പാട്ടുകള്‍ പാടി, കടലുകള്‍ താണ്ടി ജൊവാനലീന്‍


ആദ്യനോട്ടത്തില്‍ മലയാള ചലച്ചിത്ര താരം കല്‍പ്പനയെ ഓര്‍മ്മവരും, പക്ഷേ, പേര് കേട്ടാല്‍ മലയാളിയുടെ നാവിന് അത്ര പെട്ടെന്നൊന്നും വഴങ്ങുകയുമില്ല- ഫിലിപ്പിനോ സ്വദേശി ജൊവാനലീന്‍ അന്റോണിയോ ബറൂസോ എന്ന് നാവു വടിച്ചാലും ഇല്ലെങ്കിലും കുറച്ചു കഷ്ടപ്പെട്ടാലേ മലയാളിക്ക് പറയാനാവു.
അല്‍ ഖോര്‍ ബലദ്‌ന പാര്‍ക്കാണ് ജൊവാനിന്റെ ഇപ്പോഴത്തെ കര്‍മകേന്ദ്രം. ബലദ്‌നയിലെ പ്രോഗ്രാം കോര്‍ഡിനേറ്ററാണ് അവര്‍. കുറച്ചു നാളുകളിനി ഖത്തറിലുണ്ടാവും ജൊവാന്‍.
നാല്‍പ്പതുകാരിയായ ജൊവാനലീനെ കുറിച്ച് പറയാന്‍ എന്താണ് വിശേഷമെന്ന് തോന്നിയേക്കാം. ഖത്തറിലെത്തുന്നതിന് മുമ്പുള്ള ഒരു വ്യാഴവട്ടക്കാലം ലോകം ചുറ്റുകയായിരുന്നു അവര്‍. ഇക്കാലത്തിനിടയില്‍ ലോകത്തിലെ 156 രാജ്യങ്ങളാണ് അവര്‍ കണ്ടുതീര്‍ത്തത്. വെറുതെ കാണുകയായിരുന്നില്ല, കടലില്‍ പാട്ടുപാടി, രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സംഗീത സാന്ദ്രമായ പന്ത്രണ്ടു വര്‍ഷങ്ങള്‍ അവര്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
ഏഴ് വന്‍കരകളിലൂടേയും രാജ്യങ്ങളിലൂടെ സഞ്ചരിച്ച ജൊവാനലീന്‍ കടലില്‍ സ്വപ്‌നത്തിലെന്നപോലെ പാട്ടുപാടി യാത്ര പോവുകയായിരുന്നു. വലിയ വിനോദ യാത്രാ കപ്പലുകളിലെ ഗായക സംഘമായിരുന്നു ജൊവാനലിന്റെ കുടുംബം. അച്ഛനും അമ്മയും സഹോദരനുമെല്ലാം സംഗീത ലോകത്തുള്ളവര്‍. അതുകൊണ്ടുതന്നെ ജൊവാന്റെ ചെറുപ്പവും സംഗീത സാന്ദ്രമായിരുന്നു. പാട്ടുപഠിച്ചില്ലെങ്കിലും സംഗീതം രക്തത്തിലുണ്ടായിരുന്നു. ഇംഗ്ലീഷ് ഗാനങ്ങളിലൂടെയാണ് താന്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചതെന്ന് ജൊവാന്‍ പറയുന്നു.
ഇംഗ്ലീഷ് ഗാനങ്ങളധികവും പഴയ പാട്ടുകളാണ് ജൊവാന്റെ ചുണ്ടില്‍ തത്തിക്കളിക്കുന്നത്. കാരണം, വിനോദ യാത്രാ കപ്പലുകളില്‍ ഭൂരിപക്ഷവും പ്രായമായവരായിരുന്നു ഉണ്ടാകാറുള്ളത്.
കുടുംബ ബാന്റിനോടൊപ്പം കപ്പലില്‍. കൂടെ പിയാനോ വായിക്കാന്‍ അച്ഛന്‍ ഹൊണോറാറ്റോ ബറുസോ ജൂനിയര്‍, അമ്മ ഫ്‌ളോറിന്‍ ബറൂസോ, ഗിറ്റാറും ഡ്രമ്മുമായി സഹോദരങ്ങള്‍ ജുവാല്‍ ബറൂസോയും ജാക്ക് റയാന്‍ ബറൂസോയും- കുടുംബം മുഴുവന്‍ കപ്പലില്‍. ജൊവാനലീനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പണവും സൗകര്യങ്ങളും ഇഷ്ടം പോലെ കിട്ടും, പക്ഷേ, കരയും നാടും കാണാന്‍ പ്രയാസമായിരിക്കും.
ലോകരാജ്യങ്ങളിലെ നിരവധി ഭരണാധികാരികള്‍ ഉള്‍പ്പെടെ പ്രമുഖരില്‍ പലരേയും ജൊവാനലീന്‍ അടുത്തുകണ്ടത് വിനോദ യാത്ര കപ്പലിലാണ്. പക്ഷേ, അവരുടെ സ്വകാര്യത മാനിക്കേണ്ടതുള്ളതുകൊണ്ട് പേരുകളൊന്നും വെളിപ്പെടുത്തുന്നില്ലെന്ന് അവര്‍.
കപ്പല്‍ കാലത്തായിരുന്നു ജൊവാനലീനിന്റെ വിവാഹം. തായ്‌ലന്റ് സ്വദേശിയുമായ വൈവാഹിക ജീവിതം നീണ്ടുനിന്നത് കേവലം രണ്ടാഴ്ച മാത്രം. പക്ഷേ, അതിലൊരു പെണ്‍കുഞ്ഞിനെ കിട്ടി- ഇപ്പോള്‍ ഫിലിപ്പൈന്‍സില്‍ ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുന്ന മകള്‍ ആഞ്ചലിക്ക മാക് ലെക്‌സുവാത്.
തന്റെ ആദ്യ ഭര്‍ത്താവുമായി ജൊവാനലീന്‍ പിരിഞ്ഞെങ്കിലും മകള്‍ അച്ഛനെ കാണാന്‍ ഇടയ്ക്ക് തായ്‌ലന്റിലേക്ക് പോകാറുണ്ടെന്ന് അവര്‍ പറഞ്ഞു.


