീലം മാറ്റിയില്ല, ഒരു ഒപ്പിട്ടു തരൂ എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം സ്‌നേഹത്തോടെ അതെഴുതിത്തന്നു. 



വേറെയേതെങ്കിലും പുസ്തകമെഴുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഹിന്ദുസ്ഥാനി സംഗീതത്തെ കുറിച്ച് 'റൂഹ് - എ - ഗസല്‍' എന്നൊരു പുസ്തകം വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയിട്ടുണ്ടെന്നായിരുന്നു മറുപടി. അതിന്റെ കോപ്പിയുണ്ടോ എന്ന ചോദ്യത്തിന് രണ്ടുമൂന്നെണ്ണമേ ഇനിയുള്ളു അത് വീട്ടിലാണെന്ന മറുപടിയും കിട്ടി. 'ആളൊരു ഭ്രാന്തനാണല്ലേ' എന്ന് പതുക്കെ ചോദിച്ചപ്പോള്‍ നിറഞ്ഞ ചിരിയായിയരുന്നു മറുപടി. ഞാനൊരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോഴാകട്ടെ 'സിംപിളായി ഇരുന്നാല്‍ പോരെ, ടെന്‍ഷനാവേണ്ടല്ലോ' എന്ന രസകരമായ മറുപടിയോടെ പോസ് ചെയ്തു. അതിനിടയിലാണ് കുടയില്‍ ചാരി വെച്ച ബോര്‍ഡില്‍ ക്ലിപ്പു ചെയ്തു വെച്ച കടലില്‍ പാതി വരച്ചിട്ട ചിത്രം കണ്ടത്. പഴയ ബസ് സ്റ്റാന്റില്‍ ബസ് കാത്ത് നില്‍ക്കുന്ന ഒരാളുടെ പിറകു തിരിഞ്ഞിരിക്കുന്ന ചിത്രം. ഭ്രാന്തനാണെന്ന് വെറുതെ ചോദിച്ചതായിരുന്നു, ശരിക്കും നിങ്ങള്‍ ഭ്രാന്തനാണെന്ന് മനസ്സിലായെന്ന് പറഞ്ഞപ്പോള്‍ പിന്നേയും പതിഞ്ഞ ചിരി. 

നിങ്ങളെ കുറിച്ച് പത്രങ്ങളിലൊന്നും ഫീച്ചര്‍ വന്നില്ലേ എന്ന ചോദ്യത്തിന് ഏഷ്യാനെറ്റിലൊരിക്കല്‍ വന്നിരുന്നു എന്ന മറുപടി. ഏഷ്യാനെറ്റിലെങ്കില്‍ തീര്‍ച്ചയായും അത് മാങ്ങാട് രത്‌നാകരനായിരിക്കുമെന്ന തോന്നലില്‍ മാങ്ങാടാണോ ചെയ്‌തെ് എന്ന ചോദ്യത്തിന് അതെയെന്ന മറുപടി. ഓര്‍മയിലെവിടെയോ മാങ്ങാടിന്റെ പരിപാടിയില്‍ ഇങ്ങനെയൊരാളെ കണ്ടിരുന്നുവോ എന്ന സന്ദേഹം വന്നു. പിന്നെ, ചാലക്കര പുരുഷു കേരള കൗമുദി ഫ്്‌ളാഷിലും എഴുതിയിരുന്നെന്നു പറഞ്ഞു. മറ്റാരൊക്കെയോ എഴുതിയിരുന്നെങ്കിലും പെട്ടെന്ന് ഓര്‍മയില്‍ വരാതിരുന്നതാവണം, പറയാനായില്ല. പാലയാട് രവിയേട്ടന്റെ പേര് പാതി പറഞ്ഞതുപോലെ തോന്നി. 



വാട്‌സ്ആപ് നമ്പറും ഫേസ്ബുക്ക് ഐഡിയും ചോദിച്ചപ്പോള്‍ ബുക്കിലുണ്ടെന്ന മറുപടി. ഫേസ്ബുക്കില്‍ ഐ ഡി ചെക്ക് ചെയ്തപ്പോഴാണ് ആളൊരു മുഴുഭ്രാന്തിലേക്കുള്ള യാത്രയിലാണെന്ന് മനസ്സിലായത്. ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ് ഈ മനുഷ്യന്‍- കബീര്‍ ഇബ്രാഹിം. 

ഇദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ കയറിയാല്‍ വീട്ടില്‍ സ്വയമിരുന്ന് പാടുന്ന ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ കാണാനാവും. 

കുറച്ചു കാലം യു എ ഇയില്‍ എമിറേറ്റ് വാട്ടറില്‍ ജോലിക്കാരനായിരുന്നു. കുറച്ചു കാലമായി തലശ്ശേരി നഗരത്തില്‍ പുസ്തകക്കച്ചവടം ചെയ്യുന്നു. 

കേവലം 82 പേജുകള്‍ മാത്രമുള്ള ചെറിയ നോവലാണ് 'മനുഷ്യ ചരിത്രത്തില്‍ നിന്നും ഒരു ചെറിയ അദ്ധ്യായം'. എഴുത്തുകാരന്റെ ആത്മകഥാംശം ഏറെയുള്ള നോവലെന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാനാവും. അദ്ദേഹവുമായി സംസാരിച്ച ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ മനസ്സിലായ കാര്യങ്ങള്‍ വെച്ചാണ് ആത്മകഥാംശമുള്ള നോവലെന്ന് എനിക്ക് തോന്നിയത്. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് കുറച്ചുകൂടി വിശദമായി ഈ കാര്യം പറയാനാവുമായിരിക്കാം. നേരിട്ടു പേരു പറയുന്നില്ലെങ്കിലും തലശ്ശേരിയുടെ പരിസര പ്രദേശമാണ് നോവലിന്റെ പശ്ചാതലമെന്നതിനാല്‍ തലശ്ശേരിയുമായി ബന്ധപ്പെട്ടവര്‍ക്ക് എളുപ്പത്തില്‍ സ്ഥലങ്ങളും പ്രദേശങ്ങളും കടന്നു പോകുന്ന സംഭവങ്ങളും വ്യക്തികളെയുമെല്ലാം തിരിച്ചറിയാനാകും. പേരു പറയാതെ സൂചനകളിലൂടെ കേരളത്തിലേയും ഇന്ത്യയിലേയും ഏതാനും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ സംഭവങ്ങളും ആഗോള പ്രശസ്തരായ ഏതാനും പേരും അവരുടെ കാര്യങ്ങളും കടന്നുവരുന്നുണ്ട്. അധ്യായങ്ങള്‍ക്കെല്ലാം തുടര്‍ച്ചയായ നമ്പറുകളാണ് നല്കിയിരിക്കുന്നതെങ്കിലും ഇടയില്‍ ചിലതിന് പേരുകളുമുണ്ട്. പത്ത് അധ്യായങ്ങള്‍ക്ക് പുറമേ ആസക്തിയുടെ കഥ, സ്വകാര്യ സ്വത്ത്, കൃഷ്‌ണോപദേശം, കട്മല്‍, കുറ്റവും ശിക്ഷയും, ഭരതവാക്യം എന്നീ തലക്കെട്ടുകളിലൂടെയാണ് നോവല്‍ വായനക്കാരിലൂടെ കടന്നുപോകുന്നത്. മനുഷ്യ ചരിത്രത്തിലെ ചെരിയ അധ്യായമെന്നാല്‍ തന്റെ ജീവിതത്തിലെ തന്നെ കുഞ്ഞുകുഞ്ഞ് അധ്യായങ്ങളാണെന്ന് നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുണ്ട്. തന്റെ ജീവിതമോ അതുപോലെയൊക്കെയോ തന്നെയാണ് മറ്റുള്ളവരുടേതുമെന്ന് ഈ നോവല്‍ പറഞ്ഞുവെക്കുന്നു. 

