നോമ്പിന്റെ സുഗന്ധം തുര്‍ക്കുമാന്‍ ഗേറ്റില്‍ നിന്ന് തായത്തെരുവിലേക്ക്



നോമ്പ് ആദ്യം സുഗന്ധമായാണ് അനുഭവപ്പെടുക. തുടക്കം മാത്രമല്ല, ഞങ്ങള്‍ തലശ്ശേരിക്കാര്‍ക്ക് റമദാനെന്നാല്‍ ആദ്യം മുതല്‍ അവസാനം വരെ സുഗന്ധത്തിന്റെ അകമ്പടിയുള്ള മാസമാണ്. ഞങ്ങളുടെ പ്രൗഢവും ഗംഭീരവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ തീന്മേശകളെ ഉയര്‍ച്ച താഴ്ചകളില്ലാതെ അലങ്കരിക്കുന്നത് ഈ മാസത്തിലാണ്. ഞങ്ങളുടെ ഭക്ഷണ രീതികളെ മറ്റുള്ളവര്‍ എന്തുപറയുന്നെന്നും എന്ത് വിളിക്കുന്നുവെന്നും ഞങ്ങളാരും പരിഗണിക്കാറേയില്ല. പേര്‍ത്തും പേര്‍ത്തും ഞങ്ങളുടെ ഭക്ഷണ രീതികളെ കളിയാക്കുകയും അതിശയത്തോടെ കാണുകയുമൊക്കെ ചെയ്ത പലരും പിന്നീട് അതിഥികളായി ഇവയൊക്കെ കഴിക്കുകയും അനുമോദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നത് വേറെ കഥ.
നോമ്പിന്റെ ആദ്യ സുഗന്ധം അടിച്ചു കയറുക പള്ളികളില്‍ നിന്നാണ്. നോമ്പ് തുടങ്ങാന്‍ കഷ്ടിച്ച് ഒരാഴ്ച ബാക്കിയുണ്ടാകുമ്പോഴായിരിക്കും പള്ളികളില്‍ വെള്ള പൂശുകയും പഴയ പുല്‍പ്പായകള്‍ മാറ്റി പുതിയത് വിരിക്കുകയും ചെയ്യുക. നോമ്പിന് പുതിയ പായയുടെ മണം കൂടിയുണ്ട്. പള്ളിച്ചുമരിലടിച്ച ചുണ്ണാമ്പിന്റേയും പുതിയ പായകളുടേയും മണവും നോമ്പ് എത്തിയെന്ന് ഓര്‍മ്മിപ്പിക്കും. നോമ്പ് സുഗന്ധമായി പിന്നെ അറിയുക ഉന്നക്കായയുടേയും ഇറച്ചിപ്പത്തിലിന്റേയും കോഴിയടയുടേയും കൈവീശലിന്റേയും ഉള്ളിവടയുടേയും പരിപ്പു വടയുടേയും ബ്രഡ് പൊരിച്ചതിന്റേയും കായ നിറച്ചതിന്റേയും പെട്ടിപ്പത്തിലിന്റേയും അപ്പം നിറച്ചതിന്റേയും തരി കാച്ചിയതിന്റേയും കഞ്ഞിയുടേയും കക്കറോട്ടിയുടേയും അരിയൊറോട്ടിയുടേയും നെയ്പ്പത്തിലിന്റേയും ഇറച്ചിക്കൂട്ടാന്റേയുമൊക്കെ മണമായാണ്. ഇങ്ങനെ പറയുമ്പോള്‍ തോന്നുക നോമ്പെന്നാല്‍ തലശ്ശേരിക്കാര്‍ക്ക് (തലശ്ശേരി എന്നതിനെ കണ്ണൂരെന്നും മാഹിയെന്നുമൊക്കെ കൂടി വായിക്കാവുന്നതാണ്) തിന്നാനുള്ള മാസമെന്നാണ്. എന്നാല്‍ കേട്ടോളൂ, ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള്‍ (ആണുങ്ങളും) അത്താഴത്തിന് ശേഷം ഖുര്‍ആന്‍ പാരായണം ചെയ്ത്, പള്ളികളില്‍ പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ച് ഇബാദത്തുകളില്‍ മുഴുകി വൈകിട്ട് രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൊണ്ടാണ് തീന്മേശയൊരുക്കാനും വയറു നിറയ്ക്കാനുമുള്ള കൊതിപ്പിക്കുന്ന വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. സംശയം തീര്‍ക്കാന്‍ തലശ്ശേരി വന്ന് ഒരു നോമ്പ് തുറന്നു പോവുന്നതിനും സന്തോഷമേയുള്ളു.
