Monday, July 25, 2011

സ്വയം നാടുകടത്തപ്പെട്ട ഒരാളുടെ ജീവിതം


താനൂരിലെ ദേവധാര്‍ സ്‌കൂളിലും തിരൂരിലെ ബോര്‍ഡ് സ്‌കൂളിലും മദിരാശിയിലെ മുഹമ്മദന്‍സ് കോളെജിലും പഠനം നടത്തിയ, മീശ മുളക്കാത്ത ഒരു പയ്യന്‍ പാക്കിസ്താനിലേക്ക് തീവണ്ടി കയറി. എന്തിനായിരുന്നു അന്ന് അങ്ങനെയൊരു യാത്ര നടത്തിയത്? നീണ്ട ആറുപതിറ്റാണ്ടുകള്‍ക്ക് ശേഷം തിരൂരിനും താനൂരിനുമിടയില്‍ വൈലത്തൂരിലെ വീട്ടിലിരുന്ന് ആലോചിക്കുമ്പോഴും ബി എം കുട്ടി എന്ന ബീയാത്തില്‍ മൊയ്തീന്‍ കുട്ടിയെന്ന മുഹ്‌യുദ്ദീന്‍കുട്ടിക്ക് പറയാന്‍ ഉത്തരമില്ല. അന്നങ്ങനെ തോന്നി... അന്നങ്ങനെ യാത്ര നടത്തി... അതുകൊണ്ട് ഇന്ത്യയില്‍ നിന്നും അതിര്‍ത്തി കടന്ന് പാക്കിസ്താനിലെത്തി... പാക്കിസ്താന്‍ പൗരനായി... ഇന്ത്യന്‍ മാതാപിതാക്കളുടെ പാക്കിസ്താനി മകന്‍ കേരളത്തിന്റെ നനുത്ത ഓര്‍മകളുമായി ഇടക്കിടെ നാട്ടിലെത്തി മാതാവിനേയും സഹോദരങ്ങളേയും കാണുന്നയാളായി.