യാത്രയുടെ തോഴി


ജീവിതം യാത്രയാണെന്ന് ജൊവാന്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം കപ്പലിലായിരുന്നതിനാല്‍ യാത്രയിലുള്ള ജീവിതത്തെ കുറിച്ച് അവര്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. പാട്ടുകാരിയായി കപ്പലിലെത്തിയതോടെ കടലും തിരകളും കടല്‍ക്കോളും കാറ്റുമെല്ലാം ജീവിതത്തിന്റെ ഭാഗമായി.
നല്ല കാലാവസ്ഥയുള്ള കാലങ്ങളിലാണ് വിനോദ സഞ്ചാര കപ്പലുകള്‍ യാത്ര ചെയ്യുക. പക്ഷേ, ചിലപ്പോഴെങ്കിലും കടല്‍ ക്ഷോഭത്തിലും കടലിന്റെ ഭയാനകതയിലും അവര്‍ പെട്ടുപോകാതിരിക്കാറില്ല. ഒരിക്കല്‍ ആസ്‌ത്രേലിയന്‍ സന്ദര്‍ശനത്തിനിടെയാണ് വലിയ കാറ്റ് വന്ന് കപ്പലിനെ വലിച്ചു നീക്കിയത്. ആഞ്ഞുവീശിയ ചുഴലിക്കാറ്റ് സഞ്ചാര ദിശയില്‍ നിന്നും കിലോമീറ്ററുകള്‍ നീക്കി കപ്പലിനെ സിഡ്‌നി തുറമുഖത്തെത്തിച്ചു. അന്ന് മരണത്തെ മുന്നില്‍ കണ്ടതായി അവര്‍ ഓര്‍ക്കുന്നു. കപ്പലില്‍ സൂക്ഷിച്ച ഗ്ലാസും പ്ലേറ്റുമെല്ലാം തലകുത്തി നിലത്തേക്ക് വീണു, ഗ്ലാസ് ഡോറുകളും ജനലുകളും തകര്‍ന്നു തരിപ്പണമായി, ആടിയുലഞ്ഞ കപ്പലില്‍ ആളുകള്‍ തലകുത്തി വീണു; കപ്പലിനും  കേടുപാടുകള്‍ സംഭവിച്ചു- എങ്കിലും അതൊരു അനുഭവമായിരുന്നുവെന്ന് ഇപ്പോഴവര്‍ പിറകോട്ടേക്ക് നോക്കി ചിരിച്ചുകൊണ്ട് പറയുന്നു.
ചുഴലിക്കാറ്റിന്റെ ഭയാനകത അനുഭവിച്ചപ്പോഴും തൊട്ടിലാട്ടുന്ന കുഞ്ഞിനെ പോലെ എന്നാണ് ജൊവാനലീന്‍ അതിനെ കുറിച്ച് പറയുന്നത്. പ്രകൃതി അമ്മയാണെങ്കില്‍ ജൊവാനിന്റെ കപ്പല്‍ തൊട്ടിലായിരുന്നു, അതില്‍ കിടന്നാടുന്ന കുട്ടിയായി മാറി ജൊവാന്‍. ജീവിതത്തേയും അനുഭവങ്ങളേയും സ്വപ്‌നങ്ങളേയുമെല്ലാം പ്രകൃതിയുമായി കൂട്ടിയോജിപ്പിച്ചു കാണാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. അനുഭവങ്ങളുടെ കടല്‍ ഹൃദയത്തില്‍ താങ്ങുന്നതുകൊണ്ടാവണം, ജൊവാനിന് ഇപ്പോഴും കാര്യങ്ങളെയെല്ലാം എളുപ്പത്തില്‍ കാണാനാവുന്നത്.

'വനിതാ മഗല്ലന്‍'


മാതൃഭാഷയായ തഗലോഗിന് പുറമേ ഇംഗ്ലീഷും തായി ഭാഷയും സംസാരിക്കാനാവുന്ന ജൊവാനലീന്‍ ആറോ ഏഴോ തവണ ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. ആദ്യമായി ലോകം ചുറ്റി സഞ്ചരിച്ച മഗല്ലനെ പോലെ ജൊവാനലീനും കടലാഴങ്ങളെ പ്രണയിച്ച് ലോകം ചുറ്റി- രാത്രിയുടെ കടുത്ത ഇരുളില്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി മഗല്ലന്‍ ഉറക്കെപ്പാടിയോ എന്നറിയില്ല. എന്നാല്‍ ജൊവാനലീന്‍ ആകാശത്തെ മാത്രമല്ല, ഭൂമിയിലെ നക്ഷത്രങ്ങളെ നോക്കിയും പാട്ടുകള്‍ പാടി. ഒരേപാട്ട് പലര്‍ക്കുവേണ്ടിയും പല തവണ പാടി.

