അമ്പിളിച്ചന്തത്തില്‍ അമ്പമ്പോ നെഞ്ചത്ത്‌



മലയാളി അമ്പിളിയെന്നല്ല അമ്പിളിയമ്മാവനെന്നാണ് വിളിക്കുക. ആകാശത്ത്, തൊടാനാവാത്തത്രയും ദൂരത്താണെങ്കിലും തണുത്ത വെളിച്ചവും മനസ്സിലേക്ക് നന്മയുടെ പ്രകാശവെട്ടവും കടത്തിവിടുന്നതുകൊണ്ടായിരിക്കണം സ്‌നേഹമോ ബഹുമാനമോ കൂട്ടിച്ചേര്‍ത്ത് അമ്പിളി അമ്മാവനായത്. ഭക്ഷണം കഴിക്കാത്ത കുട്ടികള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാനും ശാഠ്യം അവസാനിപ്പിക്കാനുമൊക്കെ എല്ലാവര്‍ക്കും ഇതേ അമ്പിളിയമ്മാവനെ വേണം. അമ്പിളിയമ്മാവനെന്നാല്‍ ഹൃദയത്തോടു ചേര്‍ത്തുവെച്ച ബിംബവും വികാരവുമെന്നര്‍ഥം.
ഇതേ വികാരം തിയേറ്ററിലും സൃഷ്ടിക്കാന്‍ തന്നെയായിരിക്കണം ജോണ്‍പോള്‍ ജോര്‍ജ് തന്റെ സിനിമയ്ക്കും കഥാപാത്രത്തിനും ഇതേ പേര് നല്കിയത്. തിയേറ്ററിലിരിക്കുമ്പോള്‍ വെള്ളിത്തിരയില്‍ നിന്നിറങ്ങി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറുന്ന അമ്പിളിയും സൗബിന്‍ ഷാഹിറും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാഴ്ചക്കാരനോടൊപ്പം കൂടെപ്പോരും.
എല്ലാ ഗുണവും ഒത്തിണങ്ങിയ നായകന്മാര്‍ അടക്കിവാഴുന്ന സിനിമാ ലോകത്ത് വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതങ്ങളാണ് ഇതുപോലുള്ള കഥാപാത്രങ്ങള്‍. മമ്മൂട്ടി പൊന്തന്‍മാടയില്‍ മാടയായും സൂര്യമാനസത്തില്‍ പുട്ടുറുമീസായും ദിലീപ് കുഞ്ഞിക്കൂനനില്‍ വിമല്‍ കുമാറെന്ന കുഞ്ഞനായും കലാഭവന്‍ മണി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനില്‍ കണ്ണുപൊട്ടനായും കരുമാടിക്കുട്ടനില്‍ കരുമാടിയായുമൊക്കെ വേഷമിട്ട് തകര്‍ത്തിട്ടുണ്ട്. അതേ തകര്‍ക്കല്‍ തന്നെയാണ് സൗബിന്‍ അമ്പിളിയില്‍ അമ്പിളിയായി നിര്‍വഹിക്കുന്നതും.
അതിഭാവുകത്വത്തിന്റെ വമ്പന്‍ കുഴികളിലേക്ക് അറിഞ്ഞോ അറിയാതെയോ വീണുപോയാക്കാവുന്ന വേഷത്തെയാണ് അമ്പിളിയായി ഒരേ നിലവാരത്തില്‍ സൗബിന്‍ നിലനിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം സുഡാനി ഫ്രം നൈജീരിയയിലെ മാനേജര്‍ മജീദിനെ അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌ക്കാരം പങ്കിട്ട സൗബിന്‍ ചക്ക വീണപ്പോള്‍ ചത്ത മുയലല്ല തനിക്ക് ലഭിച്ച നേട്ടമെന്ന് അമ്പിളിയില്‍ തെളിയിക്കുന്നുണ്ട്.