ബി എം കുട്ടിയുടെ ജീവിതം എളുപ്പത്തില്‍ ഇങ്ങനെ വായിച്ചെടുക്കാം
1929 ജൂലായ് 15ന് ബീയാത്തില്‍ കുഞ്ഞലവി ഹാജിയുടേയും ബിരിയ ഉമ്മയുടേയും മൂത്തപുത്രനായി ജനനം. രേഖകളില്‍ ജന്മവര്‍ഷം 1931 ആണുള്ളത്. താനൂര്‍ ദേവധാര്‍ മലബാര്‍ റികണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് സ്‌കൂളിലും തിരൂര്‍ ഡിസ്‌ക്ട്രിക്ട് ബോര്‍ഡ് സ്‌കൂളിലും പഠനം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലുമൊക്കെയായിരുന്നു താത്പര്യമെങ്കിലും മദിരാശി മുഹമ്മദന്‍സ് കോളെജില്‍ രസതന്ത്രവും ഭൗതികശാസ്ത്രവുമായിരുന്നു ഉന്നതപഠനത്തിന് തെരഞ്ഞെടുത്തത്. 1949 ജൂണില്‍ പഠനം കഴിഞ്ഞ് കോളെജ് പൂട്ടിയപ്പോള്‍ സുഹൃത്ത് ബാലന്‍ നായരോടൊന്നിച്ച് ബോംബെ കാണാന്‍ പോയി. അവിടെ ബ്രിട്ടീഷ് കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്ന നാട്ടിലെ അയല്‍വാസി തടത്തില്‍ കുഞ്ഞിമൊയ്തീനോടൊപ്പം കുറച്ചുനാള്‍ കഴിഞ്ഞു. ബോംബെയില്‍ നിന്നും പരിചയപ്പെട്ട പി സി മുഹമ്മദ് ടി ഹംസ, കെ പി കോയ എന്നീ സുഹൃത്തുക്കളോടൊപ്പം 1949ല്‍ ആഗസ്തില്‍ കറാച്ചിയിലേക്ക് പുറപ്പെട്ടു. ബോംബെ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും ജോധ്പൂരിലേക്കും അവിടെ നിന്ന് കൊക്രപാറിലേക്കും പോയി. അവിടെ പാകിസ്താനിലേക്കുള്ള നിരവധി മുഹാജിറുകള്‍ ഉണ്ടായിരുന്നു. വര്‍ഗ്ഗീയകലാപത്തിന്റെ ഇരകളായി പാകിസ്താനിലേക്ക് പോകാനൊരുങ്ങിയ അവരുടെ കൂടെ കൂടിയെങ്കിലും, കലാപമില്ലാത്ത മലബാറില്‍ നിന്ന് എന്തിന് പുറപ്പെട്ടുപോകുന്നുവെന്ന ചോദ്യമുണ്ടായിരുന്നു. കൊക്രാപാറില്‍ നിന്നും ട്രയിന്‍ മാര്‍ഗ്ഗം കറാച്ചിയിലേക്ക്. ട്രയിനിലെ ഗാര്‍ഡിനൊപ്പമായിരുന്നു ബി എം കുട്ടിയും സുഹൃത്തുക്കളും യാത്ര ചെയ്തിരുന്നത്.
1949 ആഗസ്ത് 14ന് വൈകിട്ട് കറാച്ചി റയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍, അന്ന് പാകിസ്താന്റെ രണ്ടാം സ്വാതന്ത്ര്യവര്‍ഷമായിരുന്നു. അക്കാലത്ത് കറാച്ചിയില്‍ നിരവധി മലയാളികളുണ്ടായിരുന്നു. ചായക്കടകളും പാന്‍, വെറ്റില കടകളും നടത്തിയിരുന്ന നിരവധി മലയാളികള്‍ കറാച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നു. 1921ലെ മലബാര്‍ വിപ്ലവകാലത്ത് നാടുവിട്ടവരായിരുന്നു അവരില്‍ ഭൂരിപക്ഷവും. ആ കാലത്ത് കറാച്ചിയിലുണ്ടായിരുന്ന മലബാരികളെ അവിടുത്തുകാര്‍ക്ക് ഏറെ വിശ്വസമായിരുന്നു.
വോള്‍ക്കാട്ട് ബ്രദേഴ്‌സില്‍ ജോലിയില്‍ പ്രവേശിച്ച ബി എം കുട്ടിയുടെ പാക്കിസ്താന്‍ ജീവിതത്തിന് തുടക്കമായി. ഇതേ കമ്പനിയിലെ ചീഫ് അക്കൗണ്ടിന്റെ മരുമകള്‍ ബിര്‍ജിസ് സിദ്ദീഖിയെ 1951ല്‍ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ബിര്‍ജിസ് അമ്മാവനോടൊപ്പമാണ് പാകിസ്താനിലെത്തിയത്. ബി എം കുട്ടിയെ പോലെ ബിര്‍ജിസിന്റെ മാതാപിതാക്കള്‍ ഇന്ത്യയില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.
1953ല്‍ മിയാന്‍ ഇഫ്തിഖറുദ്ദീന്‍ സ്ഥാപിച്ച ആസാദ് പാകിസ്താന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ബി എം കുട്ടി പാകിസ്താന്‍ രാഷ്ട്രീയത്തിലെ ശക്തനായ കണ്ണിയായി മാറിത്തുടങ്ങിയത്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിരോധിക്കപ്പെട്ടപ്പോള്‍ നിരവധി നേതാക്കള്‍ ജയിലിലായി. കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരില്‍ വോള്‍ക്കാട്ട് ബ്രദേഴ്‌സിലെ ജോലി നഷ്ടപ്പെട്ടെങ്കിലും മറ്റൊരു സ്ഥാപനത്തില്‍ ജോലികിട്ടാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നില്ല. ബുര്‍ഹാന്‍ എന്‍ജിനിയറിംഗ് കമ്പനിയില്‍ മാനേജരായി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം അക്കാലത്തുതന്നെയാണ് മുബാറക്ക് സഗാര്‍ നയിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
മലയാളികളായ ബീഡി തൊഴിലാളികളെയും മറ്റും ഉള്‍പ്പെടുത്തി 1955ല്‍ കേരള അവാമി ലീഗ് സ്ഥാപിക്കാനും ബി എം കുട്ടി ധൈര്യം കാണിച്ചു. 1956ല്‍ നിരവധി ചെറുപാര്‍ട്ടികള്‍ ചേര്‍ന്ന് പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി രൂപീകൃതമായി. മിയാ ഇഫ്തിഖറുദ്ദീന്‍, ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ തുടങ്ങിയവരുടെ പാര്‍ട്ടികളൊക്കെ ചേര്‍ന്ന് രൂപീകരിച്ച പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി 1957ല്‍ നാഷണല്‍ അവാമി പാര്‍ട്ടിയായി മാറി. ബി എം കുട്ടിയും അദ്ദേഹത്തിന്റെ കേരള അവാമി ലീഗിലെ സഖാക്കളും നാഷണല്‍ അവാമി പാര്‍ട്ടിയില്‍ ലയിച്ചു.