കപ്പലിലെ പാട്ടുകള്‍


വൈകുന്നേരങ്ങളിലാണ് ജൊവാനും കുടുംബവും സംഗീതവുമായി കപ്പലിലെ വേദിയിലെത്തുക. വൈകിട്ട് അഞ്ചര മുതല്‍ ഏഴര മണി വരെ കോക്ടെയില്‍ മ്യൂസിക്കാണ് അവതരിപ്പിക്കുക. പിന്നെ രണ്ടര മണിക്കൂര്‍ നിശ്ശബ്ദം. വിനോദ യാത്രികര്‍ക്ക് അവരുടേതായ ആസ്വാദനങ്ങളില്‍ മുഴുകാം. രാത്രി ഒന്‍പതരയ്ക്ക് വീണ്ടും സംഗീതം ആരംഭിക്കും. പാര്‍ട്ടി മ്യൂസിക്ക് എന്നാണ് അതിന് പേര് നല്കിയിരിക്കുന്നത്. അര്‍ധരാത്രി വരെ തുടരുന്ന പാര്‍ട്ടി മ്യൂസിക്കില്‍ അതിഥികളുടെ സൗകര്യത്തിനും ഇഷ്ടത്തിനുമനുസരിച്ച് നിരവധി പാട്ടുകള്‍ പാടും.
ഈ സമയത്താണ് അതിഥികളില്‍ പലരേയും പരിചയപ്പെടുക. വിവിധ തരക്കാരും തലത്തിലുള്ളവരുമായ അതിഥികളെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ജൊവാന്‍ കണ്ടിട്ടുണ്ട്. ചില അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അവര്‍ തന്നെ ചിരിക്കുന്നുണ്ട്, മറ്റു ചിലതിന് അവര്‍ക്ക് ചമ്മലുണ്ടാവുന്നുണ്ട്, വേറെ ചിലതാകട്ടെ അവര്‍ക്കു തന്നെ പറയാന്‍ ലജ്ജയുമുണ്ട്.
കപ്പലിലെ സംഗീത ജോലിയായതിനാല്‍  മദ്യത്തില്‍ നീന്തിത്തുടിക്കാനാവുമെന്നാണ് അവര്‍ പറയുന്നത്. തനിക്കും കപ്പല്‍ സംഘത്തിനും മാത്രമല്ല, യാത്രക്കാര്‍ക്കും അങ്ങനെയൊക്കെയാവാനാവും. പക്ഷേ, മദ്യവും പുകവലിയൊമൊന്നും ഒരിക്കല്‍ പോലും പരീക്ഷിച്ചു നോക്കാന്‍ ജൊവാന്‍ തയ്യാറായിട്ടില്ല. അതൊന്നും ശരിയല്ലെന്നാണ് ജൊവാന്റെ പക്ഷം. മാത്രമല്ല, മദ്യം ഉപയോഗിക്കുന്നു  എന്നതാണ് ആദ്യ ഭര്‍ത്താവുമായി തെറ്റിപ്പിരിയാനുണ്ടായ പ്രധാന കാരണം. പിന്നീട് ഏഴ് വര്‍ഷം ബോയ്ഫ്രണ്ടായിരുന്നയാളേയും മദ്യ സേവയുടെ വിവരമറിഞ്ഞതോടെ ജൊവാന് ഉപേക്ഷിക്കേണ്ടി വന്നു. അയാളുമായി വിവാഹം ഉറപ്പിച്ചിരിക്കെയായിരുന്നു തെറ്റിപ്പിരിയല്‍. അക്കാലമാണ് ജൊവാനെ കടലില്‍ നിന്നും കരയിലേക്കൊരു ചുവടുമാറ്റത്തിന് പ്രേരിപ്പിച്ചത്. അല്ലായിരുന്നുവെങ്കില്‍ താന്‍ കടലില്‍ ചാടി ചത്തുപോയേനെയെന്ന് അവര്‍ പറയുന്നു. ബന്ധം പിരിഞ്ഞതോടെ മാനസികമായി ഏറെ പ്രയാസപ്പെട്ടതോടെ അമ്മയോട് പറയുകയായിരുന്നു, തനിക്കൊരു മാറ്റം വേണമെന്ന്. അങ്ങനെയാണ് ജൊവാന്‍ ജോലിയുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയത്.

