Monday, August 22, 2011

ജന്നാത്തുല്‍ ഫിര്‍ദൗസ് സ്വപ്നം കണ്ട് ഒരു ഉമ്മാമ


കല്ലായിപ്പാലത്തിനടിയിലൂടെ പുഴ സാവകാശത്തില്‍ അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്നുണ്ട്. പൗരാണികമായ മരമില്ലുകളില്‍ ഈര്‍ന്നിടാനായി ഊഴംകാത്ത് മരങ്ങള്‍ കല്ലായിപ്പുഴയില്‍ കിടക്കുന്നു. ഓര്‍മകളില്‍ മയങ്ങിക്കിടക്കുന്നതുപോലെ പഴയ കല്ലായിപ്പാലം.
കല്ലായിപ്പാലത്തിനടിയിലൂടെ കടന്നു പോകുന്ന റോഡ് ഈസ്റ്റ്- വെസ്റ്റ് കല്ലായികളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. വെസ്റ്റ് കല്ലായി വട്ടാംപൊയിലില്‍ പവിത്രന്‍ ഇന്‍ഡസ്ട്രീസിനു പിറകില്‍ നെല്ലിക്കാട് പറമ്പിലെ ഒറ്റമുറിയില്‍ ഒരു ഉമ്മാമയുണ്ട്. അല്ലാഹു നല്കുന്ന ജന്നാത്തുല്‍ ഫിര്‍ദൗസ് സ്വപ്നംകണ്ട് നടക്കുന്ന എണ്‍പതുകാരി ഉമ്മാമ.
സായിപ്പും മദാമ്മയുമുള്ള കാലം മുതല്‍ ചേവായൂര്‍ കുഷ്ഠരോഗാശുപത്രി സന്ദര്‍ശിച്ച് രോഗികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഉമ്മാമ- ഇവരെ നമ്മള്‍ ഫാത്തിമ ഹജ്ജുമ്മ എന്നാണ് പേരുവിളിക്കുക. അടുപ്പമുള്ളവര്‍ക്കും അടുപ്പമില്ലാത്തവര്‍ക്കും ജാതിയും മതവും നോക്കാതെ സഹായങ്ങള്‍ എത്തിക്കാന്‍ ഈ എണ്‍പതാം വയസ്സിലും ഒറ്റമുറി വീടിന്റെ പടവുകള്‍ ഇറങ്ങിപ്പോകുന്ന ഉമ്മാമയ്ക്ക് ജന്നാത്തുല്‍ ഫിര്‍ദൗസ് മാത്രമാണ് ലക്ഷ്യം.

