മുത്തങ്ങയില്‍ നിന്ന് വെള്ളാരങ്കുന്നിലേക്കുള്ള ദൂരം

എളുപ്പത്തില്‍ ഉത്തരം പറയാനാണെങ്കില്‍ ചോദ്യം ഇതാണ് - വയനാട്ടിലെ മുത്തങ്ങയില്‍ നിന്നും വെള്ളാരങ്കുന്നിലേക്ക് എത്രദൂരമുണ്ടാകും? റോഡ് മാര്‍ഗ്ഗമാണെങ്കില്‍ അന്‍പത് കിലോമീറ്ററില്‍ താഴെ എന്ന് ഒറ്റവാക്കില്‍ പറഞ്ഞൊഴിയാം. അത് വയനാടിന്റെ ഭൂമിശാസ്ത്രം അറിയുന്നവര്‍ക്ക് മാത്രം. എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാതലം അറിയുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ മുത്തങ്ങ വനഭൂമിയില്‍ നിന്നും കല്പറ്റ നഗരത്തിലെ വെള്ളാരങ്കുന്നിലേക്കുള്ള ദൂരം അത്രയൊന്നുമല്ല.
1992- 93 കാലത്ത് മുത്തങ്ങ വനഭൂമിയില്‍ അവകാശം സ്ഥാപിച്ച സി കെ ജാനുവിന്റേയും എം ഗീതാനന്ദന്റേയും ആദിവാസി ഗോത്രമഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് 2010ല്‍ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതി പ്രവര്‍ത്തകര്‍ വെള്ളാരങ്കുന്നില്‍ അവകാശം സ്ഥാപിച്ചത്. ആദ്യത്തേത് കൊടുവനംമാണെങ്കില്‍ രണ്ടാമത്തേത് നഗരത്തിനു സമീപത്തെ 'കുഞ്ഞുമല'യാണെന്ന് മാത്രം. മുത്തങ്ങയുടെ അവകാശികള്‍ സര്‍ക്കാരും വനം വകുപ്പുമാണെങ്കില്‍ വെള്ളാരങ്കുന്നിന് മുദ്രക്കടലാസില്‍ പേരുള്ള ഉടമസ്ഥരുണ്ട്.
വയനാട്ടിലെ ആദിവാസികളായ ആദിവാസികള്‍ മുഴുവന്‍ മണ്ണും വീടും കിട്ടുമെന്ന് കരുതി സി കെ ജാനുവിനോടൊപ്പം പോയ്ക്കളയുമെന്ന ഭയംകൊണ്ടാണ് സി പി എം ആദിവാസി ക്ഷേമ സമിതി രൂപപ്പെടുത്തിയത്. ജാനു മുത്തങ്ങയില്‍ തോറ്റപ്പോള്‍ കുറേ ആദിവാസികളെ ചേര്‍ത്ത് സി പി എം വയനാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ അതേരീതിയില്‍ കയ്യേറ്റം നടത്തിയിരുന്നു. അതിന്റെയെല്ലാം അവസ്ഥ ഇപ്പോള്‍ എന്താണെന്ന് അറിയണമെങ്കില്‍ ആദിവാസി ക്ഷേമ സമിതിയുടെ പഴയകാല നേതാക്കളോട് തന്നെ ചോദിക്കേണ്ടി വരും.
