കേരളം കാണണം ഈ സിനിമ



സ്വാതന്ത്ര്യത്തിന് തൊട്ടടുത്ത വര്‍ഷത്തില്‍ തുടങ്ങി  1995 വരെയുള്ള അരനൂറ്റാണ്ടോളം കാലത്തെ കേരളത്തിന്റെ ചരിത്രം അധഃസ്ഥിതന്റെ കാഴ്ചപ്പാടിലൂടെ പറയുന്ന സിനിമയാണ് ടി.വി ചന്ദ്രന്റെ പെങ്ങളില. മറ്റു ചിത്രങ്ങളിലേതുപോലെ ഫെമിനിസവും രാഷ്ട്രീയവും ചരിത്രവും കൂട്ടിച്ചേര്‍ത്ത ശക്തമായ പ്രമേയമാണ് പെങ്ങളിലയിലും അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്.
ലാലും ബേബി അക്ഷര കിഷോറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള സിനിമയില്‍ ഇനിയ, നരേന്‍, മറീന മിഖായേല്‍ കുരിശിങ്കല്‍, രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് വേഷമിട്ടിട്ടുള്ളത്. കേരളത്തിന്റെ ഒരു കാലത്തെ രാഷ്ട്രീയവും മതവും കാഴ്ചപ്പാടുകളുമാണ് പെങ്ങളിലയിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്.
ഒരുപക്ഷേ 1995ല്‍ കേരളത്തിലെ അന്നത്തെ പുതിയ തലമുറയ്ക്ക് മനസ്സിലാകാതെ പോയിട്ടുണ്ടാകാന്‍ സാധ്യതയുള്ള അധഃസ്ഥിതന്റെ ജീവിത പശ്ചാതലവും ജാതി ഭ്രാന്തുകളുമെല്ലാം മാറിയ സാഹചര്യത്തില്‍ 2019ലെ പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ മനസ്സിലാവുമെന്ന വലിയ സന്ദേശം ടി.വി ചന്ദ്രന്‍ പ്രേക്ഷകര്‍ക്ക് നല്കുന്നുണ്ട്.
കേരളം മുഴുവന്‍ കിളച്ച പൊടിച്ചെക്കനെ കറിച്ച് മോള് സ്‌കൂളി പോയി പറയൂ എന്ന് രാധാലക്ഷ്മിയെന്ന എട്ടുവയസ്സുകാരിയോട് പ്രായമായ കര്‍ഷകന്‍ പറയുമ്പോള്‍ ഒരുപക്ഷേ അവള്‍ക്കത് മനസ്സിലായിട്ടുണ്ടാകുമോ എന്ന സംശയം ന്യായമാണ്. ആ പെണ്‍കുട്ടിക്ക് പദപ്രയോഗത്തിന്റെ പൂര്‍ണ്ണമായ അര്‍ഥം പിടികിട്ടിയില്ലെങ്കിലും അവള്‍ മനസ്സിലും കടലാസിലും ആ ദൃശ്യം പകര്‍ത്തുന്നുണ്ട്. തിരയടിക്കുന്ന കേരളത്തിന്റെ ഭൂപടത്തില്‍ ജില്ല തിരിച്ച് മണ്ണുകിളക്കുന്ന പൊടിച്ചെക്കന്‍ ഓരോയിടത്തും പച്ചപ്പ് പടര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.
അഴകന്‍ എന്ന കീഴാളന്‍ വളച്ചുകെട്ടിയ 'ചാപ്പ'യ്ക്കടുത്തുള്ള വീട്ടില്‍ വാടകയ്‌ക്കെത്തുന്നതാണ് ബോംബെയില്‍ നിന്ന് വിനോദും ഭാര്യയും രണ്ടുമക്കളും. വലിയ കമ്പനിയിലെ മാനേജരായ വിനോദിന് താനൊഴികെ എല്ലാവരോടും പുച്ഛമാണെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ അങ്ങനെയായിരുന്നില്ല. പഠിക്കുന്ന കാലം മുതല്‍ ആക്ടീവായ അവള്‍ പിന്നീട് അടുക്കളയില്‍ ഒതുങ്ങിപ്പോയെങ്കിലും ത്‌ന്റെ നല്ല മനസ്സിനെ കൈവിട്ടിരുന്നില്ല. മകള്‍ രാധാലക്ഷ്മിക്കും അമ്മയുടെ മനസ്സ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവള്‍ക്ക് വീട്ടിനടുത്തുള്ള കുടിലിലെ കൂലിപ്പണിക്കാരനായ അഴകനുമായി കൂട്ടുകൂടാന്‍ സാധിക്കുന്നത്.