സേവന രംഗത്തെ ഫാത്തിമാത്ത ടച്ച്
കാലവും വര്‍ഷവുമൊന്നും ഫാത്തിമത്താക്ക് ഓര്‍മയില്ല. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്- സായിപ്പും മദാമ്മയുമുള്ള കാലത്ത്. അക്കാലത്താണ് ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്റെ സഹോദരിക്ക് കുഷ്ഠരോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ആഭരണങ്ങളൊക്കെ അഴിച്ച് 'കുട്ടികളുടെ അമ്മായി'യെ ചേവായൂരിലെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ചേവായൂരുമായുള്ള ഫാത്തിമത്തയുടെ ബന്ധത്തിന് തുടക്കമായത്. 'കുട്ടികളുടെ അമ്മായി' മാത്രമല്ല, ഫാത്തിമത്തായുടെ 'അമ്മായിയുടെ മകള്‍' കൂടിയാണ് ചേവായൂരില്‍ അസുഖം ബാധിച്ച് പ്രവേശിപ്പിച്ച യുവതി.
പിന്നീട് തന്റെ ബന്ധുവിനെ കാണാന്‍ ചേവായൂരിലെ ആശുപത്രിയില്‍ നിത്യസന്ദര്‍ശകയായി ഫാത്തിമ. അതോടെയാണ് ഫാത്തിമയുടെ ജീവിതഗതിയില്‍ മാറ്റമുണ്ടായത്. കുഷ്ഠരോഗാശുപത്രിയും അഗതിമന്ദിരവുമായുള്ള ബന്ധം തുടങ്ങിയതോടെ ഫാത്തിമത്തായുടെ ചിന്തകളില്‍ മുഴുവന്‍ ആ സ്ഥാപനങ്ങളായി. പത്തായപ്പുരക്കല്‍ ഇമ്പിച്ചിക്കോയ ഹാജി എടുത്ത മുറികളിലാണ് അഗതി മന്ദിരം പ്രവര്‍ത്തിക്കുന്നത്. നേരത്തെ നൂറുപേരുണ്ടായിരുന്ന അനാഥ മന്ദിരത്തില്‍ ഇപ്പോള്‍ നാല്‍പതോളം പേരാണുള്ളത്. നാട്ടുകാര്‍ കൊടുക്കുന്ന സംഭാവനകളും ഉദാരമതികളുടെ സന്മസുമാണ് ഇവിടുത്തെ അന്തേവാസികളുടെ ആശ്രയം. അവിടെയാണ് സ്‌നേഹത്തിന്റെ ഒരുനൂറു പൂക്കളുമായി ഫാത്തിമത്താത്ത കടന്നെത്തിയത്.
ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഫാത്തിമത്ത കുഷ്ഠരോഗാശുപത്രിയും അനാഥ മന്ദിരവും സന്ദര്‍ശിക്കുക. എത്ര തിരക്കുകളുണ്ടായാലും വെള്ളിയാഴ്ചകളില്‍ അവര്‍ ചേവായൂരിലെത്തും. ജുമുഅ നമസ്‌ക്കാരം ചേവായൂരിലെ പള്ളിയിലാണ് നിര്‍വ്വഹിക്കുക.
