കല്‍പകശ്ശേരി ഇല്ലത്തെ കുറിയേടത്ത് താത്രിയും മലയാള സിനിമയിലെ അപ്ഫന്‍ നമ്പൂതിരിമാരും


കേരളത്തിലെ നമ്പൂതിരിമാരുടെ ചരിത്രത്തില്‍ നവോഥാനത്തിനും വലിയ മാറ്റത്തിനും വഴി തുറന്ന സംഭവങ്ങളിലൊന്നായ കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തിന് ഒന്നേകാല്‍ നൂറ്റാണ്ട് തികയുന്നു. കലയും കഥകളിയുമായി നടന്നിരുന്ന നമ്പൂതിരിമാരെ 'ശ്ശി' നാണംകെടുത്തിയ കുറിയേടത്ത് താത്രി സ്മാര്‍ത്തവിചാരമുണ്ടാക്കിയ കോളിളക്കം ഓര്‍മിപ്പിക്കുന്നു ഒന്നേകാല്‍ നൂറ്റാണ്ടിനിപ്പുറം മലയാള സിനിമയുമായി നടക്കുന്ന ചിലരുടെ സ്മാര്‍ത്തവിചാര വിവരങ്ങള്‍. 'താത്രിയില്ലാത്ത സിനിമാ ഇല്ലത്തെ അപ്ഫന്‍ നമ്പൂതിരിമാര്‍' ഓരോരുത്തരായി പുറത്തേക്കുവരികയാണ്. അവര്‍ ഭ്രഷ്ടരാക്കപ്പെടുമോ ശുചീന്ദ്രത്ത് പോയി കൈമുക്കി വിനയകുനയാന്വിതരാകുമോ എന്നറിയില്ല. 

എന്താണ് സ്മാര്‍ത്തവിചാരമെന്ന് അറിയാത്തവര്‍ക്ക് മാത്രമായി ചെറിയൊരു കുറിപ്പെഴുതുന്നു. ആര്‍ക്കും കിട്ടാവുന്ന രേഖകള്‍ ഉപയോഗിച്ചു മാത്രമാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.  

കേരള ചരിത്രത്തില്‍ (അതോ നമ്പോതിരി സമുദായത്തിലോ) കോളിളക്കമുണ്ടാക്കിയൊരു സംഭവമാണ് കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം. 1904- 1905ലാണ് (അല്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍) കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരം നടന്നത്. 

നമ്പൂതിരി സമുദായത്തില്‍ നിലനിന്ന ലൈംഗിക കുറ്റപരിശോധനാ രീതിയാണ് സമാര്‍ത്തവിചാരം എന്നറിയപ്പെട്ടിരുന്നത്. സ്ത്രീ വിരുദ്ധവും പുരുഷ കേന്ദ്രീകൃതവുമായ ഈ രീതിയില്‍ കുറ്റം തെളിഞ്ഞാലും ഇല്ലെങ്കിലും സ്ത്രീയുടെ ജീവിതം കട്ടപ്പൊകയാകും. സ്മാര്‍ത്തവിചാരത്തിലേക്കെത്തുന്ന സ്ത്രീയെ പിന്നീട് വിശേഷിപ്പിക്കുന്നതു പോലും 'സാധനം' എന്നാണ്. അവള്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും രാജ്യത്തു നിന്നുതന്നെ ഭ്രഷ്ടയാക്കപ്പെടും.

കുറ്റം തെളിഞ്ഞാല്‍ പുരുഷനെ (പുരുഷന്മാരെ) ഭ്രഷ്ട് കല്‍പ്പിക്കും. അങ്ങനെ ഭ്രഷ്ടരാക്കപ്പെട്ടാലും നിരപരാധിത്വം തെളിയിച്ച് തിരികെ വരാനുള്ള അവസരം പുരുഷന് കിട്ടും. എന്നാല്‍ അത്തരം സാധ്യതകളൊന്നും നമ്പൂരിപ്പെണ്ണിനുണ്ടാവാറില്ല. പുരുഷന് കുറ്റക്കാരനല്ലെന്ന് തെളിയിക്കാനാവുന്ന മറ്റൊരു രീതി കൂടിയുണ്ട്. എന്നാല്‍ അത് യഥാവിധി ചെയ്താല്‍ നിരപരാധി പോലും കുറ്റവാളിയാകും- ശുചീന്ദ്രത്ത് കൈമുക്കല്‍ ചടങ്ങാണത്. 'തിളച്ച എണ്ണയില്‍ കൈമുക്കു'ന്നതാണ് പരിപാടി. ഇത് നേരാം വണ്ണം നടത്തിയാല്‍ ഒരാള്‍ക്കും 'നിരപരാധി'യാകാനാവില്ല! ഇതില്‍ വിജയിച്ചാല്‍ കുറ്റാരോപണത്തില്‍ നിന്നും വിമുക്തരാകാം!! (ഒന്നുകില്‍ എണ്ണ തിളക്കാനുള്ള സാധ്യതയില്ല, അല്ലെങ്കില്‍ കൈമുക്കുന്നെന്ന വ്യാജേന തിരിമറി നടത്തും).

