ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല



ഹൈദരബാദ് സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ചെയര്‍മാനാണ് സോഷ്യല്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ. ഇന്ത്യന്‍ ജാതി സമ്പ്രദായത്തിനെതിരെ ആശയസമരം നടത്താന്‍ മുന്‍പന്തിയിലുള്ള കാഞ്ച ഐലയ്യ ഹിന്ദുത്വത്തിനെതിരെയുള്ള സമര പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന പേരിലാണ് ഏറെ അറിയപ്പെടുന്നത്. 1952 ഒക്‌ടോബര്‍ അഞ്ചിന് ആന്ധ്രപ്രദേശിലെ വാറങ്കല്‍ ജില്ലയിലെ പപ്പയ്യാപ്പേട്ട് ഗ്രാമത്തില്‍ കുറുമ ഗൊല്ലയെന്ന പിന്നാക്ക വിഭാഗത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ കുടുംബ തൊഴില്‍ ആടിനെ മേയ്ക്കലായിരുന്നു. സംവരണാടിസ്ഥാനത്തില്‍ സീറ്റ് ലഭിച്ചതുകൊണ്ടുമാത്രമാണ് കാഞ്ച ഐലയ്യക്ക് പഠനം തുടരാനായത്. ബിരുദതലം വരെ തെലുങ്ക് മീഡിയത്തിലായിരുന്നു പഠനം.
1985ല്‍ ആന്ധ്രയിലെ മഹാബുബ്‌നഗര്‍ ജില്ലയില്‍ ദാരിദ്ര്യത്തെ തുടര്‍ന്ന് പട്ടിണി മരണമുണ്ടായപ്പോള്‍ അദ്ദേഹം സൗജന്യ ഭക്ഷണശാലകള്‍ ആരംഭിച്ചു. പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടിയുള്ള ഭക്ഷണശാലകളിലൂടെ ജാതീയതക്കും ദലിത് പിന്നാക്കാവസ്ഥക്കുമെതിരെ പ്രചരണം നടത്തി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഡോ. കാഞ്ച ഐലയ്യ ഇന്ത്യയിലെ തൊട്ടുകൂടായ്മയ്ക്കും ജാതീയതയ്ക്കും നിരക്ഷരതക്കുമെതിരെ പൊരുതുകയാണ്.
ഹൈദരബാദ് ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന്റെ പി എച്ച് ഡി തീസിസ് ഗൗതമ ബുദ്ധന്റെ പൊളിറ്റിക്കല്‍ ഫിലോസഫിയെ കുറിച്ചായിരുന്നു. ദലിത് ബഹുജന പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ച ഐലയ്യ, ഡോ. ജോസഫ് ഡിസൂസയുടെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സിലുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദലിദ് ഫ്രീഡം നെറ്റ്‌വര്‍ക്കുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് കാഞ്ച. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ദലിത് ഫ്രീഡം നെറ്റ്‌വര്‍ക്കാണ്. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവായ കാഞ്ച ഐലയ്യ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും തുടര്‍ച്ചയായി ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ദലിത് ബഹുജന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഹിന്ദുത്വത്തിനെതിരെ എഴുതിയ 'ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല' എന്ന 1996ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ബെസ്റ്റ് സെല്ലറായിരുന്നു. ഗോഡ് ആസ് പൊളിറ്റിക്കല്‍ ഫിലോസഫര്‍: ബുദ്ധാസ് ചാലഞ്ച് ടു ബ്രാഹ്മണിസം, എ ഹോളോ ഷെല്‍, ദി സ്റ്റേറ്റ് ആന്റ് റിപ്രസ്സീവ് കള്‍ച്ചര്‍, മനതത്വം (ഞങ്ങളുടെ തത്വചിന്ത-തെലുങ്ക്), ബഫലോ നാഷണലിസം: എ ക്രിട്ടിക്ക് ഓഫ് സ്പിരിച്യുല്‍ ഫാഷിസം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍.