കുഷ്ഠരോഗാശുപത്രിയുമായി ബന്ധം തുടങ്ങിയതോടെ അവര്‍ തനിക്ക് പരിചയമുള്ളവരോടെല്ലാം ഈ ആശുപത്രിയെ കുറിച്ചും അഗതി മന്ദിരത്തെ കുറിച്ചും അവിടങ്ങളിലെ അന്തേവാസികളെ കുറിച്ചും പറഞ്ഞു. കിട്ടാവുന്നവരില്‍ നിന്നെല്ലാം സഹായങ്ങള്‍ സ്വീകരിച്ച് ആശുപത്രിയിലേയും അഗതി മന്ദിരത്തിലേയും അന്തേവാസികള്‍ക്ക് എത്തിച്ചുകൊടുത്തു. ആ കാര്യങ്ങള്‍ എത്രയോ വര്‍ഷങ്ങളായി അവര്‍ തുടരുകയാണ്.

മലപ്പുറത്തു നിന്ന് കോഴിക്കോട്ടേക്ക്
മലപ്പുറം ജില്ലയിലെ മൊറയൂര്‍ ഒഴുകൂരില്‍ യാരത്ത് പറമ്പിലാണ് ഫാത്തിമത്തായുടെ തറവാട്. കുഞ്ഞിമൊയ്തീനെ വിവാഹം കഴിച്ചതോടെയാണ് കോഴിക്കോട് ഇടിയങ്ങരയിലെത്തിയത്. വലിയ തറവാട്ടില്‍ നിന്നുള്ള ഫാത്തിമത്ത കോഴിക്കോട്ട് ഇപ്പോള്‍ താമസിക്കുന്നത് അടുക്കളയും കിടപ്പുമുറിയും ചേര്‍ന്നു കിടക്കുന്ന ഒരിടത്താണ്. വീടെടുത്ത് പോയ മക്കളും സ്വന്തമായി വീടുള്ള സഹോദരങ്ങളുമെല്ലാം ഫാത്തിമത്തായെ എത്ര വിളിച്ചിട്ടും അവരുടെയൊന്നും കൂടെ പോകാന്‍ ഈ പ്രായത്തിലും ഫാത്തിമ ഹജ്ജുമ്മ തയ്യാറായില്ല. കിടക്കാനുള്ള ഖബറിന് ഇതിനേക്കാള്‍ വലിപ്പം കുറവാണെന്നാണ് തന്റെ വീടുവിട്ടു പോകാതിരിക്കാന്‍ ഫാത്തിമത്ത കാണുന്ന ന്യായം.
അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കു വേണ്ടി സന്മസുള്ളവര്‍ നല്കുന്ന സാധനങ്ങള്‍ ഒരു ദിവസം സൂക്ഷിക്കാനും കിടന്നുറങ്ങാനും ഭക്ഷണം പാകം ചെയ്യാനും തന്റെ വസ്തുവകകള്‍ സൂക്ഷിച്ചുവെക്കാനും ആരെങ്കിലും അതിഥികള്‍ വന്നാല്‍ അവരെ സ്വീകരിച്ചിരുത്താനുമെല്ലാം ഫാത്തിമത്തായ്ക്ക് ഇങ്ങനെയൊരു മുറി മാത്രമേയുള്ളു- ഖബറിനേക്കാള്‍ വലുതെന്ന് ഫാത്തിമത്താത്ത ആശ്ചര്യപ്പെടുന്ന മുറി!
ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയാന്‍ പാടില്ലെന്നാണ് പറയാറുള്ളത്. പക്ഷേ, മറ്റുള്ളവര്‍ക്ക് മാതൃകയാകുമെങ്കില്‍ പരസ്യമാക്കാമെന്നുണ്ടല്ലോ. അങ്ങനെയെങ്കില്‍ ഫാത്തിമ ഹജ്ജുമ്മയെന്ന വനിതചെയ്യുന്ന കാര്യങ്ങള്‍ ലോകം അറിയേണ്ടതുണ്ട്.

