പ്രോക്‌സിമിറ്റി; വെറുമൊരു വാക്കല്ലിത്


പ്രോക്സിമിറ്റി എന്ന ഇംഗ്ലീഷ് വാക്കിന് അടുപ്പം, സാമീപ്യം, കാലത്തിലോ സ്ഥലത്തിലോ സമീപസ്ഥിതി എന്നൊക്കെയാണ് അര്‍ഥം. ഇംഗ്ലീഷും മലയാളവും ചേര്‍ത്തു പറയുന്നവര്‍ പോലും ഈ പദം അങ്ങനെയങ്ങ് ഉപയോഗിക്കാറില്ലെന്ന് തോന്നുന്നു. എന്നാല്‍ പത്രങ്ങളിലും മറ്റു മീഡിയകളിലുമൊക്കെ ഡസ്‌കിലും ബ്യൂറോയിലുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാണ് ഈ ഒറ്റ വാക്ക്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തോളമായി സ്ഥിരമായി പറയുകയോ കേള്‍ക്കുകയോ ചെയ്യുന്നതുകൊണ്ട് കൂടെയുണ്ട് അത്രയും കാലമായി 'പ്രോക്‌സിമിറ്റി'.

പോസീറ്റീവ് എന്നതിനേക്കാള്‍ നെഗറ്റീവയാണ് ഈ പദം ഡസ്‌കുകളില്‍ ഉപയോഗിക്കുക- പ്രോക്സിമിറ്റി ഇല്ല എന്നു പറയാന്‍!

ഹ്യുമന്‍ ഇന്ററസ്റ്റ് സ്റ്റോറികളോ ഫീച്ചറുകളോ എഴുതുമ്പോഴാണ് 'പ്രോക്സിമിറ്റി' വില്ലനായി മുമ്പിലെത്തുക. വായനക്കാരനെ/കാരിയെ നമ്മുടെ സ്റ്റോറിയുമായി എങ്ങനെ അടുപ്പിച്ചു നിര്‍ത്താനാവുമെന്നതായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വായിക്കുന്നയാള്‍ക്ക് അയാളുടെ ജീവിതവുമായോ അറിയുന്നവരുമായോ ഏറ്റവും ചുരുങ്ങിയത് പറഞ്ഞു കേട്ടതെങ്കിലുമായോ അയാള്‍ വായിക്കുന്നതിനോടൊരും അടുപ്പവും ബന്ധവുമൊക്കെ തോന്നണം. അങ്ങനെ തോന്നുമ്പോഴേ അതയാളെ/ അവളെ സ്പര്‍ശിക്കുകയുള്ളു. 

പത്രങ്ങളില്‍ മാത്രമല്ല, കഥയിലും നോവലിലും സിനിമയിലുമൊക്കെ ഇത് ബാധകമാണ്. വായിക്കുന്നവനും കാണുന്നവനും പ്രോക്സിമിറ്റി അനുഭവിച്ചാല്‍ സംഗതി വിജയിച്ചു. 

മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ വിജയം പറയാനാണ് ഇത്രയും പറഞ്ഞുവെച്ചത്. എറണാകുളം ജില്ലയില്‍ കളമശ്ശേരിക്കും ഏലൂരിനുമിടയിലുള്ള ചെറിയൊരു ഗ്രാമവും അവിടുത്തെ ഏതാനും യുവാക്കളും അവരെ കുറിച്ചുള്ള സിനിമയും എങ്ങനെ മലയാളിക്കും തമിഴനും ഒരു പോലെ കണക്ടായി എന്നതിനുത്തരമാണ് ഈ പറഞ്ഞ 'പ്രോക്സിമിറ്റി.'

കഴിഞ്ഞ എട്ടു വര്‍ഷമെങ്കിലുമായി മഞ്ഞുമ്മലില്‍ നിന്നും പത്തു മിനുട്ടു ദൂരത്തില്‍ താമസിക്കുന്ന എനിക്ക് മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ പേരില്‍ തന്നെ പ്രോക്സിമിറ്റി അനുഭവപ്പെടുന്നുണ്ട് എന്നു പറയുമ്പോള്‍ സംഗതി ബോധ്യമാവുമല്ലോ.  ഇടപ്പള്ളിയില്‍ താമസം തുടങ്ങിയ ആദ്യ കാലത്ത് വഴി തെറ്റിയാണ് ആദ്യം മഞ്ഞുമ്മലിലെത്തിയത്. ആദ്യത്തെ രണ്ടു മൂന്നു വഴി തെറ്റലുകള്‍ മഞ്ഞുമ്മലിനെ തൊട്ടും തലോടിയുമായിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് വഴി തെറ്റാതെയും മഞ്ഞുമ്മലിലേക്ക് പല തവണ യാത്ര നടത്തി. 