പറഞ്ഞു വരുന്നത് മുഗള്‍ ഭരണത്തിന്റെ 'തിരു'ശേഷിപ്പുകള്‍ ബാക്കിയുള്ള പഴയ ദല്‍ഹിക്കും കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കലിന്റെ അടയാളങ്ങള്‍ ഇപ്പോഴും ബാക്കി കിടക്കുന്ന കണ്ണൂരിലെ തായത്തെരുവിനും നോമ്പിന്റെ രാത്രികള്‍ക്കുള്ള അതിശയിപ്പിക്കുന്ന സാമ്യത്തെ കുറിച്ചാണ്. ആറ്് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴയ ദല്‍ഹിയിലെ തുര്‍ക്കുമാന്‍ ഗേറ്റും ഉര്‍ദു ബസാറും ജുമാമസ്ജിദും ചാന്ദ്‌നിചൗക്കുമൊക്കെ സന്ദര്‍ശിച്ചത് ഒരു റമദാന്‍ രാത്രിയിലായിരുന്നു. കൂടെ സുഹൃത്തും നേരത്തെ ചന്ദ്രികയിലും വര്‍ത്തമാനത്തിലും സഹപ്രവര്‍ത്തകനും പിന്നീട് ദല്‍ഹി ചന്ദ്രിക ബ്യൂറോവിലും മില്ലി ഗസറ്റിലും ഏഷ്യന്‍ ഏജിലും മലയാളം ന്യൂസ് ദല്‍ഹി റിപ്പോര്‍ട്ടറും ഇന്ത്യന്‍ എക്‌സ്പ്രസ് ചെന്നൈ സീനിയര്‍ റിപ്പോര്‍ട്ടറുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന എ പി മുഹമ്മദ് അഫ്‌സലാണ് ഉണ്ടായിരുന്നത്. പഴയ ദല്‍ഹിയും തുര്‍ക്കുമാന്‍ഗേറ്റും ഉര്‍ദു ബസാറുമൊക്കെ അവന്റെ സ്വപ്ന പ്രദേശങ്ങളായിരുന്നു. അതിനുമപ്പുറത്ത് അഭയ കേന്ദ്രങ്ങളായിരുന്നു.
പുതിയ ദല്‍ഹിയില്‍ നിന്നും വ്യത്യസ്തമായി വീതി കുറഞ്ഞ നിരത്തുകളും തീപ്പെട്ടി അടുക്കിയതു പോലുള്ള വീടുകളുമുള്ള പഴയ ദല്‍ഹി മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ഇടുങ്ങിയ വഴികളിലൂടെ ചീറിപ്പായുന്ന ഇരുചക്ര വാഹനങ്ങളും ആഞ്ഞു ചവിട്ടി ഇടുക്കുകളിലൂടെ കടന്നു പോകുന്ന സൈക്കിള്‍ റിക്ഷകളും പര്‍ദ്ദയണിഞ്ഞ് (പര്‍ദ്ദയില്ലാതെ ഫാഷന്‍ വേഷത്തിലും) ഏത് രാത്രിയിലും ഭയമില്ലാതെ കടന്നു പോകുന്ന സ്ത്രീകളും പെണ്‍കുട്ടികളും, ഷെര്‍വാണി ധരിച്ച് മുഗള്‍ ഭരണത്തിന്റെ ഏതോ മധുര സ്മരണയിലെന്നപോലെ വെറുതെ ബീഡിയും വലിച്ചിരിക്കുന്ന പുരുഷന്മാരുമൊക്കെ ഇവിടുത്തെ കാഴ്ചകളാണ്. തുര്‍ക്കുമാന്‍ഗേറ്റ് കടക്കുന്നതോടെ പാലും നെയ്യുമൊക്കെ കൂടിച്ചേര്‍ന്ന ഒരു ഗന്ധമാണ് ആദ്യം മൂക്കിലെത്തുക. വടക്കേ ഇന്ത്യക്കാരന്റെ പാലും നെയ്യുമൊക്കെ ചേര്‍ന്ന വിഭവത്തോടും ഗന്ധത്തോടുമൊക്കെ മലയാളി ആദ്യം വിമുഖത പ്രകടിപ്പിക്കുമെങ്കിലും പിന്നീട് അതിനോട് താദാത്മ്യം പ്രാപിക്കും.
വഴികളും റോഡുകളും കെട്ടുപിണഞ്ഞു കിടക്കുന്ന പഴയ ദല്‍ഹിയിലെ തെരുവുകളില്‍ ആദ്യമെത്തുമ്പോള്‍ ആരും അതിശയിച്ചു പോകും. എല്ലാറ്റിനും ഒരേ വീതിയും ഒരേ തിരക്കും... സമാനമായ കാഴ്ച. എല്ലായിടത്തും ഇരുചക്ര വാഹനങ്ങളും സൈക്കിള്‍ റിക്ഷകളും ചീറിപ്പായുന്നുണ്ടാകും. കുട്ടികള്‍ സൈക്കിള്‍ റിക്ഷയുടെ പിറകില്‍ തൂങ്ങി കളിക്കുന്നുണ്ടാകും. വാഹനങ്ങള്‍ ഇടതടവില്ലാതെ ഓടുന്ന റോഡില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കളിക്കുന്നത് കണ്ടാല്‍ പേടി തോന്നും. വാഹനങ്ങള്‍ മാത്രമല്ല, മനുഷ്യരും ഇതേ റോഡിലൂടെയാണ് ഒഴുകുന്നത്. പഴയ ദല്‍ഹിയില്‍ രാത്രികളിലാണ് ജീവിതം കൂടുതല്‍ സജീവമാകുന്നതെന്ന് തോന്നുന്നു.
റമദാന്‍ രാത്രികള്‍ സജീവമാക്കുകയെന്നാല്‍ തറാവീഹ് നമസ്‌ക്കരിക്കുകയെന്നും ഖുര്‍ആന്‍ പാരായണം ചെയ്യുകയെന്നുമൊക്കെയുള്ള അര്‍ഥം പഴയ ദല്‍ഹിയിലുമുണ്ട്. അത്രതന്നെ പ്രാധാന്യത്തോടെ അവര്‍ തെരുവിലെ അലച്ചിലിനേയും കാണുന്നുണ്ട്. പാലുകൊണ്ടും നെയ്യുകൊണ്ടും ഇറച്ചികൊണ്ടും ഉണ്ടാക്കിയ വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഓരോ പീടിക മുറിയിലും വ്യത്യസ്തമായ വിഭവങ്ങളുണ്ടാക്കി വാങ്ങാനെത്തുന്നവരെ കാത്തുനില്‍ക്കുന്നുണ്ടാകും. റോഡരികുപറ്റി ഒറ്റ മേശയില്‍ ഒതുക്കിയ ഭക്ഷണ വില്‍പന ശാലകളുമുണ്ട്. റോഡരികിലെ തിരക്കില്‍ നിന്ന് കടയിലെ സാധനങ്ങള്‍ വാങ്ങി അഴിടെ നിന്നുതന്നെ ഭക്ഷണം കഴിക്കാം. വലിയ ഹോട്ടലുകളില്‍ കയറണമെന്നുള്ളവര്‍ക്ക് അങ്ങനെയാകാം. ഹോട്ടലിനു മുമ്പില്‍ നിരന്നിരിക്കുന്ന പട്ടിണിപ്പാവങ്ങളെ കണ്ടില്ലെന്ന് നടിക്കാം. ഏതെങ്കിലും പണക്കാരന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതുവരെ പാവങ്ങളുടെ ഹോട്ടലിനു മുമ്പില്‍ അച്ചടക്കത്തോടെ ഇരിക്കും. തനിക്ക് നേരമുള്ളപ്പോള്‍ ഹോട്ടലുകാരന്‍ ഭക്ഷണം നല്കുമ്പോള്‍ അവിടെ തിക്കും തിരക്കും രൂപപ്പെടും.
മസാല ചേര്‍ത്ത് കനലിന്റെ ആവിയില്‍ പൊരിച്ചെടുക്കുന്ന ചിക്കന്‍ കബാബുകള്‍ തിന്നാന്‍ ഏറെ രുചിയുള്ളതാണെന്ന് അഫ്‌സല്‍ പറയുമായിരുന്നു. റോഡരികില്‍ കനലിനു മുകളില്‍ വലിയ ചെമ്പുകളില്‍ ഒരുക്കിയ ബിരിയാണി ത്രാസില്‍ തൂക്കി നല്‍കുമ്പോള്‍ അതിനും ഭയങ്കര രുചിയാണെന്ന് അഫ്‌സല്‍. മുന്നൂറ് ഗ്രാം ബിരിയാണിക്ക് പത്ത് രൂപയായിരുന്നു വില. ഏതായാലും ഇവയൊന്നും പരീക്ഷിക്കാനുള്ള ധൈര്യം എനിക്ക് അന്നുണ്ടായിരുന്നില്ല. ദല്‍ഹി തെരുവുകളിലെ അലച്ചിലും നാടുവിട്ടുള്ള ദുരിത ജീവിതവും അവനെ എന്തിനോടും ഇഴുകിച്ചേരാന്‍ പ്രാപ്തനാക്കിയിരുന്നു. അതുകൊണ്ടായിരിക്കണം പകലിനേക്കാള്‍ രാത്രി ജീവിതമുള്ള തുര്‍ക്കുമാന്‍ ഗേറ്റിനേയും അവിടുത്തുകാരേയും അവന്‍ ഏറെ ഇഷ്ടപ്പെട്ടത്; ആഴ്ചയില്‍ ഒരിക്കലെങ്കിലും ആ പ്രദേശം സന്ദര്‍ശിക്കാന്‍ അവന്‍ ശ്രദ്ധവെച്ചത്. മാത്രമല്ല, പൗരാണികതയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു വല്ലാത്ത ഗൃഹാതുരത്വം ആ പ്രദേശം സമ്മാനിച്ചിരുന്നു.