പിന്നീടുള്ള ഒന്നര വര്‍ഷക്കാലം ഏറിയ തിരക്കുകളുടേതായിരുന്നു. കറാച്ചിയില്‍ നിന്നും ലാഹോറിലേക്ക് സ്ഥലം മാറിയെത്തിയ ബി എം കുട്ടി നാടുമുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ഓടിനടന്നു. 1958 ഒക്‌ടോബറില്‍ പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ബി എം കുട്ടിയും രേഖകളില്‍ ഇടത് വിപ്ലവകാരിയായി രേഖപ്പെടുത്തപ്പെട്ടിരുന്നു. അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ഭാര്യയേയും രണ്ടുമക്കളേയും കൂട്ടി കേരളത്തിലെ വീട്ടിലേക്ക് തിരിച്ചു. മൂന്ന് മാസക്കാലമാണ് അദ്ദേഹം കുടുംബ സമേതം കേരളത്തില്‍ താമസിച്ചത്.
ഇ എം എസ് സര്‍ക്കാരായിരുന്നു അക്കാലത്ത് കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തെകുറിച്ച് പാകിസ്താനിലേക്ക് ബി എം കുട്ടി നിരന്തരം കത്തുകള്‍ എഴുതി. എന്നാല്‍ അവയെല്ലാം അധികൃതര്‍ പിടിച്ചെടുക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം പാകിസ്താനിലേക്ക് മടങ്ങിയ അദ്ദേഹത്തെ 1959 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തു. പിന്നീട് രണ്ട് വര്‍ഷവും 11 മാസവും കറാച്ചി, ലാഹോര്‍ ജയിലുകളിലായിരുന്നു വാസം. അക്കാലത്ത് തയ്യല്‍ ജോലി ചെയ്താണ് ഭാര്യ കുടുംബം പുലര്‍ത്തിയിരുന്നതെന്ന് ബി എം കുട്ടി ഓര്‍ക്കുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞതോടെ ജയിലുകളും തിക്ത ജീവിതവും ബി എം കുട്ടിയുടെ ജീവിതത്തിന്റെ ഭാഗമായി. ആദ്യ ജയിലിനു ശേഷം നിരവധി കമ്പനികളില്‍ മാറിമാറി തൊഴില്‍ ചെയ്യേണ്ട അവസ്ഥയാണ് ബി എം കുട്ടിക്കുണ്ടായിരുന്നത്. ജോലി ചെയ്ത കമ്പനികളിലെല്ലാം തൊഴിലാളികളുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ നടത്തി.
ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ മധ്യത്തിലാണ് മിര്‍ ഗൗസ് ബക്ഷ് ബസെന്‍ജോയുമായി ചേര്‍ന്ന് ബി എം കുട്ടി പ്രവര്‍ത്തനം തുടങ്ങിയത്. 1970കളിലെ തെരഞ്ഞെടുപ്പില്‍ ബലൂചിസ്ഥാനിലും വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലും നാഷണല്‍ അവാമി പാര്‍ട്ടി അധികാരത്തിലെത്തി. ബലൂചിസ്ഥാന്‍ ഗവര്‍ണറായ ബസെന്‍ജോയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ബി എം കുട്ടി നിയമിതനായി. 1973ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ അധികാരത്തിലെത്തിയതോടെ ബലൂചിസ്ഥാന്‍ ഗവര്‍ണറെ പിരിച്ചുവിട്ടു. ബി എം കുട്ടി ജയിലിലായി. ''റഷ്യന്‍ ആയുധങ്ങള്‍ സിന്ധിലേക്ക് കടത്താന്‍ ശ്രമിച്ചു'' എന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്. ഏഴ് മാസക്കാലം ഹൈദരബാദ് ജയിലിലായിരുന്നു അദ്ദേഹത്തിന്റെ വാസം. 1981, 1983, 1986 വര്‍ഷങ്ങളിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ജയില്‍ ശിക്ഷ അനുഭവിക്കാനുള്ള 'ഭാഗ്യം' ബി എം കുട്ടിക്കുണ്ടായി.
മൂവ്‌മെന്റ് ഫോര്‍ റെസ്റ്റൊറേഷന്‍ ഫോര്‍ ഡമോക്രസി (എം ആര്‍ ഡി) എന്നപേരില്‍ 1981ല്‍ സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ ബി എം കുട്ടിയായിരുന്നു ജോയിന്റ് സെക്രട്ടറി ജനറല്‍. ഇന്ത്യാ- പാകിസ്താന്‍ സൗഹൃദത്തിന് വേണ്ടി നിരന്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബി എം കുട്ടി പാകിസ്താന്‍- ഇന്ത്യാ പീപ്പിള്‍സ് ഫോറം ഫോര്‍ പീസ് ആന്റ് ഡെമോക്രസി എന്ന പേരിലും പ്രവര്‍ത്തനങ്ങള്‍ നടത്തി. ഫാക്ടറികളും കമ്പനികളും തൊഴില്‍ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി നേതാക്കള്‍ക്ക് രാഷ്ട്രീയത്തിലും തൊഴില്‍ നിയമങ്ങളിലും അവഗാഹം നല്‍കാനായി പാകിസ്താന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ എഡുക്കേഷന്‍ ആന്റ് റിസര്‍ച്ച് എന്ന പേരില്‍ സ്ഥാപനം ആരംഭിക്കുകയും നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇന്ത്യാ- പാകിസ്താന്‍ മേഖലയിലെ ആദ്യത്തേതും ഏറ്റവും വലുതുമാണ് ഈ സ്ഥാപനം. തൊഴിലാളി നേതാക്കള്‍ക്ക് മൂന്നുമാസത്തെ സൗജന്യ കോഴ്‌സാണ് സ്ഥാപനം നല്കുന്നത്.