ഒരു കൈ സഹായം; ഒരായിരം സഹായങ്ങള്‍
അഗതി മന്ദിരത്തില്‍ മാസത്തില്‍ രണ്ട് ചാക്ക് അരി എത്തിക്കുന്നതിനുള്ള ഏര്‍പ്പാട് ഉണ്ടാക്കിയിട്ടുണ്ട് ഫാത്തിമത്ത. നഗരത്തിലെ ചില ഉദാരമനസ്‌ക്കര്‍ നല്‍കുന്ന സംഭാവനയാണ് ഈ അരി. ആശുപത്രിയിലേയും അഗതി മന്ദിരത്തിലേയും അന്തേവാസികള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങളും പണവും ഭക്ഷണവും ഇവര്‍ വഴി എത്താറുണ്ട്. രോഗം മൂര്‍ച്ഛിച്ച് കാലുകള്‍ മുറിച്ചു മാറ്റിയവര്‍ക്ക് കൃത്രിമക്കാലുകള്‍ വെക്കാനുള്ള സഹായം, അസുഖ ബാധിതരായി ചികിത്സിക്കാന്‍ വഴിയില്ലാത്തവര്‍ക്ക് അതിനുള്ള മാര്‍ഗ്ഗങ്ങള്‍, ശസ്ത്രക്രിയ ചെയ്യാന്‍ പണമില്ലാതെ കുഴങ്ങിയവര്‍ക്ക് ധനസഹായത്തിനുള്ള വഴിയടയാളങ്ങള്‍ തുടങ്ങി എത്രയോ വലിയ സഹായങ്ങളാണ് ഫാത്തിമത്ത വഴി നടക്കാറുള്ളത്. സഹായങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ ജാതിയും മതവുമൊന്നും ഫാത്തിമത്ത നോക്കാറില്ല. എല്ലാവരും അല്ലാഹുവിന്റെ ദുനിയാവിലെ മനുഷ്യര്‍ മാത്രം.
അതിലൊരു കഥ ഇങ്ങനെയാണ്: തിരൂരിലെ ഒരു പെണ്‍കുട്ടിക്ക് കാലിന് അസുഖമായി പല ഡോക്ടര്‍മാരേയും മാറിമാറിക്കാണിച്ചു. ബന്ധുക്കള്‍ വഴി വിവരമറിഞ്ഞ ഫാത്തിമത്തയാണ് കുട്ടിയെ പന്തീരങ്കാവിലെ ഡോക്ടറെ കാണിക്കാന്‍ ഉപദേശിച്ചത്. അങ്ങനെ ചെയ്തപ്പോള്‍ കാലിന് ഓപറേഷന്‍ വേണമെന്നും അറുപതിനായിരം രൂപയോളം ചെലവുവരുമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കാകട്ടെ അതിനുള്ള വഴിയുമില്ല. ഒടുവില്‍ ഫാത്തിമത്ത തന്നെ രക്ഷക്കെത്തി. കനിവുള്ളവരോട് കാര്യം പറഞ്ഞപ്പോള്‍ ഫാത്തിമത്താക്ക് കിട്ടിയത് 55000 രൂപ. അതുമായി വീണ്ടും ഡോക്ടറെ സമീപിച്ചു. ഓപറേഷന്‍ ചെയ്ത ശേഷം 19 ദിവസങ്ങള്‍ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആംബുലന്‍സ് വിളിക്കാന്‍ പോലും അവരുടെ കയ്യില്‍ പണമില്ല. അപ്പോഴും സഹായവുമായി എത്തി ഇടിയങ്ങരയിലെ എണ്‍പതുകാരി. അവിടേയും തീരുന്നില്ല, ഫാത്തിമത്തയുടെ സഹായം. കാലിന് ശസ്ത്രക്രിയ നടത്തിയ പെണ്‍കുട്ടി യൂറോപ്യന്‍ ക്ലോസറ്റ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ഡോക്ടറുടെ നിര്‍ദ്ദേശമുണ്ടായപ്പോള്‍ അതുസ്ഥാപിക്കാനായി പിന്നേയും വേണ്ടിവന്നു ഇരുപതിനായിരം രൂപ. ആ തുകയും ഫാത്തിമത്തയാണ് കണ്ടെത്തിക്കൊടുത്തത്.
അഗതി മന്ദിരത്തിലെ മോട്ടോര്‍ നന്നാക്കാനുള്ള നാലായിരം രൂപ എത്തിച്ചു കൊടുത്തത് കഴിഞ്ഞ ദിവസമായിരുന്നു. അഗതി മന്ദിരത്തിന്റെ പേരില്‍ പലരും വ്യാജ പിരിവുകള്‍ നടത്തിത്തുടങ്ങിയതോടെ പൊലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരവും അന്തേവാസികളുടെ ആഗ്രഹപ്രകാരവും ഫാത്തിമ ഹജ്ജുമ്മയുടെ ഫോട്ടോ അഗതി മന്ദിരത്തില്‍ വെച്ചു.
പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫാത്തിമത്ത ഹജ്ജ് ചെയ്തത്. ഹജ്ജിന് പോകുമ്പോള്‍ കുഷ്ഠരോഗാശുപത്രിയില്‍ നിന്നാണ് ഇറങ്ങിയതെന്ന് പറയുമ്പോള്‍ ഫാത്തിമത്തായുടെ മുഖത്ത് അഭിമാനത്തിന്റെ തിളക്കം. ഫാത്തിമത്തായുടെ സാമൂഹ്യസേവനങ്ങളും പ്രവര്‍ത്തനങ്ങളും കണ്ട് കോഴിക്കോട് യൂത്ത് ചേംബര്‍ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി 'കാലത്തിന്റെ വഴികാട്ടികള്‍', എം ഇ എസ് യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഡോ. പി കെ അബ്ദുല്‍ ഗഫൂര്‍ സ്മാരക കാരുണ്യ പ്രതിഭാ പുരസ്‌ക്കാരം' എന്നിവ നല്കി ആദരിക്കുകയുണ്ടായി.
