വായനയുടെ അറേബ്യന്‍ സുഗന്ധം


മിന ഹിഷാമിന്റെ ഊദ് അവസാന പുറവും വായിച്ചു തീരുമ്പോള്‍ ആരായിരിക്കും വായനക്കാരുടെ ഉള്ളില്‍ നനുത്തൊരു സ്പര്‍ശമായി ഹൃദയം തൊടുന്ന വേദനപോലെയുണ്ടാവുക- ആത്തിയോ ഉഹുറുവോ വെല്ലിമ്മയോ ജാന്നോ അതോ വെല്ലിപ്പയോ. വായനക്കാരന്‍/ കാരി ആരോടാണോ ചേര്‍ന്നു നില്‍ക്കുന്നത് തീര്‍ച്ചയായും ആ കഥാപാത്രം തന്നെയായിരിക്കും നനുത്ത സ്പര്‍ശവും വേദനയും ഉള്ളില്‍ അവശേഷിപ്പിക്കുക. 

തന്റെ അനുഭവ പരിസരങ്ങളിലൂടെ മിത്തേത് സത്യമേത് യാഥാര്‍ഥ്യത്തിനു മേല്‍ എത്ര നിറങ്ങള്‍ കോരിയൊഴിച്ചു എന്ന് എഴുത്തുകാരിയേയും വായനക്കാരേയും മാത്രമല്ല കടലാസു പുറങ്ങളിലെ കഥാപാത്രങ്ങളേയും വിഭ്രമിപ്പിക്കുന്ന ശൈലിയെ ഷമിന ഹിഷാം മനോഹമായി ചേര്‍ത്തുവെച്ച നോവലാണ് ഊദ്. കൊതിപ്പിക്കുകയും അലിയിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം വന്യമായി ആസ്വദിപ്പിക്കുകയും ചെയ്യുന്ന ഊദിന്റെ ഗന്ധം നോവലിലുടനീളം ഷമിന പുകയ്ക്കുന്നുണ്ട്. 

ആത്തിയെന്ന പെണ്‍കുട്ടിയാണ് പ്രധാന കഥാപാത്രം. നോവലിസ്റ്റിന്റെ പരകായ പ്രവേശമാണ് ആത്തിയെന്ന് ആമുഖത്തില്‍ പറയാതെ പറയുന്നുണ്ട്. ഉപ്പയുടെ പുസ്തക ശേഖരം വായനയിലേക്ക് അടുപ്പിച്ച പെണ്‍കുട്ടിയുടെ ഭാവനയില്‍ പിറന്ന ലോകവും മിത്തും ഇടകലര്‍ന്നെത്തിയ സ്വപ്‌ന സഞ്ചാരമാണ് ഊദായി മാറിയത്. ഉറങ്ങുന്ന പെണ്ണിന്റെ കനവുകള്‍ മോഷ്ടിച്ചാണത്രെ ഈ നോവല്‍ എഴുതിയിരിക്കുന്നത്. 

എല്ലാ സമയത്തും പഴയ ഊദിന്റെ മണമുള്ള, കമ്പോളത്തിലെവിടേയും കിട്ടാത്ത സുഗന്ധം ശരീരത്തിലുള്ള ആത്തിക്ക് എവിടുന്നാണത് കിട്ടിയതെന്ന ചോദ്യത്തിന് ജലീലങ്കിളിനോട് പറയാന്‍ അവള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. എന്നാല്‍, നോവല്‍ വായന തീരുംമുമ്പേ വായനക്കാര്‍ക്ക് അതിനുള്ള ഉത്തരം കിട്ടും. 

ഊദിന്റെ രചനാശൈലിയില്‍ നാട്ടുമ്പുറവും മുസ്‌ലിം മിത്തുകളും ഇടകലര്‍ത്തി അവതരിപ്പിച്ചിട്ടുണ്ട് എഴുത്തുകാരി. ചെറുപ്പത്തില്‍ കേട്ടുമറന്ന മുസ്‌ലിം മിത്തുകളെ ഭംഗിയോടെയാണ് കഥാഗതിയിലേക്ക് ഒതുക്കി വെച്ചിരിക്കുന്നത്.