കപ്പല്‍ കാഴ്ചകളിലേക്കൊരു ജാലകം


വിവിധ തരക്കാരായ അതിഥികള്‍ക്ക് മുമ്പിലാണ് ജൊവാനും സംഘത്തിനും ഗാനങ്ങള്‍ അവതരിപ്പിക്കേണ്ടി വരിക. മുമ്പിലുള്ളവര്‍ ആരാണെന്നതല്ല, തന്റെ ഗാനം മനോഹരമായിരിക്കണം എന്നതിലായിരുന്നു ജൊവാന്റെ ശ്രദ്ധ. ലോകപ്രശസ്തരായ വ്യക്തികളും ഭരണാധികാരികലും രാജകുടുംബങ്ങളുമെല്ലാം ഇത്തരത്തില്‍ ജൊവാന്റെ പാട്ടുകള്‍ കേട്ടിട്ടുണ്ടാകണം. ഒരാഴ്ച യാത്രയ്ക്ക് ഇരുപതിനായിരം ഡോളര്‍ വരെ വിനോദ സഞ്ചാര കപ്പലുകള്‍ ഈടാക്കാറുണ്ട്. അത്തരത്തില്‍ തുക മുടക്കാനാവുന്നവരാണ് തനിക്കു മുമ്പില്‍ ഇരിക്കുന്നതെന്ന ബോധ്യവും ജൊവാനലീന് ഉണ്ടായിരുന്നു.
കടല്‍പോലെ തന്നെയാണ് കപ്പല്‍ ജീവിതവും. അനുഭവങ്ങളുടെ വലിയ തിരമാലകളും ഒഴുകിപ്പോകുന്ന കൂറ്റന്‍ മഞ്ഞുകട്ടകളുമെല്ലാം കപ്പലോട്ടക്കാരിലുമുണ്ടാകും.
ഒരിക്കല്‍ കപ്പല്‍ വാടകയ്‌ക്കെടുത്ത 'ഷൂസ് ഒണ്‍ലി ക്രൂസി'ന്റെ കഥ രസകരമായിരുന്നു. ഒരു രാവിലെ ഉറക്കമുണര്‍ന്ന് തന്റെ മുറിക്കു പുറത്തിറങ്ങിയ ജൊവാന്‍ ഞെട്ടലോടെ ഇരുകണ്ണുകളും ഇറുക്കിയടച്ച് മുറിയിലേക്ക് തന്നെ ഓടിക്കയറി. അച്ഛനെ ടെലിഫോണില്‍ വിളിച്ചു: 'പപ്പാ, എന്താണിത്, കപ്പലിലുള്ളവരാരും ഉടുതുണിയിട്ടിട്ടില്ലല്ലോ.' ജൊവാന്റെ പപ്പ ഹൊണൊറാറ്റോ ബറൂസോ ജൂനിയര്‍ ഞെട്ടി!. മോളേ, ഞാനൊന്ന് കപ്പിത്താനെ വിളിച്ചു നോക്കട്ടെയെന്ന മറുപടി നല്കി ഫോണ്‍ വെച്ചു. സംഭവം രസകരമായിരുന്നു. ഒരാഴ്ചത്തേക്ക് കപ്പല്‍ വാടകക്കെടുത്തിരുന്നത് ഒരു സംഘമായിരുന്നു- ഷൂസ് ഒണ്‍ലി ക്രൂസ് എന്ന പേരിലുള്ള സംഘം. സമൂഹത്തിന്റെ ഉന്നത നിലകളില്‍ ജോലിയും ശമ്പളവുമുള്ള സംഘം. എത്ര പണം വേണമെങ്കിലും വാരിയെറിയാനുള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് സാധാരണ തുകയുടെ മൂന്നിരട്ടി കൊടുത്ത് അവര്‍ കപ്പല്‍ വാടകയ്‌ക്കെടുത്തത്.  വസ്ത്രം ധരിക്കാതിരിക്കുക എന്നതാണ് അവരുടെ സംഘടനയുടെ പ്രധാന 'ഹോബി'. കേവലം പാദരക്ഷകള്‍ മാത്രമാണ് അവര്‍ അണിയുക. ആണായാലും പെണ്ണായാലും ഷൂസിന്റെ മറയല്ലാതെ ശരീരത്തില്‍ മറ്റൊന്നുമുണ്ടാവില്ല. പിറന്നപടി എന്ന് അതിനെ വിശേഷിപ്പിക്കാമോ എന്നറിയില്ല.