പുഴയും പാലവും ഗ്രാമീണതയും അതിനപ്പുറത്തെ നിശ്ശബ്ദതയുമൊക്കെ തന്നെയാണ് മഞ്ഞുമ്മല്‍ എന്ന ദേശത്തെ ഉള്ളിലേക്കെടുക്കാന്‍ പ്രേരിപ്പിച്ചത്. മഞ്ഞുമ്മലിനെ അറിയുമ്പോഴും അവിടുത്തെ 'ബോയ്‌സിനെ'യും അവരുടെ കഥയും അറിയുമായിരുന്നില്ല, സിനിമ വരുന്നതു വരെ!

മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂറു പോയ ഏതാനും യുവാക്കള്‍ക്ക് 2006ല്‍ നടന്ന അപകടവും അതിന്റെ അനന്തരഫലവുമൊക്കെ അറിയാനുള്ള ത്വര ഉണ്ടാവുകയെന്നത് സ്വാഭാവികം. ഇതൊക്കെ ഞാനെന്ന ഒരാളുടെ മാത്രം വ്യക്തിപരമായ കാര്യങ്ങള്‍. പക്ഷേ, കേരളത്തിലേയും തമിഴ്നാട്ടിലേയും ജനങ്ങള്‍ക്ക് ഈ സിനിമയെങ്ങനെ പ്രോക്സിമിറ്റി അനുഭവപ്പെടുന്നു എന്നതായിരുന്നു പ്രധാനമായും അന്വേഷിച്ചത്. 

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമയെ 'മഞ്ചുമ്മേല്‍ ബോയ്‌സ്' എന്നും 'മഞ്ചുമ്മല്‍ ബോയ്‌സ്' എന്നുമൊക്കെ പറയുന്ന നിരവധി തമിഴ് യൂട്യൂബ് ചാനലുകളിലെ സിനിമാ റിവ്യൂ കണ്ടപ്പോഴാണ് ആ ബന്ധം മനസ്സിലായത്. 

തങ്ങളുടെ ഭാഷയെ ജീവനെ പോലെ സ്‌നേഹിക്കുന്ന തമിഴന് ഒരു മലയാള സിനിമയില്‍ തമിഴ് സിനിമയിലേതു പോലെ അവരുടെ ഭാഷ ഉപയോഗിച്ചത് ഇഷ്ടമായി എന്നതാണ് ഒരു കാരണമെന്ന് തിരിച്ചറിഞ്ഞു. ഗുണ എന്ന കമല്‍ഹസന്‍ സിനിമയും അതിലെ കണ്‍മണി അന്‍പൊടും എന്ന ഗാനവും അവരെ കൂടുതല്‍ മഞ്ചുമ്മല്‍ ബോയ്‌സിലേക്ക് അടുപ്പിച്ചുവെന്നും തിരിച്ചറിയാന്‍ ഏറെ സമയം വേണ്ടി വന്നില്ല. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉടനീളം തമിഴ് വരുന്നുണ്ട്. തമിഴത്തിയായ സിനിമാ നിരൂപക പറഞ്ഞത് ആദ്യത്തെ കുറച്ചു സമയം കഴിഞ്ഞാല്‍ മുഴുവന്‍ തമിഴിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്നാണ്. അത്രയധികം അവര്‍ ആ സിനിമയില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. 

സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഉള്‍പ്പെടെ അവര്‍ വല്ലാതെ ആസ്വദിച്ചപ്പോഴും അതിനേക്കാളേറെ കണ്‍മണി അന്‍പൊടിനെ കൂടെക്കൊണ്ടു നടക്കാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. 