പഴയ ദല്‍ഹിയുടെ കാഴ്ചയില്‍ നിന്നും അനുഭവങ്ങള്‍ ഇങ്ങ് കേരളത്തിലേക്കെത്തുന്നു. രാജവാഴ്ചയുടെ ഓര്‍മ്മകള്‍ പേറുന്ന പഴയ ദല്‍ഹിക്കും അത്രത്തോളമല്ലെങ്കിലും രാജവാഴ്ച ഓര്‍മ്മിപ്പിക്കുന്ന കണ്ണൂരിലെ തായത്തെരുവിനും കാഴ്ചയ്ക്കും ജീവിതത്തിനുമൊക്കെ ചില സാമ്യങ്ങളുണ്ട്. ഇടുങ്ങിയ തെരുവുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന പഴയ ദല്‍ഹി പോലെ തായത്തെരുവിലും ഇടുങ്ങിയ വഴികള്‍ എങ്ങോട്ടൊക്കെയോ പോകുന്നുണ്ട്. തൊട്ടുതൊട്ടുള്ള കുഞ്ഞുകുഞ്ഞു കെട്ടിടങ്ങള്‍ക്കാണ് അവിടെ വീടെന്ന് വിശേഷിപ്പിക്കുന്നതെങ്കില്‍ ഇവിടെ വീടുകള്‍ വലുതാണ്- അവ അടുത്തടുത്താണെങ്കിലും! പണ്ടെന്നോ പോയ്‌പ്പോയ സുവര്‍ണ്ണ കാലത്തെ ഓര്‍മ്മിച്ചാണ് പഴയ ദല്‍ഹിയിലുള്ളവര്‍ സ്വപ്നങ്ങള്‍ നെയ്യുന്നതെന്നപോലെ തായത്തെരുവിലും ഏതൊക്കെയോ പഴമയുടെ സുഗന്ധമുള്ള ഓര്‍മ്മകള്‍ താലോലിക്കപ്പെടുന്നുണ്ട്. പഴയ ദല്‍ഹിയിലുള്ളവര്‍ തങ്ങളുടെ പഴമയുടെ സംസ്‌ക്കാരം കൈവിടാത്തതുപോലെ തായത്തെരുവിലുള്ളവരും തങ്ങളുടെ പഴമ കൈവിട്ടിട്ടില്ല. തായത്തെരുവിലും രാത്രി ജീവിതത്തിനാണ് ആസ്വാദ്യത കൂടുതല്‍. (നോമ്പിന് രാത്രികള്‍ കൂടുതല്‍ സജീവമാകുന്നു. മറ്റു മാസങ്ങളില്‍ തായത്തെരുവില്‍ അത്ര പെട്ടെന്നൊന്നും രാത്രി എത്താറില്ല.) റോഡുകള്‍ തുര്‍ക്കുമാന്‍ ഗേറ്റിലേയും ഉര്‍ദു ബസാറിലേയും പോലെ വീതി കുറഞ്ഞതല്ല. എങ്കിലും ചീറിപ്പായുന്ന ഇരുചക്ര വാഹനങ്ങളും സൈക്കിളുമായി റോഡില്‍ കളിക്കുന്ന ചെറിയ കുട്ടികളും പീടിക വരാന്തയില്‍ സൊറ പറയുന്ന പുരുഷന്മാരുമൊക്കെ ഇവിടേയുമുണ്ട്.