തനിക്ക് മനസ്സിലാകാത്ത പ്രായത്തിലും അധഃസ്ഥിതനായ അഴകന്‍ പറയുന്ന കഥകളിലൂടെ കേരളത്തിന്റെ ചരിത്രത്തിലേക്ക് നടന്നുപോകുന്ന രാധ അതിന്റെ വിശദവിവരങ്ങള്‍ മനസ്സിലാക്കിയിരുന്നത് അമ്മ പറഞ്ഞു കൊടുത്ത വാക്കുകളിലൂടേയും വായിച്ചുകൊടുത്ത ചരിത്ര പുസ്തകങ്ങളിലൂടേയുമായിരുന്നു. അക്ഷര കിഷോറിന്റെ രാധയും അവളുടെ അമ്മയായ ഇനിയയുമൊക്കെ പുതിയ കാലത്ത് മലയാളത്തിന് കൈമോശം വന്ന ചലച്ചിത്ര കാഴ്ചപ്പാടിലൂടെയാണ് ടി.വി ചന്ദ്രന്‍ അവതരിപ്പിക്കുന്നത്.
സിനിമയിലൂടെ ചരിത്രവും വനിതാപക്ഷവും അവതരിപ്പിക്കുമ്പോഴും ചില നേരങ്ങളില്‍ ഡോക്യുമെന്ററിയുടെ ഭാവങ്ങളിലേക്ക് വഴുതിപ്പോകുന്നുമുണ്ട് പെങ്ങളില. ഒരുപക്ഷേ, ഇത്തരമൊരു കഥാസന്ദര്‍ഭം അവതരിപ്പിക്കാന്‍ അതല്ലാതെ മറ്റു മാര്‍ഗമുണ്ടായിരിക്കണമെന്നില്ല. വിമോചന സമരവുമായി ബന്ധപ്പെട്ട കഥപറയുമ്പോള്‍ തന്റേതന്നെ 1995ലെ ഓര്‍മ്മകളുണ്ടായിരിക്കണം എന്ന സിനിമയെ വളരെ മികച്ച രീതിയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട് ടി.വി ചന്ദ്രന്‍ പെങ്ങളിലയില്‍.
ബാല്യകാലത്ത് മരിച്ചു പോയ മഞ്ഞ എന്ന തന്റെ പെങ്ങളെയാണ് അഴകന്‍ രാധയെന്ന എട്ടുവയസ്സുകാരിയില്‍ കാണുന്നത്. അറുപതിന് മേല്‍ പ്രായമുണ്ടെങ്കിലും രാധയുമായി കൂട്ടുകൂടുമ്പോള്‍ മരിച്ചു പോയ പെങ്ങളുടെ പ്രായക്കാരിയെ അന്നത്തെ അതേ തീക്ഷ്ണസ്‌നേഹമുള്ള ആങ്ങളുടെ അധികാരങ്ങളോടെയും അവകാശങ്ങളോടെയുമാണ് സങ്കല്‍പ്പിക്കുന്നത്. രാധയുടെ അച്ഛന് അഴകന്റെ സാന്നിദ്ധ്യം തീരെ ഇഷ്ടമാകുന്നില്ല. വിസ്‌കിയുടെ തണുപ്പിലേക്ക് സാവകാശത്തില്‍ മുങ്ങിയിറങ്ങുമ്പോഴും കൂട്ടുകൂടി 'സന്യാസിനി' പാടുമ്പോഴും വല്ലപ്പോഴും വാറ്റുചാരായം കുടിച്ച് ഉറക്കെ പാടുന്ന അഴകനോട് വിനോദിന് പുച്ഛമാണ്.