കപ്പിത്താന്‍ പറഞ്ഞ വിവരമറിഞ്ഞപ്പോള്‍ ഇത്തവണ ജൊവനലീന്‍ ഇരട്ട ഞെട്ടലിലേക്ക് വീണു. കപ്പലിലെ യാത്രക്കാര്‍ എങ്ങനെയെങ്കിലു നടക്കട്ടെ. തനിക്കവരെ പരിഗണിക്കേണ്ടതില്ല, പക്ഷേ, വൈകിട്ടെങ്ങനെ പാട്ടുപാടും? അവരുടെ നേരെ നഗ്നശരീരത്തിലേക്ക് നോക്കി തനിക്ക് പാടാനാവില്ലെന്ന് ജൊവാനലീന് അറിയാമായിരുന്നു. പിന്നൊന്നും ആലോചിച്ചില്ല, കറുത്ത കട്ടിക്കണ്ണട തന്റെ മുഖത്ത് ഫിറ്റു ചെയ്തു അവര്‍. വൈകിട്ട് കാഴ്ചക്കാരെ നോക്കി പാട്ടുപാടേണ്ടിയിരുന്ന ജൊവാന്‍ മുഖത്ത് കറുത്ത ഗ്ലാസും ഫിറ്റ് ചെയ്ത് അരികിലേക്ക് തന്റെ മുഖവും ശരീരവും തിരിച്ച് യാത്രക്കാരിലേക്ക് നോക്കാതെ പാട്ടു പൂര്‍ത്തിയാക്കി. അച്ഛനും സഹോദരങ്ങളുമെല്ലാം സംഗീതോപകരണങ്ങളില്‍ വിരലുകള്‍പായിക്കുമ്പോള്‍ ആരേയും നോക്കാതെ ജൊവാന് തന്റെ കര്‍മം പൂര്‍ത്തിയാക്കേണ്ടി വന്നു. അന്നത്തെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ചമ്മിയ ചിരിയുണ്ട് ജൊവാനലീന്റെ മുഖത്ത്.
ഷൂസ് ഒണ്‍ലി ക്രൂസ് മാത്രമല്ല, സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീകളും പുരുഷന്മാരുമെല്ലാം ഇത്തരത്തില്‍ കപ്പല്‍ യാത്രക്കാരിലെത്താറുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ ഹൃദയ വിശാലതയുള്ളവരാണെങ്കില്‍ സ്ത്രീകള്‍ അസൂയയുടെ അങ്ങേയറ്റത്തുള്ളവരായിരിക്കുമെന്നാണ് ജൊവാന്റെ അഭിപ്രായം.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ജൊവാന് തോന്നിയത് നോര്‍വേയാണ്. സുരക്ഷിതത്വം ആവോളമുണ്ടെങ്കിലും ചെലവേറിയ രാജ്യം കൂടിയാണ് നോര്‍വേയെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രകൃതിയുടെ കരീബീയന്‍ സൗന്ദര്യം