കാഞ്ച ഐലയ്യയുടെ പുസ്തകം ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല ചിത്രീകരിക്കുന്നത് ദലിതുകളുടേയും മറ്റു പിന്നാക്ക വിഭാഗങ്ങളുടേയും ജീവിതാനുഭവങ്ങളുടെ പശ്ചാതലത്തിലാണ്. അനുമോദനങ്ങള്‍ പോലെ നിരവധി പ്രതികൂല അഭിപ്രായങ്ങളും നേടിയ പുസ്തകമാണ് ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല.
താന്‍ ഏറെ അനുഭവിച്ച ജാതി സമ്പ്രദായങ്ങള്‍ക്കെതിരേ ശക്തമായ പോരാട്ടത്തിന്റെ പാതയിലാണ് കാഞ്ച. ചണ്ടാളന്മാരും ആദിവാസികളും ഹിന്ദു വിഭാഗത്തില്‍പ്പെടുന്നില്ലെന്ന് വാദിക്കുന്ന കാഞ്ച തന്റെ രക്ഷിതാക്കളോ മറ്റു പിന്നാക്ക ജാതിയില്‍പെടുന്നവരോ ഹിന്ദുക്കളാണെന്ന് കരുതിയിരുന്നില്ലെന്നും പറയുന്നുണ്ട്.
ആഗസ്ത് 25ന് ഹൈദരബാദിലെ ആന്ധ്രപ്രദേശ് സെക്രട്ടറിയേറ്റിന് സമീപത്തെ ലുംബിനി പാര്‍ക്കിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിലും കോത്തി പ്രദേശത്തെ ഗോകുല്‍ ചാറ്റ് ഷോപ്പിലും സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ കാഞ്ച ഐലയ്യ തലശ്ശേരിയിലായിരുന്നു. അക്കാദമി ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇസ്‌ലാമിക് സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഹൈദരബാദ് സ്‌ഫോടനങ്ങളുടെ പശ്ചാതലത്തില്‍ 2007 ആഗസ്ത് 26ന് വര്‍ത്തമാനത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്:

? തുടക്കം ഹൈദരബാദ് സ്‌ഫോടനങ്ങളെ കുറിച്ച് തന്നെയാകട്ടെ. സ്‌ഫോടനങ്ങളെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
= ഹൈദരബാദ് സ്‌ഫോടനങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയി. ഹൈദരബാദില്‍ നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. നേരത്തെ ബി ജെ പി ഭരണകാലത്തും ഇവിടെ സ്‌ഫോടനമുണ്ടായിരുന്നു.

? മക്കാ മസ്ജിദിലും സ്‌ഫോടനമുണ്ടായിരുന്നല്ലോ. അതിനു പിന്നിലും മുസ്‌ലിം തീവ്രവാദി സംഘടനകളാണെന്നാണ് പറയപ്പെടുന്നത്.
= നേരത്തെ മക്കാ മസ്ജിദില്‍ ബോംബ് വെച്ചത് മുസ്‌ലിംകളാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, കേരളത്തിലേതു പോലെയല്ല ഹൈദരബാദിലേയോ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയോ മുസ്‌ലിംകളുടെ അവസ്ഥ. അവിടുത്തുകാര്‍ കേരളത്തിലെ മുസ്‌ലിംകളേക്കാള്‍ കടുത്ത യാഥാസ്ഥിതികരാണ്. അതുകൊണ്ട് തന്നെ മസ്ജിദില്‍ സ്‌ഫോടനം നടത്തുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ പൊലിസ് വളരെ വേഗത്തില്‍ നടപടികള്‍ എടുത്തിരുന്നു. മുസ്‌ലിം തീവ്രവാദികള്‍ എന്തിനാണ് മസ്ജിദില്‍ സ്‌ഫോടനമുണ്ടാക്കിയത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. മക്കാ മസ്ജിദില്‍ സ്‌ഫോടനം നടന്നപ്പോള്‍ ഹിന്ദു- മുസ്‌ലിം കലാപം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിപ്പോയി. ബി ജെ പിയും സംഘപരിവാര്‍ സംഘടനകളും കലാപത്തിന് കോപ്പ് കൂട്ടിയിരുന്നെങ്കിലും അത് പാളിപ്പോവുകയായിരുന്നു. ഇപ്പോഴുണ്ടായ സ്‌ഫോടനം മുതലെടുക്കാനാണ് ഇനി ഇത്തരം സംഘടനകള്‍ ശ്രമിക്കുക. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനു വേണ്ടി ഇത്തരം സംഭവങ്ങള്‍ ഉപയോഗപ്പെടുത്തി സംഘപരിവാരം പ്രചരണം നടത്തും.