കുഷ്ഠരോഗികളായ സ്ത്രീകള്‍ മരിച്ചാല്‍ ഫാത്തിമത്തയാണ് അവരുടെ മയ്യിത്ത് കുളിപ്പിക്കാറുള്ളത്. ചൊവ്വാഴ്ചയും ശനിയാഴ്ചയും എണ്ണപ്പാടത്ത് നടക്കുന്ന ഖുര്‍ആന്‍ ക്ലാസിനു പോകുന്ന ഫാത്തിമത്തയ്ക്ക് മലയാളം എഴുതാനും വായിക്കാനുമറിയില്ല. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ 'കത്തെഴുതു'മെന്നാണത്രെ പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാലും മുതിര്‍ന്നപ്പോള്‍ സാക്ഷരതാ ക്ലാസില്‍ പോയി അക്ഷരങ്ങള്‍ പഠിക്കാന്‍ ശ്രമം നടത്തി ഈ വനിത. പക്ഷേ, മലയാളം അക്ഷരങ്ങളായി ഫാത്തിമത്തായുടെ കൈകള്‍ക്കും കണ്ണിനും വഴങ്ങിയില്ല. അതോടെ ആ മോഹം ഉപേക്ഷിച്ചു. ഖുര്‍ആന്‍ പഠനമാണ് വര്‍ഷങ്ങളായി തുടരുന്ന പഠന പ്രക്രിയ.
ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്റെ മരണശേഷം മറ്റൊരു വിവാഹം ചെയ്‌തെങ്കിലും അദ്ദേഹം വീണ്ടും വിവാഹം ചെയ്തതിനെ തുടര്‍ന്ന് മൊഴി ചൊല്ലുകയായിരുന്നു.
അങ്ങോട്ട് വിളിക്കാന്‍ പേരക്കുട്ടിയുടെ സഹായം തേടുമെങ്കിലും ഫാത്തിമ ഹജ്ജുമ്മയെ തേടി വരുന്ന ഫോണ്‍കോളുകള്‍ക്ക് കയ്യും കണക്കുമില്ല. ചുരുങ്ങിയ സമയത്തിനകം സഹായ വാഗ്ദാനങ്ങളായും ആവശ്യങ്ങളായും അവരുടെ 9947304441 നമ്പറില്‍ നിരവധി വിളികളാണ് വന്നത്. ഇത്രയും പ്രായമായെങ്കിലും ആരോഗ്യപ്രശ്‌നങ്ങളോ ഓര്‍മയ്‌ക്കോ കാഴ്ചയ്‌ക്കോ പ്രശ്‌നങ്ങളില്ല ഫാത്തിമത്തായ്ക്ക്. നല്ല കാര്യങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ അല്ലാഹു നമ്മെ സൂക്ഷിക്കുമെന്നാണ് ഫാത്തിമത്ത ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ നല്കിയ മറുപടി.
അല്ലാഹു തന്ന കഴിവുകള്‍ ഉപയോഗിച്ച് നല്ല കാര്യങ്ങള്‍ ചെയ്യണം. 'അല്ലാഹുവേ നീ അറിയുന്നവനാണ്. ഞാന്‍ ചെയ്യുന്നത് കളങ്കം വരുത്താത്ത നിലയ്ക്ക് മരണം വരേയും തരണേ'യെന്നാണ് ഫാത്തിമത്ത അഞ്ച് വക്ത് നമസ്‌ക്കാരത്തിന് ശേഷവും ദുആ ചെയ്യാറുള്ളത്.
കുഞ്ഞിമൊയ്തീന്‍ ഹാജി, ഉമ്മര്‍ഹാജി, ഹംസ ഹാജി, മൂസ ഹാജി, അബുഹാജി, അബ്ദുറഹ്മാന്‍, മമ്മാദിയ എന്നിവരാണ് ഫാത്തിമ ഹജ്ജുമ്മയുടെ സഹോദരങ്ങള്‍. മൈസൂരില്‍ ജോലി ചെയ്യുന്ന ആരിഫ് കോയ, ഓട്ടോറിക്ഷ ഡ്രൈവറായ ഹംസക്കോയ എന്നിവരാണ് ഫാത്തിമ ഹജ്ജുമ്മയുടെ മക്കള്‍.
കുഷ്ഠരോഗികളുമായി ഇടപെട്ടാല്‍ രോഗം വരുമെന്ന ഭയം വേണ്ടതില്ലെന്നാണ് ഫാത്തിമ ഹജ്ജുമ്മ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്. അങ്ങനെ രോഗം പകരുമായിരുന്നെങ്കില്‍ അരനൂറ്റാണ്ടിലേറെ കാലമായി അവരുമായി ഇടപഴകുന്ന തനിക്കായിരുന്നില്ലേ അത് പടരേണ്ടിയിരുന്നത് എന്നാണ് അവരുടെ ചോദ്യം!
പണ്ട്, ഫാത്തിമ ഹജ്ജുമ്മ ഈ രംഗത്തേക്ക് വരാന്‍ കാരണമായ അവരുടെ 'കുട്ടികളുടെ അമ്മായി' ഇപ്പോഴും ചേവായൂരിലുണ്ട്!

പുടവ വനിതാ മാസിക
ആഗസ്ത് 2011

1 comment:

Followers

About Me

My photo
thalassery, muslim/ kerala, India