സി കെ ജാനുവും സംഘവും മുത്തങ്ങ കയ്യേറുമ്പോള്‍ സെക്രട്ടറിയേറ്റിന്റെ ചക്രം തിരിച്ചുകൊണ്ടിരുന്നത് ഇന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രിയായ എ കെ ആന്റണിയായിരുന്നു. അന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഇന്നത്തെ മുഖ്യമന്ത്രിയായ സഖാവ് വി എസ് അച്യുതാനന്ദനും. ഭരണകക്ഷിയായ യു ഡി എഫിനോടൊ പ്രതിപക്ഷ കക്ഷിയായ എല്‍ ഡി എഫിനോടൊ അക്കാലത്ത് സി കെ ജാനുവിന് യാതൊരു അനുകൂല മനസ്ഥിതിയുമുണ്ടായിരുന്നില്ല. അതുകൊണ്ട് മുത്തങ്ങയല്ല, അതിനേക്കാള്‍ കൊടും വനമുണ്ടെങ്കില്‍ അവിടേയും കയ്യേറി അധികാരം സ്ഥാപിക്കാന്‍ സി കെ ജാനുവും എം ഗീതാനന്ദനും ശ്രീരാമന്‍ കൊയ്യോനും നയിച്ച ആദിവാസി ഗോത്രമഹാസഭയ്ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അവരുടെ ആവശ്യം ആദിവാസികള്‍ക്ക് ഭൂമി കിട്ടുക എന്നതു മാത്രമായിരുന്നു.
എന്നാല്‍ വെള്ളാരങ്കുന്നില്‍ കയ്യേറ്റം നടത്തുമ്പോള്‍ ആദിവാസി ക്ഷേമ സമിതി എന്ന സംഘടനയ്ക്ക് സി പി എമ്മുമായി തീര്‍ത്തും വിധേയത്വമുണ്ടെന്ന് മാത്രമല്ല, സെക്രട്ടറിയേറ്റ് തിരിയുന്നതു പോലും അവരുടെ നേതാക്കളുടെ ഇച്ഛയ്ക്കനുസരണമാണ് എന്ന അനുകൂല ഘടകവുമുണ്ട്. അതുകൊണ്ടുതന്നെ ഭൂമി കൈയ്യേറിയാല്‍ എളുപ്പത്തിലല്ലെങ്കിലും തങ്ങള്‍ക്ക് പകരം ഭൂമി കിട്ടുമെന്ന് ആദിവാസി ക്ഷേമ സമിതിയുടെ നേതാക്കള്‍ക്ക് നന്നായി അറിയാമായിരുന്നു. അല്ലെങ്കില്‍ സി പി എം നേതാക്കള്‍ അവരെ ധരിപ്പിച്ചിരുന്നു. ഭൂമി കിട്ടാനാണെങ്കില്‍ കൊമ്പനാനകള്‍ വിഹരിക്കുന്ന മുത്തങ്ങ വനത്തിനു പകരം നഗര സൗകര്യങ്ങളെല്ലാമുള്ള വെള്ളാരങ്കുന്ന് ആകട്ടെയെന്ന് കരുതിയതില്‍ തെറ്റില്ല.
സമര ഭൂമിയില്‍ ദിനങ്ങള്‍ കഴിയുന്നതിനിടയിലാണ് ആഗസ്ത് 31ന് മുമ്പ് കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്കുന്നത്. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അത് താങ്ങാവുന്നതിന് അപ്പുറത്തുള്ള വിധിയായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ പോഷക സംഘടന നടത്തുന്ന സമരത്തെ അതേ ഭരണക്കാരുടെ പൊലീസ് എടുത്തെറിയുക എന്നുപറഞ്ഞാല്‍ അത് സങ്കല്‍പ്പിക്കാവുന്നതിന് അപ്പുറമാണ്. മുത്തങ്ങയിലേതുപൊലെ വെടിവെപ്പു പോലും ഉണ്ടായേക്കാവുന്ന സന്ദര്‍ഭമാണത്. എതിര്‍ഭാഗത്ത് പൊലീസാണെന്ന് കണ്ടാല്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് അത് തങ്ങളുടെ പൊലീസാണെന്ന കാര്യം മറന്നു പോകും. അങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ മുത്തങ്ങയില്‍ ആദിവാസിയായ ജോഗിയും പൊലീസുകാരന്‍ വിനോദുമാണ് കൊല്ലപ്പെട്ടതെങ്കില്‍ വെള്ളാരങ്കുന്നില്‍ അവസ്ഥ വേറെയാകും. അങ്ങനെയാണെങ്കില്‍ മുത്തങ്ങയെ കുറിച്ച് വാതോരാതെ പറഞ്ഞതു മുഴുവന്‍ ഇല്ലാതായിപ്പോകും. എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തുണ്ട് വഴി? സി പി എമ്മല്ലേ പാര്‍ട്ടി, ബുദ്ധി കൂടിപ്പോയ പ്രശ്‌നമല്ലേ ഉണ്ടാകൂ.
പഴയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി ഭരണം നടത്തുമ്പോള്‍ പഴയ യു ഡി എഫ് സര്‍ക്കാറിനെ എതിര്‍ത്തതില്‍ ഇനിയൊരു ആദിവാസി വെടിവെപ്പ് മാത്രമേ നടക്കാന്‍ ബാക്കിയുള്ളു. ബാക്കിയെല്ലാം പലിശയും പിഴപ്പലിശയും കൂട്ടുപലിശയും ചേര്‍ത്ത് നടന്നു കഴിഞ്ഞു. എ കെ ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും വിമര്‍ശിച്ച എല്ലാകാര്യങ്ങളും അച്യുതാനന്ദന്‍ സഖാവ് ഒറ്റക്ക് തന്നെ ചെയ്തു തീര്‍ത്തു. കൂടെയുള്ള മന്ത്രിമാര്‍ തങ്ങളാലാവും വിധം ചീത്തപ്പേര് പിന്നേയും മോശമാക്കിയിട്ടുണ്ട്. അത്തരമൊരു അവസരത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കൂടി വരുന്നത്. ഇനി വെളുക്കാന്‍ തേച്ചത് പാണ്ഡ് മാത്രമല്ല, വെള്ള പെയിന്റ് ഉണ്ടാക്കാനുള്ള മെഷീന്‍ തന്നെയാകേണ്ടെന്ന് സി പി എം കരുതിയതിന്റെ ഫലമാണ് ആദിവാസി ക്ഷേമ സമിതി നേതാക്കളുമായി നടത്തുന്ന ചര്‍ച്ച.
മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ ഒരു മാന്യമായ സമരമൊഴിപ്പിക്കലാണ് നിലവില്‍ സി പി എം ആഗ്രഹിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്കും സി പി എമ്മിനും ആദിവാസി ക്ഷേമ സമിതിക്കും അറിയാം, ഇനി വരാനിരിക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അതിന്റെ പേരില്‍ രണ്ടുമാസങ്ങള്‍ കഴിഞ്ഞു പോകും. പിന്നെയുള്ള ഒരു മാസക്കാലം എന്തെങ്കിലും തട്ടും തരികിടയും പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കാം. ഒന്നു തട്ടിയും മുട്ടിയും നിന്നാല്‍ ഭരണം അവസാനിക്കാറാകുമ്പോഴേക്കും ഭൂമി വിതരണത്തിനുള്ള നടപടികള്‍ തുടങ്ങി വെക്കുകയോ, അസംബ്ലി തെരഞ്ഞെടുപ്പിന്റെ പേരില്‍ അടുത്ത മന്ത്രിസഭയിലേക്ക് തട്ടുകയോ ചെയ്യാം. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം മറ്റൊരു സമരത്തിനുള്ള വകുപ്പുമായി. കയ്യേറ്റക്കാര്‍ ഇപ്പോള്‍ ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ കോടതി ഉത്തരവ് പ്രകാരം ബലമായി ഒഴിപ്പിക്കേണ്ടി വരുന്നതിനേക്കാള്‍ നല്ലത് പറഞ്ഞത് പറ്റിക്കുന്നതു തന്നെ!
അപ്പോള്‍ ഇനിയാണ് തുടക്കത്തില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം ആവശ്യമുള്ളത്. ശരിക്കും മുത്തങ്ങയില്‍ നിന്നും വെള്ളാരങ്കുന്നിലേക്ക് എത്രദൂരമുണ്ട്.