കേരളത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിത കാഴ്ചയും ഗ്രാമീണ പാതകളും മൊബൈല്‍ ടവറുകളില്ലാത്ത ലോകവും പെങ്ങളിലയില്‍ ടി.വി ചന്ദ്രന്‍ പ്രേക്ഷകന് തിരികെ കൊണ്ടുതരുന്നുണ്ട്. പുതിയ സിനിമകളിലെ നഗരത്തിരക്കുകളില്‍ നിന്നും അക്ഷരാര്‍ത്ഥത്തിലുള്ള മോചനമാണ് പെങ്ങളിലയിലെ ദൃശ്യങ്ങള്‍. ശാന്തമായ ഗ്രാമീണ ദൃശ്യങ്ങളിലൂടെ വികസിക്കുന്ന ചിത്രം തുടങ്ങുന്നതുതന്നെ കേരളത്തിലെ ഒരു കിഴക്കന്‍ മലയോര ഗ്രാമത്തിലെ ശക്തമായ മഴ ചിത്രീകരിച്ചുകൊണ്ടാണ്. ഒരുപക്ഷേ മലയാളി മറന്നുപോയ മഴയുടെ കാഴ്ച!
ഗ്രാമീണ ലൈബ്രറി, പാതയോരത്തെ ചായക്കട, പരിപ്പുവട, വിശാലമായ നെല്‍പ്പാടം, കനാല്‍ തുടങ്ങിയ കാഴ്ചകളെല്ലാം കേരളത്തിന് ഓര്‍മ്മയായി മാറിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളെ മാത്രമല്ല സംവിധായകന്‍ ടി.വി ചന്ദ്രന്റെ സ്വന്തം കടമ്പൂരിനെയും ഓര്‍മിപ്പിക്കുന്നുണ്ട്.
അഴകന്റെ അനിയത്തി മഞ്ഞ ജാതിഭ്രാന്തിനെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തിലാണ് അസുഖം വന്നുമരിച്ചതെന്ന് തീര്‍ച്ചയായും 1995ലെ ഒരു എട്ടുവയസ്സുകാരിക്ക് മനസ്സിലാകില്ല. എന്നാല്‍ 2015ല്‍ 28കാരിയായി വളര്‍ന്ന അതേ എട്ടുവയസ്സുകാരിക്ക് അത് തിരിച്ചറിയാനാകും.  മാത്രമല്ല രാധാലക്ഷ്മി എന്ന താന്‍ അഴകന് മഞ്ഞയായിരുന്നുവെന്നും അവള്‍ക്ക് മനസ്സിലാക്കാനുമാകും. അതുകൊണ്ടാണല്ലോ അവസാനം കണ്ടു പിരിയുന്ന നേരത്ത് എട്ടുവയസ്സുകാരിയോട് മോള്‍ ഡോക്ടറാവണമെന്ന് അഴകന്‍ പറയുന്നതും രണ്ടുപതിറ്റാണ്ടിന് ശേഷം നിരാഹാരം കിടക്കുന്ന അഴകനെ നോക്കാന്‍ അതേ രാധ എത്തിച്ചേരുന്നതും.
ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച വേഷമാണ് അഴകന്‍. പഴയ രീതിയിലാണ് സിനിമ പറഞ്ഞു പോകുന്നതെന്നതിനാല്‍ പുതിയ തലമുറ ഇതിനെ എത്രത്തോളം ആശ്ലേഷിക്കുമെന്നറിയില്ല.
അയ്യങ്കാളിയും വിമോചന സമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമെല്ലാം കടന്നുവരുന്ന സിനിമ കേരളം കാണേണ്ടതുണ്ട്. തിരിച്ചറിയേണ്ടതുണ്ട്, നമ്മളെങ്ങനെ നമ്മളായെന്ന്!


'ഇലകളായ് ഇനി നമ്മള്‍/ പുനര്‍ജ്ജനിക്കുമെങ്കില്‍/ ഒരേ വൃക്ഷത്തില്‍ ജനിക്കണം/ എനിക്കൊരു കാമിനിയല്ല/ ആനന്ദത്താലും ദുഃഖത്താലും കണ്ണ്/ നിറഞ്ഞ ഒരു പെങ്ങളില വേണം' എന്ന എ. അയ്യപ്പന്റെ വരികളിലൂടെയാണ് സിനിമ തുടങ്ങുന്നത്. അതുതന്നെയാണ് സിനിമയുടെ പേരിന് കാരണമായതും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്