നടത്തം, ഓട്ടം, ചാട്ടം, ഭാവപ്രകടനം തുടങ്ങി സിനിമയിലുടനീളം അമ്പിളിയായി തന്നെ പ്രത്യക്ഷപ്പെടാന്‍ സൗബിന് സാധിക്കുന്നത് അദ്ദേഹത്തിന്റെ കഴിവിനോടൊപ്പം സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജിന്റെ കൃത്യമായ കാഴ്ചപ്പാടുകളും സഹായിക്കുന്നുണ്ട്. ഏതെങ്കിലുമൊരിടത്ത് അമ്പിളി സൗബിനില്‍ നിന്നും കൈവിട്ടു പോയിരുന്നുവെങ്കില്‍ സിനിമ മുഴുവന്‍ നശിച്ച് ഇല്ലാതാകുമായിരുന്നു. അത്രയും വലിയ റിസ്‌കാണ് ചിത്രത്തില്‍ സൗബിനും സംവിധായകനും ഏറ്റെടുത്തിരിക്കുന്നത്.
കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സംവിധായകന്‍ കാണിച്ച ഔചിത്യവും ഈ സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. അമ്പിളിയുടെ കുട്ടിക്കാലത്തില്‍ നിന്നും മുതിര്‍ന്ന ഒരാളിലേക്കെത്തിയപ്പോള്‍ ആ കുട്ടി വലുതായത് തന്നെയാണെന്ന് പ്രേക്ഷനെ തോന്നിപ്പിക്കുന്നുണ്ട്.
തനിക്ക് വിവാഹം ആലോചിക്കേണ്ടതില്ലെന്നും താന്‍ അമ്പിളിയെ കെട്ടിക്കോളാമെന്നുമുള്ള ടീനയുടെ ഭക്ഷണമേശ പ്രസ്താവനയുമായി ബന്ധപ്പെട്ട ഒരുക്കിയ ഒറ്റ രംഗം മാത്രം മതിയാകും ചലച്ചിത്രത്തെ ഈ സംവിധായകന്‍ എത്ര ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് തിരിച്ചറിയാന്‍. കാഴ്ചക്കാരന്റെ ഉള്ളിലേക്കാണ് ഈ രംഗം ഇറക്കിവെച്ചിരിക്കുന്നത്. ടീനയുടെ അച്ഛന്‍ കുര്യച്ചന്റെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യാതിരുന്നിട്ടു പോലും വെട്ടുകിളി പ്രകാശ് കുര്യച്ചന്റെ മാനസിക വികാരം പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുന്നുണ്ട്. 
രണ്ടാം പകുതിയില്‍ ഒരുക്കിയ ഇന്ത്യന്‍ ഗ്രാമങ്ങളുടെ മനോഹര ദൃശ്യങ്ങള്‍ ഇടുക്കിയില്‍ നിന്ന് കശ്മീരിലേക്ക് സഞ്ചരിച്ച പ്രതീതി കാഴ്ചക്കാര്‍ക്ക് നല്കുന്നുണ്ട്. നഗരത്തിന്റെ തിരക്കുള്ള ജീവിതത്തിനപ്പുറം ഗ്രാമങ്ങളുടെ മനോഹാരിത ചേര്‍ത്തുവെച്ച ഫ്രെയിമുകളിലെല്ലാം ബേബി കുര്യന് കരുതലിന്റെ നിലാവെട്ടം സമ്മാനിക്കുന്ന അമ്പിളിയുടെ സ്നേഹവുമുണ്ട്. ദേശീയ സൈക്ലിംഗ് ചാമ്പ്യനായ ബേബി കുര്യന്‍ താന്‍ ജനിച്ചു വീണ കശ്മീര്‍ താഴ്വര സൈക്കിളില്‍ സഞ്ചരിച്ച് കാണണമെന്ന ആഗ്രഹവുമായി പുറപ്പെടുമ്പോള്‍ അവനറിയാതെ കൂടെകൂടുന്നുണ്ട് അമ്പിളി. അണ്ണാച്ചിയുടെ പാല്‍ വിതരണം ചെയ്യുന്ന പഴയ സൈക്കിളുമെടുത്ത് അനുഗമിക്കുന്ന അമ്പിളി പ്രേക്ഷകന് ഒരേ സമയം കൗതുകവും തമാശയും അതിനുമപ്പുറം കണ്ണുനിറയുന്ന ചിത്രങ്ങളുമാകുന്നുണ്ട്. നിന്റെ സൈക്കിളിന് ലുക്കേയുള്ളു എന്നുപറയുന്ന അമ്പിളി തന്റെ സൈക്കിളിന് ലുക്കില്ലെങ്കിലും സംഭവമാണെന്ന് തെളിയിക്കുന്നുമുണ്ട്. എത്ര മുതിര്‍ന്നാലും കുട്ടിക്കാലത്തിന്റെ നിറപ്പകിട്ടില്‍ ഒട്ടിനില്‍ക്കുന്ന ചില ജീവിതങ്ങളുണ്ടാകും അമ്പിളിയെ പോലെ. 