കടലായ കടലുകളും ലോകത്തിലെ വിവിധ ഭാഗങ്ങളും പല തവണ കണ്ടിട്ടുണ്ടെങ്കിലും ജൊവാനലീന് ഏറ്റവും ഇഷ്ടം കരീബിയന്‍ ദ്വീപുകളാണ്. അവിടെയെത്തിയാലാണത്രെ പ്രകൃതിയുടെ സ്വച്ഛന്ദത ശരിക്കും അനുഭവിക്കാനാവുക. ലോകം ഇത്രയേറെ വികസിച്ചെന്ന് വീമ്പിളക്കുമ്പോഴും കരീബിയന്‍ ദ്വീപുകളെ അതിനൊന്ന് തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല. നീലജലാശയത്തില്‍ എന്ന മലയാള കവി ഭാവനപോലെ തെളിഞ്ഞ നീലജലം- കടലിന്റെ അടിത്തട്ടുവരെ സുന്ദരമായി കാണാനാവുമെന്നാണ് ജൊവനലീനിന്റെ പക്ഷം. സുന്ദരമായ കാറ്റും മനോഹരമായ പ്രകൃതിയും ജീവിത സായന്തനങ്ങളെ മനോഹരമാക്കുമെന്നാണ് ജൊവാനലീന്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ റിട്ടയര്‍മെന്റ് കാലത്തോടെ കരീബിയന്‍ ദ്വീപുകളിലേക്ക് ജീവിതം പറിച്ചു നടണമെന്നും അവര്‍ ആഗ്രഹിക്കുന്നു. വിശാലമായ കടല്‍ത്തീരത്ത് മലര്‍ന്നുകിടന്ന് ആകാശം നോക്കി, നക്ഷത്രങ്ങളെയുമെണ്ണി നല്ല വായു ശ്വസിച്ച് ജീവിക്കാമെന്ന് അവര്‍ സ്വപ്‌നം കാണുന്നു.
കരീബിയന്‍ ദ്വീപുകളില്‍ ഇപ്പോഴും പരമ്പരാഗത രീതിയിലുള്ള ജീവിതമാണ് ആളുകള്‍ നയിക്കുന്നത്. ആദിവാസി ജീവിതം- വൈദ്യുതിയില്ല, മൊബൈല്‍ ഫോണുകളില്ല, സാങ്കേതിക സൗകര്യങ്ങളുടെ കടപ്പാടുകളും കഷ്ടപ്പാടുകളുമൊന്നുമില്ല. കടല്‍ പോലെ ജീവിതവും സ്വച്ഛന്ദം!