? അങ്ങനെയെങ്കില്‍ ഇത്തരം സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ആരായിരിക്കും? അത് എങ്ങനെയാണ് കണ്ടെത്താനാവുക?
= മുസ്‌ലിംകളും ദലിതുകളും യോജിക്കാന്‍ കഴിയുന്ന മേഖലകളില്‍ പരസ്പരം സഹകരിച്ച് നീങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍ ആന്ധ്രപ്രദേശിലുള്ളത്. ഇങ്ങനെ പോയാല്‍ അധികാരം പോലും കൈയ്യാളാന്‍ കഴിയുന്ന വിധത്തിലേക്ക് ഇത് വളരും. ഒരുപക്ഷെ അത്തരമൊരു കാര്യത്തില്‍ അസഹിഷ്ണുതയുള്ള ആരെങ്കിലുമായിരിക്കും ഹൈദരബാദിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ഇത് ആരാണ് ചെയ്തതെന്ന് കണ്ടെത്തേണ്ടതുണ്ട്. ആന്ധ്രപ്രദേശില്‍ ഇപ്പോള്‍ നടക്കുന്ന ദലിത് പിന്നാക്ക മുസ്‌ലിം ഐക്യത്തിന് വെല്ലുവിളിയായിരിക്കും ഇത്തരം സ്‌ഫോടനങ്ങള്‍. ദലിതുകളും പിന്നാക്കക്കാരും കൊല്ലപ്പെടുകയും സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ മുസ്‌ലിംകളാണെന്ന് സംശയിക്കുകയും ചെയ്താല്‍ ഇത്തരം കൂട്ടായ്മകളെ അത് പ്രതികൂലമായി ബാധിക്കും. ഈ കാര്യങ്ങള്‍ മനസ്സിലാക്കി വേണം ഹൈദരബാദ് സ്‌ഫോടനത്തെ വിലയിരുത്താന്‍.

? ഇത്തരം സ്‌ഫോടനങ്ങള്‍ക്കു പിറകില്‍ മുസ്‌ലിം സംഘടനകളാണെങ്കില്‍ എന്തുചെയ്യാന്‍ കഴിയും?
= എന്റെ കാഴ്ചപ്പാടില്‍ മുസ്‌ലിം ബുദ്ധിജീവികള്‍ ഈ കാര്യത്തില്‍ കുറച്ചു കൂടി കാര്യക്ഷമത കാണിക്കണം. കാരണം രാജ്യത്ത് പലയിടങ്ങളിലായി സ്‌ഫോടനങ്ങള്‍ നടക്കുകയും അതെല്ലാം മുസ്‌ലിം നാമധാരികളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത മുസ്‌ലിം ബുദ്ധിജീവികള്‍ക്കുണ്ട്. സര്‍ക്കാറിന്റെ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ മുറപോലെ മുമ്പോട്ട് പോകട്ടെ. മുസ്‌ലിം ബുദ്ധിജീവികള്‍ക്ക് എന്തുകൊണ്ട് സമാന്തരമായി അന്വേഷണം നടത്തിക്കൂടാ. പ്രത്യേകമായ അന്വേഷണ സംഘത്തെ നിയോഗിച്ച് കാര്യങ്ങള്‍ പഠിക്കാനുള്ള ഉത്തരവാദിത്വം അവര്‍ പ്രകടിപ്പിക്കണം. സ്‌ഫോടനങ്ങളെ കുറിച്ച് പഠിക്കുകയും അതിന് പിന്നിലുള്ളവര്‍ ആരാണെന്ന് കണ്ടെത്തുകയും ചെയ്യണം. മുസ്‌ലിംകളല്ല ഇതിന് പിന്നിലെങ്കില്‍ അത് പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇനി മുസ്‌ലിം തീവ്രവാദി സംഘടനകളാണ് ഇവയ്ക്കു പിറകിലെങ്കില്‍ ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാനുള്ള ബാധ്യതയും മുസ്‌ലിം ബുദ്ധിജീവികള്‍ക്കുണ്ട്. തീവ്രവാദി സംഘങ്ങളുമായി സംസാരിക്കാനും അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും കഴിയണം. മാത്രമല്ല രാജ്യത്തുടനീളം സഞ്ചരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബോധവത്ക്കരണവും സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്യണം. മാത്രമല്ല തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തുന്നതിന് പകരം ജനാധിപത്യപരമായ രീതികള്‍ അവലംബിക്കുകയും വേണം.