നോവലിന്റെ മറ്റൊരു പ്രത്യേകത വളരെ അപൂര്‍വ്വമായല്ലാതെ ഇതില്‍ ആളുകള്‍ക്ക് പേര് ഉപയോഗിക്കുന്നില്ലെന്നതാണ്. പ്രധാന കഥാപാത്രത്തിന് എവിടേയും അവനെന്നോ താനെന്നോ ഒക്കെയാണ് വിശേഷണം. അച്ഛന്‍, അമ്മ, അമ്മാവന്‍ തുടങ്ങി എവിടേയുമുള്ളവരാണ് മറ്റുള്ളവരില്‍ പലരും. അതുകൊണ്ടുതന്നെ ഏതൊരാള്‍ക്കും ഈ കഥാപാത്രങ്ങളിലെല്ലാം പെട്ടെന്ന് കയറിക്കൂടാനാവും. സംഭവങ്ങളെ തങ്ങളുടെ ജീവിതത്തിലെ എവിടെയെങ്കിലുമൊക്കെയായി തട്ടിച്ചുവെക്കാനുമാവും. കാര്യമായ സംഭാഷണങ്ങളൊന്നുമില്ലാതെ വിവരിച്ചു പോവുകയാണ് നോവലിലുടനീളം എഴുത്തുകാരന്‍. 



ഒരു തീപ്പെട്ടി കൂടില്‍ ഒതുക്കിവെച്ച തീപ്പെട്ടിക്കൊള്ളികള്‍ക്കു താഴെ ഹിന്ദുസ്ഥാനി അക്ഷരങ്ങളെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് നോവലിന്റെ പേരെഴുതിയിരിക്കുന്നത്. നോവലിസ്റ്റിന് ഹിന്ദുസ്ഥാനിയുമായുള്ള ആത്മബന്ധം തന്നെയാവണം അതിന്റെ കാരണം. 

ബാല്യഭാവനകളുടെ അമ്മ ജാനകിയ്ക്കാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആവശ്യമായ മൂലധനം നല്കിയ സഹായിച്ച നല്ലവരായ സഹപാഠികള്‍ക്ക് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. നോവല്‍ തുടങ്ങുന്നതിന് മുമ്പുതന്നെ മൂലധനം ഫ്രഞ്ച് പതിപ്പിന്റെ മുഖവുരയില്‍ കാറല്‍ മാര്‍ക്‌സ് എഴുതിയത് പകര്‍ത്തിയിട്ടുണ്ട് കബീര്‍ ഇബ്രാഹിം തന്റെ പുസ്തകത്തില്‍. അതിങ്ങനെയാണ്: '....അതുകൊണ്ട് തുടങ്ങിയ ഉടന്‍ അവസാന നിഗമനത്തിലെത്താന്‍ ധൃതിപ്പെടുന്ന ഫ്രഞ്ച് വായനക്കാര്‍ തങ്ങളെ വിഷമിപ്പിക്കുന്ന അടിസ്ഥാനതത്വങ്ങളുമായി പൊരുത്തപ്പെടാനുള്ള വ്യഗ്രതയില്‍ നിരാശരായി പിന്നീടുള്ള അദ്ധ്യായങ്ങളിലേക്ക് പോകാതിരുന്നേക്കുമോ എന്നു ഞാന്‍ സംശയിക്കുന്നു.''. നോവല്‍ മുഴുവന്‍ വായിച്ച് ഒരിക്കല്‍ കൂടി ഈ വാചകങ്ങളിലേക്ക് മടങ്ങിയെത്തി വായന നടത്തിയാല്‍ മാത്രമേ നോവലിസ്റ്റ് തുടക്കത്തില്‍ തന്നെ ഉദ്ദേശിച്ചതെന്താണെന്ന് വായനക്കാരന് ബോധ്യപ്പെടുകയുള്ളു. 

അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരം വിസ്മൃതിക്കെതിരെയുള്ള ഓര്‍മ്മയുടെ സമരമാണ് എന്ന മിലന്‍ കുന്ദേരയുടെ ശകലവും തന്റെ പുസ്തകത്തിന്റെ പുറംചട്ടയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട് കബീര്‍ ഇബ്രാഹിം.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്