കടലോളം കനമുള്ള കപ്പലുകള്‍


സങ്കല്‍പ്പിച്ചു നോക്കുക, ഏത് കപ്പലിനായിരിക്കും കടലോളം കനമുണ്ടായിരിക്കുക? മനസ്സെന്ന കടലില്‍ തുഴഞ്ഞു നീങ്ങുന്ന വാക്കുകള്‍ ചേര്‍ത്തൊരുക്കിയ കവിതയുടേയും കഥയുടേയും സാഹിത്യസൃഷ്ടിയുടേയും കപ്പലിനല്ലാതെ മറ്റെന്തിനാണ് ഇത്രയേറെ കനം വരിക?
ലോകത്തിലെ ഏത് കടലിനേക്കാളും ആഴവും പരപ്പുമുണ്ടാകും ഓരോരുത്തരുടേയും മനസ്സിനും. ഒരു കവിയുടെ മനസ്സിനാണെങ്കില്‍ കടലഗാധത പിന്നേയും വര്‍ധിക്കും. ഈ ആഴക്കടലില്‍ നിന്നാണ് വാക്കുകളുടെ മുത്തുകള്‍ കൊരുത്ത് കവിതയുടെ മാലയുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നത്.
പ്രീഡിഗ്രി ഒന്നാം വര്‍ഷത്തില്‍ പോയട്രി ക്ലാസില്‍ കവിതയെ കുറിച്ച് വില്യം വേര്‍ഡ്‌സ്‌വര്‍ത്ത് പറഞ്ഞ ഒരു നിര്‍വചനം നമ്മളെല്ലാവരും പഠിച്ചിട്ടുണ്ടാകും- Poetry is the spontaneous overflow of powerful feelings ശക്തമായ വികാരങ്ങളുടെ നൈസര്‍ഗ്ഗികമായ നിറഞ്ഞൊഴുക്കാണത്രെ കവിത.
ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കവി മനസ്സിനെ സ്വാധീനിക്കുന്ന വികാരങ്ങളോ വിചാരങ്ങളോ വാക്കുകളോ വരികളോ വരകളോ കാഴ്ചകളോ ഒക്കെത്തന്നെയായിരിക്കാം കവിതയായി പുനര്‍ജ്ജനിക്കുന്നത്. തന്‍സീം കുറ്റ്യാടി തന്റെ 'കടലോളം കനമുള്ള കപ്പലുകളില്‍' ഒന്നിലേറെ തവണ ബിംബകല്‍പ്പന നിര്‍വഹിച്ചിട്ടുള്ള മഴപ്പാറ്റകളെ പോലെ  'പുതുനിയോഗങ്ങള്‍ക്കായി/ പുതുമഴയോടൊപ്പം/  പുനര്‍ജ്ജനിക്കുവാന്‍/ അഗ്നിസ്‌നാനം ചെയ്തതാണവര്‍/ മഴപ്പാറ്റകള്‍' പിന്നേയും പിന്നേയും കവിതകളായി വന്നുവീഴുന്നത്.
തന്റെ ചുറ്റുവട്ടത്തുമുള്ള നിരവധി കാഴ്ചകളില്‍ നിന്നും കണ്ടെടുത്ത കുഞ്ഞുകുഞ്ഞു ബിംബങ്ങള്‍ തന്നെയാണ് കവി ഓരോ കവിതയിലും ഉപയോഗിച്ചിരിക്കുന്നത്. ഒരേ ബിംബം വ്യത്യസ്ത കവിതകളില്‍ വ്യത്യസ്ത അര്‍ഥങ്ങളിലും അതിലേറെ വ്യത്യസ്തമായ സാഹചര്യങ്ങളിലും ഉപയോഗിക്കുവാനും അദ്ദേഹം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മണ്ണ്, പച്ചപ്പ്, നക്ഷത്രം, ചെടി, പൂവ്, മഴപ്പാറ്റ, മിന്നല്‍, ആകാശം, മരുഭൂമി, വേര്, ചില്ല, പുഴ, കിനാവ്, കടല്‍, ജലം, സ്വപ്നങ്ങള്‍ തുടങ്ങി ഒരേ ബിംബത്തെ പലയിടങ്ങളില്‍ പലതായി അവതരിപ്പിക്കാന്‍ തന്‍സീമിന് കഴിയുന്നത് അദ്ദേഹത്തിലെ കവിയുടെ ശക്തികൊണ്ടു മാത്രമാണ്.
