Tuesday, February 1, 2011

ഭിന്നിപ്പിച്ചു ഭരിക്കാനൊരു ഏകതാ യാത്ര

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കശ്മീരിനും കശ്മീരികള്‍ക്കും ഇന്ത്യയിലെ മറ്റിടങ്ങളിലെ താമസക്കാര്‍ക്കില്ലാത്ത ചില അവകാശങ്ങളുണ്ടെന്ന കാര്യത്തിലും സംശയത്തിന് ലവലേശം വകയില്ല. എന്നിട്ടും രാജ്യം ഭരിച്ച, ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ബി ജെ പിക്ക് ഭയങ്കര സംശയമാണ്- കശ്മീരിന്റേയും കശ്മീരികളുടേയും കാര്യത്തില്‍!
ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്തിയാലേ ഇന്ത്യയുടെ മഹത്തായ റിപ്പബ്ലിക്ക് ദിനത്തിന് അര്‍ഥമുണ്ടാവുകയുള്ളു എന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. രാജ്യത്ത് ഔദ്യോഗികമായി പതാക ഉയര്‍ത്താന്‍ രാഷ്ട്രപതി മുതലുള്ള ഭരണാധികാരികളുണ്ട്. എന്നിട്ടും ലാല്‍ചൗക്കില്‍ തങ്ങള്‍ തന്നെ പതാക ഉയര്‍ത്തേണ്ടതുണ്ടെന്നായിരുന്നു ബി ജെ പിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഉയര്‍ത്തുന്ന പതാകയൊക്കെ ഒരു പതാകയാണോ. തങ്ങളുടെ കൂട്ടത്തിലുള്ള ഏതെങ്കിലുമൊരു 'കടുത്ത രാജ്യസ്‌നേഹി'തന്നെ അതിനു വേണ്ടതുണ്ടല്ലോ എന്നത്രെ ബി ജെ പിയുടെ ചിന്ത.
രാജ്യം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്നു. നാളുകള്‍ കഴിയുന്തോറും പെട്രോള്‍ വില വാണം പോലെ ഉയരുന്നു. സാധാരണക്കാരന് ജീവിക്കാന്‍ ഏറെ പ്രയാസമാണ് അനുഭവപ്പെടുന്നത്. ഇതൊക്കെ വലിയ പ്രശ്‌നങ്ങളായി ഉള്ള രാജ്യത്ത് വേണമെങ്കില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് നിരാഹാരമിരിക്കാമായിരുന്നു. ഭരണാധികാരികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ പഞ്ചായത്തുകള്‍ തോറും പ്രാദേശിക നേതാക്കള്‍ക്കും ഇതുതന്നെ ചെയ്യാമായിരുന്നു. എന്നിട്ടും ഒരു ആവശ്യവുമില്ലാതെ ബി ജെ പി ലാല്‍ചൗക്കിലേക്ക് മാര്‍ച്ച് ചെയ്യുന്നുണ്ടെങ്കില്‍ അതിന് എന്തെങ്കിലുമൊരു ദുരുദ്ദേശ്യമില്ലാതെ വരില്ല. കുറ്റം പറയരുതല്ലോ ഏക്തായാത്രയുമായി പോയവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിംഗ് ദല്‍ഹിയില്‍ രാജ്ഘട്ടില്‍ നിരാഹാരം ഇരിക്കുകയും ചെയ്തു.
ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും സംഝോത എക്‌സ്പ്രസ് സ്‌ഫോടനവുമൊക്കെ ചെയ്തവര്‍ ആരാണെന്ന് പകല്‍പോലെ വെളിപ്പട്ടു കഴിഞ്ഞിരിക്കുന്നു. ഇനി രക്ഷപ്പെടാന്‍ എന്തെങ്കിലുമൊക്കെ ഗിമ്മിക്കുകള്‍ കളിച്ചേ മതിയാവുകയുള്ളു. സംഝോതയും ഗുജറാത്തുമൊക്കെ ഉണ്ടാക്കിത്തീര്‍ത്ത കറ മാറ്റണമെങ്കില്‍ തത്കാലം പെട്ടെന്നെന്തെങ്കിലുമൊരു രാജ്യസ്‌നേഹ പരിപാടി തട്ടിക്കൂട്ടിയേ പറ്റുകയുള്ളു. ജനുവരിയാണെങ്കില്‍ റിപ്പബ്ലിക് ദിനവും ആഗസ്താണെങ്കില്‍ സ്വാതന്ത്ര്യ ദിനവുമൊക്കെ ഉള്ളതുകൊണ്ട് രാജ്യസ്‌നേഹം എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയും. എങ്കില്‍ അതാകട്ടെ പരിപാടി.