? ഇന്ത്യയിലെ പുതിയ വിവാദം അമേരിക്കയുമായുള്ള 1 2 3 ആണവ കരാറിനെ കുറിച്ചാണ്.
= ഹൈദരബാദ് സ്‌ഫോടനങ്ങളെ വേണമെങ്കില്‍ ഈ കരാറുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഇന്ത്യയുടെ അമേരിക്കയുമായുള്ള ആണവ കരാറിന് എതിരേയുള്ള വികാരമായി ഹൈദരബാദ് സ്‌ഫോടനത്തെ ചിത്രീകരിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ കരാര്‍ ചര്‍ച്ചകളില്‍ നിന്നും ഇന്ത്യയുടെ ശ്രദ്ധതിരിക്കാനുള്ള അവസ്ഥയ്ക്കും സ്‌ഫോടനങ്ങള്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പ്രധാന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. കേന്ദ്രസര്‍ക്കാറിനെതിരെയുള്ള വികാരം പ്രകടിപ്പിക്കാന്‍ മികച്ച സ്ഥലമായി തീവ്രവാദികള്‍ ഹൈദരബാദിനെ തെരഞ്ഞെടുത്തെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, അതിനുമപ്പുറം സ്‌ഫോടനം നടത്തി കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

? താങ്കള്‍ എങ്ങനെയാണ് ആണവകരാറിനെ കാണുന്നത്?
= ഇന്ത്യ അമേരിക്കയുമായി 1 2 3 കരാറില്‍ ഒപ്പിടുന്നത് സ്വമേധയാ അല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആരുടേയോ സമ്മര്‍ദ്ധ ഫലമായാണ് ഇതിന് തുനിഞ്ഞിട്ടുള്ളത്. കുറേ കടലാസുകള്‍ മുമ്പില്‍ വെച്ച് ഭീഷണിപ്പെടുത്തി അതിലൊപ്പിട്, ഇതിലൊപ്പിട് എന്ന രീതിയിലാണെന്നു തോന്നുന്നു ഇപ്പോഴത്തെ ഇന്ത്യന്‍ അവസ്ഥ. ഒരുപക്ഷേ ഇന്ത്യന്‍ ഭരണാധികാരികള്‍ ചില കാര്യങ്ങളില്‍ ആരെയൊക്കെയോ ഭയപ്പെടുന്നുണ്ടാകാം.