ലോകം ചുറ്റി; ഇന്ത്യ മാത്രം കണ്ടില്ല

ശ്രീലങ്കയില്‍ ഉള്‍പ്പെടെ യാത്ര ചെയ്‌തെങ്കിലും ഇന്ത്യയില്‍ ഇന്നോളം കാലുകുത്തിയിട്ടില്ല ജൊവാനലീന്‍ അന്റോണിയോ ബറൂസോ. ഇന്ത്യയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്, താജ് മഹല്‍ കാണണമെന്ന് അതിയായ ആഗ്രഹവുമുണ്ട്. പക്ഷേ, ഇതുവരേയും അതിന് സാധിച്ചിട്ടില്ല. ഖത്തറിലെ ജോലിക്കാലം പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും കപ്പലിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്ന ജൊവാന് ആ തവണയെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാനാവുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിച്ചത്.
ഇന്ത്യ കണ്ടിട്ടില്ലെങ്കിലും ഇന്ത്യക്കാരെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് അവര്‍ മനസ്സില്‍ കാത്തുസൂക്ഷിക്കുന്നത്. ചെറുപ്പത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി 'മിസ് ഇന്ത്യ'യുടെ വേഷമിട്ടിട്ടുണ്ട് അവര്‍. സാരിയുടുത്ത്, നെറ്റിയില്‍ വലിയ പൊട്ടുതൊട്ട് താന്‍ മിസ് ഇന്ത്യയായിരുന്നുവെന്ന് പറയുമ്പോള്‍ ജൊവാന്റെ കണ്ണുകളില്‍ തിളക്കം. തന്റെ കൂട്ടുകാരികളില്‍ പലരും വിവിധ രാജ്യങ്ങളിലെ സുന്ദരിമാരെ അവതരിപ്പിച്ചപ്പോള്‍ ജൊവാന്‍ സുന്ദരിയായ ഇന്ത്യക്കാരിയായി.
സൗന്ദര്യത്തിന്റെ ഏറ്റവും പൂര്‍ണ്ണമായ രൂപമാണ് ഇന്ത്യന്‍ വനിതകളുടേത് എന്ന അഭിപ്രായക്കാരിയാണ് ജൊവാന്‍. കളിപ്പാവകളുടെ രൂപമാണത്രെ ഇന്ത്യന്‍ സുന്ദരികളുടെ മുഖത്തിന്. സ്ത്രീകളെ മാത്രമല്ല, ഇന്ത്യന്‍ പുരുഷന്മാരെ കുറിച്ചും നല്ല അഭിപ്രായക്കാരിയാണ് ജൊവാന്‍. ഇന്ത്യന്‍ പുരുഷന്മാര്‍ ആകര്‍ഷണീയത ഏറെയുള്ളവരാണെന്ന തോന്നലുണ്ട് അവര്‍ക്ക്.



https://www.qatarsamakalikam.com/single-post/2018/01/10/cruise-life

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