നരകത്തില്‍ നിന്ന് കാവലാകുന്ന സൂറത്തുല്‍ മുല്‍ക്കില്‍ നിന്ന് അല്‍ ബഖറയിലെ നൂറ്റിരണ്ടാം ആയത്തിലൂടെ സുലൈമാന്‍ നബിയിലേക്കും ഹാറൂത്ത് മാറൂത്തിലേക്കും യാത്ര ചെയ്ത് സുഹറയിലേക്കെത്തി തിന്മയുടെ വഴികളിലും നരകം കിട്ടാതിരിക്കാന്‍ ഇഹലോകത്തു തന്നെ ശിക്ഷ അനുഭവിക്കുന്നതും പറഞ്ഞ്, ആ പറഞ്ഞത് കഥയാണെന്ന് സമര്‍ഥിച്ച്, കഥയാണോ കാര്യമാണോയെന്ന് വായനക്കാരെ സന്ദേഹിപ്പിച്ച് വല്ലിമ്മയെ പോലെ വാക്കുകളുടെ താക്കോലു കിലുക്കി എഴുത്തുകാരി കോണിയിറങ്ങിപ്പോകുന്നുണ്ട്. 

ചീരുവമ്മയുടെ ഉപ്പനും സരസ്വതിപ്പക്ഷിയും നീലക്കൊടുവേലിയും നാഗമാണിക്യവും വെല്ലിമ്മയുടെ കാട്ടുമുക്രിയും ആത്തിയുടെ ഉമ്മയുടെ ചെമ്പോത്തുമെല്ലാമായി തറവാട്ടുവീട്ടിലെ മുകള്‍ നിലയിലും വലിയ പറമ്പിലും മുളങ്കാട്ടിലും കുളക്കടവിലുമെല്ലാമായി ആത്തിക്കു ചുറ്റുമാണ് ഊദിന്റെ മണം പോലെ കഥയും നടക്കുന്നത്. ആത്തി ഊദിന്റെ അത്തറുപയോഗിച്ചിട്ടില്ല. എന്നിട്ടും അവളില്‍ നിന്നൊരു സുഗന്ധം ചുറ്റിലുമെത്തുന്നു. ആത്തി കഥ പറയുന്നില്ല, എന്നിട്ടും അവള്‍ക്കു ചുറ്റും അവളിലുമായി കഥ നടക്കുന്നു. രചനാ കൗശലത്തിന്റെ ഊദ് പുകച്ചാണ് നോവലിസ്റ്റ് വായനക്കാരെ മയക്കി കൂടെ കൊണ്ടുപോകുന്നത്. 

മൂത്തുമ്മയും ഉമ്മയും, വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയപ്പോള്‍ രക്ഷകനായെത്തിയ 'ഒരാളു'മെല്ലാം നിഴല്‍പോലെ മാത്രമാണ് നോവലില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും വായനക്കാര്‍ക്ക് സ്വന്തം ഭാവന ചേര്‍ത്തുവെച്ച് ഇവരെയെല്ലാം വികസിപ്പിച്ചെടുക്കാനാവും. 

ആത്തിയും വെല്ലിമ്മയും ജാന്നും ഉഹ്‌റും മാത്രമല്ല, ബുദ്ധിമാനായ വെല്ലിപ്പയും ശക്തമായ കഥാപാത്രമാണ്. വെല്ലിപ്പയുടെ പുസ്തകക്കൂട്ടത്തിലുടെയുള്ള സഞ്ചാരത്തിലാണ് ജിന്നിനെ ആത്തി ശരിക്കറിയുന്നത്. 