ഇടുക്കിയുടെ മനോഹരമായ പച്ചപ്പില്‍ ആരംഭിച്ച് കശ്മീരിന്റെ തിളങ്ങുന്ന ഹിമാലയന്‍ വെണ്മയില്‍ അവസാനിക്കുന്ന ചിത്രം മനുഷ്യന്റേയും പ്രകൃതിയുടേയും നന്മകളെ ചേര്‍ത്തുവെക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു പൂവു ചോദിക്കുന്നവര്‍ക്ക് തൊടിയിലെ മുഴുവന്‍ പൂക്കളും തരാമെന്ന് വാഗ്ദാനം ചെയ്യുന്ന മുത്തശ്ശിയുടെ തെളിഞ്ഞ മനസ്സുപോലെ തന്നെയാണ് ഈ സിനിമ. സ്നേഹമുള്ളിടത്തെല്ലാം ഭ്രാന്തുള്ളതുകൊണ്ടുതന്നെ അമ്പിളിയുടെ നിറഞ്ഞ സ്നേഹത്തെ മാത്രമല്ല ടീനയുടെ അമ്പിളി സ്നേഹത്തേയും ഭ്രാന്തെന്നു തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.
അമ്പിളി ലോകത്തിന് നല്കുന്ന സ്നേഹവും കരുതലും ടീനയിലൂടെ അമ്പിളിക്ക് തിരികെ കിട്ടിക്കൊണ്ടേയിരിക്കുന്നുണ്ട്. കൊടുക്കുന്നതെല്ലാം തിരികെ കിട്ടുന്നതിനാലായിരിക്കണം പൗരാണിക കോട്ടയുടെ പശ്ചാതലത്തില്‍ നില്‍ക്കുന്ന ആ വയോവൃദ്ധനെ തേടി അമ്പിളിയുടെ സൈക്കിളിന് പിറകില്‍ പഴയ കാമുകി പാട്ടുംപാടിയെത്തുന്നത്.
സൗബിന്‍ ഷാഹിറിനോടൊപ്പം പുതുമുഖം തന്‍വി റാമാണ് നായിക ടീനയായി വേഷമിട്ടിരിക്കുന്നത്. ദേശീയ സൈക്ലിംഗ് ചാമ്പ്യന്‍ ബോബി കുര്യനായി നിവിന്‍ നസീം സ്‌ക്രീനിലെത്തുന്നു. ചലച്ചിത്ര താരം നസ്രിയയുടെ സഹോദരനാണ് നിവിന്‍ നസീം.



നാഗരികനായ ബോബി കുര്യനെയൊഴികെ ഗ്രാമത്തിന്റെ ഓരത്തു നിന്നാണ് ഓരോ കഥാപാത്രത്തേയും സംവിധായകന്‍ കണ്ടെത്തിയതെന്ന് തോന്നിപ്പോകും. ജാഫര്‍ ഇടുക്കിയും ശ്രീലത നമ്പൂതിരിയും റാബിയ ബീഗവും നീന കുറുപ്പും ഉള്‍പ്പെടെയുള്ളവരാണ് മറ്റു താരങ്ങള്‍.
ശരണ്‍ വേലായുധന്റെ ഛായാഗ്രഹണവും കിരണ്‍ ദാസിന്റെ ചിത്രസംയോജനവും എടുത്തു പറയേണ്ടതുണ്ട്. എല്ലാറ്റിനേക്കാളുമുപരി സൗബിന്റേയും ജോണ്‍പോള്‍ ജോര്‍ജിന്റേതും തന്നെയാണ് അമ്പിളി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്