ഖേദങ്ങളില്ലാത്ത സ്വയം നാടുകടത്തല്‍
നീണ്ട അറുപത് വര്‍ഷക്കാലത്തെ സംഭവബഹുലമായ പാകിസ്താന്‍ ജീവിതത്തെ അധികരിച്ച് ബി എം കുട്ടി ഈയ്യിടെ രാഷ്ട്രീയ ആത്മകഥ പൂര്‍ത്തിയാക്കി. 'അറുപത് വര്‍ഷത്തെ സ്വയം നാടുകടത്തല്‍; ഖേദങ്ങളില്ലാതെ' (Sixty Years in Self Exile; No Regrets) എന്ന ആത്മകഥ കേരളത്തില്‍ തുടങ്ങി തന്റെ ജീവിതത്തിലെ എട്ട് പതിറ്റാണ്ടോളം കാലത്തെ സംഭവ ബഹുലമായ കാര്യങ്ങളാണ് പറഞ്ഞുതീര്‍ക്കുന്നത്.

ആത്മകഥ സമര്‍പ്പിച്ച വനിതകള്‍
നാലു വനിതകള്‍ക്കാണ് ബി എം കുട്ടി തന്റെ ആത്മകഥ സമര്‍പ്പിച്ചിരിക്കുന്നത്. ആത്മകഥയുടെ പേജില്‍ അവരെ ഇങ്ങെ വായിക്കാം:
എന്റെ മാതാവ് ബിരിയ ഉമ്മ- എനിക്ക് ജന്മം നല്കിയ, എന്നെ വളര്‍ത്തുകയും ഈ 80 വര്‍ഷക്കാലം എന്നെ ഞാനാനാക്കുകയും ചെയ്ത മാതാവിന്.
ദീദി നിര്‍മല ദേശ്പാണ്ഡെ- എനിക്ക് പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം നല്കുകയും തെക്കനേഷ്യയില്‍ സമാധാനത്തിന് വേണ്ടി മറ്റുപലരേയും പോലെ കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്ത മൂത്ത സഹോദരിയെ പോലുള്ള നിര്‍മല ദേശ്പാണ്ഡെയ്ക്ക്.
ബേനസീര്‍ ഭൂട്ടോ- മുസ്‌ലിം രാജ്യത്തെ ആദ്യത്തെ വനിതാ ഭരണാധികാരിയും അതിന് പകരമായി വെടിയുണ്ടകളും ബോംബുകളും ഏറ്റുവാങ്ങുകയും ചെയ്ത ബേനസീര്‍ ഭൂട്ടോവിന്.
എന്റെ ഭാര്യ ബിര്‍ജിസ്- ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അറുപത് വര്‍ഷക്കാലം എന്നോടൊപ്പം നില്‍ക്കുയും തലയുയര്‍ത്തി നില്‍ക്കാനും ഈ പുസ്തകം എഴുതാനും എന്നെ പ്രേരിപ്പിക്കുകയും ചെയ്ത എന്റെ ഭാര്യ ബിര്‍ജിസിന്.
മരണക്കിടക്കയില്‍ നിന്നുള്ള ബിര്‍ജിസിന്റെ ചോദ്യത്തോടെയാണ് ബി എം കുട്ടി തന്റെ ആത്മകഥ അവസാനിപ്പിക്കുന്നത്: ''തുമാരി കിതാബ് മുഖമ്മല്‍ ഹോഗയി?'' (നിങ്ങളുടെ പുസ്തകം മുഴുമിപ്പിച്ചോ?). തന്റെ ആത്മകഥ എഴുതിപ്പൂര്‍ത്തിയാക്കി അടച്ചുവെക്കുമ്പോള്‍ ആ വാക്കുകളാണ് കാതില്‍ മുഴങ്ങുന്നത് എന്ന് ബി എം കുട്ടി പറയുന്നു.