ലോകത്തിന് ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ സംഭാവന ചെയ്ത മഹാനാണ് ഗാന്ധിജി- ഇന്ത്യയുടെ രാഷ്ട്രപിതാവ്. അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് വെടിയുണ്ട കയറ്റിയവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ രാജ്യസ്‌നേഹത്തിന്റെ പുതിയ വക്താക്കളാകുന്നത്. ജനുവരി 26ന് റിപ്പബ്ലിക് ദിനം കഴിഞ്ഞാല്‍ നാലാം നാള്‍ വരുന്നത് രക്തസാക്ഷി ദിനമാണ്. ആര്‍ എസ് എസുകാരനും ഹിന്ദുവര്‍ഗ്ഗീയവാദിയുമായ നാഥുറാം വിനായക് ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന ദിവസമാണ് രക്തസാക്ഷി ദിനമെന്ന ജനുവരി 30. രാജ്യത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ മാനസിക വ്യഥ അനുഭവിക്കുന്നവര്‍ക്കൊക്കെ അന്ന് നിരാഹാരമിരിക്കാവുന്നതാണ്. പക്ഷേ, അങ്ങനെയുള്ള കൂട്ടത്തില്‍ ബി ജെ പിയുടെ നേതാക്കളെ കാണാന്‍ കഴിയില്ല.
ഏകതാ യാത്രയോട് അനുഭാവം പ്രകടിപ്പിച്ച് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും റിപ്പബ്ലിക് ദിനത്തില്‍ ബി ജെ പിയുടെ ആഭിമുഖ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ അദ്ദേഹത്തിന്റെ പദയാത്രയില്‍ മുന്നറിയിപ്പ് നല്കിയത്. നല്ല കാര്യമാണത്. കാരണം സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയിലെ ഏതൊരു പൗരനും പതാക ഉയര്‍ത്താനുള്ള അവകാശമുണ്ട്. സാധാരണ രാജ്യസ്‌നേഹമുള്ള ആളുകളെല്ലാം ആ ദിവസം പതാക ഉയര്‍ത്താറുണ്ട്. ഏറ്റവും ചുരുങ്ങിയത് തങ്ങളുടെ വാഹനത്തിലെങ്കിലും പതാക പാറിപ്പറത്താറുണ്ട്. മുരളീധരന്റെ പ്രസ്താവനയെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആ ദിവസങ്ങളില്‍ പതാക ഉയര്‍ത്താറില്ലെന്നാണ് മനസ്സിലാകുക. അങ്ങനെയെങ്കില്‍ അവര്‍ കൂടി പതാകയോട് ബഹുമാനം കാണിക്കുമല്ലോ. ഝണ്ടാ ഊംചാ രഹാഹമാരാ വിജയി വിശ്വതി രംഗാ പ്യാരാ പാടുമല്ലോ. കശ്മിരീലേക്ക് അഖിലേന്ത്യാ നേതാക്കള്‍ നടത്തിയ യാത്രയ്ക്ക് ഇങ്ങ് കേരളത്തില്‍ അങ്ങനെയെങ്കിലുമൊരു ഗുണമുണ്ടാകട്ടെ. എന്നിട്ടും കേരളത്തിലെ എത്ര പഞ്ചായത്തുകളില്‍ ബി ജെ പി പതാക ഉയര്‍ത്തിയെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.
*** **** **** **** **** ***** **** **** **** **** **** ***** ***** ***** ***** **** **** ***** *****
ജ്ഞാനപീഠ പുരസ്‌ക്കാരത്തിന്റെ മധുരം മായുംമുമ്പുതന്നെ ഒ എന്‍ വി കുറുപ്പെന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കവിക്ക് പത്മവിഭൂഷണും കിട്ടിയിരിക്കുന്നു. ഭൂമിക്ക് ഒരു ചരമ ഗീതവും ഉപ്പുമൊക്കെ എഴുതിയ കവി പരമോന്നത പുരസ്‌ക്കാരത്തിന് അര്‍ഹനായതില്‍ അത്ഭുതമില്ല. ഇതേ കവിയെയാണ് ആഴ്ചകള്‍ക്ക് മുമ്പ് ഒരു മലയാളം ചാനല്‍ വാര്‍ത്തയിലെ വ്യക്തിയില്‍ പിറകോട്ടാക്കി തഴഞ്ഞു കളഞ്ഞത്. ലേലം വിളി പോലെ നടത്തുന്ന വാര്‍ത്തയിലെ വ്യക്തി മത്സരത്തില്‍ അനര്‍ഹയായ പെണ്‍കൊടിക്കാണ് പുരസ്‌ക്കാരം ലഭിച്ചതെന്നൊന്നും പറയുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട പെണ്‍കൊടി ശരിക്കും അതിന് അര്‍ഹ തന്നെയായിരുന്നു. പക്ഷേ, അത് ചാനലുകാര്‍ക്ക് നേരിട്ടു കൊടുക്കുന്നതായിരുന്നു ഭംഗി. ഒ എന്‍ വിയെ പോലെ വര്‍ഷങ്ങളായി മലയാളത്തിന്റെ അഭിമാനമായ ഒരാളെ അവസാനം വരെ വലിച്ചു നീട്ടിക്കൊണ്ടുപോയി ഒടുവില്‍ തള്ളുന്നതിനെ ഒരു മലയാളിക്കും അംഗീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഒ എന്‍ വിക്ക് പുരസ്‌ക്കാരം നല്കാതിരുന്നപ്പോള്‍ അതിന് അവര്‍ പറഞ്ഞ ന്യായീകരണം ഒ എന്‍ വി കഴിഞ്ഞ വര്‍ഷത്തെ മാത്രമല്ല ദശാബ്ദങ്ങളായി മലയാളത്തിന്റെ അഭിമാനമായിരുന്നു എന്നായിരുന്നു. അങ്ങനെയാണെങ്കില്‍ അത്തരമൊരാളെ അവര്‍ ആദ്യ റൗണ്ടിലേക്ക് പരിഗണിക്കാനോ തെരഞ്ഞെടുക്കാന്‍ വേണ്ടി നാട്ടുകാരുടെ എസ് എം എസിനു മുമ്പില്‍ ഇട്ടുകൊടുക്കാനോ പാടില്ലായിരുന്നു. അവര്‍ ചെയ്തത് കടുത്ത അപരാധമാണെന്ന് പറയാതെ വയ്യ.
അര്‍ഹതയുള്ളവരെ എത്ര വൈകിയാലും അംഗീകാരങ്ങള്‍ തേടിവരും. കേരളത്തില്‍ പോലും എല്ലാവരും അറിഞ്ഞേക്കാന്‍ ഇടയില്ലാത്ത അത്തരമൊരു പുരസ്‌ക്കാരം നല്കാതെ അദ്ദേഹത്തെ അപമാനിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും പത്മവിഭൂഷണെന്ന ഉന്നത പുരസ്‌ക്കാരം ഒ എന്‍ വേലുക്കുറുപ്പ് എന്ന ഒ എന്‍ വി കുറുപ്പിനെ തേടി എത്തിയപ്പോള്‍ സന്തോഷിക്കുന്നത് ഒ എന്‍ വിയേക്കാളേറെ മലയാളികളായിരിക്കും.
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***
രാജ്യത്ത് കള്ളപ്പണമുള്ളവരുടെ വിവരം വെളിപ്പെടുത്തില്ല എന്ന് പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല- ധനമന്ത്രി പ്രണബ് മുഖര്‍ജി തന്നെയാണ്. കള്ളപ്പണ നിക്ഷേപം സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങള്‍ വിദേശ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാറിന് ലഭിച്ചിട്ടും അതിന്റെ വിവരങ്ങള്‍ പുറത്തു പറയില്ലെന്നാണ് ധനമന്ത്രി ആണയിടുന്നത്.
കള്ളപ്പണ നിക്ഷേപത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി നേതാക്കളോ അനുഭാവികളോ മാത്രമായിരിക്കില്ല ഉണ്ടാവുക. ഈര്‍ക്കില്‍ പാര്‍ട്ടിയുടെ വരെ നേതാക്കള്‍ അതില്‍ കണ്ണിയായിരിക്കും. അതുകൊണ്ടുതന്നെ ഏതുസര്‍ക്കാര്‍ വന്നാലും ഈ വിവരങ്ങള്‍ പുറത്തു വരില്ല എന്ന കാര്യം ഉറപ്പാണ്.
കള്ളപ്പണത്തിന്റെ വിദേശ നിക്ഷേപം സംബന്ധിച്ച് ആദായ നികുതി വകുപ്പിന് അറിയാമെന്നും അവര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ വിവരം പുറത്തുവരുമെന്നുമാണ് പ്രണബ് മുഖര്‍ജി ജനങ്ങളോട് ആശ്വാസ വാക്ക് പറയുന്നത്. അതായത് സര്‍ക്കാറിന് വിവരം പുറത്തുവിട്ട് മറ്റു പാര്‍ട്ടി നേതാക്കളുടേയും പാര്‍ട്ടികളുടേയും അസംതൃപ്തി പിടിച്ചു പറ്റാനാകില്ല; നികുതി വകുപ്പ് നടപടി എടുക്കുമ്പോള്‍ ജനങ്ങള്‍ അറിയട്ടെ എന്നുസാരം. ഏതുകാലത്ത് ഏതുപാര്‍ട്ടിയാണ് സഹായത്തിന് എത്തുക എന്നറിയില്ലല്ലോ എന്ന ബേജാറുകൊണ്ടായിരിക്കണം ധനമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ടാവുക.
പക്ഷേ, ഇന്ത്യയ്ക്ക് ഇത്തരമൊരു വിവരം കൈമാറിക്കിട്ടിയപ്പോള്‍ മറ്റാര്‍ക്കൊക്കെ അതിന്റെ കോപ്പികള്‍ ലഭിച്ചിട്ടുണ്ടാകുമെന്ന് ആര്‍ക്കുമറിയില്ല. ലോകത്തെ ഞെട്ടിച്ച വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകള്‍ പോലെ ഏതെങ്കിലുമൊരു 'തലതിരിഞ്ഞവന്റെ' കൈകളില്‍ ഇത്തരം വിവരങ്ങള്‍ കിട്ടിയാല്‍ പിന്നെ സ്ഥിതി പറയാനില്ല. അരമന രഹസ്യം അങ്ങാടിപ്പാട്ടാകും.

No comments:

Post a Comment

Followers

About Me

My photo
thalassery, muslim/ kerala, India