ആത്തിയുടെ ഓരോ നീക്കങ്ങളും വെല്ലിമ്മ തിരിച്ചറിയുന്നുണ്ട്. ഒന്നും പറയാതെ തന്നെ വെല്ലിമ്മയ്ക്ക് തന്റെ കാര്യങ്ങളെല്ലാം മനസ്സിലാകുന്നുണ്ടെന്ന് ആത്തിയും തിരിച്ചറിയുന്നുണ്ട്. രണ്ട് തിരിച്ചറിവുകള്‍ സന്ധിക്കുന്നിടത്ത് വെല്ലിമ്മ തന്നെയാണോ ആത്തിയെന്ന സന്ദേഹവുമുണര്‍ത്തിയേക്കും. ശരീരവും മനസ്സും രണ്ടു ഭാഗത്തേക്ക് സഞ്ചരിക്കുമ്പോള്‍ എന്തു സംഭവിക്കുമോ അതൊക്കെ ഭാവനയുടെ ചിറകുകള്‍ ചേര്‍ത്ത് വായനക്കാരിലേക്ക് എത്തുന്നുമുണ്ട്. 

ചിതല്‍ തിന്നുതീര്‍ന്നുപോയ സുലൈമാന്‍ നബിയുടെ വടിയും തന്റെ മയ്യത്തിനോടൊപ്പം മയ്യത്താവാന്‍ വെല്ലിമ്മ ആഗ്രഹിക്കുന്ന ചില സത്യങ്ങളും വലിയ പുരയ്ക്കല്‍ തറവാട് ഉറങ്ങുമ്പോഴും ഉറങ്ങാതിരിക്കുന്ന ആത്തിയുമെല്ലാം ചേര്‍ന്ന് കാല്‍പ്പനികതയുടെ ഒരു ലോകം വായനക്കാരിലേക്ക് തുറന്നിട്ടാണ് ഊദിന്റെ മണം പരക്കുന്നത്. 

നഗരത്തിരക്കിന്റെ ഫ്‌ളാറ്റ് ജീവിതവും ഗ്രാമത്തെളിച്ചത്തിലെ കൂറ്റന്‍ തറവാടും മാത്രമല്ല മഞ്ഞും പുഴയും വനവും വാനവുമെല്ലാം നോവലില്‍ പശ്ചാതലമായി വരുന്നു. പ്രകൃതിയും പരിസ്ഥിതിയും കൂടി കഥാപാത്രങ്ങളാകുന്നുണ്ട് ഊദില്‍. 

ഏതാനും ഭാഗങ്ങളില്‍ വലിയ ഖണ്ഡികകളില്‍ വേഗത്തില്‍ പറഞ്ഞുപോകാനുള്ള ത്വര പ്രകടമാക്കിയതൊഴിച്ചാല്‍ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത പ്രമേയമാണ് ഊദ്. മലയാളം പദങ്ങള്‍ ഉണ്ടായിട്ടും എക്‌സാം, വര്‍ക്ക് തുടങ്ങിയ ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ചതും കല്ലുകടിയായി തോന്നി.

മുസ്‌ലിം മിത്തുകള്‍ കാവ്യഭംഗിയോടെ എഴുതിവെക്കാനായതു തന്നെയാണ് ഊദിന്റെ വിജയം. ജിന്നും ഇഫ്‌രീത്തുമൊക്കെ കഥയായും കവിതയായും നോവലായും സിനിമയായുമൊക്കെ മുമ്പേ വായനക്കാരുടെ ഉള്ളില്‍ കിടക്കുന്നതുകൊണ്ടുതന്നെ ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലായിരുന്നുവെങ്കില്‍ കൈവിട്ടു പോകാനും സാധ്യതയുണ്ടായിരുന്നു. അതിനെ മറികടന്നാണ് ഡി സി നോവല്‍ മത്സരം 2022ല്‍ ഊദ് ഹൃസ്വപട്ടികയില്‍ ഇടംപിടിച്ചത്. നോവല്‍ വായിച്ചവസാനിപ്പിക്കുമ്പോള്‍ ചില കഥാപാത്രങ്ങള്‍ അവസാന പേജും കടന്ന് വായനക്കാരുടെ ഉള്ളിലേക്ക് കുടിയേറിയിട്ടുണ്ടാകും- ഉറപ്പ്!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