? താങ്കള്‍ ഹിന്ദുത്വത്തെ വല്ലാതെ വിമര്‍ശിക്കുന്നുണ്ടല്ലോ?
= ഞാന്‍ ഹിന്ദുത്വത്തെ വെറുക്കുന്നുണ്ട്. ഹിന്ദുത്വം ഞങ്ങളുടേതല്ല. ഞങ്ങള്‍ക്കെതിരാണത്. ഞങ്ങള്‍ ഹിന്ദുക്കളായാല്‍ ബ്രാഹ്മണന്‍മാര്‍ മതഗ്രന്ഥങ്ങള്‍ മാറ്റുമെന്നും ഞങ്ങളുടെ ഭക്ഷണ രീതിയിലും ദൈവത്തിലും ദൈവവിശ്വാസത്തിലും മാറ്റങ്ങള്‍ വരുത്തുമെന്നും ഉറപ്പാണ്. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ നോക്കൂ. അവര്‍ ആയുധങ്ങള്‍ ധരിച്ചിട്ടുണ്ട്. ഞങ്ങള്‍ വായിച്ചറിഞ്ഞിട്ടുള്ളത് ഹിന്ദു ദൈവങ്ങള്‍ ഞങ്ങളുടെ പൂര്‍വ്വികരെ വധിച്ചിട്ടുണ്ടെന്നാണ്. ഞാനെങ്ങനെയാണ് കൊലയാളികളെ പ്രകീര്‍ത്തിക്കുക. ഇതെന്തൊരു മതമാണ്. ഇവിടെ പ്രധാനപ്പെട്ട് മൂന്ന് മതങ്ങളുണ്ട്- ബുദ്ധ, ക്രൈസ്തവ, ഇസ്‌ലാം. ഈ മതങ്ങളെല്ലാം പ്രവാചകന്മാരിലൂടേയും അവരുടെ സമൂഹത്തിനു വേണ്ടിയുള്ള സഹനത്തിലൂടേയുമാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ഈ മതങ്ങളൊന്നും അവരുടെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ദൈവത്തിന്റെ കാലില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. എന്റെ കാഴ്ചപ്പാടില്‍ ഹിന്ദുത്വം മതമല്ല. മതമെന്നാല്‍ ഉയര്‍ന്ന സാമൂഹികമായ ശക്തി പ്രദാനം ചെയ്യുന്നതായിരിക്കണം. ഹിന്ദുത്വത്തില്‍ ദൈവികമായ യാതൊന്നുമില്ല. ബ്രാഹ്മണന്‍മാരും ബനിയകളും ക്ഷത്രിയന്മാരുമൊക്കെ ആരാധിക്കുന്നത് ആക്രമണോത്സുകതയുള്ള ദൈവങ്ങളെയാണ്. അതാകട്ടെ ശൂദ്രന്മാര്‍ക്കും ചണ്ഡാളന്മാര്‍ക്കും ആദിവാസികള്‍ക്കുമൊക്കെ എതിരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും. ഹിന്ദുത്വം വെറും ആരാധനാ സമ്പ്രദായത്തിനപ്പുറം ഒരു മതമാണെങ്കില്‍ അതിന് ജനങ്ങള്‍ക്കെല്ലാം തുല്യാവകാശം നല്കുന്ന വേദഗ്രന്ഥം വേണം. നാല് ജാതികള്‍ സൃഷ്ടിച്ചെന്ന് പറയുന്ന ഭഗവത്ഗീത തുല്യാവകാശം നല്കുന്നില്ലല്ലോ. പിന്നാക്ക ഹിന്ദുക്കള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളാണെന്ന് വിശ്വസിക്കുന്നില്ല. ഋഗ്വേദത്തിന്റേയും ഭഗവത്ഗീതയുടേയും അടിസ്ഥാനത്തില്‍ ശുദ്രന്മാര്‍ ദൈവത്തിന്റെ കാലില്‍ നിന്നും ബ്രാഹ്മണന്‍മാര്‍ തലയില്‍ നിന്നുമാണ് ഉണ്ടായത്. എന്റെ വിശ്വാസ പ്രകാരം വേദങ്ങള്‍ ദൈവികമല്ല, ബ്രാഹ്മണര്‍ സൃഷ്ടിച്ചതാണത്.

? ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ അവസ്ഥ എന്താണ്?
= ഇന്ത്യയിലോ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലോ ഹിന്ദുത്വം വളരുന്നില്ല. അത് മരിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വര്‍ധിച്ചു വരികയാണ്. അതിന് ഒരു പ്രധാന കാരണം ഹിന്ദുത്വത്തിലെ ജാതിയതയാണ്. മുസ്‌ലിംകള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാം വളരുന്നുണ്ടെങ്കിലും മറ്റു പലയിടങ്ങളിലും അത് നില്‍ക്കുന്നിടത്തു തന്നെയാണുള്ളത്. ക്രിസ്ത്യാനിറ്റി വ്യാപിക്കുന്നിടത്ത് ഇസ്‌ലാം വളരുന്നില്ല. ആഗോളാടിസ്ഥാനത്തില്‍ ഇസ്‌ലാം ഇത്തരമൊരു അവസ്ഥ അഭിമുഖീകരിക്കുന്നുണ്ട്.