കുറിയേടത്ത് താത്രി സ്മാര്‍ത്തവിചാരത്തില്‍ ഭ്രഷ്ടുമാറി തിരികെയെത്തിവരാണ് പ്രശസ്ത കഥകളി കലാകാരന്‍ കാവുങ്ങല്‍ ശങ്കരപണിക്കരും പിത്ക്കാലത്ത് വേദപണ്ഡിതനായ വി കെ നാരായണ ഭട്ടതിരിയും. 

കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ ഒറ്റക്കു പാര്‍പ്പിക്കുകയും പിന്നീട് രാജാവിന്റെ/ നാട്ടുപ്രമാണിയുടെ സാന്നിധ്യത്തില്‍ കുറ്റവിചാരണ ചെയ്യുകയുമാണ് സ്മാര്‍ത്ത വിചാരത്തിന്റെ രീതി. 'അന്തര്‍ജനങ്ങള്‍ക്ക് അടുക്കള ദോഷം' സംഭവിക്കുകയെന്നാണ് ഇതിനെ അകത്തളത്തില്‍ പറയുക.

ഇങ്ങനെ അടുക്കള ദോഷം സംഭവിച്ച കുറിയേടത്ത് സാവിത്രിയെന്ന കുറിയേടത്ത് താത്രിയെ സ്മാര്‍ത്ത വിചാരം നടത്തിയതാണ് നമ്പൂതിരിമാര്‍ക്കിടയിലെ വലിയൊരു ആചാരത്തെ/ അനാചാരത്തെ പുറംലോകത്തെത്തിച്ചത്. തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കല്‍പകശ്ശേരി ഇല്ലത്ത് അഷ്ടമൂര്‍ത്തി നമ്പൂതിരിയുടെ മകളാണ് കുറിയേടത്ത് സാവിത്രി. 1885ല്‍ ജനിച്ച ഇവര്‍ 20-ാം വയസ്സിലാണ് സ്മാര്‍ത്തവിചാരത്തിന് വിധേയയായത്. 

കുറിയേടത്തു താത്രിയെ സ്മാര്‍ത്തവിചാരം ചെയ്തതിന് പിന്നാലെ അവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 66 പേരെ ഭ്രഷ്ടരാക്കിയെന്നാണ് ചരിത്രം പറയുന്നത്. താത്രിക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്നറിഞ്ഞിട്ടും തന്റെ ഭാര്യയുമായി ബന്ധം പുലര്‍ത്തിയെന്ന കുറ്റത്തിനാണ് ഭര്‍ത്താവ് ഭ്രഷ്ടനാക്കപ്പെട്ടതത്രെ. 

സ്മാര്‍ത്ത വിചാരത്തില്‍ താത്രി പറഞ്ഞ 65 പേരില്‍ അച്ഛന്‍ കല്‍പകശ്ശേരി അഷ്ടമൂര്‍ത്തി നമ്പൂതിരിയും അച്ഛനു മറ്റൊരു വേളിയിലുണ്ടായ സഹോദരന്‍ കല്‍പക്‌ശ്ശേരി നാരായണന്‍ നമ്പൂതിരിയും ഉള്‍പ്പെടെ അടുത്ത ബന്ധുമിത്രാദികളായിരുന്നു പ്രതികളെല്ലാവരും. ഇവരില്‍ 60 പേരാണ് വിചാരണയ്ക്ക് ഹാജരുണ്ടായത്. ബാക്കിയുള്ളവരില്‍ രണ്ടു പേര്‍ അപ്പോഴേക്കും മരിച്ചു പോവുകയും ഒരാള്‍ ക്ഷീണം കാരണം വരാതിരിക്കുകയും മറ്റൊരാള്‍ തീര്‍ഥാടനത്തിന് പോവുകയും അഞ്ചാമന്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയും ചെയ്തിരുന്നു. ഇതിലൊന്നും പെടാത്ത 66-ാമന്‍ താത്രിയുടെ ഭര്‍ത്താവായിരുന്നു- പാവം!