കവിതയിലെവിടെയും നിരാശയുടെ സ്വരം കടന്നുവരുന്നുവെന്ന് തോന്നുമ്പോഴൊക്കെ ശുഭാപ്തിയുടെ ഗുണപരമായ അടയാളങ്ങള്‍ ബാക്കിവെച്ച് കവിത അവസാനിപ്പിക്കാന്‍ അറിഞ്ഞോ അറിയാതെയോ തന്‍സീം ശ്രമിക്കുന്നുണ്ട്. മണ്ണിനടിയില്‍ അപഥ സഞ്ചാരം നടത്തുന്ന വേരുകളാണത്രെ കിനാവില്‍ ശലഭങ്ങളെ പറത്തിവിട്ട് ചില്ലകളില്‍ പൂക്കളെ വിടര്‍ത്തുന്നത്.
കാല്‍പ്പനികതയുടെ സ്വപ്നവഴികളിലൂടെ സഞ്ചരിക്കുമ്പോഴും യാഥാര്‍ഥ്യത്തിന്റെ മുള്ളുപാതകളെ കുറിച്ച് തന്‍സീം കൃത്യമായ ബോധം സൂക്ഷിക്കുന്നുണ്ട്. അത്തരം ബോധത്തില്‍ നിന്നായിരിക്കണം അഖ്‌ലാഖ്, ഒരുപിടി മണ്ണില്‍, ഗസ്സാ, പച്ചപ്പില്‍ നിന്നൊരേട്, ഓണ്‍ലൈന്‍, സ്റ്റെതസ്‌കോപ്പ്, നിന്ന് പൊള്ളുന്നവര്‍, നിന്റെ നിര്‍വചനങ്ങള്‍, പൊടുന്നനെ അടര്‍ന്നൊരാള്‍ തുടങ്ങിയ കവിതകള്‍ പിറന്നിട്ടുണ്ടാവുക. സമാഹരത്തിന്റെ പേര് സ്വീകരിച്ച കവിത കടലോളം കനമുള്ള കപ്പലുകള്‍ വായിച്ചപ്പോഴാണ് തോന്നിയത്- ഇദ്ദേഹമെന്തിനാണ് എന്റെ ഹൃദയത്തില്‍ തിരയടിക്കുന്ന കടല്‍ വെള്ളത്തില്‍ കപ്പലോടിക്കുന്നത്?
നാല്‍പതോളം കവിതകളുള്ള എണ്‍പത് പേജില്‍ ഒതുങ്ങുന്ന 'കടലോളം കനമുള്ള കപ്പലുകള്‍' ഒറ്റയിരിപ്പിന് വായിച്ച് തീര്‍ത്തേക്കാമെന്നാണ് ആദ്യം തോന്നുക. കവിതകള്‍ വായിച്ചു തുടങ്ങുമ്പോഴാണ് ഓരോ കവിതയിലും കവി ഒളിപ്പിച്ചു വെച്ച ബിംബങ്ങളിലൂടെ പലയാവര്‍ത്തി കടന്നുപോകേണ്ടതുണ്ടല്ലോ എന്ന് തിരിച്ചറിയുക. തന്‍സീം കവിതയെഴുതിയത് അയാളിലെ കവി കവിതയെ പുറത്തേക്ക് തള്ളിവിട്ടതുകൊണ്ട് മാത്രമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ആദ്യ സമാഹാരം വായനക്കാരോട് പറയാതെ പറയുന്നുണ്ട്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്