? ഇന്ത്യന്‍ മുസ്‌ലിംകളെ പൊതുവെ എങ്ങനെ വിലയിരുത്തുന്നു?
= മുസ്‌ലിംകള്‍ മറ്റു പലകാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തുകൊണ്ട് അവര്‍ക്ക് തങ്ങളുടെ മതത്തിലെ ശാസ്ത്രീയ തത്വങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൂടാ. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ എയ്ഡ്‌സ് തീര്‍ത്തും കുറവാണ്. മുസ്‌ലിംകള്‍ക്കിടയിലെ സുന്നത്ത് കര്‍മ്മമാണ് അതിന് പ്രധാന കാരണം. എല്ലാ മത- ജാതി വിഭാഗങ്ങളും പിന്തുടരേണ്ട ഒരു ശാസ്ത്രീയ കാര്യമാണ് ലിംഗഛേദം. പലപ്പോഴും മുസ്‌ലിംകളെ ഇതിന്റെ പേരില്‍ മറ്റുള്ളവര്‍ ആക്ഷേപിക്കാറുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയത അവരാരും തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് സത്യം. മതത്തിലുള്ള കാര്യങ്ങള്‍ സമൂഹവുമായി പങ്ക് വെക്കാന്‍ ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

? ഇന്ത്യയിലെ പിന്നാക്കക്കാരിലെ വിദ്യാഭ്യാസത്തെ കുറിച്ച്?
= പിന്നാക്ക വിഭാഗങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഇംഗ്ലീഷ് പഠിച്ച് തങ്ങളുടെ നില ഭദ്രമാക്കുക എന്നതാണ്. പ്രാദേശിക ഭാഷകള്‍ മരിക്കുകയോ ജീവിക്കുകയോ ചെയ്യട്ടെ. ഇംഗ്ലീഷാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ് പറയുന്നവര്‍ക്ക് എല്ലായിടത്തും വിലയുണ്ട്. മുസ്‌ലിംകളുടെ മദ്‌റസകളും മറ്റും ഇത്തരം പഠനങ്ങള്‍ക്കു കൂടി ഉപയോഗിക്കേണം.

? പൊലിസ് സേനയിലും അതുപോലുള്ള തന്ത്രപ്രധാനമായ മേഖലകളിലും പിന്നാക്കക്കാരുടെ അഭാവമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുള്ളതെന്ന് പറയാറുണ്ട്. താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
= പൊലിസ് സേനയിലും അതുപോലുള്ളവയിലും ഹിന്ദുത്വത്തിന്റെ പ്രതിനിധികള്‍ക്ക് നല്ല സ്വാധീനമുണ്ട്. ഈയ്യിടെ അറിഞ്ഞ ഒരു വാര്‍ത്ത തൃച്ചിയിലെ ഒരു പൊലിസ് സൂപ്രണ്ടിനെ കുറിച്ചാണ്. ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള തിരച്ചില്‍ ശക്തമാക്കിയ അദ്ദേഹം മികച്ച പൊലിസ് ഓഫിസറെന്ന പേര് സമ്പാദിച്ചിരുന്നത്രെ. തൃച്ചിയിലെ ഒരിടത്തു നിന്നും അദ്ദേഹം 10 കാറുകളിലായി സൂക്ഷിച്ച ആയുധങ്ങള്‍ റെയിഡിനിടയില്‍ കണ്ടെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ഒടുവിലാണ് കണ്ടെത്തിയത് അദ്ദേഹം തന്നെയാണ് പ്രസ്തുത ഓപ്പറേഷനു വേണ്ടി ആളുകളെ ഏര്‍പ്പാട് ചെയ്ത് കാറുകള്‍ എത്തിച്ചതെന്ന്. അത്രയും നിഗൂഢമായും നീചമനസ്സോടെയുമാണ് ഇന്ത്യയിലെ പല പൊലിസ് ഓഫിസര്‍മാരും പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ നിന്ന് എങ്ങനെയാണ് നീതി പ്രതീക്ഷിക്കാനാവുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