തമിഴിലും തെലുങ്കിലുമൊക്കെ ഏത് 'പൊട്ടപ്പടം' റിലീസ് ചെയ്യുമ്പോഴും അത് കേരളത്തിലെ കുഗ്രാമത്തില്‍ പോലും പ്രദര്‍ശിപ്പിക്കാറുണ്ടല്ലോ. ഇക്കാര്യം തിരിച്ച് തമിഴ്‌നാട്ടില്‍ മലയാള സിനിമയുമായി ബന്ധപ്പെട്ട് നടക്കാറില്ലെന്ന വിവരം കിട്ടിയതും തമിഴ് യൂട്യൂബ് ചാനലുകളിലൂടെയായിരുന്നു. മലയാള സിനിമയെ അത്ര വലിയ സംഭവമൊന്നുമായി തമിഴര്‍ കണ്ടിരുന്നില്ല. പക്ഷേ, ഈ അടുത്ത് കണ്ണൂര്‍ സ്‌ക്വാഡും കാതലും മഞ്ഞുമ്മല്‍ ബോയ്‌സും ഭ്രമയുഗവുമൊക്കെ അവരെ അമ്പരപ്പിച്ചവയാണെന്ന് തുറന്നു പറയാനും അവര്‍ മടിക്കുന്നില്ല. രജനീകാന്തിന്റെ സിനിമ ഉള്‍പ്പെടെ തിയേറ്ററില്‍ വലിയ പ്രകമ്പനം സൃഷ്ടിക്കാതെ പോയപ്പോള്‍ മലയാളത്തില്‍ നിന്നും വന്ന മഞ്ഞുമ്മല്‍ ബോയ്‌സ് രാത്രി ഷോ ഉള്‍പ്പെടെ ആഴ്ചകളായി ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിക്കുന്നു എന്നു പറയുന്നതിനോടൊപ്പം തമിഴ് ചലച്ചിത്ര മേഖല മലയാളത്തെ കണ്ടു പഠിക്കണമെന്നും വ്യക്തമാക്കുന്നു. കോടികള്‍ മുടക്കി സിനിമയെടുത്ത് തകരുന്നതിലല്ല മലയാളത്തിലെ പോലെ താരതമ്യേന ചെറിയ ബജറ്റില്‍ നല്ല സിനിമയാണെടുക്കേണ്ടതെന്ന അവര്‍ പറയുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴിലായിരുന്നെങ്കില്‍ നായികയും പ്രേമവും പാട്ടും ഡാന്‍സും ഉറപ്പായും ഉണ്ടാകുമായിരുന്നെന്നും നായികയില്ലാതെ ഒരു സിനിമ എങ്ങനെ ചെയ്യാമെന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് കാണിച്ചു തരുന്നു എന്നുമൊക്കെ അവര്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. 

ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങുന്ന തമിഴും കമല്‍ഹസനും ഗുണ കേവും ഗുണ സിനിമയുമെല്ലാം അവസാനം വരെ നിലനിര്‍ത്തിയ തിരക്കഥയിലെ മിടുക്കാണ് തമിഴര്‍ക്ക് മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രോക്‌സിമിറ്റിയിലേക്കെത്തിച്ചത്. ആ പ്രോക്‌സിമിറ്റിയാണ് മലയാള സിനിമയുടെ എക്കാലത്തേയും ഉയര്‍ന്ന വരുമാനത്തിലേക്ക് മഞ്ഞുമ്മല്‍ ബോയ്‌സിനെ എത്തിച്ചതും. പ്രധാനപ്പെട്ട ഒരു താരം പോലും ഇല്ലാതിരുന്നിട്ടും മഞ്ഞുമ്മലിലെ പിള്ളേര്‍ നമ്മുടെ പിള്ളേരാണെന്ന് കാഴ്ചക്കാരന് തോന്നിയെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചത് അവന്‍ തന്നെയാണ്- പ്രോക്‌സിമിറ്റി!

ഇതേ പ്രോക്‌സിമിറ്റി തന്നെയാണ് എഴുത്തുകാരന്‍ ജയമോഹനെ കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സിനേയും മലയാളികളേയും തെറി വിളിപ്പിച്ചതും. മദ്യക്കുപ്പികളായിരുന്നു ജയമോഹന്റെ പ്രോക്‌സിമിറ്റിയെന്ന് മാത്രം.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്