പഴയ ദല്‍ഹിയില്‍ റമദാന്‍ നാളുകളില്‍ രാത്രി തറാവീഹ് നമസ്‌ക്കരിക്കണമെന്ന് നിര്‍ബന്ധമുള്ളവരെ പോലെ തന്നെ അതില്‍ തീരെ ശ്രദ്ധയില്ലാത്തവരേയും കാണാന്‍ കഴിഞ്ഞിരുന്നു. തൊട്ടടുത്ത പള്ളിയില്‍ നമസ്‌ക്കാരം നടക്കുമ്പോള്‍ റോഡില്‍ സൊറ പറഞ്ഞും ബീഡി വലിച്ചും ചായ കുടിച്ചും നേരം കൊല്ലുന്ന നിരവധി പേരുണ്ടായിരുന്നു. ചിക്കന്‍ കബാബും ബിരിയാണിയുമൊക്കെ നിരന്തരം വിറ്റുപോകുന്ന കടകള്‍ക്കു മുമ്പില്‍ നല്ല തിരക്കായിരിക്കും. തായത്തെരുവിലേയും സിറ്റിയിലേയും കബാബ് കടകള്‍ക്കു മുമ്പിലും 'ചെത്തയിസ്' വില്‍ക്കുന്നിടത്തും ഐസ്‌ക്രീം വില്‍പ്പന ശാലയ്ക്കു മുമ്പിലും വല്ലാത്ത തിരക്കായിരിക്കും നോമ്പിന്റെ രാത്രികളില്‍. അറക്കല്‍ കൊട്ടാരത്തിലെ ഗോപുര മണിക്കു മുമ്പിലെ വഴിയില്‍ കബാബ് കടകളും ചെത്തയിസ് ടെന്റുകളും കാവ വില്‍പ്പന ശാലകളും നോമ്പുകാലത്ത് മാത്രമായി രാത്രി സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ തൊട്ടപ്പുറത്തെ പള്ളികളില്‍ തറാവീഹ് നമസ്‌ക്കാരം മുറപോലെ നടക്കുകയായിരിക്കും. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന പള്ളികളില്‍ നിറയെ ആളുകളുണ്ടാകും. തറാവീഹിന് ശേഷം കബാബ് തിന്നാനും ചെത്തയിസ് ആസ്വദിക്കാനും കാവ കുടിക്കാനും പള്ളിയില്‍ നിന്നിറങ്ങിയ ആളുകളില്‍ നല്ലൊരു ഭാഗം എത്തും. രാത്രികളില്‍ തുര്‍ക്കമാന്‍ ഗേറ്റിലേതു പൊലെ ഭയലേശമില്ലാതെ തായത്തെരുവിലും ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ അലങ്കരിച്ച പാതകളിലൂടെ നോമ്പിനെ 'ഹയാത്താ'ക്കുകയായിരിക്കും.
രാജഭരണത്തിന്റെ മധുരമുള്ള ഓര്‍മകള്‍ പേറുന്നുണ്ട് പഴയ ദല്‍ഹിയിലേയും തായത്തെരുവിലേയും പാതകള്‍ എന്നതായിരിക്കണം ഇവ രണ്ടിനേയും സാമ്യപ്പെടുത്തുന്നത്. രണ്ടിടത്തേയും ചിക്കന്‍ കബാബിന് ഒരേ ഗന്ധമെന്നത് ഈ രണ്ടു നാട്ടുകാരും തമ്മിലുള്ള എന്തൊക്കെയോ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അല്ലെങ്കില്‍ അതിന്നുമപ്പുറം നമ്മുടെ കണക്കു കൂട്ടലുകള്‍ക്ക് കണ്ടെത്താനാവാത്ത ചില അംശബന്ധങ്ങള്‍ ഇവയ്ക്ക് രണ്ടിനുമുണ്ടായിരിക്കാമല്ലോ.
ഇപ്പോള്‍, നോമ്പിന്റെ ഗന്ധമെന്നാല്‍ എനിക്ക് പള്ളിയിലെ ചുണ്ണാമ്പ് വലിച്ച ചുമരിന്റേയും പുതിയ പുല്‍പ്പായയുടേയും ഉമ്മയുണ്ടാക്കുന്ന ഉന്നക്കായയുടേയും മാത്രം മണമല്ല; പഴയ ദല്‍ഹിയിലെ തിരക്കുള്ള തെരുവുകളിലെ പാലും നെയ്യും ഇറച്ചിയും കൂടിച്ചേര്‍ന്ന ഭക്ഷണങ്ങളുടേയും തായത്തെരുവിലെ ചിക്കന്‍ കബാബിന്റേയും ചെത്തയിസിന്റേയും കാവയുടേയും കൂടി മണമാണ്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

രണ്ടു പെരുന്നാള്‍ കഥകള്‍

മരുഭൂമിയുടെ ആത്മകഥ പറഞ്ഞ മലയാളി