നെല്‍സണ്‍ മണ്ഡേലയുടെ ആത്മകഥയില്‍ പറയുന്നതുപോലെയാണ് തന്റെ പിതാവെന്നും ബി എം കുട്ടി പറയുന്നുണ്ട്. വിദ്യാഭ്യാസമില്ലെങ്കിലും തന്റെ പിതാവിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയാമായിരുന്നു. മാത്രമല്ല അക്കാലത്ത് അദ്ദേഹം സ്‌കൂളില്‍ പോയില്ലെങ്കിലും മലയാളം എഴുതാനും വായിക്കാനും അറിയാമായിരുന്നു.
എന്‍ജിനിയറായ ജാവേദ്, ഡോക്ടറായ ജാസ്മിന്‍, അധ്യാപികയായ ഷാസിയ എന്നിവരാണ് ബി എം കുട്ടിയുടെ മക്കള്‍. ജാവേദിന്റെ ഭാര്യ മൈമൂനയുടെ കുടുംബവും മലയാളികളാണ്. തിരൂരും മാഹിയിലും വേരുകളുള്ള കുടുംബമാണ് മൈമൂനയുടേത്. കദിയക്കുട്ടി, കുഞ്ഞീന്‍ ഹാജി, മുഹമ്മദ്, ബീരാന്‍, മമ്മദിയ, മുഹമ്മദ്കുട്ടി, പാത്തുമ്മു, പരേതരായ അഹമ്മദ്കുട്ടി, മൂസ എന്നിവരാണ് ബി എം കുട്ടിയുടെ സഹോദരങ്ങള്‍.
മൈമൂനയ്‌ക്കൊഴികെ മറ്റാര്‍ക്കും മലയാളം അറിയില്ലെങ്കിലും ബി എം കുട്ടിയുടെ പാകിസ്താനിലെ വീട്ടില്‍ മലയാളം പത്രങ്ങളുടെ കലണ്ടറുകളും വൈക്കം മുഹമ്മദ് ബഷീറിന്റെ മുഴുവന്‍ കൃതികളുമടങ്ങുന്ന സമാഹാരത്തിന്റെ രണ്ട് വോള്യങ്ങളും ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ആത്മകഥയും ഇംഗ്ലീഷ്- മലയാളം ഡിക്ഷണറിയും മലയാളത്തിലെ ചെറുകഥകളുമൊക്കെയുണ്ട്.