ഹാജരുള്ളവരില്‍ 59 പേരും കുറ്റം നിഷേധിക്കുകയും കുറ്റം സമ്മതിച്ച ഒരേയൊരാളായ തെക്കേമഠത്തില്‍ ശാമു രാമു പട്ടര്‍ തനിക്കപ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന് വാദിക്കുകയും ചെയ്തു. സ്മാര്‍ത്തവിചാരത്തില്‍ 28 ഓത്തുള്ള നമ്പൂതിരിമാരും 2 ഓത്തില്ലാത്ത നമ്പൂതിരിമാരും 10 പട്ടന്മാരും 1 പിഷാരടിയും 4 വാര്യരും 2 പൊതുവാളും 4 നമ്പീശനും 2 മാരാരും 12 നായന്മാരുമാണ് ഭ്രഷ്ടരായത്. സ്മാര്‍ത്തവിചാര സമയത്ത് താത്രിക്കുട്ടി ഒരവസരത്തില്‍ പോലും പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞിട്ടില്ലായിരുന്നുവത്രെ. 

തന്റെയോ കുടുംബത്തിലെയോ ആരുടെയെങ്കിലും പേര് താത്രി പറയുമോ എന്നു രാജാവിന് ഭയമുണ്ടായിരുന്നുവെന്നും അതിനാല്‍ ആദ്യ വിചാരണയ്ക്ക് ശേഷം രാജാവ് രണ്ടാം വിചാരണ നടത്തിയെന്നുമൊക്കെ ചരിത്രത്തില്‍ പറയുന്നുണ്ട്. ഒരുവേള, ഇനി പേരുകള്‍ വേണ്ടെന്ന തരത്തില്‍ സ്മാര്‍ത്തവിചാരം അവസാനിപ്പിച്ചതായും പറയപ്പെടുന്നുണ്ട്. 

മൂത്ത നമ്പൂതിരിക്കു മാത്രം വേളി കഴിക്കാനും താഴെയുള്ളവര്‍ക്കെല്ലാം അമ്പലവാസി ഭവനങ്ങളിലും നായര്‍ തറവാടുകളിലും സംബന്ധത്തിനും (അതോ അസംബന്ധമോ) അനുവാദമുണ്ടായിരുന്ന കാലത്ത് ഇതൊക്കെയായിരുന്നു അവസ്ഥ. മൂത്ത നമ്പൂതിരി മൂസ്സാംബൂരി എന്നും താഴെയുള്ളവര്‍ അപ്ഫന്‍ നമ്പൂതിരിയെന്നും അറിയപ്പെട്ട കാലമാണത്. ഇതേ അപ്ഫന്‍ നമ്പൂതിരിമാരുടെ അന്നത്തെ അവസ്ഥയാണോ ഇപ്പോഴും മലയാള സിനിമയിലുള്ളതെന്ന് (മറ്റു സിനിമാ ഇന്‍ഡസ്ട്രികളിലും) അറിയില്ല. സിനിമയില്‍ മാത്രമല്ല, എല്ലാ രംഗത്തും ഇതൊക്കെ ഉണ്ടാവുമെങ്കിലും ഇത്ര തീവ്രമായിരിക്കാന്‍ സാധ്യതയില്ല. 

എന്തായാലും കേരള നമ്പൂതിരിമാരുടെ ചരിത്രത്തിലും നവോഥാനത്തിലും മാറ്റത്തിലും വലിയ പങ്കു വഹിച്ചിട്ടുണ്ട് കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം. പുതിയ കാലത്തെ സ്മാര്‍ത്ത വിചാരം മലയാള സിനിമാ ലോകത്ത് നവോഥാനം കുറിക്കുമോ എന്നറിയാല്‍ അധികം കാത്തിരിക്കേണ്ടി വരില്ല. എത്ര അപ്ഫന്‍ നമ്പൂതിരിമാര്‍ ഭ്രഷ്ടരാക്കപ്പെടുമെന്നും ആരൊക്കെ ഭ്രഷ്ടുമാറി തിരികെയെത്തുമെന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു- ശേഷം ഭാഗം സ്‌ക്രീനില്‍!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്

തിയേറ്ററുകള്‍ നിറയുന്ന പ്രേക്ഷകരെ ഞാന്‍ ആഗ്രഹിക്കാറില്ല