*************************************************************************************

ജഗതി ശ്രീകുമാറിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. സിക്കിം, ഭൂട്ടാന്‍ സംസ്ഥാന ലോട്ടറികളുടെ പരസ്യത്തില്‍ നിന്നും പിന്മാറുകയാണെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വാക്കുകളാണെന്ന് പറയാനും ജഗതി മറന്നില്ല. പണത്തിന് വേണ്ടി മാത്രമായിരുന്നു താന്‍ ലോട്ടറി പരസ്യത്തില്‍ അഭിനയിച്ചതെന്നും വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തിലുണ്ടാക്കുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഒപ്പം, ഒരു വരികൂടി ജഗതി കൂട്ടിച്ചേര്‍ത്തു. തന്നെപ്പോലുള്ളവര്‍ പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പണം മാത്രമല്ല, അത്തരം പരസ്യങ്ങളുടെ വിശ്വാസ്യതയും സമൂഹത്തിലുണ്ടാക്കുന്ന ഫലങ്ങളും കൂടി പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ സഹപ്രവര്‍ത്തകരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ജഗതി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീ പീഡന കേസില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു പരിപാടിയില്‍ ജഗതി ശ്രീകുമാറിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്നും വിട്ടുനിന്നയാളാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം ഒരുപക്ഷെ ജഗതി ശ്രീകുമാറായിരിക്കും. ഹാസ്യമായാലും ഗൗരവമായാലും അതിനുമപ്പുറം ഏത് വേഷത്തിലായാലും തന്റേതായ ഒരു ടച്ച് നല്കാന്‍ മിടുക്കനാണ് ജഗതി ശ്രീകുമാര്‍. 'സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനെ' നവരസവും അഭിനയവും പഠിപ്പിക്കാനെത്തുന്ന അധ്യാപകന്‍ മാത്രം മതി ജഗതിയിലെ പ്രതിഭയെ തിരിച്ചറിയാന്‍. എന്നിട്ടും ഒരു കേസിന്റെ പേരില്‍ മുഖ്യമന്ത്രി ജഗതിക്കെതിരെ തിരിഞ്ഞപ്പോള്‍ അതിലെ ന്യായങ്ങളും അന്യായങ്ങളും ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഒരു ചോദ്യം മാത്രമായിരുന്നു ഉയര്‍ന്നിരുന്നത്. മികച്ച നടനുള്ള പുരസ്‌ക്കാരം ജഗതിക്ക് കിട്ടിയിരുന്നെങ്കില്‍ മുഖ്യമന്ത്രി അവാര്‍ഡ് നല്കുമായിരുന്നില്ലേ എന്ന്. ഭാഗ്യമോ നിര്‍ഭാഗ്യമോ കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കിടയില്‍ ജഗതിക്ക് മികച്ച നടനുള്ള പുരസ്‌ക്കാരം നേടാനായില്ല.
അങ്ങനെയാണ് ലോട്ടറി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അടിവരയിട്ട് തന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജഗതി ഒരുമ്പെട്ടത്. അത് തുറന്നു പറയാനും അദ്ദേഹം മടി കാട്ടിയില്ല. വി എസ് അച്യുതാനന്ദന്‍ ലോട്ടറിക്കെതിരെ നടത്തിയ പ്രസ്താവന കേരളീയ മനഃസാക്ഷിയില്‍ ഉയര്‍ത്തിയ ചോദ്യം ജഗതി ശ്രീകുമാര്‍ കുറച്ചുകൂടി ശക്തമാക്കി. എന്തായാലും സമൂഹം ആദരിക്കുന്ന ഒരു കലാകാരന്‍ എന്ന നിലയില്‍ തീര്‍ത്തും ഉത്തമമായ നിലപാടാണ് ജഗതിയില്‍ നിന്നും ഉണ്ടായത്. സ്ത്രീ പീഡനക്കേസില്‍ ജഗതിയെ വിമര്‍ശിച്ച മുഖ്യമന്ത്രി ലോട്ടറി നിലപാടില്‍ ജഗതിയെ അഭിനന്ദിക്കുക കൂടി ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മികച്ചതായേനേ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