ഇന്ത്യക്കാരന്റെ പാകിസ്താന്‍/ പാകിസ്താനിയുടെ ഇന്ത്യ
ഇന്ത്യ ജനിച്ച മണ്ണും പാകിസ്താന്‍ വളര്‍ന്ന മണ്ണുമാണെന്ന് സ്‌നേഹത്തോടെ പറയുന്ന ബി എം കുട്ടി മലയാളിയായതില്‍ അഭിമാനിക്കുന്നു. പാകിസ്താനില്‍ ചെന്നുനോക്കിയാല്‍ മാത്രമേ അവിടെയുള്ളവര്‍ എത്ര സ്‌നേഹത്തോടെ പെരുമാറാന്‍ കഴിയുന്നവരാണെന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. 'നിങ്ങള്‍ പെഷവാറില്‍ പോയി നോക്കൂ. മതേതര സര്‍ക്കാറുള്ള അവിടുത്തെ 95 ശതമാനം മുസ്‌ലിംകളും തീവ്രവാദത്തെ വെറുക്കുന്നവരാണ്. ഏതെങ്കിലും ചിലര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ഒരു സമൂഹത്തെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്'.
മലയാളവും ഉര്‍ദുവും ഇംഗ്ലീഷും പഞ്ചാബിയും അറിയാവുന്ന ബി എം കുട്ടി മുഹമ്മദന്‍സ് കോളെജില്‍ നിന്നും എഴുതിയ ബി എസ് സി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് ഇതുവരേയും കൈപ്പറ്റിയിട്ടില്ല. പ്രായോഗിക ജീവതമാണ് ഏറ്റവും വലിയ സര്‍വ്വകലാശാല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പാകിസ്താനിലെ തിരക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ ഇന്ത്യയിലെത്തിയതായിരുന്നു ബി എം കുട്ടി. തന്റെ ആത്മകഥയുടെ ഇന്ത്യയിലെ പ്രകാശനം ഹൈദരബാദില്‍ നടത്തി. ജൂലായ് 28ന് ബങ്കളൂരുവിലും അദ്ദേഹത്തിന് ആത്മകഥയുമായി ബന്ധപ്പെട്ട പരിപാടികളുണ്ട്.

വര്‍ത്തമാനം ആഴ്ചപ്പതിപ്പ്
2011 ജൂലായ് 24 ഞായര്‍

1 comment:

  1. I should thank you for developing a good report from the tit bits I gave you during the interview. Shamsuddin Saheb was kind enough to bring some copies of the paper personally to my house the other day. I am now in Bangalore. Tomorrow is my book launch.
    -B.M.Kutty

    ReplyDelete

Followers

About Me

My photo
thalassery, muslim/ kerala, India